ടിക്ടോക്ക് നീക്കം ചെയ്യണം; നിര്‍ദ്ദേശവുമായി യൂറോപ്യന്‍ യൂണിയന്‍

സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് എത്രയും പെട്ടെന്ന് തന്നെ ചൈനീസ് ആപ്പായ ടിക്ടോക്ക് നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ച് യൂറോപ്യന്‍ യൂണിയന്‍. കോര്‍പ്പറേറ്റ് ഫോണുകളില്‍ നിന്നും, പ്രൊഫഷണല്‍ ആപ്പുകള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ നിന്നുമാണ് ടിക്ടോക്ക് നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ വക്താവ് തിയറി ബ്രെട്ടനാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്.

എന്നാല്‍, ഭൂരിഭാഗം വിദേശ രാജ്യങ്ങളെല്ലാം ടിക്ടോക്കിന് നിരോധനം ഏര്‍പ്പെടുത്തുന്നത് ചൈനീസ് കമ്ബനികളെ അടിച്ചമര്‍ത്താന്‍ രാഷ്ട്രീയ ആയുധങ്ങള്‍ ഉപയോഗിക്കുന്നതിന് തുല്യമാണെന്നും, ഇത്തരം നടപടികള്‍ ലോക വ്യാപാര സംഘടനയുടെ നിയമങ്ങളുടെ ലംഘനമാണെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി. നിലവില്‍, യൂറോപ്യന്‍ യൂണിയന്റെ കനത്ത നിരീക്ഷണത്തിലാണ് ടിക്ക്‌ടോക്.

രാജ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഇതിനോടകം തന്നെ ഇന്ത്യ ടിക്ക്‌ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിലും കനത്ത നിയന്ത്രണമാണ് ടിക്ക്‌ടോക്കിന് ഉള്ളത്. അമേരിക്കയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ഹാന്‍ഡ്‌സെറ്റുകളില്‍ ടിക്ക്‌ടോക് ഉപയോഗിക്കുന്നത് പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ഡാറ്റ, പകര്‍പ്പവകാശം, ഹാനികരമായ ഉള്ളടക്കത്തിലേക്കുള്ള ആക്‌സസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ടിക്ടോക്ക് പരാജയപ്പെട്ടിട്ടുണ്ടെന്ന് പല രാജ്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.