2021 വൈദ്യശാസ്ത്ര നൊബേല്‍ പങ്കിട്ട് ഡേവിഡ് ജൂലിയസും ആര്‍ഡെം പാറ്റപ്യുടിയാനും

സ്റ്റോക്കോം: 2021 ലെ വൈദ്യശാസ്ത്ര നൊബേല്‍ രണ്ടുപേര്‍ക്ക്. ചൂടും സ്പര്‍ശവും തിരിച്ചറിയാന്‍ സഹായിക്കുന്ന സ്വീകരണികള്‍ കണ്ടെത്തിയതിനാണ് അമേരിക്കന്‍ ഗവേഷകരായ ഡേവിഡ് ജൂലിയസ്, ആര്‍ഡെം പാറ്റപ്യുടിയാന്‍ എന്നിവര്‍ക്ക് നൊബേല്‍ പുരസ്‌കാരം ലഭിച്ചത്.

‘ചുടും സ്പര്‍ശവും തിരിച്ചറിയാനുള്ള കഴിവ് നമ്മുടെ അതിജീവനത്തിന് അത്യന്താപേഷിതമാണ്. എന്നാല്‍ നാം ആ കഴിവിനെ നിസാരമായാണ് കാണുന്നത്. ചൂടും സ്പര്‍ശവും നമ്മുടെ നാഡീ വ്യൂഹത്തിന് എങ്ങനെ തിരിച്ചറിയാന്‍ കഴിയുന്നു എന്നുള്ള കണ്ടുപിടുത്തത്തിനാണ് പുരസ്‌കാരം.’ നൊബേല്‍ പുരസ്‌കാര സമിതി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

1955 നവംബര്‍ നാലിനാണ് ഡേവിഡ് ജൂലിയസിന്റെ ജനനം. ബെര്‍ക്ക്‌ലിയിലെ കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ നിന്നാണ് പിഎച്ച്ഡി നേടിയത്. സാന്‍ഫ്രാന്‍സിസ്‌കോ സര്‍വ്വകലാശാലയില്‍ പ്രഫസറായാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്.

ലബനനിലെ ബെയ്‌റൂട്ടില്‍ 1967 ലാണ് ആര്‍ഡെം പാറ്റപ്യുടിയാന്റെ ജനനം. യുഎസിലെ പസദേനയില്‍ കാലിഫോര്‍ണിയ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നാണ് പിഎച്ച്ഡി നേടിയത്. കാലിഫോര്‍ണിയയിലെ ലാ ഹോലയിലെ സ്‌ക്രിപ്പ്‌സ് റിസര്‍ച്ചില്‍ പ്രൊഫസറാണ് അദ്ദേഹം.