എല്ലാ ഉപയോക്താക്കൾക്കും തുല്യ പരിഗണന; രാഷ്ട്രീയക്കാർക്കുള്ള പ്രത്യേക പരിഗണന ഒഴിവാക്കാനൊരുങ്ങി ഫേസ്ബുക്ക്

ന്യൂഡൽഹി: രാഷ്ട്രീയക്കാരായ ഉപയോക്താക്കൾക്ക് നൽകിയിരുന്ന പ്രത്യേക പരിഗണന ഒഴിവാക്കാനൊരുങ്ങി ഫേസ്ബുക്ക്. എല്ലാ ഉപയോക്താക്കൾക്കും തുല്യപരിഗണന ഉറപ്പാക്കുക എന്ന നയത്തിന്റെ ഭാഗമായാണ് രാഷ്ട്രീയക്കാർക്ക് നൽകിയിരിക്കുന്ന പ്രത്യേക പരിഗണന ഫേസ്ബുക്ക് ഒഴിവാക്കുന്നതെന്നാണ് റിപ്പോർട്ട്.

ഫേസ്ബുക്കിന്റെ മോഡറേഷൻ നയം പരിശോധിക്കുന്നതിനായി ചുമതലപ്പെടുത്തിയിരിക്കുന്ന ബോർഡ് ആണ് രാഷ്ട്രീയക്കാരുടെ പോസ്റ്റുകൾക്ക് നൽകിയിരുന്ന പ്രത്യേക പരിഗണന എടുത്തു കളയാൻ തീരുമാനിച്ചത്. ബോർഡ് മുന്നോട്ടു വെച്ചിട്ടുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ചുള്ള ഫേസ്ബുക്കിന്റെ അഭിപ്രായം ജൂൺ അഞ്ചിന് മുമ്പ് അറിയിക്കണമെന്നാണ് നൽകിയിരിക്കുന്ന നിർദ്ദേശം. രാഷ്ട്രീയക്കാരുടെ പോസ്റ്റുകൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കണം എന്നായിരുന്നു ഫേസ്ബുക്ക് ഇതുവരെ പിന്തുടർന്ന രീതി. ഇവയ്ക്ക് വാർത്താ പ്രാധാന്യം ഏറെയാണെന്നായിരുന്നു ഫേസ്ബുക്കിന്റെ നയം.

അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരത്തെ ഫേസ്ബുക്ക് വിലക്കേർപ്പെടുത്തിയത് ഈ നയത്തിന്റെ ലംഘനമാണെന്ന് വിമർശനം ഉയർന്നിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് പുതിയ നീക്കമെന്നാണ് വിലയിരുത്തൽ. അപവാദ പ്രചാരണങ്ങൾ തടയുന്നതിനും വ്യക്തിഹത്യ നടത്തുന്ന പോസ്റ്റുകൾ ഒഴിവാക്കാനും വേണ്ടി ഫേസ്ബുക്ക് ഏതാനും മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. നിലവിൽ ഈ മാർഗ നിർദ്ദേശങ്ങൾ രാഷ്ട്രീയ നേതാക്കൾക്ക് ബാധകമല്ല. എന്നാൽ ബോർഡിന്റെ പുതിയ നയം പ്രാബല്യത്തിൽ വരുത്തിയാൽ രാഷ്ട്രീയ പ്രവർത്തകരും ഈ മാർഗ നിർദ്ദേശത്തിന്റെ പരിധിയിൽ ഉൾപ്പെടും.