Technology (Page 116)

കാലത്തിനൊപ്പം പരിഷ്‌ക്കരിച്ച മാറ്റങ്ങളുമായി ജെപിഇജി ഇമേജ് ഫയൽ. ജെപിഇജി ഫോർമാറ്റിന്റെ പരിഷ്‌ക്കരിച്ച രൂപം ഈ വർഷം അവസാനത്തോടെയാണ് ഔദ്യോഗികമായി പുറത്തിറങ്ങും. ജെഎക്സ്എൽ എന്ന ഫോർമാറ്റിലാണ് ജെപിഇജി ഫോർമാറ്റിന്റെ പരിഷ്‌ക്കരിച്ച രൂപം പുറത്തിറക്കുക.

പരിഷ്‌ക്കരിച്ച രൂപത്തിന്റെ ബീറ്റ വേർഷൻ ഇപ്പോൾ വിപണിയിലുണ്ട്. കൂടുതൽ ഒപ്റ്റിമൈസേഷനാണ് ഇതിന്റെ പ്രത്യേകത. കൂടാതെ വെബ് അധിഷ്ഠിത ഇമേജുകൾക്ക് കൂടുതൽ പിന്തുണയും ലോഡിങ് വേഗതയും നൽകും.

ഫയൽ ബാൻഡ്വിഡ്ത്ത്, സ്റ്റോറേജ് ചെലവ് എന്നിവയിൽ ഗണ്യമായ കുറവ് ജെഎക്‌സ്എൽ ഫോർമാറ്റിൽ ഉണ്ടാകുമെന്നാണ് വിവരം. ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷന്റെ (ഐഎസ്ഒ) ഗവേഷകർ 1980 കളിലാണ് ജെപിഇജി ഇമേജ് ഫോർമാറ്റ് ആദ്യമായി വികസിപ്പിച്ചത്. ഡിജിറ്റൽ ക്യാമറകളിലെയും വേൾഡ് വൈഡ് വെബിലെയും ഫോട്ടോകൾക്കായുള്ള മികച്ച ഫോർമാറ്റായി കാലക്രമേണ ജെപിഇജി വളർന്നു. അക്കാലത്തെ മറ്റ് ഫോർമാറ്റുകളെ അപേക്ഷിച്ച് നിരവധി ഗുണങ്ങൾ ജെപിഇജിയ്ക്ക് ഉണ്ടായിരുന്നു. ഇമേജുകൾ ലോഡ്ചെയ്യാൻ എടുത്ത സമയവും ഒപ്പം ഒരു മെമ്മറി കാർഡിൽ 1 എന്നതിലുപരി 50 ചിത്രങ്ങൾ വരെ സംഭരിക്കാനുള്ള കഴിവുമായിരുന്നു ഇതിന്റെ പ്രധാന പ്രത്യേകത.

നിലവിലുള്ള ജെപിഇജി ഫയലുകളെ ജെപിഇജി എക്സ്എലുകളാക്കാനും അവയെ ട്രാൻസ്‌കോഡ് ചെയ്യാനും കഴിയും. ഇതൊരു സെർവറിൽ സംഭരിക്കാനും തിരികെ മാറ്റാനും കഴിയും. ഡോട്ട് ജെഎക്സ്എൽ എന്ന എക്സ്റ്റൻഷനിലാണ് ഇതു വരുന്നത്.

വൈഡ് കളർ ഗാമറ്റ്, എച്ച്ഡിആർ (ഉയർന്ന ഡൈനാമിക് റേഞ്ച്), ഉയർന്ന ബിറ്റ് ഡെപ്ത് ഇമേജുകൾ എന്നിവ ഉൾപ്പെടുത്തിയ ഫോർമാറ്റ് ഫോട്ടോഗ്രാഫർമാർക്ക് കൂടുതൽ പ്രയോജനപ്രദമാകും. ടാബ്ലെറ്റുകൾ, സ്മാർട്ട്ഫോണുകൾ എന്നിവപോലുള്ള വിപുലമായ ഉപകരണങ്ങളിൽ നിലവിലെ ഇന്റർനെറ്റ് ഉപയോക്തൃ ആവശ്യങ്ങളെയും ഇത് പിന്തുണക്കും.

ടിമിന്നലിനെ പ്രതിരോധിക്കാനായി പുതിയ മാർഗം ആവിഷ്‌ക്കരിച്ച് ഗവേഷകർ. ഇടിമിന്നലിനെതിരെ ലേസർ വികിരണങ്ങൾ ഉപയോഗപ്പെടുത്താനൊരുങ്ങുകയാണ് ജനീവ സർവകലാശാലയിലെ ഒരു സംഘം ഗവേഷകർ. ലേസർ ഉപയോഗപ്പെടുത്തുന്ന ഭീമൻ ദണ്ഡ് ആൽപ്സ് പർവതനിരകളിലെ ഉയരമേറിയ സാന്റിസ് കൊടുമുടിയിൽ ഇവർ സ്ഥാപിക്കുകയും ചെയ്തു. നിരന്തര പരീക്ഷണങ്ങൾക്കും ഗവേഷണങ്ങൾക്കുമൊടുവിലാണ് സംഘം ഇത്തരമൊരു രീതി പരീക്ഷിക്കാൻ തീരുമാനിച്ചത്.

ഇരുപത് വർഷത്തിലേറെയായി ലേസർ ഗവേഷണങ്ങൾ നടത്തി വരുന്ന ജിയാൻ പിയറി വൂൾഫ് എന്ന ഭൗതിക ശാസ്ത്രജ്ഞന്റെ നേതൃത്വത്തിലാണ് ഗവേഷക സംഘം ദണ്ഡ് സ്ഥാപിച്ചത്. 8,200 അടി ഉയരമുള്ള കൊടുമുടിയിൽ ഭീമൻ ദണ്ഡിനെ എത്തിക്കുന്നത് ശ്രമകരമായ ദൗത്യമായിരുന്നുവെന്നാണ് ഗവേഷകർ പറയുന്നത്. യൂറോപ്പിൽ രൂക്ഷമായി മിന്നൽ പതിക്കുന്ന മേഖലയാണ് ആൽപ്‌സ് പർവ്വത നിരയിലെ സാന്റിസ് കൊടുമുടി. ഓരോ വർഷവും 100 മുതൽ 400 തവണ വരെ മിന്നലിനെ തുടർന്ന് ആൽപ്സിൽ സ്ഥിതി ചെയ്യുന്ന റേഡിയോ ട്രാൻസ്മിഷൻ ടവറിന്റെ പ്രവർത്തനം തടസ്സപ്പെടാറുണ്ട്. മിന്നലിനെ പ്രതിരോധിക്കാൻ ലേസർ ഉപയോഗപ്പെടുത്താമെന്ന കണ്ടെത്തൽ ഫലപ്രദമായി പരീക്ഷിക്കാനും നിരീക്ഷിക്കാനും ഏറ്റവും അനുയോജ്യമായ മേഖലയാണിതെന്നാണ് വൂൾഫ് പറയുന്നത്.

മിന്നലിനെ ഭൂമിയിൽ പതിക്കുന്നതിന് മുമ്പ് തന്നെ നിയന്ത്രിക്കാനാണ് ഗവേഷക സംഘം പദ്ധതിയിടുന്നത്. മിന്നലിൽ അതിശക്തമായ വൈദ്യുതപ്രവാഹമാണ് സൃഷ്ടിക്കപ്പെടുന്നത്. ചലനശേഷിയുള്ള ഇലക്ട്രോണുകളുടെ പ്രവാഹമാണ് ഈ വൈദ്യുതപ്രവാഹത്തിന് കാരണം. മഴ ഉണ്ടാകുന്ന സമയത്ത് ജലകണികകളുടെ ആറ്റങ്ങളിൽ നിന്ന് പ്രവഹിക്കുന്ന ഇലക്ട്രോണുകൾ വ്യത്യസ്തവും വിപരീതവുമായ ഊർജ്ജമേഖലകൾ സൃഷ്ടിക്കും. വിപരീത ചാർജ്ജുകൾ പരസ്പരം ആകർഷിക്കുന്നത് ഇലക്ടോണുകളുടെ പ്രവാഹതീവ്രത വർധിപ്പിക്കുകയും വൈദ്യുതോർജ്ജത്തിന് കാരണമാവുകയും ചെയ്യും. മിന്നൽ ഉത്പാദനത്തെ അനുകരിച്ചു കൊണ്ടാണ് ആൽപ്സിലെ ലേസർ ദണ്ഡിന്റെ പ്രവർത്തനം.

കൃത്രിമമായി ഒരു വൈദ്യുതോർജ്ജതലം സൃഷ്ടിക്കുന്നതിലൂടെ മഴമേഘങ്ങളിൽ നിന്നുള്ള ഇലക്ട്രോൺ പ്രവാഹത്തെ നിയന്ത്രിക്കാൻ കഴിയുമെന്ന് ഗവേഷകർ പറഞ്ഞു. റേഡിയോ ട്രാൻസ്മിഷൻ ടവറിന്റെ സമീപത്ത് കൂടിയാണ് ലേസർ രശ്മികൾ കടന്നുപോകുന്നത്. ഇത് 120 മീറ്റർ(400 അടി) ഉയരത്തിലേക്ക് പ്രവഹിക്കും.

പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന മിന്നൽ രക്ഷാചാലകങ്ങൾക്ക് നിശ്ചിതവും ചുരുങ്ങിയതുമായ ഇടത്തിൽ മാത്രമേ സുരക്ഷയൊരുക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ, പുതിയ സംവിധാനത്തിന് കൂടുതൽ വിസ്തൃതമായ സുരക്ഷ ഉറപ്പു നൽകാനാവുമെന്ന് വൂൾഫ് വിശദമാക്കുന്നു.

ആന്റിനയുടെ സഹായത്തോടെയാണ് ലേസർ ദണ്ഡിന്റെ പ്രവർത്തനത്തിനാവശ്യമായ ഊർജ്ജം ലഭിക്കുന്നത്. കൂട്ടിച്ചേർക്കാവുന്ന പല ഭാഗങ്ങളായാണ് ദണ്ഡ് നിർമ്മിച്ചിരിക്കുന്നത്. കേബിൾ കാറിന്റേയും ഹെലികോപ്ടറിന്റേയും സഹായത്താലാണ് ഭാഗങ്ങൾ കൊടുമുടിയിൽ എത്തിച്ചത്. മിന്നലുണ്ടാകുന്ന സമയങ്ങളിൽ മാത്രമാണ് ലേസർ പ്രവർത്തിപ്പിക്കുന്നത്. കൂടാതെ മിന്നൽ പ്രവാഹങ്ങളെ നിരീക്ഷിക്കാൻ പ്രത്യേക ക്യാമറയും സാന്റിസിൽ സജ്ജമാണ്. സെക്കൻഡിൽ 3,00,000 വരെ ഫോട്ടോകൾ ഈ ക്യാമറയ്ക്ക് പകർത്താൻ കഴിയും.

പ്രവഹിക്കുന്ന ഊർജ്ജത്തിന്റെ തീവ്രതയനുസരിച്ച് ലേസർ കിരണങ്ങൾക്ക് നിറവ്യത്യാസമുണ്ടാകും. ചുവപ്പു മുതൽ വെള്ള നിറത്തിൽ വരെ പ്രവഹിക്കുന്ന രശ്മികൾ മനോഹരമായ കാഴ്ചയുളവാക്കുമെന്നും ഗവേഷകർ പറയുന്നു. സെപ്റ്റംബർ മാസം വരെ ലേസറിന്റെ പ്രവർത്തനം പരീക്ഷണാടിസ്ഥാനത്തിൽ നിരീക്ഷിച്ച ശേഷം മാത്രമേ പൂർണമായും പ്രവർത്തനം ആരംഭിക്കുകയുള്ളൂ. ഈ സംവിധാനം വിജയിക്കുകയാണെങ്കിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മിന്നൽ മൂലം ഉണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാൻ കഴിയുമെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്.

അബുദാബി: പൊതുസ്ഥലങ്ങളിൽ ലഭ്യമാകുന്ന സൗജന്യ വൈഫൈ കരുതലോടെ ഉപയോഗിക്കണമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി അബുദാബി ഡിജിറ്റൽ അതോറിറ്റി. സൈബർ തട്ടിപ്പുകാരുടെ വലയിൽ വീഴാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് അബുദാബി ഡിജിറ്റൽ അതോറിറ്റി വ്യക്തമാക്കി.

പൊതുസ്ഥലങ്ങളിൽ സ്വന്തം ഡേറ്റ ഉപയോഗിച്ച് ഓൺലൈൻ ഇടപാടുകൾ നടത്തുന്നതാണ് സുരക്ഷിതമെന്ന് അബുദാബി ഡിജിറ്റൽ അതോറിറ്റി അറിയിച്ചു. വിപിഎൻ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്നും ഉറപ്പാക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

എയർപോർട്ട്, ഷോപ്പിങ് മാൾ, റസ്റ്ററന്റ്, ജിംനേഷ്യം, ഹോട്ടൽ, കോഫിഷോപ്പ്, ലൈബ്രറി, പബ്ലിക് ട്രാൻസ്‌പോർട്ട് തുടങ്ങിയ പൊതുസ്ഥലങ്ങളിൽ ലഭ്യമാകുന്ന വൈഫൈ ഒരേസമയം ആയിരക്കണക്കിന് ആളുകൾ ഉപയോഗിക്കുന്നുണ്ട്. അതിനാൽ തന്നെ ഇവ ഉപയോഗിക്കുമ്പോൾ അപകട സാധ്യത കൂടുതലാണ്. യൂസർ നെയിമും പാസ് വേർഡും ഉള്ള പൊതു വൈഫൈ സേവനവും പൂർണ സുരക്ഷിതമല്ല. രഹസ്യ കോഡുകളില്ലാത്ത വൈഫൈ ശൃംഖലകളിലെത്തുന്ന ഉപഭോക്താക്കളുടെ വിവരങ്ങൾ ഉപയോഗിച്ച് അവരറിയാതെ ഇടപാട് നടത്താൻ സൈബർ കുറ്റവാളികൾക്ക് കഴിയും.

ഇത്തരത്തിൽ പൊതു ഇന്റർനെറ്റ് സേവനം ഉപയോഗിക്കുന്നവർ സ്വയം സുരക്ഷ ഉറപ്പാക്കണമെന്നാണ് നിർദ്ദേശം. പൊതു വൈഫൈ ഉപയോഗിക്കുമ്പോൾ അപരിചിത ഇമെയിലും എസ്എംഎസ് സന്ദേശങ്ങളും തുറക്കരുതെന്നും അബുദാബി ഡിജിറ്റൽ അതോറിറ്റി വ്യക്തമാക്കി. ലാപ്‌ടോപ്പിലെയും മൊബൈലിലെയും സോഫ്റ്റ്‌വെയറുകൾ യഥാസമയം അപ്‌ഡേറ്റ് ചെയ്യണമെന്നും ആന്റിവൈറസ് ഇൻസ്റ്റാൾ ചെയ്യണമെന്നും അബുദാബി ഡിജിറ്റൽ അതോറിറ്റി വിശദമാക്കുന്നു.

ന്യൂഡൽഹി: തർക്കങ്ങൾക്കൊടുവിൽ കേന്ദ്ര ഐടി നിയമം പാലിച്ച് ട്വിറ്റർ. ഐടി ചട്ടം അനുസരിച്ച് ട്വിറ്റർ പരാതി പരിഹാര ഓഫീസറെ നിയമിച്ചു. ട്വിറ്ററുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാനായി വിനയ് പ്രകാശ് എന്ന ഉദ്യോഗസ്ഥനെയാണ് പരാതി പരിഹാര ഓഫീസറായി നിയമിച്ചിരിക്കുന്നത്.

തങ്ങളുടെ വെബ്‌സൈറ്റിൽ ട്വിറ്റർ ഈ വിവരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരാതി പരിഹാര ഓഫീസറെ ബന്ധപ്പെടാൻ ഒരു ഇ-മെയിൽ ഐഡിയും ട്വിറ്റർ നൽകിയിട്ടുണ്ട്. അതേസമയം ചീഫ് കംപ്ലെയൻസ് ഓഫീസറെ ട്വിറ്റർ ഇതുവരെ നിയമിച്ചിട്ടില്ല. താൽക്കാലികമായി ഒരു നിയമനം നടത്തുക മാത്രമാണ് ചെയ്തിരിക്കുന്നത്. സ്ഥിരമായി ഒരാളെ നിയമിക്കാൻ എട്ടാഴ്ച സമയം വേണമെന്നാണ് ട്വിറ്റർ ഡൽഹി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലൈ 11-നകം സ്ഥിതിവിവര റിപ്പോർട്ട് പ്രസിദ്ധീകരിക്കുമെന്ന് ട്വിറ്റർ കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനി വിനയ് പ്രകാശിനെ പരാതി പരിഹാര ഓഫീസറായി നിയമിച്ചത്. ഐടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ ട്വിറ്ററിന്റെ നിയമ പരിരക്ഷ ഉണ്ടാകില്ലെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.

ഐടി ചട്ടം പാലിക്കാത്തതിനാൽ ട്വിറ്ററിന് ഇന്ത്യയിലെ നിയമ പരിരക്ഷ നഷ്ടമായിരുന്നു. നാലു സംസ്ഥാനങ്ങളിലാണ് ട്വിറ്ററിനെതിരെ കേസെടുത്തിരിക്കുന്നത്.

google

വാഷിംഗ്ടൺ: ഗൂഗിളിനെതിരെ കേസ് ഫയൽ ചെയ്ത് യുഎസ് സംസ്ഥാനങ്ങൾ. ആപ്ലിക്കേഷൻ വിതരണത്തിലും പ്ലേ സ്റ്റോറിലെ പേയ്മെന്റുകളിലും കുത്തക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന് ആരോപിച്ച് 36 യുഎസ് സംസ്ഥാനങ്ങളാണ് ഗൂഗിളിനെതിരെ പരാതി നൽകിയത്.

ഷെർമാൻ ആക്റ്റ് എന്നറിയപ്പെടുന്ന ആന്റിട്രസ്റ്റ് നിയമങ്ങളിലെ സെക്ഷൻ 1, 2 എന്നിവ ഗൂഗിൾ ലംഘിച്ചുവെന്നാണ് സംസ്ഥാനങ്ങൾ ഉന്നയിക്കുന്ന പരാതി. ആൻഡ്രോയിഡ് ആപ്പുകൾക്ക് വേണ്ടി യുഎസിലെ 90% ആൻഡ്രോയിഡ് ഉപയോക്താക്കളും ഗൂഗിൾ പ്ലേ സ്റ്റോറാണ് ഉപയോഗിക്കുന്നത്. മറ്റൊരു ആപ്ലിക്കേഷൻ സ്റ്റോറിനും മാർക്കറ്റിന്റെ 5% ത്തിൽ കൂടുതൽ വിപണി വിഹിതം ഇല്ല. ഗൂഗിളിന്റെ ആരോപണവിധേയമായ കുത്തക ആപ്ലിക്കേഷൻ വിതരണത്തെ മാത്രമല്ല, അതിന്റെ പേയ്മെന്റുകൾ വാങ്ങുന്ന രീതിയിലും ഗൂഗിളിനെതിരെ വിമർശനം ഉന്നയിക്കപ്പെടുന്നുണ്ട്. ഏകദേശം 30 ശതമാനത്തോളം പേയ്മെന്റ് കൈകാര്യം ചെയ്യുന്നതിനു ഫീസ് വാങ്ങുന്നതായാണ് പരാതിക്കാരുടെ ആരോപണം.

വിപണിയിൽ നിലനിൽക്കുന്ന പേപാൽ അല്ലെങ്കിൽ ബ്രെയിൻട്രീ പോലുള്ള ഇതര പേയ്മെന്റ് പ്രോസ്സസ്സറുകൾ ഗൂഗിൾ പ്ലേ ബില്ലിംഗിനേക്കാൾ വളരെ കുറഞ്ഞ നിരക്ക് മാത്രമാണ് ഈടാക്കുന്നതെന്നാണ് ഇവരുടെ വാദം. മൊബൈൽ ഉപകരണ നിർമ്മാതാക്കളുമായുള്ള വിതരണ കരാറുകൾ, മുന്നറിയിപ്പുകൾ ഉൾപ്പെടെ സൈഡ്ലോഡിംഗ് ആപ്ലിക്കേഷനുകളിൽ നിന്ന് ഉപയോക്താക്കളെ പിന്തിരിപ്പിക്കാൻ ഗൂഗിൾ സ്വീകരിക്കുന്ന അഞ്ച് പ്രധാന ഘട്ടങ്ങളും വാദികൾ ഉയർത്തി കാണിക്കുന്നുണ്ട്.

സൈഡ്ലോഡിംഗിന്റെ അപകടസാധ്യതയെ പെരുപ്പിച്ചു കാണിക്കുകയും ഒപ്പം ഒരു കരാറിൽ ഒപ്പിടാൻ ഡെവലപ്പർമാരെ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് പരാതിക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഗൂഗിൾ ഔദ്യോഗിക പ്രസാതവനങ്ങളൊന്നും നടത്തിയിട്ടില്ല.

whatsapp

ന്യൂഡല്‍ഹി: പുതിയ സ്വകാര്യതാ നയം സ്വീകരിക്കാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിക്കില്ലെന്ന് വാട്‌സാപ്പ് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. വ്യക്തിഗത ഡാറ്റാ സംരക്ഷണ ബില്‍ പ്രാബല്യത്തില്‍ വരുന്നതുവരെയാണിതെന്ന് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുളള വാട്‌സാപ്പ് കോടതിയെ അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ കമ്പനിക്ക് വേണ്ടി ഹാജരായത്.

കോമ്പറ്റിഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ നടത്തുന്ന അന്വേഷണത്തില്‍ നിന്നും ഫേസ്ബുക്കിനോ, വാട്‌സാപ്പിനോ സംരക്ഷണം നല്‍കാന്‍ കോടതി തയ്യാറായില്ല. കേസ് ഇനി ജൂലായ് 30ന് വീണ്ടും വാദം കേള്‍ക്കും.

വാഷിംഗ്ടൺ: ട്വിറ്ററിന് പകരമായി സ്വന്തമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗെറ്റർ എന്ന പേരിലാണ് ട്രംപിന്റെ ടീം സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോം പുറത്തിറക്കിയിരിക്കുന്നത്. ട്രംപിന്റെ മുൻ വക്താവായിരുന്ന ജേസൺ മില്ലറാണ് ഗെറ്ററിനെ നയിക്കുന്നത്. ട്വിറ്ററിന് സമാനമായ രീതിയിൽ തന്നെയാണ് ഗെറ്ററെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ജൂലൈ ഒന്നിനായിരുന്നു ഗെറ്ററിന്റെ ലോഞ്ചിംഗ്. ജൂലൈ നാലിന് പ്രാദേശിക സമയം 10 മണിയ്ക്കാണ് ഔദ്യോഗികമായി ഗെറ്റർ പ്രവർത്തനം ആരംഭിക്കുന്നത്.

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന അക്രമങ്ങളെ പ്രോത്സാഹിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമുകൾ ഡൊണാൾഡ് ട്രംപിന് വിലക്കേർപ്പെടുത്തിയിരുന്നു. തുടർന്നാണ് സ്വന്തമായി സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോം ആരംഭിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്.

പിന്നീട് ട്രംപിന്റെ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു അദ്ദേഹത്തിന്റെ അനുയായികൾ. ഒടുവിൽ ആ കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്. ഗെറ്റർ അക്കൗണ്ട് വഴി ട്രംപ് ഉടൻ സമൂഹമാദ്ധ്യമങ്ങളിൽ സജീവമാകുമെന്നാണ് ട്രംപ് അനുകൂലികൾ പ്രതീക്ഷിക്കുന്നത്.

‘റദ്ദാക്കൽ സംസ്‌കാരത്തെ ചെറുക്കുക, സാമാന്യബുദ്ധിയെ പ്രോത്സാഹിപ്പിക്കുക, അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുക, സമൂഹമാധ്യമ കുത്തകകളെ വെല്ലുവിളിക്കുക, ആശയങ്ങളുടെ യഥാർഥ വിപണി സൃഷ്ടിക്കുക’ എന്നിവയാണ് ഗെറ്റർ തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യങ്ങളായി പറയുന്നത്. അതേസമയം ട്രംപിനെ പരിഹസിച്ച് രംഗത്തെത്തുന്നവരും ഉണ്ട്.

google

വാഷിംഗ്ടൺ: ഗൂഗിൾ കമ്പനിയ്ക്കുള്ളിൽ വിള്ളൽ വീണ് തുടങ്ങിയതായി റിപ്പോർട്ട്. ജോലിക്കാർ തമ്മിൽ ഭിന്നത രൂക്ഷമാണെന്നാണ് ലഭ്യമാകുന്ന വിവരം. കമ്പനിയ്ക്കുള്ളിൽ വെച്ച് തീർക്കേണ്ട പല പ്രശ്‌നങ്ങളും ഇപ്പോൾ പുറംലോകം അറിയുകയാണ്. ശക്തമായ തീരുമാനങ്ങളും നിലപാടുകളും സ്വീകരിക്കാൻ ഗൂഗിൾ നേതൃത്വത്തിന് കഴിയുന്നില്ലെന്ന വിമർശനവും ശക്തമാണ്.

ഗൂഗിളിന്റെ പല എക്‌സിക്യൂട്ടീവുമാരും സ്ഥാനം രാജിവെയ്ക്കുന്ന കാഴ്ച്ചയാണ് കണ്ടു വരുന്നത്. ഗൂഗിൾ നേരിടുന്ന പല പ്രശനങ്ങളുടെയും കാരണക്കാരൻ സുന്ദർ പിച്ഛെയാണെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.

മരവിച്ചു തുടങ്ങിയ ഉദ്യോഗസ്ഥമേധാവിത്വമാണ് കമ്പനിയിൽ നിലനിൽക്കുന്നത്. ഉറച്ച നിലപാടില്ലാത്തതും പൊതുജനം എന്തു കരുതുമെന്ന ഭീതിയും ഗൂഗിളിന്റെ കരുത്തോടെയുള്ള കുതിപ്പിന് തടസമാകുമെന്ന് ഗൂഗിളിൽ നിന്നും സ്ഥാനം രാജിവെച്ച എക്‌സിക്യൂട്ടീവ് ഉദ്യോഗസ്ഥർ പറയുന്നു.

ആപത്കരമായ ഒരു പ്രതിസന്ധിയിലൂടെയാണ് ഗൂഗിൾ കടന്നുപോകുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. ടെക്നോളജി കമ്പനികളെ നിയന്ത്രിക്കാനുള്ള നീക്കങ്ങളാണ് ലോകമെമ്പാടും നടക്കുന്നത്. അമേരിക്കയിൽ വലത്-ഇടത് രാഷ്ട്രീയ പ്രവർത്തകർ ഗൂഗിളിനോടുള്ള വിശ്വാസക്കുറവ് വെളിപ്പെടുത്തിയിട്ടുണ്ട്. ഗൂഗിളിന്റെ നല്ലനാളുകൾ അവസാനിച്ചുവെന്നാണ് വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അതേസമയം കമ്പനിയ്ക്കുള്ളിൽ പ്രശ്‌നങ്ങളുണ്ടെന്നാരോപിച്ച് സുന്ദർ പിച്ഛെയെ ബലിയാടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരോപിക്കുന്നവരും ഉണ്ട്.

ആൻഡ്രോയ്ഡ് ആപ്പുകളെല്ലാം ഇനി വിൻഡോസിൽ ലഭ്യമാകും. വിൻഡോസ് 11 ലാണ് ആൻഡ്രോയിഡ് ആപ്ലിക്കേഷനുകൾ നേറ്റീവ് ആയി പ്രവർത്തിപ്പിക്കാൻ ഉപയോക്താക്കൾക്ക് അവസരം ലഭിക്കുന്നത്. ഈ വർഷം അവസാനത്തോടെ വിൻഡോസ് 11 ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. ആമസോൺ ആപ്സ്റ്റോർ വഴി വിൻഡോസ് 11 ലേക്ക് വരുന്ന ടിക് ടോക്ക് ഉൾപ്പെടെയുള്ള ആപ്ലിക്കേഷനുകൾ മൈക്രോസോഫ്റ്റ് പ്രദർശിപ്പിച്ചു.പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഇന്റലിന്റെ പ്രൊപ്രൈറ്ററി റൺടൈം കംപൈലറും ഉൾപ്പെടുന്നുണ്ട്.

ആൻഡ്രോയിഡ് ആപ്ലിക്കേഷനുകൾ ഡൗൺലോഡു ചെയ്യുന്നതിന് മൈക്രോസോഫ്റ്റ് സ്റ്റോറിനുള്ളിൽ ആമസോൺ ആപ്സ്റ്റോർ വാഗ്ദാനം ചെയ്യുന്നതു പോലെ, വിൻഡോസ് പിസികളിൽ മൊബൈൽ ആപ്ലിക്കേഷൻ പിന്തുണ വാഗ്ദാനം ചെയ്യുന്നതിനായി ഇന്റൽ ബ്രിഡ്ജ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് മൈക്രോസോഫ്റ്റ് ഇന്റലുമായി ധാരണയായി. ആപ്ലിക്കേഷൻ സ്റ്റോറിന്റെ ഭാഗമല്ലാത്തപ്പോൾ പോലും വിൻഡോസ് 11 മെഷീനുകളിൽ ആൻഡ്രോയിഡ് ആപ്ലിക്കേഷനുകൾ നേറ്റീവ് ആയി പ്രവർത്തിപ്പിക്കാൻ ഇത് ഉപയോക്താക്കളെ അനുവദിക്കും.

വിൻഡോസിൽ ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കുന്നത് ഉൾപ്പെടെ, എക്സ് 86 അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങളിൽ നേറ്റീവ് ആയി പ്രവർത്തിക്കാൻ ആപ്ലിക്കേഷനുകളെ പ്രാപ്തമാക്കുന്ന ഒരു റൺടൈം പോസ്റ്റ് കംപൈലറാണ് ഇന്റൽ ബ്രിഡ്ജ് ടെക്നോളജി.

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ പിഡബ്ല്യുഡി ഫോര്‍ യു ആപ്പ് ഇനി ആപ്പിള്‍ പ്ലേ സ്റ്റോറിലും ലഭ്യമാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ മാത്രമേ ആപ്പ് ലഭ്യമായിരുന്നുള്ളു. പത്ത് ദിവസത്തിനകം 23,400 പേരാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. 4264 പേര്‍ പരാതികളറിയിച്ചു.

അതേസമയം മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസിന്റെ ഫോണ്‍- ഇന്‍ പരിപാടിയില്‍ വന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം കയ്യേറി കോഴിക്കോട് നല്ലളം ഡീസല് പ്ലാന്റിന് സമീപം നിര്‍ത്തിയിട്ട വാഹനങ്ങള്‍ മന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു.

പിടിച്ചെടുത്തതോ കണ്ടുകെട്ടിയതോ ആയ എല്ലാ വാഹനങ്ങളും മൂന്ന് മാസത്തിനുള്ളില്‍ നീക്കം ചെയ്യപ്പെട്ടുവെന്ന് നിരീക്ഷിക്കുകയും ഉറപ്പാക്കുകയും ചെയ്യേണ്ടത് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവാദിത്തമാണ്. ആവശ്യമായ പോലീസ് സഹായം നല്കാന്‍ ജില്ലാ പോലീസ് മേധാവിമാരോടും മന്ത്രി നിര്‍ദ്ദേശിച്ചു.