ഡൈനോ റണ്‍ ഗെയിമിന് പുതിയ മുഖം നല്‍കി ഗൂഗിള്‍. ടോക്കിയോ ഒളിംപിക്‌സിന്റെ ഭാഗമായി ഡൈനോ റണ്ണിന് വേറിട്ട അപ്‌ഡേഷനുകള്‍ ഒരുക്കിയിരിക്കുകയാണ് ഗൂഗിള്‍ ഇപ്പോള്‍.
ഒളിമ്പിക്‌സ് മത്സര ഇനങ്ങളായ സര്‍ഫിങ്ങും, ഹഡില്‍സും, നീന്തലും, ഓട്ടവും, ചാട്ടവുമൊക്കെ ഡൈനോ റണ്‍ ഗെയിമില്‍ ഗൂഗിള്‍ അപ്‌ഡേഷന്റെ ഭാഗമായി ചേര്‍ത്തിട്ടുണ്ട്. ഗെയിമിന്റെ മോണോക്രോം ഇന്റര്‍ഫേസില്‍ വ്യത്യസ്ത വര്‍ണങ്ങളും നല്‍കിയിട്ടുണ്ട്. മാത്രമല്ല, സ്‌ക്രീനില്‍ നല്‍കിയിരിക്കുന്ന ഒളിമ്പിക്‌സ് ദീപ ശിഖയില്‍ ക്ലിക് ചെയ്താല്‍ ഡൈനോയുടെ നിറം മാറുകയും ഒളിമ്പിക്‌സ് മത്സരങ്ങളില്‍ ഡൈനോയെ പങ്കെടുപ്പിക്കാനും സാധിക്കും.
ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ ഒരു സ്‌ക്രീന്‍ ഷോട്ടിലൂടെയാണ് ഡൈനോ റണ്‍ ഒളിമ്പിക്‌സ് അപ്‌ഡേഷനെ കുറിച്ച് സൂചന നല്‍കിയത്. ‘എന്റെ സര്‍ഫിങ് കഴിവുകളില്‍ ഞാന്‍ കുറച്ച് പണിയെടുക്കേണ്ടതുണ്ട്..’ എന്ന അടിക്കുറിപ്പോടെയാണ് പിച്ചൈ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചത്.
ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ക്ക് സുപരിചിതമാണ് ഡൈനോ റണ്‍ ഗെയിം. ബ്രൗസിങ്ങിനിടെ ഇന്റര്‍നെറ്റ് പോയാല്‍ ടാബില്‍ പ്രത്യക്ഷപ്പെടുന്ന ഡൈനോ ഗെയിം കളിച്ചിട്ടില്ലാത്തവര്‍ ഉണ്ടാകില്ല. chrome://dino/ എന്ന് ഗൂഗിള്‍ ക്രോം ബാറില്‍ ടൈപ്പ് ചെയ്താല്‍ അപ്‌ഡേറ്റഡ് ഒളിമ്പിക് ഡൈനോ റണ്‍ ഗെയിം കളിക്കാം.

