ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ബഹിരാകാശ പര്യവേഷണത്തിന്

വാഷിംഗ്ടണ്‍ : ആമസോണ്‍ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ് ബഹിരാകാശ പര്യവേഷണത്തിന് തയ്യാറെടുക്കുന്നു. ആമസോണിന്റെ കീഴിലുള്ള ബഹിരാകാശ പര്യവേഷണ സാങ്കേതികവിദ്യാ നിര്‍മ്മാതാക്കളായ ബ്ലൂ ഒറിജിന്റെ പേടകമായ ന്യൂ ഷെപ്പേര്‍ഡിലായിരിക്കും സഹോദരനോടൊപ്പം ബഹിരാകാശത്തേയ്ക്ക് പറക്കുന്നത്.

ആമസോണ്‍ മേധാവിയുടെ സ്ഥാനം ഒഴിയാന്‍ പോകുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് ബെസോസ് അറിയിച്ചത്. അഞ്ച് വയസ് മുതല്‍ ബഹാരാകാശത്തേയ്ക്കുള്ള യാത്ര എന്നത് തന്റെ സ്വപ്നമായിരുന്നെന്നും അടുത്ത മാസം അത് സാക്ഷാത്ക്കരിക്കാന്‍ പോകുകയാണെന്നും ബെസോസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 2021 ജൂലായ് 20 ന് യാത്ര ആരംഭിക്കും.

ഏഴ് വര്‍ഷം നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേര്‍ഡ് പേടകവും റോക്കറ്റും മനുഷ്യരെ വഹിച്ചുകൊണ്ടുള്ള യാത്രയ്ക്ക് തയ്യാറെടുക്കുന്നത്. ആറ് യാത്രക്കാരെ ഉള്ളില്‍ വഹിക്കാവുന്ന തരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ന്യൂ ഷെപ്പേര്‍ഡ് പേടകം 59 അടി ഉയരത്തിലുള്ള റോക്കറ്റിലാണ് ബഹിരാകാശത്തേയ്ക്ക് വിക്ഷേപിക്കുക. ഇത് സാധ്യമായാല്‍ റോക്കറ്റ് യാത്ര നടത്തുന്ന ആദ്യത്തെ ബഹിരാകാശ സാങ്കേതികവിദ്യാ നിര്‍മ്മാതാവ് കൂടിയാകും ജെഫ് ബെസോസ്.