പൂരത്തിന് കാണികളെ ഒഴിവാക്കിയേക്കും

pooram

തൃശൂര്‍: കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ നിലപാട് മയപ്പെടുത്തി ദേവസ്വം. ഇതോടെ പൂരത്തിന് കാണികളെ ഒഴിവാക്കിയേക്കും. ചുരുക്കം ചില സംഘാടകരും ചടങ്ങ് നടത്തുന്ന ദേവസ്വം ജീവനക്കാരും നടത്തിപ്പുകാരും ആനക്കാരും മേളക്കാരും മാത്രം പങ്കെടുത്ത് പൂരത്തിന്റെ ചടങ്ങുകള്‍ നടത്താനാണ് ആലോചന.

അതേസമയം, ദേശക്കാര്‍ക്ക് ദൃശ്യ, നവ മാധ്യമങ്ങളിലൂടെ തല്‍സമയം പൂരം കാണാന്‍ അവസരം ഒരുക്കാനും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇതോടെ ചീഫ് സെക്രട്ടറിയുമായി ദേവസ്വം പ്രതിനിധികള്‍ നടത്തുന്ന ചര്‍ച്ച നിര്‍ണായകമാകും. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളാണ് നിലപാട് മയപ്പെടുത്താന്‍ ദേവസ്വങ്ങളെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

അതിനിടെ, മഹാമാരി കാലത്ത് തൃശൂര്‍ പൂരം മാറ്റി വെയ്ക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാരിന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ കത്തയച്ചിരുന്നു. 34 സാംസ്‌കാരിക പ്രവര്‍ത്തകരാണ് കത്തില്‍ ഒപ്പിട്ട നല്‍കിയത്. നിയന്ത്രണങ്ങള്‍ പാലിച്ച് പൂരം പ്രായോഗികമല്ലെന്ന് കത്തില്‍ പറയുന്നു. തൃശൂര്‍ ജില്ലയില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പൂരം നടത്തുന്നത് അനുചിതമാണ്. അതിനാല്‍ സര്‍ക്കാരും പൂരം സംഘാടകരും ഇതില്‍ നിന്നും പിന്മാറണമെന്ന് കത്തില്‍ വ്യക്തമാക്കുന്നു.