ന്യൂഡൽഹി: സ്വകാര്യ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ്, മെഡിക്കൽ പിജി കോഴ്‌സുകളിലെ 50 ശതമാനം സീറ്റുകളുടെ ഫീസ് നിർണയിക്കുന്നതിനുള്ള മാർഗനിർദ്ദേശം പുറത്തിറക്കി. നാഷണൽ മെഡിക്കൽ കമ്മിഷനാണ് ഇതുസംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്.
സർക്കാർ ക്വാട്ട ആകെ സീറ്റിന്റെ 50 ശതമാനത്തിൽ താഴെയാണെങ്കിൽ മെറിറ്റിന്റെ അടിസ്ഥാനത്തിൽ ഇളവ് നൽകണമെന്നാണ് മാർഗരേഖയിലെ നിർദ്ദേശം. ഒരു വിധത്തിലുള്ള ക്യാപിറ്റേഷൻ ഫീസും അനുവദില്ല. സ്ഥാപനത്തിന്റെ പ്രവർത്തന ചെലവിനെ അടിസ്ഥാനമാക്കിയായിരിക്കണം ഫീസ് നിശ്ചയിക്കുന്നതെന്നും മാർഗരേഖയിൽ പറയുന്നു.
സ്വകാര്യ മെഡിക്കൽ കോളജിലെയും ഡീംഡ് സർവകലാശാലകളിലെയും അൻപത് സീറ്റുകളിലെ ഫീസും ആ സംസ്ഥാനത്തെയോ കേന്ദ്രഭരണ പ്രദേശത്തെയോ സർക്കാർ മെഡിക്കൽ കോളജിലെ ഫീസിന് തുല്യമായിരിക്കണമെന്നും നിർദ്ദേശമുണ്ട്. സർക്കാർ ക്വാട്ടയിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾക്കായിരിക്കും ഇതിന്റെ പ്രയോജനം ലഭിക്കുക.

