Devotional (Page 8)

തൃശൂര്‍: പൂരം വിളംബരത്തിന് തെക്കേഗോപുര നട തളളിത്തുറന്ന് നെയ്തലക്കാവ് ഭഗവതി ഇത്തവണ എത്തുക കൊച്ചിന്‍ ദേവസ്വംബോര്‍ഡിന്റെ തലയെടുപ്പുളള ഉയരക്കേമന്‍ എറണാകുളം ശിവകുമാറാണ്. ഉയരംകൊണ്ടും തലയെടുപ്പുകൊണ്ടും കൊച്ചിന്‍ ദേവസ്വംബോര്‍ഡിന്റെ ഒന്നാമനായ ആനയാണ് ശിവകുമാര്‍.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നളളിപ്പില്‍ നിന്ന് വിലക്കി വനംവകുപ്പ് ഉത്തരവുളളതിനാലാണ് നെയ്തലക്കാവ് ദേവസ്വം ഇത്തവണ ശിവകുമാറിന് അവസരം നല്‍കിയത്. കേരളത്തിലെ നാടന്‍ ആനകളിലും മികച്ച ഉയരവും എഴുന്നളളിപ്പുകളില്‍ തലയെടുത്ത് നില്‍ക്കാനുളള കഴിവുമുളള ശിവകുമാറിന് പത്തടിയിലേറെ ഉയരമുണ്ട്. ഒറ്റകൊമ്പനാണ്.

പൂരം നാളില്‍ കണിമംഗലം ശാസ്താവിന് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനായി പൂരത്തലേന്ന് തെക്കേ ഗോപുര നട നെയ്തലക്കാവ് ഭഗവതി തുറന്നിടുന്ന ചടങ്ങാണ് ശിവകുമാര്‍ നിര്‍വഹിക്കുക. ആദ്യകാലങ്ങളില്‍ അധികം അറിയപ്പെടാത്ത ചടങ്ങ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വന്നതോടെ വളരെയധികം ശ്രദ്ധയാകര്‍ഷിച്ചു. കൊച്ചിന്‍ ദേവസ്വത്തിന്റെ ആനകള്‍ തന്നെയായിരുന്നു ആദ്യകാലങ്ങളില്‍ ഈ ചടങ്ങിനുണ്ടായിരുന്നത്.

ഇത്തവണ കൊവിഡിന്റെ കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും പൂരം കേമമാക്കാനുളള ശ്രമത്തിലാണ് പൂരസമിതിയും അധികൃതരും. കഴിഞ്ഞ വര്‍ഷം കൊവിഡ് വ്യാപനം രൂക്ഷമായതിനാല്‍ തൃശൂര്‍പൂരം ചടങ്ങ് മാത്രമായാണ് നടന്നത്.

ഗുരുവായൂർ:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ പത്തുകോടി രൂപ തിരിച്ചടയ്ക്കണമെന്ന ഹൈക്കോടതി വിധിക്കെതിരേ ഗുരുവായൂർ ദേവസ്വം സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു.ബി.ജെ.പി. നേതാവ് എ. നാഗേഷിന്റെ ഹർജിയിലായിരുന്നു, തുക തിരിച്ചടയ്ക്കാനുള്ള ഹൈക്കോടതി വിധി. ഹിന്ദു ഐക്യവേദിയും ക്ഷേത്രസംരക്ഷണസമിതിയും ദേവസ്വത്തിനെതിരേ ഹർജി നൽകിയിരുന്നു.

അതേസമയം ഇതിനെതിരെ മുതിർന്ന അഭിഭാഷകൻ ചെന്നൈയിലെ ആര്യാമസുന്ദരം മുഖേനയാണ് ഹർജി. 2018, 2020 വർഷങ്ങളിൽ അഞ്ചുകോടി രൂപ വീതമാണ് ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടച്ചത്. ഇത് നിയമവിരുദ്ധമാണെന്ന് ചില ഹൈന്ദവസംഘടനകൾ ആക്ഷേപമുന്നയിച്ചതോടെയാണ്‌ വിവാദം കത്തിയത്. .

ചോദ്യംചെയ്തുകൊണ്ട് സുപ്രീംകോടതിയിൽ ഹർജി നൽകാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചപ്പോൾ ക്ഷേത്രം ഊരാളനും സ്ഥിരാംഗവുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് മാത്രമാണ് എതിർത്തത്. ബാക്കി അംഗങ്ങളെല്ലാം എൽ.ഡി.എഫ്. കക്ഷിയിൽപ്പെട്ടവരായതിനാൽ തീരുമാനത്തോട് യോജിക്കുകയായിരുന്നു.

ദേവസ്വംതുക ഗുരുവായൂരപ്പന്റേതാണെന്നും ക്ഷേത്രസംബന്ധിയില്ലാത്തവയ്ക്ക് ആ പണം ചെലവഴിച്ചുകൂടായെന്നുമാണ്‌ ഹൈക്കോടതി വിധിയിൽ പറയുന്നത്. 1978-ൽ ആണ് ദേവസ്വം നിയമം പ്രാബല്യത്തിൽ വന്നത്. എന്നാൽ, ചില ദുരന്തങ്ങൾ വന്നുചേരുമ്പോൾ നിയമത്തിൽ മാത്രം അടയിരിക്കാതെ കാര്യങ്ങളെ വിശാലമായി കാണേണ്ടതുണ്ടെന്നാണ് ദേവസ്വം വിലയിരുത്തുന്നത്.

‘‘ഭഗവാൻ കൃഷ്ണൻ ആപദ്‌ബാന്ധവനാണ്. ആപത്തിൽപ്പെട്ടവരെ സഹായിക്കുകയെന്നതുതന്നെയാണ് കൃഷ്ണസങ്കല്പവും. മനുഷ്യരാശിയെ മുഴുവൻ നാശംവിതയ്ക്കുന്ന ദുരന്തമുണ്ടാകുമ്പോൾ സഹജീവികളെ സഹായിക്കുന്നത് മാനവസേവയായും കാണണം’’-ദേവസ്വം ഭരണസമിതിയംഗവും പ്രമുഖ അഭിഭാഷകനുമായ അഡ്വ. കെ.വി. മോഹനകൃഷ്ണൻ പറഞ്ഞു.

മക്ക: മക്കയിലേക്ക് തീര്‍ത്ഥാടനം നടത്തുന്നവര്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിരിക്കണമെന്ന് സൗദി. മക്കയിലെ ഗ്രാന്‍ഡ് പള്ളിയില്‍ ഉംറയും പ്രാര്‍ത്ഥനയും നടത്തണമെങ്കില്‍ രോഗപ്രതിരോധ കുത്തിവയ്പ്പ് എടുത്തിരിക്കണമെന്നും അല്ലെങ്കില്‍ വൈറസ് രോഗം ഭേദമായവര്‍ക്ക് മാത്രമേ അനുമതി നല്‍കുവെന്നും സൗദി അധികൃതര്‍ അറിയിച്ചു.അതേസമയം, രാജ്യത്ത് രോഗ വ്യാപനത്തിന്റെ തോത് വര്‍ദ്ധിക്കുകയാണെങ്കില്‍ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് നിയമങ്ങള്‍ ഇനിയും ഭേദഗതിവരുത്തുമെന്നും കരുതപ്പെടുന്നു. 34 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള രാജ്യത്ത് 39 ലക്ഷത്തിലധികം പേര്‍ക്ക് രോഗം ബാധിച്ചിരുന്നു.. നിലവില്‍ 5 ദശലക്ഷത്തോളം പേര്‍ക്ക് ഇതുവരെ കൊവിഡ് വാക്‌സിന്‍ നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

sabarimala

പ്രത്യേക ലേഖകൻ

ശബരിമല നട കയറാൻ കാത്തിരിക്കുന്നത് നിരവധി ആക്ടിവിസ്റ്റ് സ്ത്രീകൾ

കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ അവസാനനാളുകളിൽ മത്സരം പ്രവചനാതീതമായി മാറിയത് ശബരിമല ദർശനത്തിനായി കാത്തിരിക്കുന്ന സ്ത്രീകളിൽ ആശങ്ക വർദ്ധിപ്പിച്ചു.ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുകയും അവരെ സഹായിക്കുകയും ചെയ്തിരുന്ന സർക്കാറായിരുന്നു പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ. സ്ത്രീപ്രവേശനത്തിന് അനുകൂലമായി സുപ്രീം കോടതിയിൽ കൊടുത്ത സത്യവാങ്മൂലം പിൻവലിക്കാത്തതു കൊണ്ട്, തങ്ങൾക്ക് അനുകൂലമായ വിധി ഉണ്ടാകും എന്നവർ കണക്കുകൂട്ടുന്നു.

ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന് അനുകൂലമായി സുപ്രീം കോടതി വിധി വന്നതിനുശേഷം 2018 ഒക്ടോബർ പതിനേഴാം തീയതി തുലാമാസ പൂജയ്ക്കായി ശബരിമലനട തുറന്നു.അന്നുമുതലാണ് ഇവിടെ പ്രശ്നങ്ങൾ തുടങ്ങിയത്. തുടർന്ന് നിരവധി സ്ത്രീ പക്ഷ ആക്ടിവിസ്റ്റുകളാണ് ശബരിമല ദർശനത്തിനായി എത്തിയത്. സർക്കാർ നിർദ്ദേശപ്രകാരം കേരള പോലീസ് സ്ത്രീ പ്രവേശനത്തിന് അനുകൂലമായ നിലപാടാണ് എടുത്തത്. എന്നാൽ വിശ്വാസ സമൂഹത്തിന്റെ കനത്ത പ്രതിഷേധം മൂലം പലപ്പോഴും മലയിലേക്ക് സ്ത്രീകൾക്ക് പ്രവേശിക്കാനെ കഴിഞ്ഞില്ല. മലയാളി ആക്റ്റിവിസ്റ്റ് രഹ്ന ഫാത്തിമ, തെലുങ്കാനയിൽ നിന്നുള്ള മാധ്യമപ്രവർത്തക കവിതാ ജെക്കാല എന്നിവർക്ക് ഹെൽമെറ്റും ജാക്കറ്റും നൽകി, പ്രതിഷേധങ്ങളെ പ്രതിരോധിച്ച് നടപ്പന്തൽ വരെ പോലീസ് എത്തിച്ചു. എന്നാൽ ശബരിമല നട അടയ്ക്കും എന്ന് തന്ത്രി പ്രഖ്യാപിച്ചതിനെത്തുടർന്ന് അവരെ പോലീസിന് തിരികെ കൊണ്ടു പോകേണ്ടി വന്നു. പിന്നീടു വന്ന മണ്ഡലകാലത്തും പല സ്ത്രീകളും ശബരിമല നടയിൽ പ്രവേശിക്കാൻ ശ്രമം നടത്തി. എന്നാൽ കനത്ത പ്രതിഷേധങ്ങളെ തുടർന്ന് അതൊന്നും നടന്നില്ല. 2019 ജനുവരി 2 ന് പുലർച്ചെ, കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിന്ദു അമ്മിണി മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുർഗ്ഗ എന്നിവർ ശബരിമലയിൽ ദർശനം നടത്തി. മഫ്തി പോലീസിന്റെ സഹായത്തോടെ നടന്ന രഹസ്യ നീക്കമായിരുന്നു അത്. പിന്നീട് പോലീസ് സഹായത്തോടെ 50 ഓളം സ്ത്രീകൾ എന്നും വീണ്ടും തിരുത്തി, 17 ഓളം സ്ത്രീകളെ ദർശനത്തിന് അനുവദിച്ചതായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നത സമിതിയുടെ പ്രസ്താവന പുറത്തുവന്നു. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനുള്ള ഇടതുപക്ഷ സർക്കാരിനെ പ്രതിജ്ഞാബദ്ധത മാത്രമല്ല സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടിയുള്ള വിപ്ലവകരമായ ഒരു കാൽവെപ്പ് ആയിരുന്നു അതെന്ന് ഇടതുപക്ഷ ചിന്തകർ വിലയിരുത്തുന്നു.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേസുകൾ സുപ്രീംകോടതിയിൽ നിലനിൽക്കുകയാണ്. സ്ത്രീ പ്രവേശനം സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടുമില്ല.പ്രളയങ്ങളും കോവിഡും മൂലമുള്ള നിയന്ത്രണങ്ങളിൽ ശബരിമല സ്ത്രീപ്രവേശനം. വിവാദങ്ങളിൽ നിന്ന് അകന്ന് നിൽക്കുകയായിരുന്നു. ശബരിമലയിൽ വന്നുകൊണ്ടിരുന്ന കോടികളുടെ വരുമാനം ഗണ്യമായി കുറഞ്ഞു. ശബരിമലയിൽ നിന്നുള്ള വരുമാനമായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വരുമാനമില്ലാത്ത മറ്റു ക്ഷേത്രങ്ങൾക്ക് നൽകിയിരുന്നത്. ദേവസ്വംബോർഡും ഇപ്പോൾ കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. വരുംനാളുകളിൽ കോവിഡ് നിയന്ത്രണങ്ങൾ മാറുന്ന തോടുകൂടി ശബരിമല ദർശനത്തിനായി വിവിധ സ്ഥലങ്ങളിൽ നിന്ന് സ്ത്രീകൾ എത്തിയേക്കും. സ്ത്രീ ആക്ടിവിസ്റ്റ് ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാനുള്ള നടപടികളുമായി അവർ മുന്നോട്ടു പോകുകയാണ്.അതിനു വേണ്ടി ഏതറ്റം വരെ പോകാനും അവർ തയ്യാറായേക്കും. ശബരിമല നടയിലേക്ക് വീണ്ടും വരാൻ തൃപ്തിദേശായി, മനീതി സംഘം, മറ്റു ഗ്രൂപ്പുകൾ തുടങ്ങിയവർക്ക് ലക്ഷ്യമുണ്ട്. കേരളത്തിലെ സ്ത്രീപക്ഷ ആക്ടിവിസ്റ്റുകളുമായി ചേർന്ന് കോടതി വിധിയുടെ പിൻബലത്തിൽ പോകാനാവും അവർ ശ്രമിക്കുക. രഹന ഫാത്തിമ, ബിന്ദു തങ്കം കല്യാണി, മേരി സ്വീറ്റി തുടങ്ങിയ വിവിധ തലങ്ങളിൽ ശബരിമലയുമായി ബന്ധപ്പെട്ട സ്ത്രീകളെ ഒപ്പം കൂട്ടിയുള്ള ശ്രമമാകും ഉണ്ടാവുക. ക്ഷേത്ര പ്രവേശനത്തിൽ ആദ്യമുണ്ടാകുന്ന എതിർപ്പുകൾ മാത്രമേ ഉണ്ടാകൂ എന്നും പിന്നീട് സ്വാഭാവികമായും അത് കുറയുമെന്നും അവർ കണക്കുകൂട്ടുന്നു. അതുകൊണ്ട് ഇടതുഭരണം നിലനിൽക്കേണ്ടത് വളരെ ആവശ്യമാണെന്ന് അവർ വിശ്വസിക്കുന്നു.എന്നാൽ നിയമസഭാതിരഞ്ഞെടുപ്പിൽ മത്സരം കനത്തതോടെ തങ്ങളുടെ ലക്ഷ്യങ്ങൾ നടക്കാതെ വരുമോ എന്നതാണ് അവരുടെ പ്രധാന ആശങ്ക.

കുരിശില്‍ തറയ്ക്കപ്പെട്ടതിന്‍റെ മൂന്നാം നാള്‍ യേശു ക്രിസ്തു മരണത്തെ അതിജീവിച്ച് ഉയിര്‍ത്തെഴുന്നേറ്റതിന്റെ സ്മരണയാണ്‌ ഈസ്റ്റര്‍. ദുഃഖ വെള്ളിയാഴ്ചയ്ക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിയ്ക്കുന്നത്. ദിവസവും കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കോവിഡ് മഹാമാരി കഴിഞ്ഞ വർഷത്തെയെന്ന പോലെ ഈസ്റ്റർ ആഘോഷത്തെ ഈ വർഷവും ബാധിക്കാൻ ഇടയുണ്ട്.

കോവിഡ് മഹാമാരി സൃഷ്‌ടിച്ച വേദനകൾക്കും യാതനകൾക്കുമിടയിലും തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമായ ഈസ്റ്റർ യാതൊരു കുറവുമില്ലാതെ, പുതിയ കാലത്തിന്റെ സാധ്യതകൾ കൂടി ഉപയോഗപ്പെടുത്തി ആഘോഷിക്കാൻ ഒരുങ്ങുകയാണ് ലോകത്തെമ്പാടുമുള്ള ക്രൈസ്തവ മത വിശ്വാസികൾ.

ഹൈദരാബാദിൽ നിരവധി ക്രിസ്തുമത വിശ്വാസികളാണ് കോവിഡ് 19 മഹാമാരിയുടെ സാഹചര്യത്തിൽ എല്ലാവിധ മുൻകരുതലുകളും സ്വീകരിച്ചു കൊണ്ട് ദുഃഖവെള്ളി ദിനത്തിൽ പ്രാർത്ഥനാ ശുശ്രൂഷകളുടെ ഭാഗമായതെന്ന് ആൾ ഇന്ത്യ കത്തോലിക്ക് യൂണിയന്റെ തെലങ്കാന പ്രസിഡന്റ് റോയ്ഡിൻ റോച്ച് പറഞ്ഞു. പല ഇടവകകളും തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയോ ഫേസ്ബുക്ക് ലൈവ് ആയോ ചടങ്ങുകൾ ഓൺലൈനിലൂടെ സംപ്രേക്ഷണം ചെയ്യുകയാണ്.

നഗരങ്ങളിലെ പള്ളികളിൽ നിന്ന് ലിറ്റർജി ടി വി, കാതോലിക്ക്ഹബ്, ദിവ്യവാണി ടി വി തുടങ്ങിയ ചാനലുകൾ എല്ലാ ശുശ്രൂഷകളും ഹിന്ദിയിലും ഇംഗ്ലീഷിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ടെന്നും റോയ്ഡിൻ റോച്ച് പറഞ്ഞു.ചില പള്ളികളിൽ ദുഃഖവെള്ളി ദിനത്തിൽ ടാബ്ലോയും നാടകങ്ങളും സംഘടിപ്പിച്ചിരുന്നു. പള്ളിയുടെ മൈതാനത്ത് കലാകാരന്മാരെ മാത്രം പ്രവേശിപ്പിക്കുകയും പൊതുജനങ്ങൾക്ക് അവ ടി വിയിലൂടെ കാണാനുള്ള അവസരം ഒരുക്കുകയുമാണ് ചെയ്തത്.’ – അദ്ദേഹം പറയുന്നു.

ഹരിദ്വാർ : കുംഭമേളയ്ക്കായി ഉത്തരാഖണ്ഡിലെ സംസ്ഥാന സർക്കാർ
അടിസ്ഥാന സൗകര്യ വികസനത്തിന് സംസ്ഥാന സർക്കാർ എല്ലാ പരിശ്രമങ്ങളും നടത്തിയതായി മുഖ്യമന്ത്രി തിരഥ് സിംഗ് റാവത്. ഇന്നലെ മുതൽ ആരംഭിച്ച തീർത്ഥാടക പ്രവാഹം വരും ദിവസങ്ങളിൽ വർദ്ധിക്കുമെന്നാണ് പ്രതീക്ഷ. 11 പ്രധാന കേന്ദ്രങ്ങളുടെ വികസനത്തിനായി 772.47 കോടിരൂപ ചിലവാക്കിയതായി സിംഗ് അറിയിച്ചു.12000 പോലീസ് സേനാംഗങ്ങളാണ് തിരക്ക് നിയന്ത്രിക്കാനുള്ളത്.

200 ഡോക്ടർമാരും 1500 ആരോഗ്യപ്രവർത്തകരും അടക്കം 613 ആശുപത്രികളിലായി പ്രവർത്തന നിരതരാണ്.13 അഖാഡകളുടെ നേതൃത്വത്തിലാണ് കുംഭമേള സ്‌നാനവും പൂജകളും നടക്കുന്നത്. കുംഭമേള തീർത്ഥാടകർക്കായുള്ള പൊതു ശൗചാലയങ്ങൾക്കും മാലിന്യശേഖര സംവിധാനങ്ങൾക്കുമായി മാത്രം 58 കോടി രൂപ ചിലവാക്കിയെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അറിയിച്ചു.

സ്‌നാനഘട്ടങ്ങളുടെ അറ്റകുറ്റപ്പണികളും നടപ്പാതകൾ മോടി കൂട്ടുന്നതിനും 49 കോടിരൂപ ചിലവായതായും മുഖ്യമന്ത്രി പറഞ്ഞു. ജല ലഭ്യത ഉറപ്പാക്കാൻ അണക്കെട്ടിലെ സംവിധാനങ്ങൾക്കായി 12 കോടിയും പ്രദേശത്തെ റോഡുകളുടെ വീതി കൂട്ടിയതിന് 13 കോടിയും ചിലവാക്കിയെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അറിയിച്ചു.അഖാഡകളെന്ന സന്യാസി സംഘത്തിന്റെ മഠങ്ങളുടെ നേതൃത്വത്തിലാണ് പ്രധാന സ്‌നാനം നടക്കുന്നത്. എല്ലാ അഖാഡകൾക്കും ക്രമം ജില്ലാ അധികാരികൾ നിശ്ചയിച്ചിട്ടുണ്ട്.

നിരഞ്ജനി അഖാഡ ആദ്യവും നിർമ്മൽ അഖാഡ അവസാനവും സ്‌നാനം നടത്തും. നാഗാ സന്യാസി സമൂഹം പ്രത്യേകമായി സ്‌നാനം നടത്തി മടങ്ങും. ഹർകീ പൗഡീ സ്‌നാന ഘട്ടത്തിലെ നാഗാ സന്യാസി സ്‌നാന സമയത്ത് മറ്റ് തീർത്ഥാടകർക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. മൂന്ന് ഷാഹി സ്‌നാനങ്ങളാണ് ഹരിദ്വാറിലൂടെ ഒഴുകിപ്പരക്കുന്ന ഗംഗാ നദിക്കരയിലെ സ്നാന ഘട്ടങ്ങളിൽ നടക്കുന്നത്.

ഏപ്രിൽ 12ന് സോമാവതി അമാവാസി, 14ന് വൈശാഖ സ്‌നാനം, 27ന് ചൈത്രപൂർണ്ണിമാ സ്‌നാനം എന്നിവയാണ് പ്രധാനം. തീർത്ഥാടകർക്ക് സ്‌നാനം നടത്താൻ സഹായിക്കും വിധം തേഹരി തടാകത്തിൽ നിന്ന് ജലം തുറന്നുവിട്ടുകൊണ്ടാണ് സ്‌നാനഘട്ടങ്ങളിൽ ജല ലഭ്യത ഉറപ്പുവരുത്തുക എന്നും അധികൃതർ അറിയിച്ചു. ഹരിദ്വാർ മുതൽ ദേവപ്രയാഗവരെ 670 ഹെക്ടർ പ്രദേശത്താണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.