Career (Page 168)

sivan kutty

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും തുടർ വിദ്യാഭ്യാസത്തിനുള്ള അവസരമൊരുക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആണ് ഇക്കാര്യം അറിയിച്ചത്. അധികസീറ്റ് ആവശ്യമുള്ള സ്കൂളുകളിൽ ഈ മാസം 21 ഓടെ പുതിയ ബാച്ച് അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്ക് ആശങ്കവേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം തൈക്കാട് ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

കോവിഡ് വൈറസ് വ്യാപനം സമയത്ത് സ്കൂളുകൾ തുറക്കുന്നതിൽ പൊതുസമൂഹത്തിന് ആശങ്കയുണ്ടായിരുന്നു. എന്നാൽ മാർഗരേഖ അനുസരിച്ചുള്ള അധ്യാപനം ഉറപ്പാക്കിയതിലൂടെ സർക്കാരിന് ജനങ്ങളുടെ ആശങ്ക അകറ്റാൻ കഴിഞ്ഞു. സ്കൂൾ തുറന്നതിനു ശേഷം 80 ശതമാനത്തോളം വിദ്യാർത്ഥികൾ പല ദിവസങ്ങളിലായി ക്ലാസുകളിൽ എത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദമാക്കി.

മുൻപെങ്ങുമില്ലാത്ത വിധത്തിലാണ് പൊതുവിദ്യാലയങ്ങളിൽ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കുന്നത്. ഭൗതികസൗകര്യങ്ങൾ ക്കൊപ്പം അക്കാദമിക്ക്‌ നിലവാരം ഉയർത്തുന്നതിന് വേണ്ടിയുള്ള നടപടികളും പുരോഗമിക്കുകയാണ്. ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ ഘട്ടംഘട്ടമായി നടപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം 85000 ത്തോളം വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനത്തിന് സീറ്റില്ലെന്ന് മനസ്സിലാക്കിയതായി നേരത്തെ മന്ത്രി പറഞ്ഞിരുന്നു. താലൂക്ക് അടിസ്ഥാനത്തിൽ കണക്കെടുത്ത് സീറ്റ് ഷാമം പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകുകയും ചെയ്തിരുന്നു.

ന്യൂഡൽഹി: കേരളത്തിനെതിരെ വിവാദ പരാമർശവുമായി ഡൽഹി സർവകലാശാലയിലെ പ്രൊഫസർ രാകേഷ് കുമാർ പാണ്ഡെ. കേരളത്തിൽ മാർക്ക് ജിഹാദാണെന്നാണ് പ്രൊഫസർ രാകേഷ് കുമാർ പാണ്ഡെയുടെ ആരോപണം. സാമൂഹ്യ മാദ്ധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ആർഎസ്എസുമായി ബന്ധമുള്ള നാഷണൽ ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രണ്ടിന്റെ മുൻ പ്രസിഡന്റ് കൂടിയാണ് രാകേഷ് കുമാർ പാണ്ഡെ.

ഡൽഹി സർവകലാശാലയിലെ ഡിഗ്രി പ്രവേശന നടപടികൾ ആരംഭിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു വിവാദ പരാമർശവുമായി രാകേഷ് രംഗത്തെത്തിയത്. കൂടുതൽ മലയാളി വിദ്യാർഥികൾ ഇത്തവണ ആദ്യത്തെ കട്ട്ഓഫിൽ തന്നെ ഡൽഹി സർവകലാശാലയിൽ പ്രവേശനം നേടിയതാണ് അദ്ദേഹത്തെ പ്രകോപിതനാക്കിയത്. കേരളത്തിൽ നിന്ന് ഡൽഹി സർവകലാശാലയിലേക്ക് കൂടുതൽ അപേക്ഷകൾ വന്നത് അസ്വാഭാവികമാണെന്നും അന്വേഷണം നടത്തണമെന്നും അദ്ദേഹം പറയുന്നു. കേരളത്തിൽ ലൗ ജിഹാദ് ഉള്ളതുപോലെ മാർക്ക് ജിഹാദുമുണ്ട്. രണ്ടോ മൂന്നോ വർഷമായി നടക്കുന്ന സംഘടിതമായ ഗൂഢനീക്കത്തിന്റെ ഭാഗമാണിത്. ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ പരീക്ഷിച്ച അതേ നടപടിയാണ് ഇടതുപക്ഷം ഡൽഹി സർവകലാശാലയിലേക്ക് വ്യാപിപ്പിക്കാൻ ശ്രമിക്കുന്നതെന്നും രാകേഷ് കുമാർ ആരോപിച്ചു.

ഓൺലൈൻ പരീക്ഷയായതിനാൽ കഴിഞ്ഞ ലോക്ഡൗൺ സമയത്ത് 100 ശതമാനം മാർക്ക് കിട്ടുന്നതിൽ അത്ഭുതമില്ല. എന്നാൽ അതിനുമുമ്പുള്ള സാഹചര്യങ്ങളിലും മലയാളി വിദ്യാർഥികൾ സംസ്ഥാന ബോർഡ് പരീക്ഷകളിൽ 100 ശതമാനം മാർക്ക് നേടുന്നത് ഇത്തരത്തിലുള്ള ഗൂഢ പദ്ധതിയുടെ ഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം വിവിധ വിദ്യാർഥി സംഘടനകളും അധ്യാപക സംഘടനകളും രാകേഷ് പാണ്ഡെയുടെ വിവാദ പരാമർശത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റ് ക്ഷാമം തുടരുന്നു. രണ്ടാംഘട്ട അലോട്ട്മെന്റ് കഴിഞ്ഞപ്പോള്‍ മെറിറ്റില്‍ ബാക്കി 655 സീറ്റ് മാത്രം. എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയവര്‍ ഇപ്പോഴും പുറത്താണ്. ഇതുവരെ പ്രവേശനം ലഭിച്ചവര്‍ 269533. അപേക്ഷകര്‍ 465219. മിടുക്കര്‍ പോലും മാനേജ്മെന്റ്, അണ്‍ എയ്ഡഡ് സീറ്റുകള്‍ ആശ്രയിക്കേണ്ടിവരും എന്ന നിലയിലാണ്.

മാനേജ്‌മെന്റ് ക്വാട്ട പ്രവേശനത്തിന് പക്ഷെ വന്‍തുക ഫീസ് നല്‍കേണ്ടി വരും. അല്ലെങ്കില്‍ അണ്‍ എയ്ഡഡ് മേഖലയിലേക്ക് കുട്ടികള്‍ക്ക് മാറേണ്ടിവരും. മാനേജ്‌മെന്റ് ക്വാട്ടയും അണ്‍ എയ്ഡഡും ചേര്‍ത്താല്‍പ്പോലും അപേക്ഷിച്ചവര്‍ക്ക് മുഴുവന്‍ സീറ്റ് കിട്ടാത്ത അവസ്ഥയാണ്. അണ്‍ എയ്ഡഡില്‍ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വലിയ താല്പര്യം കാട്ടാറില്ല. കഴിഞ്ഞവര്‍ഷം തന്നെ ഈ മേഖലയില്‍ 20,000 ത്തോളം സീറ്റുകള്‍ ഒഴിവുണ്ടായിരുന്നു. സാമ്പത്തിക സ്ഥിതി പറഞ്ഞ് പുതിയ ബാച്ചില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണ്. പുതിയ സാഹചര്യത്തില്‍ ഇനിയും സീറ്റ് കൂട്ടുമോ എന്ന് വ്യക്തമല്ല.

സ്റ്റോക്കോം: 2021 ലെ വൈദ്യശാസ്ത്ര നൊബേല്‍ രണ്ടുപേര്‍ക്ക്. ചൂടും സ്പര്‍ശവും തിരിച്ചറിയാന്‍ സഹായിക്കുന്ന സ്വീകരണികള്‍ കണ്ടെത്തിയതിനാണ് അമേരിക്കന്‍ ഗവേഷകരായ ഡേവിഡ് ജൂലിയസ്, ആര്‍ഡെം പാറ്റപ്യുടിയാന്‍ എന്നിവര്‍ക്ക് നൊബേല്‍ പുരസ്‌കാരം ലഭിച്ചത്.

‘ചുടും സ്പര്‍ശവും തിരിച്ചറിയാനുള്ള കഴിവ് നമ്മുടെ അതിജീവനത്തിന് അത്യന്താപേഷിതമാണ്. എന്നാല്‍ നാം ആ കഴിവിനെ നിസാരമായാണ് കാണുന്നത്. ചൂടും സ്പര്‍ശവും നമ്മുടെ നാഡീ വ്യൂഹത്തിന് എങ്ങനെ തിരിച്ചറിയാന്‍ കഴിയുന്നു എന്നുള്ള കണ്ടുപിടുത്തത്തിനാണ് പുരസ്‌കാരം.’ നൊബേല്‍ പുരസ്‌കാര സമിതി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

1955 നവംബര്‍ നാലിനാണ് ഡേവിഡ് ജൂലിയസിന്റെ ജനനം. ബെര്‍ക്ക്‌ലിയിലെ കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ നിന്നാണ് പിഎച്ച്ഡി നേടിയത്. സാന്‍ഫ്രാന്‍സിസ്‌കോ സര്‍വ്വകലാശാലയില്‍ പ്രഫസറായാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്.

ലബനനിലെ ബെയ്‌റൂട്ടില്‍ 1967 ലാണ് ആര്‍ഡെം പാറ്റപ്യുടിയാന്റെ ജനനം. യുഎസിലെ പസദേനയില്‍ കാലിഫോര്‍ണിയ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നാണ് പിഎച്ച്ഡി നേടിയത്. കാലിഫോര്‍ണിയയിലെ ലാ ഹോലയിലെ സ്‌ക്രിപ്പ്‌സ് റിസര്‍ച്ചില്‍ പ്രൊഫസറാണ് അദ്ദേഹം.

കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ പി ജി സിലബസിൽ ആർ എസ് എസ് സൈദ്ധാന്തികരായ സവർക്കറുടെയും ഗോൾവാൾക്കറിന്റെയും പുസ്തകങ്ങൾ ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പബ്ലിക്ക് അഡ്മിനിസ്‌ട്രേഷൻ പി ജി മൂന്നാം സെമസ്റ്ററിലാണ് സവർക്കറുടെയും ഗോൾവാൾക്കറിന്റെയും പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയത്.

രാജ്യത്തിന്റെ ശത്രുക്കൾ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ആണെന്നത് ഉൾപ്പെടെയുള്ള ഉള്ളടക്കമുള്ള പുസ്തകമാണ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് പ്രധാന വിമർശനം. സവർക്കറുടെയും ഗോവോൾക്കറിന്റെയും രചനകൾ അക്കാഡമിക് പുസ്തകങ്ങളായി പരിഗണിക്കാത്തവയാണെന്ന പരാതിയും ഉയരുന്നുണ്ട്. ബോർഡ് ഒഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സിലബസ് തയ്യാറാക്കിയതെന്നും ആരോപണമുണ്ട്.

അതേസമയം സംഭവത്തിൽ ഇതുവരെ വൈസ് ചാൻസലർ പ്രതികരണം നടത്തിയിട്ടില്ല. സർവകലാശാലയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കാന്‍ ആലോചനയുമായി സര്‍ക്കാര്‍. ക്ലാസുകള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട പ്രായോഗികത പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി. പ്ലസ് വണ്‍ പരീക്ഷയുമായി ബന്ധപ്പെട്ട് ക്ലാസ് മുറികള്‍ ശുചീകരിക്കുന്നതിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് വന്ന ശേഷം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കും. സ്‌കൂളുകള്‍ തുറക്കാമെന്ന അഭിപ്രായമാണ് വിദഗ്ധര്‍ മുന്നോട്ടുവച്ചതെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടും വിദ്യാഭ്യാസ വകുപ്പിന്റെ പ്രോജക്ട് റിപ്പോര്‍ട്ടും മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും, മുഖ്യമന്ത്രി സമിതിയുമായി തീരുമാനിച്ച് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് മന്ത്രി അറിയിച്ചു

അതിനിടെ, എന്തു ചെയ്താലും വിദ്യാഭ്യാസ വകുപ്പിനെ സോഷ്യല്‍ മീഡിയില്‍ വിമര്‍ശിക്കാന്‍ ചിലരുണ്ടെന്നും മന്ത്രി കുറ്റപ്പെടുത്തി. പ്ലസ് വണ്‍ പരീക്ഷയില്‍ ഇടവേള വേണമെന്നായിരുന്നു ആവശ്യം. അത് കൊടുത്തപ്പോള്‍ ഇപ്പോള്‍ ഒരുമിച്ചെഴുതാമെന്ന് പറയുന്നു. എന്തിനെയും വിമര്‍ശിക്കുന്ന അവസ്ഥയാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു.

ന്യൂഡല്‍ഹി: സിബിഎസ്ഇ പ്ലസ് ടുവിന് 99.37 ശതമാനം വിജയം. ആകെ 12,96,318 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് അര്‍ഹരായത്. ആണ്‍കുട്ടികളുടെ വിജയ ശതമാനം 99.13, പെണ്‍കുട്ടികളുടേത് 99.67 ശതമാനവുമാണ്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ റദ്ദാക്കിയിരുന്നതിനാല്‍ വിദ്യാര്‍ഥികളുടെ 10, 11 ക്ലാസുകളിലെ മാര്‍ക്കും പ്രീ-ബോര്‍ഡ് ഫലവും ചേര്‍ത്താണ് സി.ബി.എസ്.ഇ. പ്ലസ്ടു ഫലം പ്രസിദ്ധീകരിക്കുന്നത്.

പത്താം ക്ലാസില്‍ കൂടുതല്‍ മാര്‍ക്ക് കിട്ടിയ മൂന്ന് തിയറി വിഷയങ്ങളുടെ ശരാശരി മാര്‍ക്ക് കണക്കാക്കി 30 ശതമാനം വെയിറ്റേജും, പതിനൊന്നാം ക്ലാസില്‍ എല്ലാ തിയറി പേപ്പറിന്റെയും മാര്‍ക്കും പരിഗണിച്ച് 30 ശതമാനം വെയിറ്റേജും, പന്ത്രണ്ടാം ക്ലാസില്‍ പ്രാക്ടിക്കല്‍, ഇന്റേണല്‍ മാര്‍ക്ക്, ക്ലാസ് പരീക്ഷകള്‍ ഉള്‍പ്പടെയുള്ള പ്രകടനവും കണക്കാക്കിയാണ് 40 ശതമാനം വെയിറ്റേജ് നല്‍കി ഫലപ്രഖ്യാപനം നടത്തിയിരിക്കുന്നത്.

യോഗ്യത നേടാനാവാത്ത കുട്ടികള്‍ക്ക് വീണ്ടും പരീക്ഷ എഴുതാനും, മാര്‍ക്കുകള്‍ മെച്ചപ്പെടുത്താനും അവസരമൊരുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പരാതികള്‍ പരിഹരിക്കാന്‍ സ്‌കൂള്‍ തലത്തിലും സോണല്‍ തലത്തിലും സമിതിക്കള്‍ക്ക് രൂപം നല്‍കിയിട്ടുമുണ്ട്.

cbseresults.nic.in എന്ന വെബ്‌സൈറ്റില്‍ ഫലം അറിയാം.

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിഭ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഫല പ്രഖ്യാപനം നടത്തിയത്.

ഇത്തവണ 87.94 ശതമാനം പ്‌ളസ്ടു വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടിയതായി വിദ്യാഭ്യാസമന്ത്രി അറിയിച്ചു. 328702 കുട്ടികള്‍ വിജയിച്ചതില്‍ 48,383 വിദ്യാര്‍ഥികള്‍ മുഴുവന്‍ എ പ്ലസ് നേടി.

136 സ്‌കൂളുകളാണ് നൂറു ശതമാനം വിജയം നേടിയത്. ഇതില്‍ 11 സര്‍ക്കാര്‍ സ്‌കൂളുകളും ഉള്‍പ്പെടുന്നു.

എറണാകുളമാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ വിജയിച്ച ജില്ല, 91.11 ആണ് വിജയശതമാനം. ഏറ്റവും കുറഞ്ഞ വിജയശതമാനം പത്തനംതിട്ടയിലാണ്, ശതമാനം 82.53 .

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 85.02 ആണ് വിജയശതമാനം. എയ്ഡഡ് വിഭാഗത്തില്‍ 90.37 ശതമാനവും അണ്‍ എയ്ഡഡ് വിഭാഗത്തില്‍ 87.67 ശതമാനവുമാണ് വിജയം.

ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ വിജയശതമാനം 53ആണ്. 25293 വിദ്യാര്‍ഥികളാണ് ഉപരിപഠന യോഗ്യത നേടിയത്. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 80.36 ശതമാനമാനമാണ് വിജയം. ടെക്‌നിക്കല്‍ സ്‌കൂളുകളിലെ വിജയ ശതമാനം 84.39 ആണ്.

കൊച്ചി: മൂന്നാം വര്‍ഷത്തെ ഫീസ് മുന്‍കൂറായി നല്‍കാത്തതിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിക്കും പഠനം നിഷേധിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ രണ്ടാംവര്‍ഷ എം ബി ബി എസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് മൂന്നാം വര്‍ഷത്തെ ഫീസ് മുന്‍കൂറായി വാങ്ങുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതിനിര്‍ദ്ദേശം. സര്‍ക്കാരിനും സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് അസോസിയേഷനും ഹൈക്കോടതി നോട്ടീസ് അയച്ചു.

ന്യൂഡല്‍ഹി: ഡിഗ്രി, പിജി പ്രവേശനം സെപ്റ്റംബര്‍ 30 ഓടെ പൂര്‍ത്തിയാക്കി ഒക്ടോബര്‍ ഒന്നിന് ക്ലാസ്സുകള്‍ ആരംഭിക്കണമെന്ന് കാണിച്ച് യുജിസിയുടെ പുതിയ മാര്‍ഗരേഖ പുറത്തിറക്കി. ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളിലേക്ക് ഒക്ടോബര്‍ 31 വരെ പ്രവേശനം നടത്താമെന്നും പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷാ ഫലം വരുന്നതില്‍ എന്തെങ്കിലും കാലതാമസം ഉണ്ടായാല്‍ ഒക്ടോബര്‍ 18ന് പഠനം ആരംഭിക്കുന്ന രീതിയില്‍ ക്രമീകരണം നടത്തണമെന്നും യുജിസി അറിയിച്ചു. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഒക്ടോബര്‍ 31 വരെ ക്യാന്‍സലേഷന്‍ ഫീസ് ഈടാക്കരുതെന്നും നിര്‍ദേശം ഉണ്ട്.പരീക്ഷാ സര്‍ട്ടിഫിക്കറ്റുകള്‍ ഡിസംബര്‍ 31 വരെ സ്വീകരിക്കാം.