സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റ് ക്ഷാമം രൂക്ഷം; രണ്ടാംഘട്ട അലോട്ട്മെന്റിനു ശേഷവും ഫുള്‍ എ പ്ലസുകാര്‍ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റ് ക്ഷാമം തുടരുന്നു. രണ്ടാംഘട്ട അലോട്ട്മെന്റ് കഴിഞ്ഞപ്പോള്‍ മെറിറ്റില്‍ ബാക്കി 655 സീറ്റ് മാത്രം. എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയവര്‍ ഇപ്പോഴും പുറത്താണ്. ഇതുവരെ പ്രവേശനം ലഭിച്ചവര്‍ 269533. അപേക്ഷകര്‍ 465219. മിടുക്കര്‍ പോലും മാനേജ്മെന്റ്, അണ്‍ എയ്ഡഡ് സീറ്റുകള്‍ ആശ്രയിക്കേണ്ടിവരും എന്ന നിലയിലാണ്.

മാനേജ്‌മെന്റ് ക്വാട്ട പ്രവേശനത്തിന് പക്ഷെ വന്‍തുക ഫീസ് നല്‍കേണ്ടി വരും. അല്ലെങ്കില്‍ അണ്‍ എയ്ഡഡ് മേഖലയിലേക്ക് കുട്ടികള്‍ക്ക് മാറേണ്ടിവരും. മാനേജ്‌മെന്റ് ക്വാട്ടയും അണ്‍ എയ്ഡഡും ചേര്‍ത്താല്‍പ്പോലും അപേക്ഷിച്ചവര്‍ക്ക് മുഴുവന്‍ സീറ്റ് കിട്ടാത്ത അവസ്ഥയാണ്. അണ്‍ എയ്ഡഡില്‍ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വലിയ താല്പര്യം കാട്ടാറില്ല. കഴിഞ്ഞവര്‍ഷം തന്നെ ഈ മേഖലയില്‍ 20,000 ത്തോളം സീറ്റുകള്‍ ഒഴിവുണ്ടായിരുന്നു. സാമ്പത്തിക സ്ഥിതി പറഞ്ഞ് പുതിയ ബാച്ചില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണ്. പുതിയ സാഹചര്യത്തില്‍ ഇനിയും സീറ്റ് കൂട്ടുമോ എന്ന് വ്യക്തമല്ല.