മലയാളികൾക്കിടയിൽ ട്രെൻഡിംഗായി ക്ലബ് ഹൗസ്; അക്കൗണ്ട് തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം

club house

ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ ഇടയിൽ ട്രെൻഡിംഗ് ആയി മാറിയ സോഷ്യൽ മീഡിയ ആപ്ലിക്കേഷനാണ് ക്ലബ് ഹൗസ്. ഓഡിയോ ചാറ്റിംഗിലൂടെയുള്ള ഒരു സൈബർ കൂട്ടായ്മയാണിത്. സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ പറ്റുന്ന ഒരു ലൈവ് ശബ്ദ ചാറ്റാണ് ക്ലബ് ഹൗസ്. ഒരു തരത്തിലുമുള്ള റെക്കോർഡിംഗും ക്ലബ് ഹൗസിൽ സാധ്യമല്ലെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. റെഫറൻസ് വഴിയോ ഇൻവിട്ടേഷൻ വഴിയോ മാത്രമായിരുന്നു ആളുകൾക്ക് ക്ലബ് ഹൗസിലേക്ക് പ്രവേശനം ലഭിച്ചിരുന്നത്. പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് യൂസർനെയിം വഴി ക്ലബ് ഹൗസിൽ അംഗത്വം എടുക്കാൻ ഉള്ള മാർഗവും ഇപ്പോൾ ക്ലബ് ഹൗസിൽ ആരംഭിച്ചിട്ടുണ്ട്.

മാർച്ച് 2020-ൽ ഐ.ഒ.എസ് പ്ലാറ്റ്ഫോമിലാണ് ആദ്യം ക്ലബ് ഹൗസ് ആരംഭിച്ചത്. 2021 മെയ് മാസം ആൻഡ്രോയ്ഡിൽ ക്ലബ് ഹൗസ് ലഭ്യമായി തുടങ്ങി. ധാരാളം പേരാണ് ഇതോടെ ക്ലബ് ഹൗസിൽ അക്കൗണ്ട് തുടങ്ങിയത്. പാട്ടു പാടാനും വിവിധ വിഷയങ്ങളിൽ ചർച്ച നടത്താനും ലോക്ക് ഡൗണിനിടെയുള്ള വിരസത മാറ്റാനും വിശേഷങ്ങൾ പങ്കുവെയ്ക്കാനുമുള്ള ഇടമായി ക്ലബ് ഹൗസ് മാറി.

അന്താരാഷ്ട്ര തലത്തിലുള്ള ചർച്ചകൾ നടത്താൻ വരെ ക്ലബ് ഹൗസിലൂടെ കഴിയും. എന്തെങ്കിലും പറയാനുണ്ടെങ്കിൽ റേസ് ദി ഹാൻഡ് എന്ന ബട്ടൺ അമർത്തിയാൽ മോഡറേറ്റർ നിങ്ങൾക്ക് സംസാരിക്കാനുള്ള അവസരമൊരുക്കുന്നതായിരിക്കും. കേൾവിക്കാരൻ മാത്രമായി തുടരാനുള്ള അവസരവും ക്ലബ് ഹൗസ് ഒരുക്കുന്നുണ്ട്.

പുസ്തക നിരൂപണം, പ്രോഡക്ട് ലോഞ്ച്, മീറ്റ് ദി സ്റ്റാർ തുടങ്ങിയുള്ള മാർക്കറ്റിങ്ങ്, ബ്രാന്റിങ്ങ് ആവശ്യങ്ങൾക്കും ഈ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്താം. പങ്കെടുക്കുന്ന ആളുകളുടെ ഉചിതം പോലെ ക്ലബ്ഹൗസ് ഉപയോഗിക്കാം. ചിലർ സമയം ചെലവഴിക്കാനായിട്ടായിരിക്കും ക്ലബ് ഹൗസിൽ കേറുന്നത്. എന്നാൽ ചിലർക്ക് ഇത് മറ്റുള്ളവരുമായി വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള വേദിയാണ്. ഫലപ്രദമായ രീതിയിൽ വിനിയോഗിച്ചാൽ വിജ്ഞാനവും അറിവും ആർജിച്ചെടുക്കാനും ക്ലബ് ഹൗസ് സഹായിക്കും.

ക്ലബ്ബ്ഹൗസ് അക്കൗണ്ട് കാര്യക്ഷമമായി ഉപയോഗിക്കാൻ പ്രൊഫൈൽ വ്യക്തമായി നൽകാൻ ശ്രദ്ധിക്കണം. സ്വയമായി നൽകുന്ന വിവരങ്ങളിലൂടെ നമ്മളെ ഫോളോ ചെയ്യാൻ സാധിക്കും. കീ വേഡ് ഉപയോഗിച്ചുള്ള തിരച്ചിലുകളിൽ അപ്രകാരമുള്ള പ്രൊഫൈലുകൾ കൂടുതൽ ശ്രദ്ധിക്കപ്പെട്ടേക്കാം. ലിങ്കിഡ്ഇൻ, ഇൻസ്റ്റഗ്രാം ലിങ്ക് പ്രഫൈലുകൾ എന്നിവ ക്ലബ് ഹൗസിൽ ഷെയർ ചെയ്യാനും സാധിക്കും. ഒരു മോഡറേറ്റർ ആണെങ്കിൽ ക്ലബ് ഉണ്ടാക്കി സംസാരിക്കുമ്പോൾ കൃത്യമായും ആധികാരികമായി സംസാരിക്കുകയും ചർച്ച നയിക്കുകയും ചെയ്യണം. ക്ലബിലെ അംഗങ്ങളുടെ അഭിരുചിക്ക് അനുസരിച്ച് നല്ല വിഷയങ്ങൾ വേണം ചർച്ചയ്ക്ക് തെരഞ്ഞെടുക്കേണ്ടത്.

അതേസമയം എല്ലാ സാമൂഹ്യ മാദ്ധ്യമ പ്ലാറ്റ്‌ഫോമിനെയും പോലെ ക്ലബ് ഹൗസിനും പോരായ്മകളുണ്ട്. തട്ടിപ്പിനുള്ള സാധ്യതയും വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കാനുള്ള സാധ്യതയുമെല്ലാം ഇതിലുണ്ട്. ക്ലബ് ഹൗസിൽ വ്യാജ അക്കൗണ്ടുകൾ ക്രിയേറ്റ് ചെയ്തതായി പരാതിപ്പെട്ട് നിരവധി സിനിമാ താരങ്ങൾ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.