തൃണമൂൽ കോൺഗ്രസിന്റേത് വോട്ട് ബാങ്ക് രാഷ്ട്രീയം; ആഞ്ഞടിച്ച് പ്രധാനമന്ത്രി

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃണമൂൽ കോൺഗ്രസിന്റേത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്ന് അദ്ദേഹം പറഞ്ഞു. തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരേ ലൈംഗികാതിക്രമ ആരോപണണങ്ങൾ പ്രചരിച്ചതോടെ സന്ദേശ്ഖാലിയിലെ പീഡനത്തിനിരകളായ സ്ത്രീകളെ പാർട്ടിയുടെ ഗുണ്ടകൾ ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ രൂപവത്കരിക്കാൻ മാത്രമല്ല പ്രതിപക്ഷത്തിരുന്നുപോലും തൃണമൂൽ കോൺഗ്രസിന് ഒന്നു ചെയ്യാൻ സാധിക്കില്ല. കോൺഗ്രസിനോ ഇടതുപക്ഷത്തിനോ സർക്കാരുണ്ടാക്കാൻ സാധ്യമല്ല. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യത്തിന് മാത്രമേ സ്ഥിരതയുള്ളതും ശക്തവുമായ സർക്കാരുണ്ടാക്കാനാകൂ. തൃണമൂൽ ഭരണത്തിന് കീഴിൽ ബംഗാൾ അഴിമതിയുടെ കേന്ദ്രമായെന്നും ബോംബ് നിർമാണത്തിന്റെ കുടിൽ വ്യവസായ കേന്ദ്രമായെന്നും മോദി കൂട്ടിച്ചേർത്തു.

രാമക്ഷേത്രനിർമാണത്തോടെ പ്രതിപക്ഷത്തിന്റെ ഉറക്കം നഷ്ടമായിരിക്കുകയാണ്. കൂടാതെ അവർ രാമക്ഷേത്രം ബഹിഷ്‌കരിക്കുകയും ചെയ്തു. 500 കൊല്ലത്തോളം രാമക്ഷേത്രത്തിനായി പോരാടിയ നമ്മുടെ പൂർവികരുടെ ആത്മാക്കൾ ഇവരുടെ പ്രവൃത്തികൾ കാണുന്നുണ്ട്. നിങ്ങളുടെ പൂർവികരുടെ അനുതാപത്തേയും ത്യാഗത്തേയും അവഹേളിക്കാതിരിക്കാനെങ്കിലും ശ്രമിക്കൂ. ശ്രീരാമനെ ബഹിഷ്‌കരിക്കുന്നത് ബംഗാളിന്റെ സംസ്‌കാരത്തിന് നിരക്കുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.