ഉപഭോക്താക്കളുടെ അക്കൗണ്ട് ഹാക്ക് ചെയ്യുന്നു ! മുന്നറിയിപ്പുമായി ബിഎസ്എന്‍എല്‍

കോഴിക്കോട്: ബിഎസ്എന്‍എല്‍ ഉപഭോക്താക്കളെ വലയില്‍ വീഴ്ത്തി പണം തട്ടുന്നതായി റിപ്പോര്‍ട്ട്. സിം വെരിഫിക്കേഷന്‍ എന്ന വ്യാജേന ഫോണ്‍ ചെയ്ത് അവരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നു പണം ചോര്‍ത്തുന്ന രീതിയാണ് തട്ടിപ്പുകാര്‍ പിന്തുടരുന്നത്.

കൊയിലാണ്ടി സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിലെ പണം കഴിഞ്ഞ ദിവസം ഇത്തരത്തില്‍ തട്ടിയെടുത്തിരുന്നു. ഇതേതുടര്‍ന്ന് സിം ഉപയോഗിക്കുന്നവര്‍ ജാഗ്രത പൂലര്‍ത്തണമെന്ന നിര്‍ദ്ദേശവുമായി ബി എസ് എന്‍ എല്‍ രംഗത്തുവന്നിട്ടുണ്ട്.

സിം വെരിഫിക്കേഷന്‍ നടത്തണമെന്നും ഇതിനായി അവര്‍ നിര്‍ദ്ദേശിക്കുന്ന ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നും ആവശ്യപ്പെടുകയും, ശേഷം പത്തുരൂപ അവരുടെ അക്കൗണ്ടിലേക്ക് ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍ ചെയ്യിക്കുകയും ചെയ്താണ് തട്ടിപ്പിന്റെ തുടക്കം. പിന്നീട് ആപ്പുവഴി ഫോണിലെ വിവരങ്ങള്‍ ഹാക്ക് ചെയ്താണ് ബാങ്ക് അക്കൗണ്ടിലെ പണം മുഴുവന്‍ ചോര്‍ത്തുന്നത്.

അതേസമയം, ബി എസ് എന്‍ എല്‍ സിം എടുക്കുമ്പോള്‍ 1507 നമ്പറില്‍ വിളിച്ച് അഡ്രസ് വെരിഫിക്കേഷന്‍ നടത്താന്‍ മത്രമാണ് നിര്‍ദ്ദേശിക്കുന്നത്. ഇതുസംബന്ധിച്ച് മറ്റൊരു കോളും ബിഎസ്എന്‍എല്‍ ചെയ്യാറില്ലെന്ന് തട്ടിപ്പിനെ തുടര്‍ന്ന് അവര്‍ പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കുന്നു.

ബിഎസ്എന്‍എല്‍ മൊബൈല്‍ സേവനങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 1503 എന്ന ടോള്‍ ഫ്രീ നമ്പറിലേക്കു വിളിച്ചാല്‍ മതിയെന്നും അറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.