Technology (Page 111)

വാഷിങ്ടണ്‍: സോഷ്യല്‍ മീഡിയ ഭീമന്മാരായ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം സേവനങ്ങളില്‍ ഇന്നലെ വീണ്ടും തടസം നേരിട്ടെന്ന് സ്ഥിരീകരിച്ച് കമ്പനി. കോണ്‍ഫിഗറേഷനിലുണ്ടായ മാറ്റമാണ് പ്രശ്‌നത്തിന് കാരണമെന്നും ഇത് പരിഹരിച്ചെന്നും ഉപയോക്താക്കളോട് ക്ഷമ ചോദിക്കുന്നെന്നും ഫെയ്‌സ്ബുക്ക് അറിയിച്ചു.

ഇന്നലെ രണ്ടുമണിക്കൂറാണ് ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം സേവനങ്ങളില്‍ തടസം നേരിട്ടത്. ഈ ആഴ്ച ഇത് രണ്ടാം തവണയാണ് ആപ്പുകളുടെ പ്രവര്‍ത്തനം നിലയ്ക്കുന്നത്.

നേരത്തെ, ഏഴ് മണിക്കൂറോളം സേവനം തടസ്സപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ഓഹരിയിലുണ്ടായ കനത്ത ഇടിവില്‍ ഫെയ്‌സ്ബുക്ക് ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗിന് 52,000 കോടി രൂപ നഷ്ടവും സംഭവിച്ചിരുന്നു. പിന്നാലെ ഉപഭോക്താക്കളോട് ക്ഷമ ചോദിച്ച് സക്കര്‍ബര്‍ഗ് രംഗത്തെത്തിയിരുന്നു.

ന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പഴയ പതിപ്പുകള്‍ ഉപയോഗിച്ച് ദശലക്ഷക്കണക്കിന് സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്ന് ഗൂഗിള്‍ മാപ്സ്, യൂട്യൂബ്, ജിമെയില്‍ തുടങ്ങി മറ്റ് നിരവധി ആപ്ലിക്കേഷനുകള്‍ എന്നിവയ്ക്കുള്ള പിന്തുണ ഗൂഗിള്‍ പിന്‍വലിക്കുന്നു.

അക്കൗണ്ടുകളുടെ സുരക്ഷ നിലനിര്‍ത്തുന്നതിനുള്ള കമ്പനിയുടെ പദ്ധതികളുടെ ഭാഗമായി, ആന്‍ഡ്രോയിഡ് 2.3.7 ജിഞ്ചര്‍ബ്രെഡ് അല്ലെങ്കില്‍ താഴെയുള്ള ഏത് ഉപകരണത്തിനും ഗൂഗിള്‍ ഉല്‍പ്പന്നങ്ങളിലും സേവനങ്ങളിലും സൈന്‍ ഇന്‍ ചെയ്യാന്‍ കഴിയില്ല.

ഈ ആപ്പുകളിലേക്ക് ആക്സസ് നിലനിര്‍ത്താന്‍ ഉപയോക്താക്കള്‍ അവരുടെ സ്മാര്‍ട്ട്ഫോണുകളില്‍ കുറഞ്ഞത് ആന്‍ഡ്രോയ്ഡ് 3.0 ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം. ഉപയോക്താക്കളെ സുരക്ഷിതമായി നിലനിര്‍ത്തുന്നതിനുള്ള ഞങ്ങളുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി, ആന്‍ഡ്രോയിഡ് 2.3.7 അല്ലെങ്കില്‍ അതില്‍ താഴെയുള്ള ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ 2021 സെപ്റ്റംബര്‍ 27 മുതല്‍ സൈന്‍-ഇന്‍ ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഗൂഗിള്‍ നേരത്തെ അറിയിച്ചിരുന്നു.

സെപ്റ്റംബര്‍ 27-ന് ശേഷം നിങ്ങള്‍ നിങ്ങളുടെ ഉപകരണത്തില്‍ സൈന്‍ ഇന്‍ ചെയ്യുകയാണെങ്കില്‍ ഗൂഗിള്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍ യൂസര്‍നെയിം അല്ലെങ്കില്‍ പാസ്വേഡ് പ്രശ്നം നേരിടുമെന്ന് ഗൂഗിള്‍ കമ്മ്യൂണിറ്റി മാനേജര്‍ സാക്ക് പൊള്ളാക്ക് വ്യക്തമാക്കി.

വാട്സാപ്പില്‍ പുതിയ അപ്ഡേറ്റ് ഫീച്ചറെത്തി. ഡിസപ്പിയറിങ് മെസേജുകള്‍ കൈകാര്യം ചെയ്യാനും, രൂപമാറ്റം വരുത്തിയ ചാറ്റ് ബബിളുകളുമുള്ള സംവിധാനമാണ് പുതിയതായി അവതരിപ്പിച്ചത്.

വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം പുതിയ അപ്ഡേറ്റ് ബീറ്റാ ഉപഭോക്താക്കള്‍ക്ക് ലഭിച്ചുതുടങ്ങിയിട്ടുണ്ട്. കോണുകള്‍ കൂടുതല്‍ വക്രീകരിച്ചും വലുപ്പം കൂട്ടിയുമാണ് ചാറ്റ് ബബിളുകള്‍ തയ്യാറാക്കിയിരിക്കുന്നത്.

വാട്സാപ്പ് പ്രൈവസി സെറ്റിങ്സില്‍ ഡിഫോള്‍ട്ട് മെസേജ് ടൈമര്‍ സെറ്റ് ചെയ്യാനും ഡിസപ്പിയറിങ് മെസേജുകള്‍ക്ക് 24 മണിക്കൂര്‍, ഏഴ് ദിവസം, 90 ദിവസം എന്നീ സമയപരിധി നിശ്ചയിക്കാനാവും.

ഒരു നിശ്ചിത ദൈര്‍ഘ്യത്തില്‍ പുതിയ ചാറ്റുകള്‍ എല്ലാം നേരത്തെ തന്നെ ഡിസപ്പിയറിങ് മെസേജസ് ഫീച്ചര്‍ ഓണ്‍ ചെയ്താണ് ആരംഭിക്കുക എന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച അറിയിപ്പ് ചാറ്റ് വിന്‍ഡോയില്‍ ചാറ്റ് ആരംഭിക്കുമ്പോള്‍ തന്നെ കാണാം. നിലവില്‍ ബീറ്റാ പരീക്ഷണ ഘട്ടത്തിലായതിനാല്‍ ഇത് എല്ലാവര്‍ക്കും ലഭിക്കുന്നതിനായി കുറച്ചുകൂടി കാത്തിരിക്കണം.

ഫെയ്സ്ബുക്കിന്റെ നിശ്ചലാവസ്ഥയില്‍ കമ്പനിക്കു വന്ന നഷ്ടമല്ല, മറിച്ച് തങ്ങളുടെ സേവനങ്ങളെ ആശ്രയിച്ച് പ്രിയമുള്ളവരോട് ഇടപെടുന്നവര്‍ക്ക്, ബിസിനസുകള്‍ നടത്തുന്നവര്‍ക്ക്, തങ്ങളുടെ സമൂഹങ്ങളെ യോജിപ്പിച്ചു നിര്‍ത്തുന്നവര്‍ക്കും എന്തു ക്ഷീണമാണ് ഉണ്ടാക്കിയത് എന്നാണ് അന്വേഷിക്കേണ്ടതെന്നായിരുന്നു മാര്‍ക് സക്കര്‍ബര്‍ഗിന്റെ നിര്‍ദേശം.

കൂടാതെ, കമ്പനിയുടെ സേവനങ്ങളെ എത്രയധികം പേര്‍ ആശ്രയിക്കുന്നുണ്ട് എന്നതിന്റെ ഒരു ഓര്‍മപ്പെടുത്തലാണ് ഇതെന്നും ഫെയ്സ്ബുക്, വാട്സാപ്, ഇന്‍സ്റ്റഗ്രാം തുടങ്ങി കമ്പനികളുടെ മേധാവിയായ മാര്‍ക്ക് സക്കര്‍ബര്‍ഗ് കമ്പനിയിലെ ജീവനക്കാര്‍ക്കായി പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. ഈ കുറിപ്പ് പിന്നെ ഫെയ്‌സ്ബുക് വഴി പുറത്തുവിടുകയായിരുന്നു.

സമീപകാലത്തായി രണ്ട് വന്‍ ആരോപണങ്ങളാണ് ഫെയ്സ്ബുക്കിനെതിരെ ഉയര്‍ന്നിരിക്കുന്നത്. ദി വാള്‍ സ്ട്രീറ്റ് ജേണല്‍ കമ്പനിക്കുള്ളില്‍ നിന്നു സംഘടിപ്പിച്ചു പുറത്തുവിട്ട രേഖകളും, വിസില്‍ ബ്ലോവറായ ഫ്രാന്‍സെസ് ഹോഗന്‍ അമേരിക്കന്‍ സെനറ്റ് പാനലിനു മുന്നില്‍ നടത്തിയ ആരോപണങ്ങളുമാണിത്. ഫെയ്സ്ബുക് ലാഭത്തിനായി ഉപയോക്താക്കളുടെ സുരക്ഷയെ പോലും ബലികഴിക്കുന്നു എന്നതാണ് ഫ്രാന്‍സെസിന്റെ പ്രധാന വാദം. ഇത് സത്യമല്ലെന്നാണ് സക്കര്‍ബര്‍ഗ് വാദിക്കുന്നത്. ജനങ്ങളെ രോഷാകുലരാക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ച് അതുവഴി കൂടുതല്‍ ലാഭമുണ്ടാക്കുന്നു എന്നത് യുക്തിപരമായ വാദമല്ലെന്ന് അദ്ദേഹത്തിന്റെ ഫെയ്സ്ബുക് പോസ്റ്റില്‍ പറയുന്നുണ്ട്.

ഫെയ്സ്ബുക്കിനായി ജോലിയെടുക്കുന്നവര്‍ക്ക് പുതിയ ആരോപണങ്ങള്‍ വിശ്വസിക്കുക എന്നത് എളുപ്പമുള്ള കാര്യമായിരിക്കില്ലെന്ന് ആദ്ദേഹം പറയുന്നു. നമ്മള്‍ ഉപയോക്താക്കളുടെ സുരക്ഷ, ക്ഷേമം, മാനസികാരോഗ്യം തുടങ്ങിയ കാര്യങ്ങളെ ഗൗരവത്തിലെടുക്കുന്നു. നമ്മുടെ ലക്ഷ്യങ്ങളെ തെറ്റായ രീതിയില്‍ ചിത്രീകരിക്കാനുളള ശ്രമമാണ് നടക്കുന്നത്. കമ്പനിയെ കുറിച്ചുള്ള തെറ്റായ ചിത്രം കമ്പനിക്കുള്ളിലുള്ളവര്‍ക്ക് തിരിച്ചറിയാന്‍ പോലും സാധ്യമല്ലെന്നും അദ്ദേഹം പറയുന്നു.

നമ്മള്‍ പരസ്യത്തില്‍ നിന്നാണ് വരുമാനം ഉണ്ടാക്കുന്നത്. നമുക്കു പരസ്യംതരുന്നവര്‍ തറപ്പിച്ചു പറയുന്ന കാര്യം അവരുടെ പരസ്യങ്ങള്‍ വിദ്വേഷം പ്രചരിപ്പിക്കുന്ന കണ്ടെന്റിനൊപ്പം പ്രദര്‍ശിപ്പിക്കരുതെന്നാണ്. ഒരു ടെക്നോളജി കമ്പനി അതിനു മുതിരില്ലെന്നും അതിന്റെ എതിര്‍ ദിശയിലായിരിക്കും നീങ്ങുക എന്നും അദ്ദേഹം പറയുന്നു. മാധ്യമങ്ങളാണ് അമേരിക്കന്‍ സമൂഹത്തെ വിഘടിപ്പിക്കുന്നതെങ്കില്‍ എന്തു കൊണ്ടാണ് അത് മറ്റു രാജ്യങ്ങളില്‍ സംഭവിക്കാത്തതെന്നും അദ്ദേഹം ചോദിക്കുന്നു. വൈറല്‍ വിഡിയോകളുടെ പ്രചാരം കുറച്ച്, കൂട്ടുകാരും കുടുംബാംഗങ്ങളും തമ്മിലുള്ള ഇടപെടലുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കാന്‍ പാകത്തിന് അടുത്തിടെ ക്രമീകരിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മാത്രമല്ല, തങ്ങളുടെ മെസഞ്ചര്‍ കിഡ്സ് മറ്റ് എല്ലാ ആപ്പുകളെക്കാളും മികച്ചതാണെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. കുട്ടികള്‍ കാണുന്നത് എന്താണെന്നറിയാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോലും പാരന്റല്‍ കണ്ട്രോള്‍ ഉണ്ടെന്നും അദ്ദേഹം പറയുന്നു.

അതേസമയം, ഈ ഫെയ്സ്ബുക് കുറിപ്പുകൊണ്ട് സക്കര്‍ബര്‍ഗിന് തലയൂരാന്‍ കഴിഞ്ഞേക്കില്ലെന്നാണ് യുഎസ്എ ടുഡേ പറയുന്നത്. അമേരിക്കന്‍ കോണ്‍ഗ്രസ് അദ്ദേഹത്തെ വിളിച്ചുവരുത്തിയേക്കും. സക്കര്‍ബര്‍ഗിനെതിരെയുള്ള കോണ്‍ഗ്രസ് പാനലിന്റെ മേധാവി ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമാണ്. സക്കര്‍ബര്‍ഗിനെ വിളിച്ചുവരുത്തി അദ്ദേഹത്തിന്റെ മൊഴിയെടുക്കാനുള്ള സാധ്യതയാണ് ഇപ്പോഴുള്ളത്.

സക്കര്‍ബര്‍ഗ് ഇന്ന് കണ്ണാടിയില്‍ നോക്കണം. നടന്ന കാര്യങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു മേധാവിയെ പോലെ പെരുമാറുന്നതിനു പകരം അദ്ദേഹമിന്ന് സെയിലിങ്ങിനു പോയിരിക്കുകയാണെന്നും റിച്ചഡ് ബ്ലുമെന്താള്‍ പറയുന്നു. ഒരു ക്ഷമാപണം നടത്തുകയോ, തെറ്റ് സംഭവിച്ചെന്ന് സമ്മതിക്കുകയോ, നടപടി സ്വീകരിക്കുകയോ ചെയ്യുക എന്നത് അദ്ദേഹത്തിന്റെ രീതിയല്ലെന്നും ബ്ലുമെന്താള്‍ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് കൃത്യമായ വിശദീകരണം നല്‍കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

ഫേസ്ബുക്കും വാട്ട്‌സാപ്പും ഇന്‍സ്റ്റഗ്രാമും തകരാറിലായപ്പോള്‍ ടെലഗ്രാമിലെത്തിയത് ഏഴു കോടി പുതിയ ഉപയോക്താക്കള്‍. ഫേസ്ബുക്കിന്റെ തകരാറ് ടെലഗ്രാം നേട്ടമാക്കി മാറ്റിയെന്നാണ് സി.ഇ.ഒ പാവേല്‍ ദുരോവ് അവകാശപ്പെടുന്നത്.

ടെലഗ്രാം 1 ബില്യണിലധികം ഡൗണ്‍ലോഡുകള്‍ നേടുകയും 500 ദശലക്ഷം സജീവ ഉപയോക്താക്കളെ കൂടെക്കൂട്ടുകയും ചെയ്തിട്ടുണ്ട്. വാട്‌സാപ്പ് പ്രവര്‍ത്തനരഹിതമായപ്പോള്‍ മറ്റൊരു മെസേജിങ് ആപ്പായ സിഗ്‌നലും ഉപയോക്താക്കളുടെ തിരക്കുണ്ടായിരുന്നു. എന്നാല്‍ ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ ഒരേ സമയം ടെലഗ്രാമില്‍ സൈന്‍ അപ്പ് ചെയ്യാന്‍ തിരക്കുകൂട്ടുന്നതിനാല്‍ അമേരിക്കയിലെ ചില ഉപയോക്താക്കള്‍ക്ക് പ്രവര്‍ത്തനത്തില്‍ വേഗതക്കുറവ് അനുഭവപ്പെട്ടുവെന്ന് പാവേല്‍ പറഞ്ഞു.

തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് ഫേസ്ബുക്കും അതിന് കീഴിലുള്ള വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും പണിമുടക്കിയത്. ഏഴ് മണിക്കൂറോളമാണ് ഫേസ്ബുക്കിന് കീഴിലുള്ള സാമൂഹ്യ മാധ്യമങ്ങളുടെ പ്രവര്‍ത്തനം നിശ്ചലമായത്. സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്ന ഫേസ്ബുക്കിന്റെ തന്നെ ട്വീറ്റ് വന്നതോടെയാണ് ഫേസ്ബുക്കിന് കീഴിലുള്ള എല്ലാ സാമൂഹ്യ മാധ്യമങ്ങളും പണിമുടക്കിയതാണെന്ന് വ്യക്തമായത്. ഇതിലൂടെ ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന് 52,000 കോടിയുടെ നഷ്ടമാണ് ഉണ്ടായത്.

തിരുവനന്തപുരം: സൗജന്യ വൈഫൈ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരളാ പൊലീസ്. എല്ലായിടത്തും ഇപ്പോള്‍ സൗജന്യ വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സൗകര്യപ്രദമാണ്. പക്ഷെ ഇവ ഉപയോഗിക്കുന്നതിന് അപകടങ്ങളും ഏറെയാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു.

നിങ്ങള്‍ ഒരു വൈഫൈ നെറ്റ്വര്‍ക്കിലേക്ക് കണക്റ്റുചെയ്ത് വെബ്സൈറ്റുകളിലൂടെയോ മൊബൈല്‍ ആപ്പുകളിലൂടെയോ വിവരങ്ങള്‍ കൈമാറുമ്പോള്‍ മറ്റാര്‍ക്കെങ്കിലും അവ കൈക്കലാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്ന് കേരളാ പൊലീസ് ഫേസ് ബുക്ക് പേജിലൂടെ മുന്നറിയിപ്പ് നല്‍കുന്നു.

അവര്‍ക്ക് നിങ്ങളുടെ സെഷന്‍ ഹൈജാക്ക് ചെയ്യാനും നിങ്ങളെപ്പോലെ ലോഗിന്‍ ചെയ്യാനും കഴിയും. സൗജന്യമായി ലഭ്യമാകുന്ന ഹാക്കിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ച് പരിമിതമായ സാങ്കേതിക പരിജ്ഞാനമുള്ള ഉപയോക്താക്കള്‍ക്ക് പോലും ഇത് സാധ്യമാകും. നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍, സ്വകാര്യ രേഖകള്‍, കോണ്‍ടാക്റ്റുകള്‍, കുടുംബ ഫോട്ടോകള്‍, ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ എന്നിവപോലും നഷ്ടപ്പെടാനിടയുണ്ട്.

സാമ്പത്തിക വിവരങ്ങള്‍ സൂക്ഷിക്കുന്ന സൈറ്റുകള്‍ ഉള്‍പ്പെടെ, മറ്റ് വെബ്സൈറ്റുകളില്‍ നിങ്ങളുടെ യൂസര്‍ ഐഡികളും പാസ്വേഡുകളും ഹാക്ക് ചെയ്യുന്നതിനോ അല്ലെങ്കില്‍ നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റുകളിലെ ആള്‍ക്കാരെ തട്ടിപ്പിനിരയാക്കുന്നതിനോ നിങ്ങളുടെ അക്കൗണ്ട് ഉപയോഗിക്കാം. തട്ടിപ്പുകാര്‍ക്ക് നിങ്ങളുടെ വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍, അവര്‍ക്ക് നിങ്ങളുടെ ഐഡന്റിറ്റി തന്നെ തട്ടിപ്പിനിരയാക്കാമെന്ന് പൊലീസ് വ്യക്തമാക്കുന്നു.

ന്യൂഡല്‍ഹി: പ്രമുഖരുടെ നികുതി വെട്ടിപ്പിനെക്കുറിച്ചുള്ള പാന്‍ഡോറ രേഖകളില്‍ ഐപിഎല്‍ ടീമുകളായ രാജസ്ഥാന്‍ റോയല്‍സും കിംഗ്സ് ഇലവന്‍ പഞ്ചാബും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ഇരു ടീമുകളിലേക്കും വിദേശ പണം ഒഴുകിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഐപിഎല്‍ സ്ഥാപകനും വ്യവസായിയുമായ ലളിത് മോദിയുമായി ബന്ധപ്പെട്ട കമ്പനികള്‍ ഈ ടീമുകളില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് സൂചന. ഇത്തരത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെന്നും രേഖകളില്‍ സൂചിപ്പിക്കുന്നു. ബ്രിട്ടീഷ് വെര്‍ജിന്‍ ദ്വീപുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈ കമ്പനികളുടെ ഉടമകള്‍ ഇന്ത്യന്‍ വംശജരാണ്.

നേരത്തെ, ‘പാന്‍ഡോറ പേപ്പര്‍’ വെളിപ്പെടുത്തലില്‍ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്റെ മേല്‍നോട്ടത്തിലുള്ള സംഘത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി), റിസര്‍വ് ബാങ്ക്, സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും അന്വേഷണത്തിലുണ്ടാവും.

വിവിധ രാജ്യങ്ങളിലെ നേതാക്കള്‍, സെലിബ്രിറ്റികള്‍, കായിക താരങ്ങള്‍ തുടങ്ങിയവര്‍ നികുതി വെട്ടിച്ച് വിദേശത്ത് നടത്തിയ നിക്ഷേപങ്ങളുടെ വിശദാംശങ്ങളാണ് പുറത്തുവന്നത്. അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയാണു വെളിപ്പെടുത്തലിനു പിന്നില്‍. ഇന്ത്യയില്‍നിന്ന് ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വ്യവസായി അനില്‍ അംബാനി, വായ്പാതട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി, ബയോകോണ്‍ മേധാവി കിരണ്‍ മജുംദാര്‍ ഷായുടെ ഭര്‍ത്താവ് എന്നിവരുടെ പേരുകളുണ്ട്.

പാന്‍ഡോറ പേപ്പേഴ്‌സ് എന്ന പേരിലുള്ള റിപ്പോര്‍ട്ടില്‍, നികുതിയിളവ് ലഭിക്കുന്ന രാജ്യങ്ങളില്‍ ആരംഭിച്ച 29,000 കമ്പനികളുടെയും ട്രസ്റ്റുകളുടെയും വിവരങ്ങളാണ് ഉള്ളത്. ഇന്റര്‍നാഷനല്‍ കണ്‍സോര്‍ഷ്യം ഫോര്‍ ഇന്‍വെസ്റ്റിഗേഷന്‍ ജേണലിസവും വിവിധ മാധ്യമങ്ങളും ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ടില്‍ 12 ദശലക്ഷം രേഖകളാണുള്ളത്.

ന്യൂഡല്‍ഹി: പണിമുടക്കിയ പ്രമുഖ സമൂഹ മാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ ഏഴുമണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും പ്രവര്‍ത്തനസജ്ജമായി. ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടായതില്‍ ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ക്ഷമ ചോദിച്ചു

വാട്ട്‌സാപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ തകരാറിലെന്ന് ഫേസ്ബുക്ക്, വാട്ട്സാപ്പ് എന്നിവയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ സ്ഥിരീകരണ നടത്തിയിരുന്നു.

‘ചില ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സേവനം ലഭ്യമാകുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടു. തകരാര്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണ്. എത്രയും പെട്ടെന്ന് സേവനം ലഭ്യമാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉപഭോക്താക്കളുടെ ക്ഷമയ്ക്ക് നന്ദി’ എന്നാണ് കുറിപ്പ്.

ഇന്നലെ രാത്രി ഒന്‍പതോടെയാണ് വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും പ്രവര്‍ത്തനരഹിതമായത്.

വാട്ട്സ് ആപ്പില്‍ അയക്കുന്ന സന്ദേശങ്ങള്‍ സെന്റ് ആവാതിരുന്നതോടെയാണ് ആപ്ലിക്കേഷന്‍ പണിമുടക്കിയെന്ന് ഉപഭോക്താക്കള്‍ക്ക് മനസിലാക്കുന്നത്. വാട്ട്സ് ആപ്പിന്റെ ഡെസ്‌ക്ടോപ് വേര്‍ഷനും പ്രവര്‍ത്തനരഹിതമാണ്. ‘ദ സൈറ്റ് കാണ്‍ട് ബി റീച്ച്ഡ്’ എന്ന സന്ദേശമാണ് കാണിക്കുന്നത്. ഫേസ്ബുക്കും ന്യൂസ് ഫീഡ് ലോഡ് ആകുന്നില്ല. ഇന്‍സ്റ്റഗ്രാമും റിഫ്രഷ് ആക്കാന്‍ സാധിക്കില്ല.

ഇന്ത്യയില്‍ മാത്രമല്ല, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ രാജ്യങ്ങിലും വാട്ട്സ് ആപ്പ് , ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

ഇതിന് മുന്‍പും ഫേസ്ബുക്കും വാട്ട്സ് ആപ്പും ഒരുമിച്ച് പ്രവര്‍ത്തന രഹിതമായിട്ടുണ്ട്. എന്നാല്‍ അല്‍പ സമയത്തിന് ശേഷം തിരികെയെത്തിയിരുന്നു.

വാഷിങ്ടണ്‍: സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ നിശ്ചലമായതോടെ ഉടമയായ മാര്‍ക്ക് സക്കര്‍ബര്‍ഗിന് നഷ്ടമായത് 6 ബില്യന്‍ ഡോളര്‍ (ഏകദേശം 44,732 കോടി രൂപ). മൂന്ന് ആപ്പുകളും 7 മണിക്കൂറോളമാണ് പണിമുടക്കിയത്. ബ്ലൂംബെര്‍ഗ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഫേസ്ബുക്കിന്റെയും സഹ കമ്പനികളുടെയും സേവനം തടസപ്പെട്ടതോടെ ഇവയുടെ ഓഹരിവില 4.9 ശതമാനമായി കുത്തനെ ഇടിഞ്ഞു.

ഭീമമായ നഷ്ടമുണ്ടായതോടെ ശതകോടീശ്വരന്മാരുടെ പട്ടികയിലും സക്കര്‍ബര്‍ഗ് പിന്നിലേക്കിറങ്ങി. നിലവില്‍ ബില്‍ ഗേറ്റ്‌സിനു പിറകില്‍ അഞ്ചാം സ്ഥാനത്താണ് സക്കര്‍ബെര്‍ഗ്. ടെസ്ല, സ്‌പേസ് എക്‌സ് ഉടമ ഇലോണ്‍ മസ്‌ക്, ആമസോണ്‍ ഉടമ ജെഫ് ബെസോസ് എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. ഫ്രഞ്ച് വ്യവസായി ബെര്‍നാള്‍ഡ് അര്‍നോള്‍ട്ട് മൂന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്.

നീണ്ട ഏഴു മണിക്കൂര്‍ നേരത്തെ സേവന തടസത്തിനുശേഷമാണ് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് എന്നിവ തിരിച്ചെത്തിയത്. ചില സാങ്കേതിക കാരണങ്ങളാല്‍ പ്രവര്‍ത്തന തടസം നേരിട്ടതായി ഫേസ്ബുക്ക് ട്വീറ്റ് ചെയ്തു. ഫേസ്ബുക്ക് സിഇഒ മാര്‍ക് സുക്കര്‍ബെര്‍ഗും സേവനങ്ങള്‍ തടസപ്പെട്ടതില്‍ ക്ഷമ അറിയിച്ചു

തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും വാട്സാപ്പിന്റെയും സേവനം താത്ക്കാലികമായി പണിമുടക്കിയത്. വാട്ട്‌സാപ്പില്‍ സന്ദേശങ്ങള്‍ അയക്കാന്‍ കഴിയാതിരുന്നതോടെയാണ് ആപ്ലിക്കേഷന്‍ പണിമുടക്കിയെന്ന് ഉപഭോക്താക്കള്‍ക്ക് മനസിലായത്.

ന്യൂഡല്‍ഹി: രാജ്യത്തെ പുതിയ ഐടി നിയമങ്ങള്‍ അനുസരിച്ച് ഓഗസ്റ്റ് മാസത്തില്‍ മാത്രമായി രാജ്യത്ത് വാട്ട്സ്ആപ്പ് നിരോധിച്ചത് 20.7 ലക്ഷം അക്കൗണ്ടുകള്‍. ചൊവ്വാഴ്ച പുറത്തിറക്കിയ പ്രതിമാസ കംപ്ലൈന്റ് റിപ്പോര്‍ട്ടിലാണ് 31 ദിവസത്തിനിടെ രണ്ട് ദശലക്ഷം അക്കൗണ്ടുകള്‍ വിലക്കിയ കാര്യം വാട്‌സ്ആപ്പ് ചൂണ്ടിക്കാട്ടിയത്.

ഓഗസ്റ്റില്‍ ഇന്ത്യയില്‍ നിന്ന് 420 പരാതികളാണ് ലഭിച്ചത്, പരാതി ചാനലുകളിലൂടെ (ഗ്രീവന്‍സ് ചാനല്‍) ലഭിക്കുന്ന റിപ്പോര്‍ട്ടുകളുടെയും പരാതികളുടെയും അടിസ്ഥാനത്തിലാണ് നിയമലംഘനം നടത്തുന്ന ആക്കൗണ്ടുകള്‍ക്കെതിരെ വാട്ട്‌സ്ആപ്പ് നടപടി സ്വീകരിച്ചത്.

അതേസമയം, 95 ശതമാനത്തിലധികം നിരോധനങ്ങളും ഓട്ടമേറ്റഡ് അല്ലെങ്കില്‍ ബള്‍ക്ക് മെസ്സേജിങ്ങിന്റെ (സ്പാം) അനധികൃത ഉപയോഗം മൂലമാണെന്ന് വാട്ട്‌സ്ആപ്പ് പറയുന്നു. തങ്ങളുടെ പ്ലാറ്റ്ഫോമിലെ ദുരുപയോഗം തടയാനായി ആഗോളതലത്തില്‍ നിരോധിക്കുന്ന ശരാശരി അക്കൗണ്ടുകളുടെ എണ്ണം പ്രതിമാസം 80 ലക്ഷത്തോളമാണെന്നും വാട്ട്‌സ്ആപ്പ് വ്യക്തമാക്കി.

രജിസ്ട്രേഷന്‍ സമയത്തും, സന്ദേശങ്ങളയക്കുമ്പോഴും, മറ്റു ഉപയോഗാക്താക്കളുടെ റിപ്പോര്‍ട്ടുകളും ബ്ലോക്കുകളും, എന്നിങ്ങനെ ഒരു അക്കൗണ്ടിന്റെ ദുരുപയോഗം വാട്ട്‌സ്ആപ്പ് കണ്ടെത്തുന്നത് മൂന്ന് ഘട്ടങ്ങളിലായാണ്. ഇക്കാര്യങ്ങള്‍ പരിശോധിച്ചാണ് അക്കൗണ്ടുകള്‍ ബാന്‍ ചെയ്യാനുള്ള തീരുമാനമെടുക്കുന്നത്. സന്ദേശങ്ങള്‍ അയക്കുന്നതിന്റേയും ഒരു സന്ദേശം തന്നെ നിരവധി പേര്‍ക്ക് അയക്കുന്ന അക്കൗണ്ടുകളുടെയും റെക്കോര്‍ഡ് വാട്ട്‌സ്ആപ്പ് തയ്യാറാക്കുന്നുണ്ട്.

പ്രധാനമായും യൂസര്‍മാര്‍ അവരുടെ അക്കൗണ്ടുകള്‍ ബിസിനസ് കാര്യങ്ങള്‍ക്ക് ഉപയോഗിക്കാതിരിക്കുക എന്നതാണ് വാട്ട്‌സ്ആപ്പില്‍ നിന്നും വിലക്ക് നേരിടാതിരിക്കാനായി ശ്രദ്ധിക്കേണ്ടത്. ബള്‍ക്ക് മെസ്സേജുകള്‍ അയക്കാതിരിക്കുക. വാട്ട്‌സ്ആപ്പ് കോണ്‍ടാക്ടുകളുടെ സുരക്ഷയെ ബാധിക്കുന്ന തരം വാട്ട്‌സ്ആപ്പിന്റെ പേരിലുള്ള കൂടുതല്‍ ഫീച്ചറുകള്‍ നല്‍കുന്ന ആപ്പുകള്‍ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം.