കണ്ണൂർ സർവകലാശാലയുടെ പിജി സിലബസിൽ സവർക്കറുടെയും ഗോൾവാൾക്കറിന്റെയും പുസ്തകങ്ങൾ; പ്രതിഷേധം ശക്തം

കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ പി ജി സിലബസിൽ ആർ എസ് എസ് സൈദ്ധാന്തികരായ സവർക്കറുടെയും ഗോൾവാൾക്കറിന്റെയും പുസ്തകങ്ങൾ ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പബ്ലിക്ക് അഡ്മിനിസ്‌ട്രേഷൻ പി ജി മൂന്നാം സെമസ്റ്ററിലാണ് സവർക്കറുടെയും ഗോൾവാൾക്കറിന്റെയും പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയത്.

രാജ്യത്തിന്റെ ശത്രുക്കൾ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ആണെന്നത് ഉൾപ്പെടെയുള്ള ഉള്ളടക്കമുള്ള പുസ്തകമാണ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് പ്രധാന വിമർശനം. സവർക്കറുടെയും ഗോവോൾക്കറിന്റെയും രചനകൾ അക്കാഡമിക് പുസ്തകങ്ങളായി പരിഗണിക്കാത്തവയാണെന്ന പരാതിയും ഉയരുന്നുണ്ട്. ബോർഡ് ഒഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സിലബസ് തയ്യാറാക്കിയതെന്നും ആരോപണമുണ്ട്.

അതേസമയം സംഭവത്തിൽ ഇതുവരെ വൈസ് ചാൻസലർ പ്രതികരണം നടത്തിയിട്ടില്ല. സർവകലാശാലയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.