Technology (Page 113)

ജിദ്ദ: സൗദിയിലെത്തുന്ന സന്ദര്‍ശകരടക്കമുള്ളവര്‍ യാത്രക്ക് മുമ്പ് നിങ്ങളുടെ സ്മാര്‍ട്ട് ഫോണുകളില്‍ ‘തവക്കല്‍നാ’ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി. വിമാനക്കമ്പനികള്‍ ഇക്കാര്യം യാത്രക്ക് മുന്നേ ഉറപ്പു വരുത്തണം.

മൊബൈല്‍ ഫോണിലേക്ക് ആപ്പിള്‍ സ്റ്റോറില്‍ നിന്നോ പ്ലേസ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്തിട്ടാല്‍ സൗദിയിലെത്തി എട്ടു മണിക്കൂറിനകം അത് ഓപ്പണ്‍ ചെയ്തു രജിസ്റ്റര്‍ ചെയ്യണം. രാജ്യത്ത് എത്തുന്ന യാത്രക്കാരില്‍ പലരും തവക്കല്‍നാ ആപ് ഇന്‍സ്റ്റാള്‍ ചെയ്യുന്നില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം.

രാജ്യത്തുള്ളവരുടെ ആരോഗ്യ സ്ഥിതി കാണിക്കുന്ന മൊബൈല്‍ ആപ്പാണ് താവക്കല്‍ന. ഈ ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് കാണിക്കുന്നവര്‍ക്ക് മാത്രമേ സൗദിയില്‍ കടകളില്‍ കയറാനോ ജോലി സ്ഥലത്തു പ്രവേശിക്കാനോ ജോലി ചെയ്യാനോ പൊതുഗതാഗത സൗകര്യം ഉപയോഗിക്കാനോ കഴിയൂ. കൊവിഡ് വാക്സിന്‍ കുത്തിവെപ്പ് പൂര്‍ത്തീകരിച്ചവരുടേതാണ് ആപ്പില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് കാണിക്കുന്നത്. ഇതിന് പുറമെ മറ്റു പല സിവിലിയന്‍ സേവനങ്ങളും തവക്കല്‍നയില്‍ ലഭിക്കും.

സൗദിയിലേക്കുള്ള ബോര്‍ഡിംഗ് പാസ് നല്‍കുന്നതിന് മുമ്പ് യാത്രക്കാരുടെ വാക്സിനേഷന്‍ സ്റ്റാറ്റസ് പരിശോധിക്കാനും ഗാക്കയുടെ നിര്‍ദേശമുണ്ട്. തവക്കല്‍നാ, ഖുദൂം പ്ലാറ്റ്‌ഫോമുകള്‍ വഴി ആരോഗ്യ സ്ഥിതി പരിശോധിക്കാം. ഇതിന് ശേഷം യാത്രക്കാര്‍ക്ക് ആരോഗ്യ സ്ഥിതി വ്യക്തമാക്കുന്നതിനുള്ള ഫോം നല്‍കണം. ഇത് സൗദിയിലിറങ്ങിയ ശേഷം എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വാങ്ങിവെക്കും. യാത്രക്ക് മുമ്പ് കാര്യങ്ങള്‍ വിമാനക്കമ്പനി പരിശോധിച്ചില്ലെങ്കില്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകും.

വാഷിങ്ടണ്‍: ഫേസ്ബുക്കിനെ ആപ്പ് സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യുമെന്ന് ഭീഷണിയുമായി ആപ്പിള്‍. ഓണ്‍ലൈന്‍ സ്ലേവ് മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് ഇരകളെ വില്‍ക്കാന്‍ മനുഷ്യക്കടത്തിന്റെ ആളുകള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ടെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഭീഷണിയുമായി ആപ്പിള്‍ രംഗത്തെത്തിയത്. ദി വാള്‍ സ്ട്രീറ്റ് ജേണലാണ് ആപ്പിളിന്റെ ഭീഷണിയെ കുറിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നേരത്തെ, ഫേസ്ബുക്കിലൂടെ മധ്യേഷ്യയില്‍ നടക്കുന്ന മനുഷ്യക്കമ്പോളത്തിന്റെ ഇടനിലക്കാര്‍ കച്ചവടം നടത്തുന്നത് സംബന്ധിച്ച 2019ലെ ബിബിസി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. മനുഷ്യക്കടത്ത് സംഘത്തെ കുറിച്ച് ആഴത്തിലുള്ള അന്വേഷണമാണ് ബിബിസി നടത്തിയത്. 2019 നും മുന്‍പ് തന്നെ ഫെയ്‌സ്ബുക്കിന് ഈ മനുഷ്യക്കടത്ത് സംഘം തങ്ങളുടെ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് അറിയാമായിരുന്നുവെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.

വാഷിങ്ടണ്‍: കോവിഡ് ലോക്ഡൗണ്‍ സമയങ്ങളില്‍ ജനപ്രിയമായി മാറിയ ടെലികോണ്‍ഫറന്‍സിംഗ് ആപ്പായ സൂം പുതിയ അപ്‌ഡേഷനുകള്‍ ഒരുക്കുന്നതായി റിപ്പോര്‍ട്ട്. ടെലി കോണ്‍ഫറന്‍സുകള്‍ക്കിടയില്‍ ലൈവ് ഭാഷാ വിവര്‍ത്തനം ഉള്‍പ്പെടെയാണ് സൂമില്‍ പുതിയതായി എത്തുക.

കഴിഞ്ഞ ദിവസം നടന്ന സൂം ടോപ്പിയ കോണ്‍ഫറന്‍സിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. മുപ്പതോളം ഭാഷകളില്‍ തര്‍ജ്ജമകളുടെ ലൈവ് കൈയ്യെഴുത്തു പ്രതികള്‍ക്കുളള സാങ്കേതിക സംവിധാനവും കമ്പനി അണിയറയില്‍ ഒരുക്കുന്നുണ്ട്.

പെയ്ഡ് അക്കൗണ്ടുകളിലാണ് തത്സമയ വിവര്‍ത്തന സേവനം സൂം ഏര്‍പ്പെടുത്തുക. 12 ഭാഷകളിലാണ് ഈ സൗകര്യം ഏര്‍പ്പെടുത്തുക. ഫേസ്ബുക്കിന്റെ വെര്‍ച്വല്‍ റിയാല്‍റ്റി പ്ലാറ്റ്ഫോമിലേക്കും സൂം കടന്നുവരുമെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

നിലവില്‍ സൂം വീഡിയോ കോളുകളില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ബോര്‍ഡുകളില്‍ സ്റ്റിക്കി കുറിപ്പുകളും ഡ്രോയിംഗുകളും അഭിപ്രായങ്ങളും ചേര്‍ക്കാനും ആവശ്യമുള്ളപ്പോള്‍ അവ കാണാനും സാധ്യമാണ്.

പുതിയ സ്മാര്‍ട് ഗ്‌ളാസ് അവതരിപ്പിക്കാനൊരുങ്ങി ഷവോമി. ഷവോമി 11ടി, ഷവോമി 11ടി പ്രോ എന്നീ സ്മാര്‍ട് ഗ്ലാസുകള്‍ നാളെ വിപണിയിലെത്തുകയെന്ന് കമ്പനി അറിയിച്ചു. മൈക്രോ എല്‍ഇഡി ടെക്നോളജിയാണ് കണ്ണടയുടെ രൂപമുളള സ്മാര്‍ട് ഗ്‌ളാസിനുളളത്. 0.13 ഇഞ്ച് മൈക്രോ എല്‍ഇഡി ഡിസ്പ്‌ളേയുളള കണ്ണടയ്ക്ക് 51 ഗ്രാമാണ് ഭാരം.

മെസ്സേജുകളും നോട്ടിഫിക്കേഷനുകളും കാണാനും, കോള്‍ ചെയ്യാനും, ചിത്രങ്ങളെടുക്കാനും, പരിഭാഷപ്പെടുത്താനും മാത്രമല്ല സഞ്ചാരികള്‍ക്ക് വഴി കണ്ടെത്താനും ഈ സ്മാര്‍ട് ഗ്‌ളാസിലൂടെ സാധിക്കും. സിയാവൊ എഐ വോയിസ് അസിസ്റ്റന്റ് വഴിയാണ് വാചകങ്ങള്‍ സ്മാര്‍ട്ട് ഗ്‌ളാസ് പരിഭാഷപ്പെടുത്തുക. 5 മെഗാപിക്സല്‍ ക്യാമറയാണ് ഇതിനുളളത്. വൈഫൈ ബ്‌ളൂടൂത്ത് സംവിധാനവും ഇതിലുണ്ട്.

ഒപ്റ്റിക്കല്‍ വേവ്‌ഗൈഡ് ലെന്‍സിന്റെ മൈക്രോസ്‌കോപ്പിക് ഗ്രേറ്റിംഗ് സ്ട്രക്ചര്‍ വഴിയാണ് പ്രകാശരശ്മികളെ സ്മാര്‍ട്ട് ഗ്‌ളാസ് കണ്ണിലേക്ക് കടത്തിവിടുക. സ്മാര്‍ട്‌ഫോണിനൊപ്പമുളള ഉപകരണമായല്ല സ്വതന്ത്ര്യ ആന്‍ഡ്രോയിഡ് സ്മാര്‍ട് ഉപകരണമായാണ് സ്മാര്‍ട് ഗ്‌ളാസിനെ ഷവോമി അവതരിപ്പിക്കുന്നത്. സ്മാര്‍ട് ഗ്‌ളാസിന്റെ വില ഷവോമി പ്രഖ്യാപിച്ചിട്ടില്ല.

വാഷിങ്ടണ്‍: ലോകത്തില്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന മെസേജിങ് ആപ്ലിക്കേഷന്‍ വാട്സാപ്പില്‍ പുതിയ അപ്‌ഡേഷന്‍ എത്തുന്നു. ഇനിമുതല്‍ വാട്സാപ്പിലൂടെ അയക്കുന്ന ശബ്ദസന്ദേശങ്ങള്‍ അഥവാ വോയ്സ് മെസേജ് കേള്‍ക്കാന്‍ മാത്രമല്ല വായിക്കാനും കഴിയുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. വാട്സാപ്പുമായി ബന്ധപ്പെട്ട വിവരങ്ങളും വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന വെബ് പോര്‍ട്ടലായ ഡബ്ല്യൂ.എ.ബീറ്റ-ഇന്‍ഫോയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.

വാട്സാപ്പില്‍ ലഭിക്കുന്ന ശബ്ദസന്ദേശത്തെ ട്രാന്‍സ്‌ക്രൈബ് ചെയ്യാനുള്ള ഓപ്ഷനാണ് വികസിപ്പിക്കുന്നതെന്ന് ഡബ്ല്യൂ.എ.ബീറ്റ-ഇന്‍ഫോയില്‍ വ്യക്തമാക്കുന്നു. വാട്സാപ്പില്‍ അയക്കുന്ന ശബ്ദസന്ദേശങ്ങള്‍ ലഭിക്കുന്ന ആള്‍ക്ക് സന്ദേശം ഉച്ചത്തില്‍ പ്ലേ ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍, മുഴുവന്‍ സന്ദേശവും കേട്ടുതീര്‍ക്കാന്‍ സമയമില്ലെങ്കില്‍, ചിലപ്പോള്‍ ഹെഡ്സെറ്റ് കയ്യില്‍ കരുതാത്തതിനാല്‍ തുടങ്ങി നിരവധി സാഹചര്യങ്ങളില്‍ വോയ്സ് മെസേജ് കേള്‍ക്കാന്‍ കഴിയാതെ വരാം.

ഇത്തരം സന്ദര്‍ഭങ്ങളില്‍ ശബ്ദസന്ദേശം വായിക്കാന്‍ കഴിയുന്ന വിധത്തില്‍ രൂപമാറ്റം വരുത്താനുള്ള സംവിധാനം നല്‍കാനാണ് വാട്സാപ്പ് ഉദ്ദേശിക്കുന്നത്. ആന്‍ഡ്രോയ്ഡ്-ആപ്പിള്‍ മൊബൈലുകളില്‍ ഉടന്‍ തന്നെ വാട്സാപ്പിന്റെ പുതിയ സംവിധാനം നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

തിരുവനന്തപുരം: കേരള ടൂറിസത്തിന്റെ നവീകരിച്ച മൊബൈല്‍ ആപ്പ് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ പുറത്തിറക്കി. ടൂറിസം വകുപ്പ് മന്ത്രി മൂഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിലായിരുന്നു നവീകരിച്ച് ആപ്പിന്റെ ഉദ്ഘാടനം നടന്നത്. സഞ്ചാരികള്‍ക്ക് പുതിയ സ്ഥലങ്ങള്‍ കണ്ടെത്താനും, അവര്‍ കണ്ടെത്തുന്ന പുതിയ ഇടങ്ങള്‍ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്താനും സാധിക്കുന്ന വിധത്തിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.

കേരളത്തിലെ ആരും അറിയപ്പെടാത്ത ഒരുപാട് വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ട്, അവ ഈ അപ്പിലൂടെ കണ്ടെത്താന്‍ സാധിക്കട്ടെ എന്ന് മോഹന്‍ലാല്‍ ഉദ്ഘാടന വേളയില്‍ പറഞ്ഞു.

ശബ്ദ സഹായിയുടെ സാധ്യത ഉപയോഗിച്ച് യാത്രക്കാര്‍ക്ക് അന്വേഷണങ്ങ നടത്താം, ശബ്ദ ഉത്തരങ്ങളായി വിവരങ്ങള്‍ ലഭിക്കുകയും ചെയ്യും. ഓഗ്മെന്റഡ് റിയാലിറ്റി സാധ്യതകള്‍ കൂടി ചേര്‍ത്ത് ഗെയിമിംഗ് സ്റ്റേഷന്റെ സ്വഭാവത്തില്‍ പുറത്തിറക്കുന്ന നവീകരിച്ച ടൂറിസം മൊബൈല്‍ ആപ്പിന് മികച്ച സ്വീകാര്യതയാണുള്ളത്.

മോഹന്‍ലാലിന്റെ കാര്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് കടത്തിവിട്ട സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരെ നടപടി

ഗുരുവായൂര്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ വടക്കേനടയിലൂടെ മോഹന്‍ലാലിന്റെ കാര്‍ കടത്തിവിട്ട സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരെ നടപടിക്കൊരുങ്ങി ദേവസ്വം. ജീവനക്കാരെ സര്‍വിസില്‍നിന്ന് മാറ്റിനിര്‍ത്താന്‍ ചീഫ് സെക്യൂരിറ്റി ഓഫിസര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍ കത്ത് നല്‍കി.

വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു മോഹന്‍ലാല്‍ ക്ഷേത്രദര്‍ശനത്തിനെത്തിയത്. വടക്കേനടയില്‍ നാരായണാലയത്തിന് സമീപത്തെ ഗേറ്റ് തുറന്നാണ് നടന്റെ കാര്‍ ക്ഷേത്രത്തിലേക്ക് കടത്തിവിട്ടത്. വി.ഐ.പി വാഹനങ്ങള്‍ സാധാരണ തെക്കേനട വഴിയാണ് കടത്തിവിടാറ്.

കോവിഡിന്റെ വരവോടെ ഡിജിറ്റല്‍ ഇടപാടുകളാണ് എല്ലാ മേഖലകളിലും സ്വീകരിക്കുന്നത്. ഇതിനാല്‍ തന്നെ നാള്‍ക്കുനാള്‍ ഓണ്‍ലൈന്‍ തട്ടിപ്പുകളും വര്‍ധിച്ചുവരികയാണ്. നിങ്ങളുടെ അശ്രദ്ധ ചിലപ്പോള്‍ അക്കൗണ്ട് കാലിയാക്കും. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അടുത്തിടെ 155260 എന്ന ടോള്‍ഫ്രീ നമ്പരും സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു.

ബാങ്കുകളിലോ മറ്റു സ്ഥാപനങ്ങളിലോ നിങ്ങള്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യേണമെന്നു പറഞ്ഞാണ് അക്കൗണ്ടുകളില്‍ നിന്നും പണം തട്ടുന്നത്. കോളിലൂടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനൊപ്പം മൊബൈലിലെത്തുന്ന ഒ.ടി.പിയും ആവശ്യപ്പെടും. ഒടിപി കൈമാറുന്നതോടെ നിങ്ങളുടെ അക്കൗണ്ടില്‍നിന്നു പണവും നഷ്ടമാകും. എന്നാല്‍, ബാങ്കുകളും മറ്റും ഇത്തരം വിവരങ്ങളോ പാസ്വേഡുകളോ ഒ.ടി.പികളോ ഓണ്‍ലൈനായി ആവശ്യപ്പെടാറില്ലെന്നുള്ളതാണ് സത്യം.

ചാര്‍ജിങ് പോയിന്റുകള്‍ എന്ന പേരിലും ഇപ്പോള്‍ തട്ടിപ്പുകള്‍ പ്രചരിക്കുന്നുണ്ട്. ചാര്‍ജിങ് പോയിന്റുകള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളിലെ വിവരങ്ങള്‍ മഴുവന്‍ ഹാക്ക് ചെയ്യപ്പെടും. മിക്കവരും ഓണ്‍ലൈന്‍ ബാങ്കിങ് പാസ്വേഡുകള്‍ സഹിതം മൊബൈലുകളിലും ലാപ്ടോപുകളിലും ശേഖരിക്കാറുണ്ട്. ഇതുവഴി അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യും.

ഒ.എല്‍.എക്സ്/ ക്യുക്കര്‍ പോലുള്ള യൂസ്ട് സാധനങ്ങള്‍ വില്‍ക്കാനും വാങ്ങാനുമുള്ള പ്ലാറ്റ്ഫോമുകളാണ് തട്ടിപ്പിന് ഉപയോഗിക്കുന്ന മറ്റൊരു വഴി. സാധനങ്ങള്‍ വാങ്ങാന്‍ താല്‍പര്യമുണ്ടെന്നു കാട്ടി വരുന്ന ഇത്തരം കോളുകളില്‍ ആളുകള്‍ പെട്ടെന്നു വീഴുകയും ചെയ്യും. യു.പി.ഐ. വഴിയാണ് ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നത്. പണം അയയ്ക്കുന്നതിനു പകരം അവര്‍ റിക്വസ്റ്റ് മണി ഓപ്ഷന്‍ അയയ്ക്കും. യു.പി.ഐയില്‍ പരിചിതമല്ലാത്ത ഉപയോക്താക്കള്‍ ഇതു സ്വീകരിക്കുന്നതോടെ പണം തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്കു പോകുന്നതാണ് ഒരു വഴി. ചില തട്ടിപ്പുകാള്‍ ഒരുപടി കൂടി കടന്നു വ്യാജ രസിതുകള്‍ അയയ്ക്കും. അല്ലെങ്കില്‍ ക്യാഷ് സെന്റ് എന്ന് മെസേജ് അയയ്ക്കും. ഇത്തരം ആളുകള്‍ 1000 രൂപ അയക്കേണ്ടടത്ത് 10000 രൂപ അയച്ചെന്നാകും വരുത്തി തീര്‍ക്കുക. തുടര്‍ന്ന് ഇവര്‍ വിളിച്ച് ബാക്കി 9000 രൂപ തിരിച്ചയയ്ക്കാന്‍ ആവശ്യപ്പെടും. അക്കൗണ്ടുകള്‍ പരിശോധിക്കാതെ പണമയച്ചാല്‍ നിങ്ങളുടെ പണം നഷ്ടപ്പെടുമെന്ന് ഉറപ്പ്.

മൊബൈല്‍ ഓപ്പറേറ്റര്‍ ആണെന്ന വ്യാജേനയും തട്ടിപ്പുകാരുണ്ട്. മികച്ച സേവനത്തിനായി സിം അപ്ഗ്രേഡ് ചെയ്യണമെന്നു വരുത്തിത്തീര്‍ത്ത് മൊബൈലില്‍ വരുന്ന ഒ.ടി.പി. കൈക്കലാക്കിയാണ് ഇത്തരക്കാരുടെ തട്ടിപ്പ്. ഇതോടെ നിങ്ങളുടെ സിം പ്രവര്‍ത്തനരഹിതമാകും. ശേഷം, ഗൂഗിള്‍ ഡ്രൈവിലും മറ്റുമുള്ള വിവരങ്ങള്‍ സിം വഴി ഹാക്ക് ചെയ്യും. 90 ശതമാനം ആളുകളും തങ്ങളുടെ അക്കൗണ്ട് വിവരങ്ങള്‍ ഫോണുകളില്‍ സൂക്ഷിച്ചിട്ടുണ്ടാകും. ഇവ ഗൂഗിളുമായി ചേര്‍ത്തിട്ടുമുണ്ടാകും. തട്ടിപ്പ് മനസിലാക്കി സിം ബ്ലോക്ക് ചെയ്യുന്ന സമയത്തിനുള്ളില്‍ അക്കൗണ്ടുകളും മറ്റും കാലിയായിട്ടുണ്ടാകും.

ഇ- മെയിലും, വാട്സ്ആപ്പ് വഴിയും തട്ടിപ്പുകള്‍ സാധാരണമാണ്. പര്‍ച്ചേസിന് ക്യാഷ്ബാക്ക് ലഭിക്കുമെന്നും ഇതിനായി ലോഗിന്‍ ചെയ്യണമെന്നുമാകും മെസേജ്. കൂടെയുള്ള ലിങ്ക് ഒറിജിനല്‍ സൈറ്റ് വ്യാജമായിരിക്കും. ഇവിടെ നിങ്ങള്‍ നല്‍കുന്ന ഒരോ വിവരങ്ങളും തട്ടിപ്പുകാരുടെ കൈയിലാകും എത്തുക. മിക്ക ഉപയോക്താക്കളും നിങ്ങളുടെ അക്കൗണ്ട് വിവരങ്ങള്‍ എളുപ്പത്തിനായി ഇ- കൊമേഴ്സ് പോര്‍ടലുകളില്‍ ശേഖരിച്ചിട്ടുണ്ടാകും. ഇവ വഴി തട്ടിപ്പുകാര്‍ നിങ്ങളുടെ അക്കൗണ്ടുകളില്‍ നിന്നു പണം തട്ടിയെടുക്കും.

ബംഗളൂരു: ഇന്ത്യയിലെ ഏറ്റവും മോശം ഭാഷയായി കന്നഡയെ അവതരിപ്പിച്ചതില്‍ ഗൂഗിളിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി. ഗൂഗിള്‍ മാപ്പ് പറഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തീര്‍പ്പാക്കിയത്.

ആന്റി കറപ്ഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ട്രസ്റ്റാണ് ഈ വിഷയത്തില്‍ ഗൂഗിളിനെതിരെ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. കന്നഡ ഭാഷയുടെ അന്തസ് ഇടിച്ചുകാണിച്ചതിന് കര്‍ണാടക സാസംസ്‌കാരിക വകുപ്പിന് 10 കോടി നഷ്ടപരിഹാരം വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍, ഈ വിഷയത്തില്‍ ഗൂഗ്ള്‍ നിരുപാധികം മാപ്പ് പറഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു.

നേരത്തെ, ഓണ്‍ലൈന്‍ സെര്‍ച്ചിങ്ങില്‍ ഇന്ത്യയിലെ ഏറ്റവും മോശം ഭാഷ കന്നഡയെന്നായിരുന്നു ഗൂഗിള്‍ റിസള്‍ട്ട് നല്‍കിയിരുന്നത്. ഇതിനെതിരെ കര്‍ണാടകയില്‍ വലിയ പ്രതിഷേധവും പൊട്ടിപ്പുറപ്പെട്ടിരുന്നു. പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കി ഗൂഗിള്‍ ജനങ്ങളോട് മാപ്പ് ചോദിക്കുകയും ഉടന്‍ പ്രശ്‌നം പരിഹരിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

സെര്‍ച് ഫലങ്ങള്‍ എപ്പോഴും മികച്ചതായിരിക്കണമെന്നില്ലെന്നും ഉള്ളടക്കം വിവരിക്കുന്ന രീതിയനുസരിച്ച് ഇത്തരം വ്യത്യസ്തമായ ഫലങ്ങള്‍ വരാമെന്നും ജൂണ്‍ മൂന്നിന് സംഭവത്തില്‍ ക്ഷമ ചോദിച്ചുകൊണ്ട് ഗൂഗിള്‍ പ്രസ്താവനയിറക്കിയിരുന്നു.

വാട്‌സ്ആപ്പ് ചാറ്റുകള്‍ സ്വകാര്യമല്ലെന്ന് റിപ്പോര്‍ട്ട്. ‘പ്രോപബ്ലിക്ക’ ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് മാതൃകമ്പനിയായ ഫേസ്ബുക്ക് വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ അയക്കുന്ന സന്ദേശങ്ങള്‍ വായിക്കുന്നതായി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ വായിക്കാനും നിയന്ത്രിക്കാനുമായി ലോകമെമ്പാടും ആയിരത്തിലധികം കരാര്‍ തൊഴിലാളികളെ ഫേസ്ബുക്ക് നിയമിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓസ്റ്റിന്‍, ടെക്‌സാസ്, ഡബ്ലിന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ ഓഫീസുകളിലായി ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ഉള്ളടക്കം പരിശോധിക്കുന്നതിനായി ആയിരത്തിലധികം കരാര്‍ തൊഴിലാളികളെ ഫേസ്ബുക്കിനായി ജോലി ചെയ്യുന്നുവെന്ന് പ്രോപബ്ലിക്ക പറയുന്നു.

തട്ടിപ്പ്‌കേസുകള്‍, കുട്ടികളുടെ അശ്ലീലം, തീവ്രവാദ ഗൂഢാലോചന എന്നിവ തടയാനായി ജീവനക്കാരെ കമ്പനി ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു സമ്മതിച്ചിട്ടുണ്ട്. സന്ദേശങ്ങള്‍ക്ക് പുറമെ, ഒരു ഉപയോക്താവിന്റെ വാട്ട്സ്ആപ്പ് പ്രൊഫൈല്‍, ഗ്രൂപ്പുകള്‍ എന്നിവയുടെ പേരുകളും പ്രൊഫൈല്‍ ചിത്രങ്ങള്‍, ഫോണ്‍ നമ്പര്‍, സ്റ്റാറ്റസ് സന്ദേശം, ഫോണ്‍ ബാറ്ററി നില, ഭാഷ, ബന്ധപ്പെട്ട ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ എന്നിവയടക്കമുള്ള എന്‍ക്രിപ്റ്റ് ചെയ്യാത്ത വിവരങ്ങള്‍ ഈ കരാര്‍ തൊഴിലാളികള്‍ക്ക് കാണാനാകും.

ഓരോ കരാര്‍ ജീവനക്കാരനും പ്രതിദിനം 600 പരാതികളാണ് കൈകാര്യം ചെയ്യുന്നത്. ഒരു കേസിന് ഒരു മിനിറ്റില്‍ താഴെ സമയമാണ് ലഭിക്കുക. ഒന്നുകില്‍ ഒന്നും ചെയ്യാതെയിരിക്കാം അല്ലെങ്കില്‍ കൂടുതല്‍ പരിശോധനക്കായി ഉപയോക്താവിനെ നിരീക്ഷണത്തില്‍ വെക്കാം അതുമല്ലെങ്കില്‍ അക്കൗണ്ട് നിരോധിക്കാം.

യു.എസ് നിയമ വിഭാഗത്തിന്റെ ചില സ്വകാര്യ ഡേറ്റ കമ്പനി പങ്കുവെച്ചതായും ആക്ഷേപമുണ്ട്. വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ കമ്പനി കാണുന്നില്ലെന്ന് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് ഉറപ്പുനല്‍കിയതിനു പിന്നാലെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

തിരുവനന്തപുരം: 2021 വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പരീക്ഷാഭവനാണ് സൗകര്യം ഏർപ്പെടുത്തിയത്. കേരള സംസ്ഥാന ഐ.ടി. മിഷൻ, ഇ-മിഷൻ, ദേശീയ ഇ-ഗവേണൻസ് ഡിവിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് സംവിധാനം ഏർപ്പെടുത്തിയതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാം.

എല്ലാ രേഖകളും സുരക്ഷിതമായി ഇ-രേഖകളായി സൂക്ഷിക്കാനുള്ള സംവിധാനമാണ് ഡിജിലോക്കർ. https://digilocker.gov.in ലൂടെ മൊബൈൽ നമ്പറും ആധാർ നമ്പറും ഉപയോഗിച്ച് ഡിജിലോക്കർ അക്കൗണ്ട് തുറക്കാം.

ആദ്യമായി രജിസ്റ്റർ ചെയ്യാൻ വെബ്സൈറ്റിൽ കയറി സൈൻ അപ് ചെയ്ത് പേരും ജനനതീയതിയും (ആധാറിൽ നൽകിയിട്ടുള്ളത്), മറ്റ് വിവരങ്ങളായ ജൻഡർ, മൊബൈൽ നമ്പർ ആറക്ക പിൻനമ്പർ (ഇഷ്ടമുള്ള ആറക്ക ഡിജിറ്റ്), ഇ-മെയിൽ ഐ.ഡി, ആധാർ നമ്പർ എന്നിവ കൊടുത്ത് സബ്മിറ്റ് ചെയ്യണം. തുടർന്ന് മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒറ്റതവണ പാസ്‌വേഡ് (OTP) കൊടുത്ത ശേഷം തുടർന്ന് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന യൂസർനെയിമും പാസ്‌വേഡും നൽകണം.

എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് ഡിജിലോക്കറിൽ ലഭ്യമാക്കുന്നതിനായി ഡിജിലോക്കറിൽ ലോഗിൻ ചെയ്തശേഷം ‘Get more now’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. Education എന്ന സെക്ഷനിൽ നിന്ന് ‘Board of Public Examination Kerala’ തിരഞ്ഞെടുക്കുക. തുടർന്ന് ‘Class X School Leaving Certificate’ സെലക്ട് ചെയ്യുകയും രജിസ്റ്റർ നമ്പറും വർഷവും കൊടുത്ത് സൈറ്റിലൂടെ ലഭിക്കുന്ന മാർഗനിർദ്ദേശം അനുസരിച്ച് ചെയ്താൽ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് ലഭിക്കും.

ഡിജിലോക്കർ സംബന്ധമായ പ്രശ്ന പരിഹാരത്തിനായി സംസ്ഥാന ഐ.ടി. മിഷന്റെ സിറ്റിസൺ കാൾ സെന്ററിലെ 0471-155300 (ടോൾ ഫ്രീ) 0471-2335523 (ടോൾഫ്രീ) എന്നീ ഫോൺ നമ്പറുകളിൽ വിളിക്കാം.