തിരുവനന്തപുരം: സാമൂഹ്യ മാദ്ധ്യമ പ്ലാറ്റ്‌ഫോമായ ക്ലബ് ഹൗസിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ നിർബാധം പങ്കെടുക്കുന്ന സാഹചര്യം ഒഴിവാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷൻ. ഇതുസംബന്ധിച്ച ഉത്തരവ് ബാലാവകാശ കമ്മീഷൻ പുറപ്പെടുവിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടികളുമായി ക്ലബ് ഹൗസ് അംഗങ്ങളായ മുതിർന്നവർ ലൈംഗികച്ചുവയോടെ സംസാരിക്കുകയും അവരെ അനാശാസ്യത്തിലേയ്ക്ക് ക്ഷണിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് കമ്മീഷന്റെ നടപടി.
തുടർച്ചയായ സൈബർ പട്രോളിംഗ് നടത്തുന്നതിനും വ്യാജ അക്കൗണ്ടുകളും നിയമവിരുദ്ധ നടപടികളും തടയുന്നതിനും അന്വേഷണ ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ ഉൾപ്പെടുത്തി വിശദമായ മാർഗരേഖ തയ്യാറാക്കി നൽകണമെന്നാണ് ബാലാവകാശ കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. കമ്മീഷൻ അംഗം കെ. നസീർ ചാലിയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഐ. ടി സെക്രട്ടറിയ്ക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയിരിക്കുന്നത്. ക്ലബ് ഹൗസിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ അക്കൗണ്ട് എടുക്കുന്നില്ലെന്നും അവരുടെ നിലവിലുള്ള അക്കൗണ്ടുകൾ റദ്ദാക്കിയെന്നും സർക്കാർ ഉറപ്പു വരുത്തണമെന്നും കമ്മീഷൻ നിർദ്ദേശിക്കുന്നു.
ക്ലബ്ബ് ഹൗസിൽ പ്രായ പരിമിതി ഇല്ലാതെ അംഗത്വമെടുക്കാമെന്നും ആർക്കും താൽപര്യമുള്ള വിഷയങ്ങൾ സംസാരിക്കാമെന്നും പരിശോധനയിൽ കമ്മീഷന് ബോധ്യപ്പെട്ടു. ഗ്രൂപ്പിൽ പങ്കുവെക്കുന്ന കുട്ടിയുടെ പ്രായം, പഠിക്കുന്ന സ്ഥാപനം തുടങ്ങിയ പ്രാഥമിക വിവരങ്ങൾ ഒഴികെ കുട്ടിക്ക് നേരെയുള്ള ഇടപെടലുകൾ ഉറപ്പു വരുത്തുന്നതിനുള്ള സംവിധാനങ്ങൾ ക്ലബ് ഹൗസിൽ വളരെ പരിമിതമാണെന്നാണ് സാമൂഹിക മാദ്ധ്യമങ്ങളെ നിരീക്ഷിക്കുന്ന കേരള പോലീസിന്റെ സൈബർഡോം വിഭാഗം ബാലാവകാശ കമ്മീഷനെ അറിയിച്ചത്.
രക്ഷാകർത്താവിന്റെ അനുവാദം കൂടാതെ നിയമപ്രകാരം 18 വയസ്സിൽ താഴെയുള്ളവർക്ക് ഇത്തരം സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളിൽ ചേരാൻ കഴിയുകയില്ല എന്നിരിക്കെ, പ്രായപൂർത്തിയായവർ മാത്രമാണോ ക്ലബ് ഹൗസിൽ ചേരുന്നതെന്ന് പരിശോധിക്കുന്നതിനുള്ള ഒരു സംവിധാനവും ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കമ്മീഷൻ നിരീക്ഷിച്ചു. രക്ഷാകർത്താവിന്റെ സമ്മതം കൂടാതെ ഏതെങ്കിലും കുട്ടി ചേർന്നാൽ ആ കുട്ടിയുടെ അംഗത്വം റദ്ദാക്കുമെന്ന് കമ്പനിയുടെ നയപ്രസ്താവത്തിൽ പറയുന്നുണ്ടെങ്കിലും പ്രായം ഉറപ്പുവരുത്തുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടില്ല. അതിനാൽ ഒരുവിധ നിയന്ത്രണവും പ്രായഭേദവുമില്ലാതെ ആർക്കും അംഗത്വമെടുക്കാം. വ്യവസ്ഥകൾ പാലിക്കാതെ നടക്കുന്ന ചർച്ചകൾ പരിശോധിക്കുമെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും എങ്ങനെയാണ് ഇത് ചെയ്യുന്നത് എന്ന് വ്യക്തമല്ല. ക്ലബ് ഹൗസ് ചർച്ചകൾ റെക്കോർഡ് ചെയ്യുന്നില്ല എന്നു മാത്രമല്ല, ഓരോ സെഷനും കഴിയുമ്പോൾ കണ്ടന്റ് ഡിലീറ്റ് ചെയ്യുന്നു. അതിനാൽ നിയമവിരുദ്ധ പ്രവൃത്തികൾ ഉണ്ടായാൽപ്പോലും കോടതികളിൽ തെളിയിക്കുക പ്രയാസമാണെന്നും കമ്മീഷൻ വിശദമാക്കി.

