പൂരം നിബന്ധനകള്‍ കടുപ്പിച്ചതിനെ വിമര്‍ശിച്ച് പാറമേക്കാവ് ദേവസ്വം

തൃശൂര്‍: പൂരത്തിനുള്ള നിബന്ധനകള്‍ കടുപ്പിച്ചതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പാറമേക്കാവ് ദേവസ്വം. ഡിഎംഒ ജനങ്ങളെ പേടിപ്പിക്കുകയാണ്. ദിവസം തോറും പുതിയ കൊവിഡ് നിബന്ധനകള്‍ കൊണ്ടു വരരുതെന്നുംപാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് ആരോപിച്ചു.പൂരം കാണാന്‍ എത്തുന്നവര്‍ കൊവിഡ് വാക്‌സിന്‍ രണ്ട് ഡോസുകളും എടുക്കണമെന്ന് നിര്‍ബന്ധമാക്കി ഇന്നലെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. വാക്‌സിന്‍ ഒറ്റ ഡോസ് മതിയെന്ന നിര്‍ദേശം പിന്‍വലിച്ചാണ് പ്രത്യേക ഉത്തരവിറക്കിയത്. രണ്ടു ഡോസ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന വേണമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്തിറക്കിയ പ്രത്യേക ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.പാപ്പാന്‍മാര്‍ക്ക് കൊവിഡ് നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ ആനകളെ പൂരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കൂ എന്ന വനംവകുപ്പ് നിര്‍ദ്ദേശത്തെയും ദേവസ്വങ്ങള്‍ എതിര്‍ക്കുന്നുണ്ട്.വനംവകുപ്പിന്റെ നിര്‍ദ്ദേശം പ്രയോഗികമല്ലെന്നാണ് ദേവസ്വങ്ങള്‍ പറയുന്നത്. അതിനാല്‍ നിര്‍ദ്ദേശത്തില്‍ ഇളവ് വരുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.