പ്ലസ് വൺ പ്രവേശനം; 7 ജില്ലകളിലെ എല്ലാ സർക്കാർ ഹയർസെക്കൻഡറി സ്‌കൂളുകളിലും 30 ശതമാനം മാർജിനൽ സീറ്റ് വർധന

കാസർകോട്: പ്ലസ് വൺ പ്രവേശനത്തിന് സംസ്ഥാനത്തെ ഏഴു ജില്ലകളിലെ എല്ലാ സർക്കാർ ഹയർസെക്കൻഡറി സ്‌കൂളുകളിലും 30 ശതമാനം മാർജിനൽ സീറ്റ് വർധന അനുവദിച്ച് പൊതുവിദ്യാഭ്യാസവകുപ്പ്. കാസർഗോഡ്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലാണ് സീറ്റ് കൂട്ടുന്നത്. ഈ ജില്ലകളിലെ എല്ലാ എയ്ഡഡ് സ്‌കൂളുകളിലും 20 ശതമാനം സീറ്റും കൂട്ടുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകൾക്ക് 10 ശതമാനം സീറ്റുകൂടി കൂട്ടിനൽകാനും പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അനുമതി നൽകിയിട്ടുണ്ട്. തൃശ്ശൂർ, എറണാകുളം, കൊല്ലം ജില്ലകളിൽ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്‌കൂളുകളിലും ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ സ്‌കൂളുകളിലും 20 ശതമാനം സീറ്റ് വർധന അനുവദിച്ചു.

അതേസമയം, 2022-2023 അധ്യയനവർഷം താത്കാലികമായി അനുവദിച്ച 77 ബാച്ചുകളും മാറ്റിയ നാലു ബാച്ചുകളും 2023-2024 അധ്യയനവർഷം താത്കാലികമായി അനുവദിച്ച 97 ബാച്ചുകളും ഈ വർഷം തുടരും. മേയ് 16 മുതൽ 25 വരെയാണ് പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടത്. മെയ് 29 നാണ് ട്രയൽ അലോട്ട്‌മെന്റ്. ജൂൺ അഞ്ചിന് ആദ്യ അലോട്ട്‌മെന്റും നടക്കും.