ഫേസ്ബുക്കിന്റെ വരുമാനത്തിൽ വൻ വർധനവ്; രണ്ടു കോടി കടന്നതായി റിപ്പോർട്ട്

വാഷിംഗ്ടൺ: ഫേസ്ബുക്കിന്റെ വരുമാനത്തിൽ വൻ വർധനവുണ്ടായതായി റിപ്പോർട്ട്. ജൂണിൽ അവസാനിച്ച പാദത്തിൽ ഫേസ്ബുക്കിന്റെ വരുമാനം 56 ശതമാനം ഉയർന്ന് 2,15,376 കോടി രൂപയിലെത്തിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. റിപ്പോർട്ട് അനുസരിച്ച് ഫേസ്ബുക്കിന്റെ ലാഭം 101 ശതമാനം ഉയർന്ന് 74,562 കോടിയായി.

കോവിഡ് വൈറസ് വ്യാപനവും തുടർന്നുണ്ടായ ലോക്ക്ഡൗണും കാരണം ജനങ്ങൾ സാമൂഹ്യ മാദ്ധ്യങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കാൻ തുടങ്ങിയതോടെയാണ് ഫേസ്ബുക്കിന്റെ വരുമാനം വർധിച്ചത്. പരസ്യത്തിലൂടെയാണ് കമ്പനിയ്ക്ക് ഏറ്റവും അധികം വരുമാനം ലഭിച്ചിരിക്കുന്നത്. പരസ്യവരുമാനമായി മാത്രം 2,12,376 കോടി രൂപയാണ് ഫേസ്ബുക്കിന് ലഭിച്ചത്. മുൻകാലങ്ങളെ അപേക്ഷിച്ച് 56 ശതമാനത്തിന്റെ വർധനവാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ഉപയോക്താക്കളുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്. 12 ശതമാനം വർധനവാണ് ഉപഭോക്താക്കളുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ളത്. പ്രതിമാസം 351 കോടി ആളുകളാണ് ഫേസ്ബുക്ക് ഉപയോഗിക്കുന്നത്.