ജെറുസലേം: ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ പ്രതികരണവുമായി ഇസ്രായേൽ ചാര സോഫ്റ്റ്‌വെയർ പെഗാസസ് നിർമ്മാതാക്കളായ എൻ.എസ്.ഒ. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്തതിന് എന്തെങ്കിലും തെളിവ് ലഭിച്ചാൽ അക്കാര്യം വിശദമായി അന്വേഷിക്കുമെന്ന് എൻ.എസ്.ഒ. വ്യക്തമാക്കി. വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയക്കാർ, മാധ്യപ്രവർത്തകർ, ജുഡീഷ്യറി അംഗങ്ങൾ, ആക്ടിവിസ്റ്റുകൾ തുടങ്ങിയവരുടെ ഫോണുകൾ പെഗാസസ് ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് നിരീക്ഷിക്കുകയോ ചോർത്തുകയോ ചെയ്തുവെന്ന മാദ്ധ്യമ റിപ്പോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെ വലിയ വിവാദങ്ങളാണുണ്ടായത്. ഈ സാഹചര്യത്തിലാണ് എൻ എസ് ഒയുടെ പ്രതികരണം.
17 മാദ്ധ്യമങ്ങളുടെ കൂട്ടായ്മയാണ് പെഗാസസ് ഫോൺ ചോർത്തിയെന്ന വിവരം പുറത്തുവിട്ടത്. തങ്ങളുടെ സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്തതിന് വിശ്വസനീയമായ തെളിവു ലഭിച്ചാൽ മുൻപ് എന്നത്തെയും പോലെ എൻ.എസ്.ഒ. വിശദമായ അന്വേഷണം നടത്തുമെന്നും ആവശ്യമെങ്കിൽ ചാര സോഫ്റ്റ്‌വെയർ തന്നെ നിർത്തലാക്കുമെന്നും കമ്പനി അറിയിച്ചു.
തങ്ങൾക്കെതിരെ ഉയർന്നു വന്ന ആരോപണങ്ങളെല്ലാം എൻ എസ് ഒ നിഷേധിച്ചു. ഭീകരവാദം, കുറ്റകൃത്യങ്ങൾ, പൊതുസുരക്ഷാ തുടങ്ങിയ കാര്യങ്ങൾക്കായി സർക്കാരുകൾക്ക് മാത്രമാണ് തങ്ങൾ സോഫ്റ്റ്‌വെയർ നൽകുന്നതെന്നാണ് എൻ.എസ്.ഒയുടെ അവകാശവാദം. പുറത്തെത്തിയ ലിസ്റ്റ് പെഗാസസിന്റെ ലക്ഷ്യങ്ങളോ ലക്ഷ്യമാക്കാൻ സാധ്യതയുള്ളതോ ആയിരുന്നില്ലെന്നും കമ്പനി പറയുന്നു. ലിസ്റ്റിൽ ഉൾപ്പെട്ട നമ്പറുകൾക്ക് എൻ.എസ്.ഒ. ഗ്രൂപ്പുമായി ബന്ധമില്ലെന്നും കമ്പനി വിശദീകരിക്കുന്നു.

