വിര്‍ച്വല്‍ കറന്‍സി ഇടപാടുകള്‍, ഉപഭോക്താക്കള്‍ക്കെതിരെ നടപടിയെന്ന് ബാങ്കുകളുടെ മുന്നറിയിപ്പ്

മുംബൈ: വിര്‍ച്വല്‍ കറന്‍സിയില്‍ ഇടപാടുകള്‍ നടത്തുന്ന ഉപഭോക്താക്കള്‍ ഇടപാടുകള്‍ തുടര്‍ന്നാല്‍ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി ബാങ്കുകള്‍. അക്കൗണ്ട് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടിയുണ്ടാകുമെന്നുകാട്ടിയാണ് അറിയിപ്പ്. എച്ച്.ഡി.എഫ്.സി. ബാങ്ക്, എസ്.ബി.ഐ. എന്നിവ ഉള്‍പ്പെടെയുള്ള ബാങ്കുകളാണ് ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ നടത്തുന്ന ഉപഭോക്താക്കള്‍ക്ക് റിസര്‍വ് ബാങ്കിന്റെ 2018 – ലെ ഉത്തരവ് ചൂണ്ടിക്കാട്ടി ഇ-മെയില്‍ വഴി അറിയിപ്പുനല്‍കിയിരിക്കുന്നത്.വിര്‍ച്വല്‍ കറന്‍സി ഇടപാടിലെ വെല്ലുവിളികളില്‍ കരുതലുണ്ടാകണമെന്ന് നിര്‍ദേശിച്ചാണ് എസ്.ബി.ഐ.യുടെ അറിയിപ്പ്.

വിര്‍ച്വല്‍ കറന്‍സി പ്ലാറ്റ്‌ഫോമുകളില്‍ എസ്.ബി.ഐ. കാര്‍ഡ് ഉപയോഗിച്ചാല്‍ കാര്‍ഡ് റദ്ദാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. നിയമസാധുതയില്ലാത്ത ക്രിപ്‌റ്റോ കറന്‍സികളുമായി ബന്ധപ്പെട്ട സേവനങ്ങളില്‍നിന്നു വിട്ടുനില്‍ക്കാനാണ് ബാങ്കുകളുടെ തീരുമാനം.ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശങ്ങളാണ് സുപ്രധാനമെന്നും സുപ്രീംകോടതി വിധി വന്നെങ്കിലും ആര്‍.ബി.ഐ. ഉത്തരവ് തിരുത്തിയിട്ടില്ലെന്നും ബാങ്കധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ആര്‍.ബി.ഐ. ഉത്തരവില്‍ മാറ്റം വരുത്തുന്നതുവരെ അത് പിന്തുടരാനാണ് ബാങ്കുകളുടെ തീരുമാനമെന്നറിയുന്നു.