സ്‌കൂളുകള്‍ തുറക്കുന്നത് പരിഗണനയില്‍, വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കാന്‍ ആലോചനയുമായി സര്‍ക്കാര്‍. ക്ലാസുകള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട പ്രായോഗികത പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി. പ്ലസ് വണ്‍ പരീക്ഷയുമായി ബന്ധപ്പെട്ട് ക്ലാസ് മുറികള്‍ ശുചീകരിക്കുന്നതിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് വന്ന ശേഷം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കും. സ്‌കൂളുകള്‍ തുറക്കാമെന്ന അഭിപ്രായമാണ് വിദഗ്ധര്‍ മുന്നോട്ടുവച്ചതെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടും വിദ്യാഭ്യാസ വകുപ്പിന്റെ പ്രോജക്ട് റിപ്പോര്‍ട്ടും മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും, മുഖ്യമന്ത്രി സമിതിയുമായി തീരുമാനിച്ച് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് മന്ത്രി അറിയിച്ചു

അതിനിടെ, എന്തു ചെയ്താലും വിദ്യാഭ്യാസ വകുപ്പിനെ സോഷ്യല്‍ മീഡിയില്‍ വിമര്‍ശിക്കാന്‍ ചിലരുണ്ടെന്നും മന്ത്രി കുറ്റപ്പെടുത്തി. പ്ലസ് വണ്‍ പരീക്ഷയില്‍ ഇടവേള വേണമെന്നായിരുന്നു ആവശ്യം. അത് കൊടുത്തപ്പോള്‍ ഇപ്പോള്‍ ഒരുമിച്ചെഴുതാമെന്ന് പറയുന്നു. എന്തിനെയും വിമര്‍ശിക്കുന്ന അവസ്ഥയാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു.