ഗൂഗിളിനെതിരെ നിയമനടപടിയുമായി കര്‍ണാടക സര്‍ക്കാര്‍

google

ബെംഗളൂരു: ഗൂഗിളിനെതിരെ നിയമനടപടിയുമായി കര്‍ണാടക സര്‍ക്കാര്‍. ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട ഭാഷയേതെന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ ഗൂഗിള്‍ നല്‍കുന്ന മറുപടി കന്നഡയെന്നാണ്. ഇതിനെതിരെയാണ് നിയമനടപടിയുമായി കര്‍ണാടക സര്‍ക്കാര്‍ മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്.ഇന്ത്യയിലെ മോശം ഭാഷ കന്നഡ ആണെന്ന ഗൂഗിള്‍ സെര്‍ച്ച് എന്‍ജിന്‍ നല്‍കുന്ന മറുപടിയുടെ സ്‌ക്രീന്‍ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

സംഭവം വിവാദമായതോടെ വ്യാഴാഴ്ച മൂന്ന് മണിക്ക് ശേഷം ഭാഷയുമായി ബന്ധപ്പെട്ട മറുപടി ഗൂഗിള്‍ നീക്കം ചെയ്തു. വിശദീകരണം ആവശ്യപ്പെട്ട് ഗൂഗിളിന് നോട്ടീസയക്കുമെന്ന് സാംസ്‌കാരിക മന്ത്രി അരവിന്ദ് ലിംബാവലി വ്യക്തമാക്കി.ഗൂഗിളിന്റെ ഭാഗത്ത് നിന്നുമുണ്ടായത് നിരുത്തരവാദപരമായ പെരുമാറ്റമാണെന്ന് മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ പുതിയ ഐടി ചട്ടങ്ങള്‍ക്കെതിരെ ട്വിറ്റര്‍ അടക്കമുള്ള മാധ്യമങ്ങള്‍ എതിര്‍പ്പ് പരസ്യമാക്കിയ നടപടി വിവാദത്തില്‍ തുടരുന്നതിനിടെയാണ് ഗൂഗിളിനെതിരെ കര്‍ണാടക സര്‍ക്കാര്‍ രംഗത്തുവരുന്നത്.