Devotional (Page 5)

മക്ക: സൗദിക്കകത്തുള്ളവര്‍ക്കുള്ള ഹജിനുള്ള ഈ വര്‍ഷത്തെ ഓണലൈന്‍ റജിസ്‌ട്രേഷന്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. ഇതിനായി https://localhaj.haj.gov.sa/ എന്ന പോര്‍ട്ടലില്‍ ആണ് റജിസ്റ്റര്‍ ചെയ്യേണ്ടത്. ജൂണ്‍ 23 രാത്രി 10 വരെയാണ് രജിസ്റ്റര്‍ ചെയ്യാനുള്ള സമയം. ആദ്യമാദ്യം റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടാവില്ലെന്നും അപേക്ഷിക്കാനുള്ള സമയം പൂര്‍ത്തിയായതിന് ശേഷം പാക്കേജുകള്‍ അനുസരിച്ചുള്ള ബുക്കിങ് എല്ലാവര്‍ക്കുമായി ജൂണ്‍ 25 (വെള്ളി) ന് ഉച്ചയ്ക്ക് ഒന്നു മുതല്‍ ആരംഭിക്കുമെന്നും ഹജ്-ഉംറ മന്ത്രാലയം അറിയിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കിയും പുണ്യസ്ഥലങ്ങളില്‍ സുഗമമായി എത്തിച്ചേരാന്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയും രാജ്യം സേവനം നല്‍കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.18 നും 65 നും ഇടയിലുള്ള സൗദിയില്‍ സ്ഥിരതാമസക്കാരായ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കുമാണ് ഇപ്രാവശ്യത്തെ ഹജിന് അനുമതിയുള്ളത്.

കോവിഡ് വാക്‌സിനേഷന്‍ രണ്ടു ഡോസ് പൂര്‍ത്തിയാക്കുക, ഒരു ഡോസ് എടുത്ത് 14 ദിവസം പിന്നിട്ടവരായിരിക്കുക, കോവിഡ് ബാധയില്‍ നിന്നു മുക്തരായി വാക്‌സിനേഷനിലൂടെ പൂര്‍ണ രോഗപ്രതിരോധ ശേഷി ആര്‍ജിച്ചവരാകുക എന്നിവയാണ് അപേക്ഷിക്കാനുള്ള നിബന്ധന.

തിരുവനന്തപുരം: ശബരിമല തീർത്ഥാടകരെയും വാക്സിനേഷൻ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരെ വാക്സിനേഷൻ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തിയ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സംസ്ഥാനത്തെ വാക്സിനേഷൻ ഊർജിതമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ വാക്സിനേഷൻ മുൻഗണനാ പട്ടിക വിപുലീകരിച്ചിരുന്നു. 11 വിഭാഗങ്ങളെയാണ് സർക്കാർ പട്ടികയിൽ പുതുതായി ചേർത്തത്. കിടപ്പു രോഗികൾ, ഹജ്ജ് തീർത്ഥാടകർ, ആദിവാസി കോളനികളിലെ 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവരും, പോലീസ് ട്രെയിനി, ഫീൽഡിൽ ജോലി ചെയ്യുന്ന മെട്രോ റെയിൽ ഫീൽഡ് ജീവനക്കാർ തുടങ്ങിയ വിഭാഗത്തിലുള്ളവരെയും മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് വെള്ളിയാഴ്ച്ച രോഗം സ്ഥിരീകരിച്ചത് 16,229 പേർക്കാണ്. 1,74,526 പേർ വിവിധ ജില്ലകളിലായി ചികിത്സയിലുണ്ട്. 24,16639 പേർ രോഗമുക്തി നേടിയെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

കൊച്ചി: കോവിഡ് വാക്‌സിന്‍ ഉറപ്പ് വരുത്തണണെന്നും ലോക്ഡൗണ്‍ ഇളവുകളില്‍ ദൈവാലയങ്ങളെ പരിഗണിക്കണമെന്നും കെസിബിസി. സ്വാശ്രയ കോളേജ് അധ്യാപക നിയമനം സംബന്ധിച്ച ഓര്‍ഡിനന്‍സില്‍ ചര്‍ച്ച വേണമെന്നും കെസിബിസി ആവശ്യപ്പെട്ടു. ഓര്‍ഡിനന്‍സ് കോളജുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നാണ് സഭയുടെ വിശദീകരണം. അതേസമയം, ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിധി തുല്യനീതി ഉറപ്പുവരുത്തുന്നതാണെന്ന് അഭിപ്രായപ്പെട്ട കെസിബിസി വിധിയെ സ്വാഗതം ചെയ്തു. ചെല്ലാനത്തെ കടലാക്രമണത്തിന് ശാശ്വത പരിഹാരം വേണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

കൊച്ചി: യാക്കോബായ – ഓർത്തഡോക്സ് സഭാ പ്രശ്‌നത്തിന് പരിഹാരം തേടി പാത്രിയർക്കീസ് ബാവ. വിശ്വാസികൾക്ക് നീതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കോടതി ഉത്തരവുകൾ തിരിച്ചടിയായ കേരളത്തിലെ യാക്കോബായ വിശ്വാസികൾക്ക് ഇടതു സർക്കാർ നൽകിയ പിന്തുണ നന്ദിയോടെ ഓർക്കുന്നു. കഴിഞ്ഞ സർക്കാർ കൊണ്ടുവന്ന സെമിത്തേരി ഓർഡിനൻസ് വിശ്വസ്തർക്ക് വലിയ ആശ്വാസമായിരുന്നുവെന്നും ആഗോള സുറിയാനി സഭാ തലവൻ പറയുന്നു. തുടർഭരണം ലഭിച്ച ഇടതുപക്ഷ സർക്കാരിനെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പാത്രിയർക്കീസ് ബാവ പറഞ്ഞു.

സഭാ പ്രശ്നത്തിൽ ശാശ്വതമായ പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് ആഗോള സുറിയാനി സഭാ തലവൻ ഇഗ്നാത്തിയോസ്‌ അപ്രേം പാത്രിയർക്കീസ് ബാവ മുഖ്യമന്ത്രിക്ക് കത്തയച്ചു. രണ്ടാം തവണയും അധികാരത്തിലെത്തിയ ഇടതുപക്ഷ സർക്കാരിനെയും അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു.പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരെ കാണുവാനും യാക്കോബായ സഭാ നേതൃത്വം ശ്രമിച്ചിരുന്നു.

തങ്ങളെ പിന്തുണക്കുന്നവർക്ക് ഒപ്പം നിൽക്കുമെന്ന് യാക്കോബായസഭ പലതവണ വ്യക്തമാക്കിയിരുന്നു.ഇതിനിടയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നതും ഇടതുമുന്നണി വീണ്ടും അധികാരത്തിൽ എത്തുന്നതും. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി യാക്കോബായ സഭാ നേതൃത്വവും രംഗത്ത് വന്നിരുന്നു. ഇതിനുപിന്നാലെയാണ് തങ്ങളുടെ ആവശ്യങ്ങൾ നേരത്തി സഭയുടെ പരമാധ്യക്ഷൻ

തന്നെ നേരിട്ട് കത്തയച്ചത്.അഭിനന്ദന കത്ത് എന്നതിനേക്കാൾ അപ്പുറം തങ്ങളുടെ ആശങ്കകളാണ് യാക്കോബായ സഭ ഉയർത്തുന്നത്. സെമിത്തേരി പ്രശ്നവുമായി ബന്ധപ്പെട്ട് ഓർഡിനൻസ് കൊണ്ടുവന്നെങ്കിലും പള്ളിതർക്കത്തിൽ നിയമനിർമാണം നടത്തുമെന്ന പ്രതീക്ഷ യാക്കോബായ സഭയ്ക്കുന്നണ്ടായിരുന്നു. കഴിഞ്ഞ മന്ത്രിസഭയുടെ അവസാനകാലം വരെയും ആ പ്രതീക്ഷ നിലനിന്നിരുന്നു.

തിരുവനന്തപുരം: മാനവികതയുടേയും ഒരുമയുടേയും ദാനകര്‍മ്മങ്ങളുടേയും സന്ദേശമാണ് റമദാനും ഈദുല്‍ഫിത്തറും മുന്നോട്ട് വയ്ക്കുന്നതെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈദുല്‍ ഫിത്തര്‍ ആശംസകള്‍ നേര്‍ന്നു. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള പ്രാര്‍ത്ഥനകള്‍ കോവിഡ് പശ്ചാത്തലത്തില്‍ വീടുകളില്‍ തന്നെ നടത്താന്‍ തീരുമാനിച്ച സഹോദരങ്ങളോട് പ്രത്യേകം നന്ദി അറിയിക്കുകയാണെന്ന് മുഖ്യമന്ത്രി സന്ദേശത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പെരുന്നാള്‍് സന്ദേശം- മഹാമാരിയുടെ കാലത്തും വിശ്വാസ ലോകമാകെ 30 ദിവസം നീണ്ട വ്രതാനുഷ്ഠാനത്തിന്റെ പൂര്‍ണ പരിസമാപ്തിയുടെ ആഹ്ലാദത്തിലാണ്. ഏവര്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകള്‍. മാനവികതയുടെയും ഒരുമയുടെയും സഹാനുഭൂതിയുടെയും ദാന കര്‍മ്മങ്ങളുടെയും ഏറ്റവും ഉല്‍കൃഷ്ടമായ സന്ദേശമാണ് റമദാനും ഈദുല്‍ ഫിത്തറും മുന്നോട്ട് വെക്കുന്നത്.മഹാവ്യാധിക്ക് മുന്‍പില്‍ ലോകം മുട്ട് മടക്കാതെ ഒരുമയോടെ പൊരുതുമ്പോള്‍ അതിജീവനത്തിന്റെ ഉള്‍ക്കരുത്ത് നേടാന്‍ വിശുദ്ധ മാസം വിശ്വാസ ലോകത്തിന് കരുത്ത് പകര്‍ന്നു. ഒത്തു ചേരലുകളും സന്തോഷം പങ്കു വെക്കലുകളും ഏതൊരു ആഘോഷവേളകളെയും പോലെ പെരുന്നാളിലും പ്രധാനമാണ്.

എന്നാല്‍ കൂട്ടം ചേരലുകള്‍് നമ്മെ അപകടത്തിലാക്കുന്ന കാലത്ത് ആഘോഷങ്ങള്‍ കുടുംബത്തില്‍ തന്നെ ആകണം. പെരുന്നാള്‍ നമസ്‌കാരം വീടുകളില് തന്നെ നിര്‍വഹിച്ച് വ്രത കാലത്ത് കാണിച്ച കരുതല്‍ പെരുന്നാള്‍ ദിനത്തിലും കാത്ത് സൂക്ഷിക്കാന്‍ എല്ലാവരും തയ്യാറാകണം. റമദാന്‍് മാസക്കാലത്ത് കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചു കൊണ്ടുള്ള വ്രതാനുഷ്ഠാനവും പ്രാര്‍ത്ഥനകളുമാണ് നടന്നത്. അതില്‍ സഹകരിച്ച മുഴുവന്‍് സഹോദരങ്ങളെയും അഭിവാദ്യം ചെയ്യുന്നു.കഴിഞ്ഞ വര്‍ഷവും കോവിഡ് കാലത്തായിരുന്നു റമദാന്‍്. ഈദ് ദിനത്തിലും വീടുകളില്‍് നിന്ന് പ്രാര്‍ത്ഥന നടത്തി കോവിഡ് പ്രതിരോധത്തോട് സഹകരിച്ച മാതൃകാപരമായ അനുഭവമാണ് ഉണ്ടായത്. ഇത്തവണ കോവിഡ് സാഹചര്യം കൂടുതല്‍ രൂക്ഷമാണ്. അതുകൊണ്ട് തന്നെ ഈദ് ദിന പ്രാര്‍ത്ഥന വീട്ടില്‍ നടത്തുന്നതുള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ സ്വയം പാലിക്കാന്‍ എല്ലാവരും തയാറാകണം.

ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള പ്രാര്‍ത്ഥനകള്‍ വീടുകളില്‍ തന്നെ നടത്താന്‍ തീരുമാനിച്ച സഹോദരങ്ങളോട് ഞാന്‍ പ്രത്യേകം നന്ദി അറിയിക്കുകയാണ്. വ്രതാനുഷ്ഠാനത്തിലൂടെ ആര്‍ജ്ജിച്ച സ്വയം നവീകരണം മുന്‍പോട്ടുള്ള ജീവിതത്തിലും കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ പ്രയോജനപെടുന്നതാകണം. അപ്പോഴാണ് അതിന്റെ മഹത്വം കൂടുതല്‍ പ്രകാശിക്കുക.

meat

തിരുവനന്തപുരം : ഈദ് ഉല്‍ ഫിത്തറിനോടനുബന്ധിച്ച് മാംസ വിഭവങ്ങളുടെ ഡോര്‍ ഡെലിവറി നടത്തുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

മാര്‍ഗനിര്‍ദ്ദേശങ്ങള്‍ – ഇറച്ചി വില്‍പ്പനക്കാരുടെ സംഘടനകളുമായി ഓണ്‍ലൈന്‍ യോഗം ചേര്‍ന്ന് അവരോട് ഹോം ഡെലിവറിയിലേക്ക് മാറാന്‍ അപേക്ഷിക്കണം, കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്ന കടക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം, തദ്ദേശസ്ഥാപനങ്ങള്‍ തങ്ങളുടെ അധികാര പരിധിയിലുള്ള വില്‍പനക്കാരുടെ കോണ്‍ടാക്ട് നമ്പര്‍ ഉള്‍പ്പെടെ പട്ടിക തയാറാക്കി ഹെല്‍പ് ഡെസ്‌കില്‍ ലഭ്യമാക്കണം, ഡോര്‍ ഡെലിവറിക്ക് തയാറായ സന്നദ്ധ പ്രവര്‍ത്തകരെ ഹെല്‍പ് ഡെസ്‌കില്‍ തയാറാക്കി നിര്‍ത്തണം, ഇറച്ചി വ്യാപാരികളുടെ പട്ടിക തദ്ദേശസ്ഥാപനങ്ങള്‍ പോലീസുമായി പങ്കുവെക്കണം, ഇറച്ചികൊണ്ടുകൊടുക്കുന്നവര്‍ക്കുള്ള പാസ് കച്ചവടക്കാര്‍ സാക്ഷ്യപ്പെടുത്തി നല്‍കുന്ന ലിസ്റ്റ് പ്രകാരം തദ്ദേശ സ്ഥാപന സെക്രട്ടറി/ഹെല്‍ത്ത് ഓഫീസര്‍ വിതരണം ചെയ്യണം.

അതേസമയം, പൊലീസ് ഏര്‍പ്പെടുത്തിയ യാത്രാ പാസ് സംവിധാനം ദുരുപയോഗം ചെയ്യരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിനായി ഓണ്‍ലൈന്‍ പാസ് നല്‍കുന്ന പോലീസ് സംവിധാനം ശനിയാഴ്ച നിലവില്‍ വന്നു. പ്രവര്‍ത്തനക്ഷമമായി 12 മണിക്കൂറിനകം ഒരു ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇത്രയും അപേക്ഷകര്‍ക്ക് പാസ് നല്‍കുന്നത് ലോക്ഡൗണിന്റെ ലക്ഷ്യത്തെത്തന്നെ പരാജയപ്പെടുത്തുന്നതാണ്. അതിനാല്‍ യാത്രയുടെ ഉദ്ദേശ്യം ശരിയായി വിലയിരുത്തി ആവശ്യത്തിന്റെ ഗൗരവസ്ഥിതി ബോധ്യപ്പെട്ട് മാത്രമേ പാസ് നല്‍കാവൂ എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.അവശ്യസര്‍വ്വീസ് വിഭാഗത്തില്‍ പെടുത്തിയിട്ടുളളവര്‍ക്ക് അതത് സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെങ്കില്‍ പാസ് വേണ്ട. ദിവസേന യാത്രചെയ്യേണ്ടിവരുന്ന വീട്ടുജോലിക്കാര്‍, ഹോംനഴ്‌സുമാര്‍, തൊഴിലാളികള്‍ എന്നിങ്ങനെയുളളവര്‍ക്ക് സാധാരണഗതിയില്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാകണമെന്നില്ല. ഈ വിഭാഗത്തില്‍പെട്ടവര്‍ അപേക്ഷിച്ചാല്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ പാസ് നല്‍കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. തൊട്ടടുത്ത കടയില്‍ നിന്ന് മരുന്ന്, ഭക്ഷണം, പാല്‍, പച്ചക്കറികള്‍ എന്നിവ വാങ്ങാന്‍ പോകുമ്പോള്‍ സത്യവാങ്മൂലം കൈയ്യില്‍ കരുതിയാല്‍ മതി.

ഹിന്ദുക്കളുടെ ഉത്സവാഘോഷങ്ങളും ഘോഷയാത്രയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിങ്ങള്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ഹര്‍ജി തള്ളിയ കോടതി ഹിന്ദുക്കള്‍ക്കെതിരെ കാണിക്കുന്ന അസഹിഷ്ണുതയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. തങ്ങള്‍ ഭൂരിപക്ഷമായിരിക്കുന്ന പ്രദേശങ്ങളില്‍ ഹിന്ദുക്കളുടെ ആഘോഷങ്ങള്‍ നിരോധിക്കണം എന്നായിരുന്നു മുസ്ലിങ്ങളുടെ ആവശ്യം.മതപരമായ അസഹിഷ്ണുത അനുവദിക്കുകയാണെങ്കില്‍, അത് ഒരു മതേതര രാജ്യത്തിന് നല്ലതല്ല. ഏതെങ്കിലും രൂപത്തിലുള്ള അസഹിഷ്ണുത മുസ്ലിം മതവിഭാഗം ഉപേക്ഷിക്കണമെന്നും മതപരമായ ഇടുങ്ങിയ ചിന്താഗതി വച്ചു പുലര്‍ത്തി സംഘര്‍ഷങ്ങളും കലാപങ്ങളും സൃഷ്ടിക്കാന്‍ ഇടയാക്കരുതെന്നും കോടതി വ്യക്തമാക്കി.

ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിലൂടെ മുസ്ലിംകള്‍ തങ്ങളുടെ ആധിപത്യം സ്ഥാപിക്കാനാണ് ശ്രമിക്കുന്നത് എന്നും കോടതി നിരീക്ഷിച്ചു.വിഗ്രഹാരാധന ഞങ്ങള്‍ക്ക് പാപമാണ്. അതു ഞങ്ങള്‍ പ്രോത്സാഹിപ്പിക്കില്ല. ഇത് ഞങ്ങള്‍ക്ക് ആധിപത്യമുള്ള പ്രദേശമാണ്. ഇവിടെ ഹിന്ദുക്കളുടെ ആഘോഷങ്ങളും വിഗ്രഹങ്ങള്‍ എഴുന്നള്ളിച്ചുള്ള ഘോഷയാത്രയും നിരോധിക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ കണക്കനുസരിച്ച് 2012 മുതല്‍ പ്രദേശത്തെ മുസ്ലിംകള്‍ ഹിന്ദു ഘോഷയാത്രയെ എതിര്‍ത്തിരുന്നു. ഇസ്ലാമിക മതമൗലികവാദികള്‍ ഹിന്ദു ഉത്സവങ്ങളെ ‘പാപത്തിന്റെ ഘോഷയാത്ര’ എന്നാണ് വിശേഷിപ്പിക്കുന്നത്.സ്വാതന്ത്ര്യം കിട്ടിയ നാള്‍ മുതല്‍ ഹിന്ദുക്കള്‍ ഇങ്ങനെ ചിന്തിച്ചിരുന്നു എങ്കില്‍ നിങ്ങളുടെ അവസ്ഥ എന്തായിരിക്കും എന്ന് ആലോചിച്ചിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു.

പെരമ്പലൂര്‍ ജില്ലയിലെ കലത്തൂര്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായിരിക്കുന്ന സ്ഥലമാണ്. ഘോഷയാത്രയ്ക്കും ഹിന്ദു ക്ഷേത്രങ്ങളില്‍ നിന്നുള്ള എഴുന്നള്ളിപ്പുകള്‍ക്കും മുസ്ലിം സമൂഹം വലിയ തോതിലുള്ള എതിര്‍പ്പ് പ്രകടിപ്പിക്കാറുണ്ടായിരുന്നു.മുസ്ലിം മതവിഭാഗം ഒരു പ്രത്യേക പ്രദേശത്ത് ആധിപത്യം പുലര്‍ത്തുന്നതിനാല്‍, മറ്റൊരു മത സമൂഹത്തെ ഉത്സവങ്ങള്‍ ആഘോഷിക്കുന്നതില്‍ നിന്നോ ആ പ്രദേശത്തെ തെരുവുകളില്‍ ഘോഷയാത്ര നടത്തുന്നതില്‍ നിന്നോ തടയാന്‍ കഴിയില്ല.പതിറ്റാണ്ടുകളായി ഒത്തൊരുമയോടെ നടത്തുന്ന ഉത്സവങ്ങളെ ഒരു പ്രത്യേക മത വിഭാഗത്തിന്റെ അസഹിഷ്ണുതയുടെ പേരില്‍ നിരോധിക്കാന്‍ സാധ്യമല്ല.

തിരുവല്ല: മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ കബറടക്കം ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നിന് മാര്‍ത്തോമ്മ സഭ ആസ്ഥാനമായ തിരുവല്ല എസ്.സി.എസ് കുന്നില്‍ ബിഷപ്പുമാര്‍ക്കുള്ള പ്രത്യേക കബറിടത്തില്‍. ജാതിമതഭേദമില്ലാതെ എല്ലാവരുടേയും മനസില്‍ ചിരിയും ചിന്തയും കൊണ്ട് പ്രിയങ്കരനായ വ്യക്തിയാണ് വലിയ തിരുമേനി. ഒരാഴ്ച മുമ്പ് 104ാം ജന്മദിനം ആഘോഷിച്ച ക്രിസോസ്റ്റം തിരുമേനി ഇന്നലെ പുലര്‍ച്ചെ 1.15നാണ് കാലം ചെയ്തത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം മേല്‍പ്പട്ട സ്ഥാനം വഹിച്ച ബിഷപ്പാണ് ക്രിസോസ്റ്റം തിരുമേനി. 2018ല്‍ രാഷ്ട്രം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.ഏപ്രില്‍ 23ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ക്രിസോസ്റ്റത്തെ തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വീണ്ടും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്ത തിരുമേനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രിയോടെ ആരോഗ്യനില വഷളാവുകയായിരുന്നു.ക്രൈസ്തവ സഭകളില്‍ ഏറ്റവും കൂടുതല്‍ കാലം മെത്രാനായിരുന്നതിന്റെ റെക്കാഡ് ക്രിസോസ്റ്റം തിരുമേനിക്കാണ്. 1999 മാര്‍ച്ച് 15ന് ഒഫിഷ്യേറ്റിംഗ് മെത്രാപ്പൊലീത്തയും 1999 ഒക്ടോബര്‍ 23ന് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയുമായി. 2007ല്‍ ആരോഗ്യ കാരണങ്ങളാല്‍ സ്ഥാനമൊഴിഞ്ഞു.റവ.കെ.ഇ.ഉമ്മന്‍ കശീശയുടെയും കാര്‍ത്തികപ്പള്ളി നടുക്കേവീട്ടില്‍ കുടുംബാംഗമായ ശോശാമ്മയുടെയും മകനായി 1918 ഏപ്രില്‍ 27നാണ് ജനനം. ഫിലിപ്പ് ഉമ്മന്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്.

തിരുവനന്തപുരം: കൊവിഡ് തീവ്രത കുറയുന്നത് വരെ ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനയുടെ ദൈര്‍ഘ്യം കൂടരുതെന്ന് ക്രൈസ്തവ സഭകള്‍.കഴിയുന്നത്രയും, വിശ്വാസികള്‍ ഓണ്‍ലൈനിലൂടെ കുര്‍ബ്ബാനയില്‍ പങ്കെടുത്താല്‍ മതി. കൊവിഡ് തീവ്രത കുറയുന്നത് വരെ വിവാഹം, മാമോദീസ ഉള്‍പ്പെടെയുള്ള കൂദാശകള്‍ നീട്ടിവയ്ക്കണമെന്നും സഭ നിര്‍ദ്ദേശിച്ചു.

പള്ളികളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് വൈദികര്‍ക്കും വിശ്വാസികള്‍ക്കും നിര്‍ദ്ദേശം നല്‍കി ക്രൈസ്തവ സഭകള്‍. കെ.സി.ബി.സിയും യാക്കോബായ സഭയും ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കി. പള്ളികളില്‍ ജനപങ്കാളിത്തം കുറയ്ക്കണമെന്ന് കെ.സി.ബി.സിയും വിശ്വാസികള്‍ ഓണ്‍ലൈനിലൂടെ കുര്‍ബാനയില്‍ പങ്കെടുത്താല്‍ മതിയെന്ന് യാക്കോബായ സഭയും അറിയിച്ചു.പെരുന്നാളുകളില്‍ ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ സഭ നിര്‍ദ്ദേശം നല്‍കി.

തൃശൂര്‍: തൃശൂര്‍ പൂരം ചടങ്ങുകള്‍ സമാപിച്ചു. ഇന്നലെ അര്‍ദ്ധരാത്രി തിരുവമ്പാടിയുടെ മഠത്തില്‍ വരവിനിടെ മരം വീണുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ച സാഹചര്യത്തിലാണ് കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ആഘോഷം കുറച്ച് നടത്തിയ തൃശൂര്‍ പൂരം വെട്ടിച്ചുരുക്കിയത്. പാറമേക്കാവ്, തിരുവമ്പാടി ദേവതകള്‍ ശ്രീമൂലം സ്ഥാനത്ത് വച്ച് ഉപചാരം ചൊല്ലി പിരിയുകയായിരുന്നു.അടുത്ത തൃശൂര്‍ പൂരത്തിനുളള തീയതി നിശ്ചയിച്ച ശേഷമാണ് ഈ പൂരത്തിന് സമാപനമായത്.ഇന്നലെയുണ്ടായ അപകടത്തില്‍ തിരുവമ്പാടി ദേവസ്വം അംഗങ്ങളായ പൂച്ചെട്ടി സ്വദേശിയായ രമേശന്‍, പൂങ്കുന്നം സ്വദേശിയായ പനിയത്ത് രാധാകൃഷ്ണന്‍ എന്നിവര്‍ മരിച്ചു. 5 പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റിട്ടുളളത്.