Technology (Page 112)

ന്‍സ്റ്റഗ്രാം ടീനേജ് കുട്ടികളുടെ മാനസികാരോഗ്യത്തെ മോശമായി ബാധിക്കുന്നുവെന്ന് കാണിച്ച് ഫെയ്സ്ബുക്കിനെ വിമര്‍ശിച്ച് യുഎസ് സെനറ്റ്. ഫെയ്സ്ബുക്ക് സുരക്ഷാ മേധാവി ആന്റിഗോണ്‍ ഡേവിസ് ആണ് യുഎസ് സെനറ്റിന് മുന്നില്‍ ഹാജരായത്.

കുട്ടികളുടെ ആരോഗ്യത്തെ പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ മാനസികാരോഗ്യത്തെ പ്ലാറ്റ്ഫോം സാരമായി ബാധിക്കുന്നുവെന്ന ഇന്‍സ്റ്റഗ്രാമിന്റെ തന്നെ റിസര്‍ച്ച് റിപ്പോര്‍ട്ട് ചോര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ആന്റിഗണ്‍ ഡേവിസിന് സെനറ്റിന് മുന്നില്‍ ഹാജരാകേണ്ടി വന്നത്. വാള്‍സ്ട്രീറ്റ് ജേണലാണ് ഇന്‍സ്റ്റാഗ്രാമിന്റെ ഗവേഷണ റിപ്പോര്‍ട്ട് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

അതേസമയം യുവാക്കളെ സഹായിക്കുകയാണ് ഇന്‍സ്റ്റാഗ്രാം ചെയ്യുന്നത് എന്ന് ചൂണ്ടിക്കാട്ടി ഫെയ്സ്ബുക്ക് ആരോപണങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിച്ചു.

എന്നാല്‍, കുട്ടികള്‍ക്ക് അവരുടെ ശരീരത്തോടുള്ള കാഴ്ചപ്പാടിലും അവരുടെ ആത്മവിശ്വാസത്തിലും ഇന്‍സ്റ്റാഗ്രാം വിപരീതമായി ബാധിക്കുന്നുവെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. കുട്ടികളുടെ ക്ഷേമത്തേക്കാള്‍ ഉല്‍പ്പന്നങ്ങളുടെ വളര്‍ച്ചയ്ക്കാണ് ഫെയ്സ്ബുക്ക് പ്രാധാന്യം നല്‍കുന്നതെന്നും ഇന്‍സ്റ്റാഗ്രാമിന്റെ ദോഷങ്ങള്‍ മറച്ചുവെക്കാനുള്ള ഫെയ്സ്ബുക്കിന്റെ ശ്രമങ്ങള്‍ പുകയിലയുടെ ദോഷങ്ങള്‍ മറച്ചുവെക്കാനുള്ള സിഗരറ്റ് കമ്പനികളുടെ ശ്രമം പോലെയാണെന്നും സെനറ്റ് കുറ്റപ്പെടുത്തി.

ചൈനീസ് കമ്പനികളുടെ ഫോണുകള്‍ ഉപേക്ഷിക്കാന്‍ യൂറോപ്യന്‍ രാജ്യമായ ലിത്വേനിയയിലെ സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയതിനു പിന്നാലെ ഷവോമി ഫോണുകള്‍ക്കെതിരെ ജര്‍മനിയും രംഗത്ത്.

ജര്‍മനിയുടെ സൈബര്‍ സുരക്ഷാ വിഭാഗമായ ബി.എസ്.ഐയും ഷവോമി ഫോണുകള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ലിത്വാനിയയിലെ സംഭവങ്ങള്‍ കാരണമാണ് ജര്‍മനിയും ചൈനീസ് കമ്പനിയുടെ ഫോണുകള്‍ വിശദമായി പരിശോധിക്കാനുള്ള നീക്കവുമായി എത്തിയത്. ജര്‍മനിയുടെ ആഭ്യന്തര മന്ത്രാലയത്തിന്റെ വക്താവിനെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്സാണ് ഇതു റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

എന്നാല്‍, ലിത്വാനിയയുടെ ആരോപണങ്ങളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിനായി തങ്ങളുടെ ഫോണുകള്‍ പുറമേ നിന്നുള്ള വിദഗ്ധരെക്കൊണ്ടു പരിശോധിപ്പിക്കാനുള്ള നീക്കത്തിലാണ് ഷവോമി.

യൂറോപ്പിലെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനക്കാരായി ഷവോമി മാറിയിരുന്നു. ആഗോളതലത്തില്‍ സാംസങ്ങിനെയും ഷവോമിക്ക് മറികടക്കാനായിരുന്നു. എന്നാല്‍, ജര്‍മനിയുടെ നടപടിയില്‍ കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ക്ഷക്കണക്കിന് മാക്ബുക്കുകള്‍, ഐഫോണുകള്‍, ഗെയിമിങ് കണ്‍സോളുകള്‍, സ്മാര്‍ട്ട് ടിവികള്‍, മറ്റ് സ്മാര്‍ട്ട് ഡിവൈസുകള്‍ തുടങ്ങിയവയില്‍ സെപ്തംബര്‍ 30 വ്യാഴാഴ്ച മുതല്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി നഷ്ടപ്പെട്ടേക്കാം. സുരക്ഷിതമായ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ വെരിഫൈ ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു നിര്‍ണായക ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് കാലഹരണപ്പെടുന്നതിനാലാണ് ദശലക്ഷക്കണക്കിന് പഴ സ്മാര്‍ട്ട് ഡിവൈസുകള്‍ക്ക് വ്യാപകമായി ഇന്റര്‍നെറ്റ് പിന്തുണ നഷ്ടപ്പെടുന്നത്.

ഐഡന്റ് ട്രസ്റ്റ് ഡിറ്റിഎസ് റൂട്ട് സിഎ എക്‌സ്3 എന്ന നിലവിലെ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് കാലഹരണപ്പെടുന്നതോടെ യൂസര്‍മാര്‍ക്ക് അവരുടെ പഴയ ഉപകരണങ്ങളില്‍ ഇന്റര്‍നെറ്റ് പിന്തുണ നല്‍കുന്ന പുതിയ സര്‍ട്ടിഫിക്കറ്റുകളുടെ അപ്ഡേറ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയില്ല. അതോടെ, നെറ്റ്ഫ്‌ലിക്‌സ്, യൂട്യൂബ് വിഡിയോ കാണുന്നതും ഇമെയില്‍ അയക്കുന്നതും പോലുള്ള ഇന്റര്‍നെറ്റ് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യാനാവാതെ വരും.

സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കഴിയുന്നത് കൂടുതലായും ബാധിക്കാന്‍ പോകുന്ന സ്മാര്‍ട്ട് ഡിവൈസുകള്‍ പഴയ മാക്ബുക്കുകള്‍, ഐഫോണുകള്‍, പ്ലേസ്റ്റേഷന്‍ 3 കണ്‍സോളുകള്‍ എന്നിവയാണ്. പ്രത്യേകിച്ച്, ഐഒഎസ്10 -ന് മുമ്പുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകളിലും മാക് ഒഎസ് 2016, വിന്‍ഡോസ് എക്‌സ്പി എന്നിവയുടെ പഴയ പതിപ്പുകള്‍ പ്രവര്‍ത്തിക്കുന്ന ഡിവൈസുകളിലും പ്രശ്‌നങ്ങള്‍ നേരിടും. പഴയ സ്മാര്‍ട്ട് ടിവികളെയും സെറ്റ്-ടോപ്പ് ബോക്‌സുകളെയും, പുതിയ ഫേംവെയറിലേക്ക് അപ്‌ഗ്രേഡ് ചെയ്യാത്ത പഴയ പ്ലേസ്റ്റേഷനുകളിലും പ്രശ്‌നങ്ങള്‍ നേരിടാം. പഴയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് അപ്‌ഗ്രേഡ് ചെയ്യുകയല്ലാതെ രക്ഷയില്ല.

കോവിഡ് വാക്‌സിനെതിരായ ദുഷ്പ്രചരണങ്ങള്‍ നിര്‍ദ്ദാഷണ്യം തള്ളുമെന്ന് പ്രഖ്യാപിച്ച് യൂട്യൂബ്. വാക്‌സിന്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നു, വാക്‌സിനില്‍ ശരീരത്തിനു ദോഷകരമായ പദാര്‍ഥങ്ങള്‍ അടങ്ങിയിരിക്കുന്നു എന്നിങ്ങനെയുള്ള തെറ്റായ ഉള്ളടക്കങ്ങളുള്ള വിഡിയോകള്‍ ഇനി മുതല്‍ ബ്ലോക് ചെയ്യുമെന്ന് യൂട്യൂബ് അറിയിച്ചു.

വാക്സിന്‍ വിരുദ്ധ ആക്ടിവിസ്റ്റുകളെയും ചാനലുകളെയും നിരോധിക്കുകയാണെന്ന് യൂട്യൂബിന്റെ ഗ്ലോബല്‍ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റിയുടെ വൈസ് പ്രസിഡന്റ് മാറ്റ് ഹാല്‍പ്രിനെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തത്.

യൂട്യൂബ്, ഫേസ്ബുക്, ട്വിറ്റര്‍ തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍, തെറ്റായ ആരോഗ്യ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തടയാന്‍ നടപടികളൊന്നും കൈക്കൊള്ളുന്നില്ല എന്ന വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് യൂട്യൂബ് പുതിയ തീരുമാനം എടുത്തിരിക്കുന്നത്.

പേമെന്റില്‍ ക്യാഷ് ബാക്ക് വാഗ്ദാനവുമായി വാട്ട്‌സ്ആപ്പ്. ഉപയോക്താക്കള്‍ക്ക് അവരുടെ അടുത്ത പേയ്മെന്റ് വഴി ഒരു ക്യാഷ്ബാക്ക് ലഭിക്കുമെന്ന് അറിയിക്കുന്ന ഒരു പുഷ് അറിയിപ്പ് സ്‌ക്രീന്‍ഷോട്ട് ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്.

വാട്ട്‌സ്ആപ്പ് പേയ്‌മെന്റുകളിലെ ക്യാഷ്ബാക്ക് ഭാവി അപ്‌ഡേറ്റില്‍ ലഭ്യമാകുമെന്ന് വാട്ട്സ്ആപ്പ് ബീറ്റാ ഇന്‍ഫോ പറയുന്നു. ഉപയോക്താക്കള്‍ക്ക് വാട്ട്‌സ്ആപ്പ് പേയ്‌മെന്റുകള്‍ ഉപയോഗിക്കുമ്പോള്‍ 10 രൂപ വരെ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്.

ഇന്ത്യയിലെ യുപിഐ പേയ്‌മെന്റുകള്‍ക്ക് മാത്രമേ ക്യാഷ്ബാക്ക് ബാധകമാകൂ, എന്നും 48 മണിക്കൂറിനുള്ളില്‍ അത് ഉപയോക്താവിന്റെ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുമെന്നും ഇത് വ്യക്തമാക്കുന്നു. ഈ സവിശേഷതയെക്കുറിച്ച് ഇപ്പോള്‍ അധികമൊന്നും അറിയില്ലെങ്കിലും, പേടിഎം പോലുള്ള ഒരു ക്യാഷ്ബാക്ക് പ്രോഗ്രാം വാട്ട്‌സ്ആപ്പ് നടത്തുന്നതിനാല്‍ അധികം ശ്രദ്ധിക്കപ്പെടാത്ത പേയ്‌മെന്റ് ഫീച്ചര്‍ ജനപ്രിയമായേക്കാം.

കൊച്ചി: ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. ഓണ്‍ലൈന്‍ ഗെയിമുകള്‍ ചൂതാട്ടത്തിന്റെ പരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

നേരത്തെ, കേരള ഗെയിമിങ് ആക്ടിന്റെ പരിധിയില്‍ ഓണ്‍ലൈന്‍ റമ്മി കൂടി ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. എന്നാല്‍ ഓണ്‍ലൈന്‍ ഗെയിമിങിനെ നിയമവിരുദ്ധ ഗെയിമുകളില്‍ ഉള്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികള്‍ വ്യക്തമാക്കി.

വിവിധ സുപ്രീം കോടതി വിധികള്‍ ചൂണ്ടികാണിച്ചാണ് ഹൈക്കോടതി കമ്പനികളുടെ ഹര്‍ജി അനുവദിച്ചത്. ഓണ്‍ലൈന്‍ റമ്മി കളിച്ചത് വഴി പണം നഷ്ടപ്പെട്ട് ആളുകള്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നായിരുന്നു നിരോധനമേര്‍പ്പെടുത്തിയതെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചില്ല. ഓണ്‍ലൈന്‍ ഗെയ്മിങ് കമ്പനികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

കൊല്ലം: കാണാതായവരെ കണ്ടെത്താന്‍ ആധാര്‍ അധിഷ്ഠിത സോഫ്റ്റ്വെയര്‍ പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള ഡല്‍ഹിയിലെ പ്രോജക്ട് ബ്യൂറോ ഓഫ് പൊലീസ് റിസര്‍ച്ച് ഡെവലപ്പ്‌മെന്റ് വിശകലനം നടത്തിയതിനുശേഷം എല്ലാ സംസ്ഥാനങ്ങളിലെയും ഡി.ജി.പി.മാര്‍ക്ക് അയച്ചുകൊടുത്തു. പരവൂര്‍ പൊഴിക്കര സ്വദേശിയായ അജു സൈഗാള്‍ പ്രധാനമന്ത്രിക്ക് അയച്ചുകൊടുത്ത പ്രോജക്ട് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

പദ്ധതി നടപ്പാക്കുന്നതിനായി എല്ലാ പൊലീസ് സ്റ്റേഷനുകളിലും ബയോമെട്രിക് സ്‌കാന്‍ സൗകര്യമുള്ള ഫോണോ ടാബോ വാങ്ങണം. ഇത് ആധാറുമായി ബന്ധപ്പെടുത്താനുള്ള അനുമതിനേടിയാല്‍ അജ്ഞാത ജഡം തിരിച്ചറിയാനും, ഒറ്റപ്പെട്ടുപോയ കുട്ടികളുടെ രക്ഷിതാക്കളെ കണ്ടെത്താനും പൊലീസിന് എളുപ്പം സാധിക്കും. ഭിക്ഷാടന മാഫിയയുടെ കൈയില്‍പ്പെട്ടുപോയ കുട്ടികളെ രക്ഷിതാക്കളിലെത്തിക്കാനും എളുപ്പം സാധ്യമാകും എന്നതാണ് മറ്റൊരു ശ്രദ്ധേയ ഘടകം.

ഇതിനുപുറമെ അപകടങ്ങളില്‍ ബോധം നഷ്ടപ്പെട്ട് ആശുപത്രിയിലെത്തിക്കുന്നവരുടെ ബന്ധുക്കളെ കണ്ടെത്തുന്നതിനും എളുപ്പമാകും. ഇങ്ങനെ കണ്ടെത്തുമ്പോള്‍ത്തന്നെ വിലാസത്തിന് അടുത്തുള്ള പൊലീസ് സ്റ്റേഷനുകളിലേക്കും വിവരം എത്തുന്നരീതിയില്‍ സോഫ്റ്റ്വെയര്‍ ഉണ്ടാക്കാനുള്ള ആശയവും അജു മുന്നോട്ടുവെച്ചിരുന്നു. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാനും വേണ്ട നടപടി കൈക്കൊള്ളാനും ആവശ്യപ്പെട്ടാണ് ഡി.ജി.പി.മാര്‍ക്കുള്ള കത്ത്.

ബില്‍ ഗേറ്റ്സിന്റെ ബഹിരാകാശ യാത്ര ഇനി എന്ന് എന്ന ചോദ്യത്തിന് ഇതാ ഉത്തരമായിരിക്കുകയാണ്.

പ്രമുഖ ടെലിവിഷന്‍ അവതാരകനായ ജെയിംസ് കോര്‍ഡനാണ് ബില്‍ ഗേറ്റ്സിനോട് ആദ്യമായി അതിനുള്ള കാരണം തിരക്കി രംഗത്തെത്തിയത്. ബഹിരാകാശത്തേക്കുള്ള യാത്രയോടുള്ള ചില ശതകോടീശ്വരന്മാരുടെ അഭിനിവേശത്തെക്കുറിച്ചായിരുന്നു ജെയിംസ് അദ്ദേഹത്തോട് ചോദിച്ചത്.

‘ബഹിരാകാശമോ…! നമുക്ക് ഇവിടെ ഇനിയും ഭൂമിയില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്’ എന്നായിരുന്നു അദ്ദേഹം മറുപടി നല്‍കിയത്.

എനിക്ക് മലേറിയ എച്ച്.ഐ.വി പോലുള്ള രോഗങ്ങളോടും, അത്തരങ്ങള്‍ രോഗങ്ങളെ ഇല്ലാതാക്കുന്നതിനോടുമാണ് അഭിനിവേശം. ഞാന്‍ കോക്ടെയില്‍ പാര്‍ട്ടികളില്‍ രോഗങ്ങളെ കുറിച്ച് നിരന്തരം സംസാരിച്ച് ആളുകളെ ബോറടിപ്പിക്കുന്ന തരം വ്യക്തിയാണെന്നും ബില്‍ ഗേറ്റ്സ് പറഞ്ഞു.

ഇപ്പോള്‍ സ്പെയ്സ് ഷിപ്പില്‍ കയറി ഭൂമിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കാത്ത ഒരേയൊരു ശതകോടീശ്വരനായതിന് ജെയിംസ് കോര്‍ഡന്‍ ഗേറ്റ്സിനോട് നന്ദിയും അറിയിച്ചു.

ടെക് ഭീമന്‍മാരായ ഗൂഗിളിനെയും ആപ്പിളിനെയും രൂക്ഷമായി വിമര്‍ശിച്ച് റഷ്യന്‍ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വ്ളാദമിര്‍ പുടിന്റെ രാഷ്ട്രീയ എതിരാളിയുമായ അലക്‌സി നവാല്‍നി.

നവാല്‍നി രൂപം നല്‍കിയ വോട്ടിങ് ആപ്പ് റഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പായി ഇരുകമ്പനികളും നീക്കം ചെയ്തതിനെതിരെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

പുടിനെ പിന്തുണക്കുന്ന സ്ഥാനാര്‍ഥികളെ തോല്‍പിക്കാന്‍ കഴിയുന്നവരെ കണ്ടെത്തി വോട്ടര്‍മാരെ അറിയിക്കാനാണ് സ്മാര്‍ട് ആപ്പ് നിര്‍മിച്ചത്. നവാല്‍നിയുടെ അനുകൂലികളായ അഞ്ചുപേരാണ് ആപ്പിനു പിന്നില്‍. ഇവര്‍ റഷ്യക്കു പുറത്തുനിന്നാണ് ഇതു നിയന്ത്രിക്കുന്നത്. ആപ് നീക്കണമെന്ന് റഷ്യന്‍ സര്‍ക്കാര്‍ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു.

ആപ്പ് നീക്കിയ സംഭവത്തോടെ ഗൂഗിളിന്റെയും ആപ്പിളിന്റെയും ഭീരുത്വമാണ് പുറത്തായതെന്നും, പുടിന്റെ ദുഷ്‌കര്‍മ്മങ്ങളില്‍ പങ്കാളികളായാണ് ടെക് ഭീമന്മാരും പ്രവര്‍ത്തിക്കുന്നതെന്നും നവാല്‍നി തുറന്നടിച്ചു. മേലധികാരികളുടെ ഭീരുത്വം അനുവദിച്ചുകൊടുക്കരുതെന്ന് ഇരു സ്ഥാപനങ്ങളിലെയും ജീവനക്കാരോടായും അദ്ദേഹം പറഞ്ഞു.

ടെലിഗ്രാം യൂട്യൂബ് തുടങ്ങിയ ആപ്പുകള്‍ ഏര്‍പ്പെടുത്തിയ സെന്‍സര്‍ഷിപ്പിനെയും നവാല്‍നി ചോദ്യം ചെയ്തു.

ലോകത്തെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണ്‍ ചൈനയില്‍ നിന്നുള്ള 600 ബ്രാന്‍ഡുകളെ പുറത്താക്കി. ആമസോണിന്റെ വെബ്സൈറ്റുകളില്‍ നിന്നും ചൈനീസ് ബ്രാന്‍ഡുകളെ നിരോധിച്ചതായി ദി വേര്‍ജ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.

ബോധപൂര്‍വ്വവും ആവര്‍ത്തിച്ചും ആമസോണിന്റെ നയങ്ങളെ ലംഘിച്ചതോടെയാണ് ബ്രാന്‍ഡുകളെ പുറത്താക്കിയതെന്ന് ആമസോണ്‍ അറിയിച്ചു. വ്യാജ റിവ്യൂകള്‍ നല്‍കി കംപ്യൂട്ടര്‍ ആക്സസറികള്‍ അടക്കം പല ഉപകരണങ്ങളും വിജയകരമായി വിറ്റുവന്ന ബ്രാന്‍ഡുകളെയാണ് ആമസോണ്‍ പുറത്താക്കിയത്.

വ്യാജ റിവ്യൂകള്‍ വഴി കമ്പനികള്‍ ഉപഭോക്താക്കളെ കബളിപ്പിച്ചതിനെ തുടര്‍ന്നു പല കമ്പനികളെയും ആമസോണ്‍ ഒഴിവാക്കിയിട്ടുണ്ട്.