ഡിജിറ്റൽ ഇന്ത്യ; സ്വന്തം മെസേജിംഗ് ആപ്ലിക്കേഷൻ പുറത്തിറക്കി ഇന്ത്യ

ന്യൂഡൽഹി: സ്വന്തമായി മെസേജിംഗ് ആപ്ലിക്കേഷൻ പുറത്തിറക്കി കേന്ദ്ര സർക്കാർ. സന്ദേശ് എന്ന പേരിലാണ് സർക്കാർ മെസേജിംഗ് ആപ്ലിക്കേഷൻ പുറത്തിറക്കിയത്. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് സർക്കാർ ആപ്ലിക്കേഷൻ തയ്യാറാക്കിയിരിക്കുന്നത്. ഇലക്ട്രോണിക്‌സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് സന്ദേശിനെ കുറിച്ച് ലോക്‌സഭയിൽ വിവരിച്ചത്. സന്ദേശ് ആപ്പിൽ ഉപയോക്താക്കളുടെ രഹസ്യങ്ങൾ ചോരില്ലെന്നും അയക്കുന്ന സന്ദേശങ്ങൾ പൂർണമായും സുരക്ഷിതമായിരിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.

സർക്കാരിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് സന്ദേശ് ആപ്പ് ഉപയോഗിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ആപ്ലിക്കേഷന്റെ പരീക്ഷണത്തിന്റെ ഭാഗമായി ഒരു വിഭാഗം സർക്കാർ ഉദ്യോഗസ്ഥർ സന്ദേശ് ആപ്പ് ഉപയോഗിച്ചു വരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഐഒഎസ്, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് സൗജന്യമായി സന്ദേശ് ആപ് ഡൗൺലോഡ് ചെയ്യാം.

മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ നൽകിയാണ് ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടത്. ഇതിനോടകം തന്നെ ഒരു ലക്ഷത്തിന് മുകളിൽ ആളുകൾ ആൻഡ്രോയിഡിൽ ആപ് ഡൗൺലോഡ് ചെയ്തു കഴിഞ്ഞു. നാഷണൽ ഇൻഫൊർമാറ്റിക് സെന്ററിന്റെ കേരളത്തിലെ വിഭാഗമാണ് ആപ്പിന്റെ നിർമാണ മേൽനോട്ടം വഹിച്ചത്. എൻഡ് ടു എൻഡ് എൻക്രിപ്ഷനാണ് സന്ദേശ് ആപ്പിന്റെ മറ്റൊരു സവിശേഷത. വാട്ട്‌സ് ആപ്പിന് പകരമായാണ് സർക്കാർ പുതിയ ആപ്പ് പുറത്തിറക്കിയതെന്നാണ് വിവരം.