പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യയനം വൈകുന്നേരം വരെയാക്കും; തീരുമാനവുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യയനം വൈകുന്നേരം വരെയാക്കാൻ തീരുമാനം. വിദ്യാഭ്യാസ വകുപ്പാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. സംസ്ഥാനത്തെ സ്‌കൂളുകളിൽ തിങ്കളാഴ്ച മുതൽ ക്ലാസുകൾ ആരംഭിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

ഉച്ച വരെയാണ് സംസ്ഥാനത്ത് ഇതുവരെ സ്‌കൂളുകൾ പ്രവർത്തിച്ചിരുന്നത്. ഷിഫ്റ്റ് അടിസ്ഥാനത്തിലായിരുന്നു ക്ലാസുകൾ. കഴിഞ്ഞ ദിവസത്തെ കോവിഡ് അവലോകനയോഗത്തിലാണ് സ്‌കൂളുകളുടെ പ്രവർത്തനം പുനഃരാരംഭിക്കാൻ തീരുമാനിച്ചത്.

ഒന്നു മുതൽ ഒമ്പതു വരെ ക്ലാസ്സുകൾ, ക്രഷുകൾ, കിൻഡർ ഗാർട്ടനുകൾ തുടങ്ങിയവ ഫെബ്രുവരി 14 മുതൽ ആരംഭിക്കാനും പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളും ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസ്സുകളും ഫെബ്രുവരി ഏഴ് മുതൽ ആരംഭിക്കാനുമാണ് കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചത്. പരീക്ഷകൾ മുടക്കമില്ലാതെ നടത്താനും തീരുമാനിച്ചിരുന്നു. കഴിഞ്ഞ മാസം 21 മുതൽ ഒന്നു തൊട്ട് ഒമ്പത് വരെയുള്ള ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റിയിരുന്നു.