Devotional (Page 6)

തൃശ്ശൂർ പൂരത്തിന് തുടക്കം കുറിച്ച് പൂരം വിളംബര ചടങ്ങ് നടന്നു. രാവിലെ പതിനൊന്നോടെ നെയ്തലക്കാവ് ഭഗവതി തെക്കേഗോപുര നട തള്ളി തുറക്കുന്നതോടെ 36 മണിക്കൂര്‍ നീണ്ടു നിൽക്കുന്ന പൂരത്തിന് തുടക്കമായി. ഇത്തവണ എറണാകുളം ശ്രീകുമാറാണ് നട തള്ളിത്തുറന്നത്.കൊവിഡുമായി ബന്ധപ്പെട്ട് നിരവധി ആശയാലുഴപ്പങ്ങൾക്കൊടുവിലാണ് ഇന്ന് പൂരവിളമ്പരം നടന്നിരിക്കുന്നത്.

ഇന്നലെ നെയ്തലക്കാവ് ക്ഷേത്രത്തിലേക്കുള്ള പാസ്സ് വിതരണത്തെക്കുറിച്ച് ആദ്യം ആശയക്കുഴപ്പം നിലനിന്നിരുന്നു. കൊവിഡ് പരിശോധനാഫലം വൈകിയതിനാൽ രാത്രി വൈകിയും മൂന്ന് പേർക്ക് മാത്രമേ പാസ്സ് കിട്ടിയിരുന്നുള്ളൂ.പാസ് കിട്ടിയില്ലെങ്കിൽ എഴുന്നെള്ളിപ്പ് മുടങ്ങുമെന്ന് ദേവസ്വം വ്യക്തമാക്കുകയും ചെയ്തു. എന്നാൽ പിന്നീട് പൂരവിളംബരത്തിന് പാസ്സ് വേണ്ടെന്നുവെച്ചു. ചടങ്ങിൽ 50 പേർ മാത്രമേ പാടുള്ളൂ എന്ന് പൊലീസ് നിർദേശിക്കുകയും ചെയ്തതോടെ ആശയക്കുഴപ്പം അവസാനിച്ചു.

നാളെയാണ് തൃശൂര്‍ പൂരം. വാദ്യക്കാരും ദേശക്കാരുമടക്കം 50 പേരാണ് ഓരോ ഘടക പൂരങ്ങളെയും അനുഗമിക്കുക. ഒരാനപ്പുറത്താണ് നാളത്തെ പൂരം. പങ്കെടുക്കുന്നവര്‍ക്ക് കൊവിഡ് ഇല്ല എന്ന് തെളിയിക്കുന്ന രേഖ നിര്‍ബന്ധമാണ്. തിരുവമ്പാടി ഒരാനപ്പുറത്ത് ചടങ്ങുകള്‍ നടത്തും. മഠത്തിലേക്കുള്ള യാത്രയും മീത്തില്‍ നിന്നുള്ള വരവും പേരിന് മാത്രം. തെക്കോട്ടിറക്കത്തിനൊടുവില്‍ തിരുവമ്പാടിക്ക് കുടമാറ്റമില്ല.
പാറമേക്കാവിന്റെ പൂരത്തില്‍ പതിനഞ്ചാനകളുണ്ടാകും. കിഴക്കേ ഗോപുരം വഴി വടക്കുംനാഥനിലേക്ക്. അവിടെ ഇലഞ്ഞിത്തറ മേളം നടക്കും. പിന്നീട് തെക്കോട്ടിറക്കം. കുടമാറ്റം പ്രദര്‍ശനത്തിലൊതുക്കും. പൂര നാള്‍ രാത്രി ഇരുവിഭാഗവും വെടിക്കെട്ടിന് തിരി കൊളുത്തും. പിറ്റേന്നാള്‍ ശ്രീ മൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിയല്‍ ഉണ്ടാകും.

തൃശ്ശൂര്‍ പൂരം പ്രദര്‍ശന നഗരിയിലെ 18 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വ്യാപരികള്‍ക്കും തൊഴിലാളികള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 18 പേരെയും നിരീക്ഷണത്തില്‍ ആക്കിയിരിക്കുകയാണ്.അതേസമയം ഇത്തവണ തൃശ്ശൂർ പൂരത്തിന്‍റെ ഭാഗമായുള്ള ഘടകപൂരങ്ങളും ഇത്തവണ ഒരാനപ്പുറത്ത് മാത്രമായിട്ടാകും നടത്തുക. ആഘോഷങ്ങളെല്ലാം ഒഴിവാക്കിയാണ് ഇത്തവണ ഘടകപൂരങ്ങളും നടത്തുന്നത്. എട്ട് ഘടകപൂരങ്ങളും ഓരോ ആനകളുമായി മാത്രമാകും പൂരത്തിനെത്തുക.

ഓരോ ഘടകപൂരങ്ങൾക്കുമൊപ്പം 50 പേരെ മാത്രമേ അനുവദിക്കൂ. അങ്ങനെ എട്ട് പൂരങ്ങളുടെയും ഭാഗമായി നാനൂറ് പേർ മാത്രമേ പരമാവധി പൂരപ്പറമ്പിലെത്തൂ. ഘടകപൂരങ്ങൾക്കൊപ്പം എത്തുന്നവർക്ക് കൊവിഡ് ആർടിപിസിആർ പരിശോധന നിർബന്ധമാണ്.പൂരവിളംബരത്തിനും 50 പേരെ മാത്രമേ അനുവദിക്കൂ. ആഘോഷം വേണ്ട, ഇത്തവണ ചടങ്ങുകൾ മാത്രം മതിയെന്നാണ് ഘടകക്ഷേത്രങ്ങളുടെ തീരുമാനം. ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്.

വെടിക്കെട്ട് നടത്താനും ആനകളെ നിരീക്ഷിക്കാനും പ്രത്യേക സംഘത്തെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്. അതേസമയം വെടിക്കെട്ട് കാണാനും പൊതുജനങ്ങള്‍ക്ക് അനുമതി നല്‍കേണ്ടെന്നാണ് ദേവസ്വങ്ങളും ജില്ലാ ഭരണകൂടവും ചേര്‍ന്ന് തീരുമാനിച്ചിരിക്കുന്നത്. പൊതുജനത്തെ പൂരപ്പറമ്പില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കും. സാമ്പിള്‍ വെടിക്കെട്ട് കുഴിമിന്നലിൽ മാത്രമായി ഒതുങ്ങും.

വെടിക്കെട്ടിന്റെ സജ്ജീകരണങ്ങള്‍ പരിശോധിക്കാനായി ഉദ്യോഗസ്ഥര്‍ നാളെ തൃശ്ശൂരെത്തും.സ്വരാജ് റൗണ്ടിലേക്കുള്ള വഴികളും, കടകളും പൂര്‍ണമായി അടയ്ക്കും. പാസുള്ളവര്‍ക്ക് എട്ട് വഴികളിലൂടെ പൂരപ്പറമ്പിലേക്ക് പ്രവേശിക്കാം. രണ്ടായിരം പൊലീസുദ്യോഗസ്ഥരെ സുരക്ഷാ ചുമതലക്കായി നിയോഗിക്കും. 23, 24 തീയതികളില്‍ സ്വരാജ് റൗണ്ടില്‍ ഗതാഗതം നിരോധിക്കും.

അതേസമയം, പാറമേക്കാവ് ഇത്തവണ ആഘോഷങ്ങളില്‍ പിറകോട്ട് പോവില്ലെന്നാണ് തീരുമാനമെടുത്തിട്ടുള്ളത്. 15 ആനപ്പുറത്ത് പൂരം എഴുന്നള്ളിപ്പ് ആഘോഷമായിത്തന്നെ നടത്തും. കുടമാറ്റം പ്രതീകാത്മകമായി മാത്രമാണ് നടത്തുക. എന്നാല്‍ തിരുവമ്പാടി നിരവധി ആനകളെ എഴുന്നള്ളിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു. തിരുവമ്പാടി ഒറ്റയാനപ്പുറത്ത് മാത്രമേ തിടമ്പ് എഴുന്നള്ളിക്കൂ. അതനുസരിച്ചേ വാദ്യഘോഷവും ഉണ്ടാകൂ. പകല്‍പ്പൂരം ചടങ്ങ് മാത്രമായിട്ടേ നടക്കൂ.

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ക്ഷേത്രങ്ങളുടെ പ്രവർത്തന സമയം രാവിലെ 6 മുതൽ രാത്രി 7വരെയാക്കി തിരുവിതാംകൂർ ദേവസ്വംബോർഡ്.ഒരേ സമയം 10 പേരിൽ കൂടുതൽ ദർശനത്തിന് അനുവദിക്കില്ല. ക്ഷേത്രത്തിലെത്തുന്ന ഭക്തരെ തെർമൽ സ്‌കാനർ ഉപയോഗിച്ച് പരിശോധിച്ച ശേഷമേ അകത്തേക്ക് വിടൂ.വഴിപാടായള‌ള അന്നദാനവും മ‌റ്റ് പ്രധാന വഴിപാടുകളും അനുവദിക്കും. അതല്ലാത്ത അന്നദാനം ഉണ്ടാകില്ല. 60 വയസിന് മുകളിലുള‌ളവർക്കും 10 വയസിൽ താഴെയുള‌ള കുട്ടികൾക്കും ക്ഷേത്രത്തിൽ പ്രവേശിക്കാൻ കഴിയില്ല.പൂജകൾ നടക്കുമ്പോൾ ശ്രീകോവിലിന് മുന്നിൽ തിരക്കുണ്ടാകാൻ അനുവദിക്കില്ല.

ഉത്സവം ഉൾപ്പടെ പ്രധാന ചടങ്ങുകളിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 75 ആയി പരിമിതപ്പെടുത്തി. ഭക്തർ കൃത്യമായി സാമൂഹിക അകലം പാലിക്കണമെന്നും ദേവസ്വംബോർഡ് നിർ‌ദ്ദേശമുണ്ട്. സംസ്ഥാനത്ത് കൊവിഡ് രോഗനിരക്ക് വർദ്ധിക്കുകയും ഇന്നുമുതൽ രാത്രികാല കർഫ്യു ഏർപ്പെടുത്തിയിരിക്കുകയുമാണ്.
ആനകളെ ചടങ്ങുകളിൽ പങ്കെടുപ്പിക്കാൻ അനുവാദമില്ല. അധവാ പങ്കെടുപ്പിക്കേണ്ടത് അത്യാവശ്യമെങ്കിൽ ബോർഡിന്റെ അനുമതി വാങ്ങണം.ഈ സാഹചര്യത്തിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ചുള‌ള തീർത്ഥാടനം ഉറപ്പാക്കാനാണ് ബോർഡ് നീക്കം.

ramesh chennithala

തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കാള്‍ പാലിച്ചും ആചാരങ്ങള്‍ പാലിച്ചും തൃശൂര്‍ പൂരം നടത്താനാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പഞ്ചായത്ത് തലം മുതല്‍ ബോധവത്ക്കരണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.കളക്ടര്‍മാര്‍ ഇഷ്ടാനുസരണം ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത് നിര്‍ത്തണമെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ ഇന്‍ഷുറന്‍സ് കാലാവധി നീട്ടണമെന്നും അദ്ദേഹം പറഞ്ഞു. ചെറിയാന്‍ ഫിലിപ്പിനെ സ്വാഗതം ചെയ്തുകൊണ്ടുളള കോണ്‍ഗ്രസ് മുഖപത്രത്തിന്റെ ലേഖനത്തെ കുറിച്ചുളള ചോദ്യത്തിന് തിരിച്ച് വരണമോ എന്ന് തീരുമാനിക്കേണ്ടത് ചെറിയാന്‍ ഫിലിപ്പാണെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

തൃശ്ശൂർ പൂരം ഇത്തവണ ചടങ്ങുകൾ മാത്രമായി നടത്തും. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് ആഘോഷങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചത്. പൊതുജനങ്ങൾക്ക് പൂരത്തിന് പ്രവേശനമുണ്ടാകില്ലെന്നും ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനിച്ചു.

മാനദണ്ഡങ്ങളോടെ പൂരം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചതെങ്കിലും നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇത് മാറ്റുകയായിരുന്നു. ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.97 ശതമാനമായി ഉയർന്നിരുന്നു.

പൂരം ആഘോഷമാക്കി തന്നെ നടത്തണമെന്ന ആദ്യ നിലപാടിൽ നിന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ അയവ് വരുത്തിയിരുന്നു. കർശന നിയന്ത്രണങ്ങൾ വേണമെന്ന് പോലീസും നിലപാട് സ്വീകരിച്ചതോടെയാണ് കഴിഞ്ഞ വർഷത്തെ പോലെ ചടങ്ങുകൾ മാത്രമായി പൂരം നടത്താൻ തീരുമാനിച്ചത്.

pooram

തൃശൂര്‍: കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ നിലപാട് മയപ്പെടുത്തി ദേവസ്വം. ഇതോടെ പൂരത്തിന് കാണികളെ ഒഴിവാക്കിയേക്കും. ചുരുക്കം ചില സംഘാടകരും ചടങ്ങ് നടത്തുന്ന ദേവസ്വം ജീവനക്കാരും നടത്തിപ്പുകാരും ആനക്കാരും മേളക്കാരും മാത്രം പങ്കെടുത്ത് പൂരത്തിന്റെ ചടങ്ങുകള്‍ നടത്താനാണ് ആലോചന.

അതേസമയം, ദേശക്കാര്‍ക്ക് ദൃശ്യ, നവ മാധ്യമങ്ങളിലൂടെ തല്‍സമയം പൂരം കാണാന്‍ അവസരം ഒരുക്കാനും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇതോടെ ചീഫ് സെക്രട്ടറിയുമായി ദേവസ്വം പ്രതിനിധികള്‍ നടത്തുന്ന ചര്‍ച്ച നിര്‍ണായകമാകും. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളാണ് നിലപാട് മയപ്പെടുത്താന്‍ ദേവസ്വങ്ങളെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

അതിനിടെ, മഹാമാരി കാലത്ത് തൃശൂര്‍ പൂരം മാറ്റി വെയ്ക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാരിന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ കത്തയച്ചിരുന്നു. 34 സാംസ്‌കാരിക പ്രവര്‍ത്തകരാണ് കത്തില്‍ ഒപ്പിട്ട നല്‍കിയത്. നിയന്ത്രണങ്ങള്‍ പാലിച്ച് പൂരം പ്രായോഗികമല്ലെന്ന് കത്തില്‍ പറയുന്നു. തൃശൂര്‍ ജില്ലയില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പൂരം നടത്തുന്നത് അനുചിതമാണ്. അതിനാല്‍ സര്‍ക്കാരും പൂരം സംഘാടകരും ഇതില്‍ നിന്നും പിന്മാറണമെന്ന് കത്തില്‍ വ്യക്തമാക്കുന്നു.

തൃശ്ശൂര്‍: തൃശൂര്‍ പൂരം മാറ്റി വയ്ക്കണമെന്നാവശ്യപ്പെട്ട് സാംസ്‌കാരിക പ്രവര്‍ത്തകര്‍ സര്‍ക്കാരിന് കത്ത് നല്‍കി. കെ.ജി ശങ്കരപ്പിള്ള, വൈശാഖന്‍, കല്പ്പറ്റ നാരായണന്‍, കെ വേണു തുടങ്ങിയ സാംസ്‌കാരിക പ്രവര്‍ത്തകരാണ് കത്ത് നല്കിയത്.നിയന്ത്രണങ്ങള് പാലിച്ച് പൂരം പ്രായോഗികമല്ലെന്നും കോവിഡ് കേസുകള്‍് ഉയരുന്ന സാഹചര്യത്തില്‍ പൂരം നടത്തുന്നത് അനുചിതമാണെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് പൂരത്തിന് സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെതിരെ ഞായറാഴ്ച് പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങള്‍ രംഗത്തെത്തിയിരുന്നു.തിങ്കളാഴ്ച ചീഫ് സെക്രട്ടറി വി.പി. ജോയി യോഗം വിളിച്ചിട്ടുണ്ട്.

തൃശൂര്‍: പൂരത്തിനുള്ള നിബന്ധനകള്‍ കടുപ്പിച്ചതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പാറമേക്കാവ് ദേവസ്വം. ഡിഎംഒ ജനങ്ങളെ പേടിപ്പിക്കുകയാണ്. ദിവസം തോറും പുതിയ കൊവിഡ് നിബന്ധനകള്‍ കൊണ്ടു വരരുതെന്നുംപാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് ആരോപിച്ചു.പൂരം കാണാന്‍ എത്തുന്നവര്‍ കൊവിഡ് വാക്‌സിന്‍ രണ്ട് ഡോസുകളും എടുക്കണമെന്ന് നിര്‍ബന്ധമാക്കി ഇന്നലെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. വാക്‌സിന്‍ ഒറ്റ ഡോസ് മതിയെന്ന നിര്‍ദേശം പിന്‍വലിച്ചാണ് പ്രത്യേക ഉത്തരവിറക്കിയത്. രണ്ടു ഡോസ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന വേണമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്തിറക്കിയ പ്രത്യേക ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.പാപ്പാന്‍മാര്‍ക്ക് കൊവിഡ് നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ ആനകളെ പൂരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കൂ എന്ന വനംവകുപ്പ് നിര്‍ദ്ദേശത്തെയും ദേവസ്വങ്ങള്‍ എതിര്‍ക്കുന്നുണ്ട്.വനംവകുപ്പിന്റെ നിര്‍ദ്ദേശം പ്രയോഗികമല്ലെന്നാണ് ദേവസ്വങ്ങള്‍ പറയുന്നത്. അതിനാല്‍ നിര്‍ദ്ദേശത്തില്‍ ഇളവ് വരുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

തൃശ്ശൂര്‍: പൂരത്തിനുള്ള പ്രവേശന പാസ് കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ നിന്നും തിങ്കളാഴ്ച മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. ഫെസ്റ്റിവല്‍ എന്‍ട്രി രജിസ്‌ട്രേഷന്‍ ലിങ്കില്‍ മൊബൈല്‍ നമ്പര്‍ പേര് തുടങ്ങിയ വിവരങ്ങള്‍ നല്‍കിയ ശേഷം രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറിലേക്ക് ഒടിപി ലഭിക്കും. തുടര്‍ന്ന് ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്‌സിനേഷന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ അപ്‌ലോഡ് ചെയ്യണം. തുടര്‍ന്ന് മൊബൈലില്‍ ലഭിക്കുന്ന ലിങ്കില്‍ നിന്ന് എന്‍ട്രി പാസ് ഡൗണ്‍ലോഡ് ചെയ്യാം. രണ്ടു ഡോസ് വാക്‌സീന്‍ എടുക്കാത്തവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന വേണമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി പൂരത്തിനായി പുറത്തിറക്കിയ പ്രത്യേക ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.കടുത്ത നിബന്ധനയെങ്കില്‍ പൂരം നടത്തിപ്പ് അവതാളത്തിലാകുമെന്നാണ് മുന്നറിയിപ്പ്. ആളുകളുടെ എണ്ണം പരമാവധി നിയന്ത്രിക്കാനാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി തൃശൂര്‍ പൂരത്തിനായി പ്രത്യേക ഉത്തരവ് പുറത്തിക്കിയത്.

ഹരിദ്വാര്‍ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യര്‍ത്ഥന അനുസരിച്ച് കുംഭമേളയിലെ ചടങ്ങുകള്‍ അവസാനിപ്പിക്കുകയാണെന്ന് പ്രമുഖ അഖാഡകളിലൊന്നായ ജൂന അഖാഡ. പൊതുനന്മയ്ക്ക് വേണ്ടിയുള്ള ഒരു ആവശ്യവും നിരസിക്കില്ലെന്നും മറ്റ് വിഭാഗങ്ങളും തങ്ങളെപ്പോലെ കുംഭമേളയിലെ ചടങ്ങുകള്‍ അവസാനിപ്പിക്കുമെന്ന് കരുതുന്നുവെന്നും സ്വാമി അവദേശാനന്ദഗിരി വ്യക്തമാക്കി. കുംഭമേളയിലെ ചടങ്ങുകള്‍ പ്രതീകാത്മകമാക്കണമെന്നും കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നത് ഒഴിവാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാമി അവധേശാനന്ദ ഗിരിയെ ഫോണില്‍ വിളിച്ച് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് തീരുമാനം.