വാട്‌സാപ്പിനെ വിട്ട് ടെലഗ്രാമിലേക്കും സിഗ്നലിലേക്കും

വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാനയം ഭയന്ന് ടെലഗ്രാമിലേക്കും സിഗ്നലിലേക്കും ആളുകള്‍ ചേക്കേറുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ചു മാസങ്ങളിലെ കണക്കുകള്‍ നോക്കുമ്പോള്‍ സിഗ്‌നല്‍, ടെലഗ്രാം ആപ്പുകള്‍ വാട്‌സാപ്പിനേക്കാള്‍ 1,200 ശതമാനം മുന്നേറ്റം നടത്തി. ഇതോടെയാണ് ഇന്ത്യ ഉള്‍പ്പടെയുളള രാജ്യങ്ങളില്‍ പുതിയ സ്വകാര്യതാ നയത്തില്‍ വാട്‌സാപ് അയവ് വരുത്തിയതെന്നും സൂചനയുണ്ട്.വാട്‌സാപ്പിനെതിരെ ജനുവരിയില്‍ തുടങ്ങിയ പൊതുജനങ്ങളുടെ പ്രതിഷേധം കാരണം രക്ഷപ്പെട്ടത് സിഗ്‌നലും ടെലഗ്രാമുമാണ്.

മൊബൈല്‍ ആപ്ലിക്കേഷന്‍ അനലിറ്റിക്‌സ് കമ്പനിയായ സെന്‍സര്‍ ടവര്‍ പുറത്തുവിട്ട കണക്കുകള്‍് പ്രകാരം ജനുവരിയില്‍ സിഗ്‌നലും ടെലഗ്രാമും ഇന്‍സ്റ്റാള്‍ ചെയ്യുന്നതില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. ജനുവരി ഏപ്രില്‍ വരെയുള്ള നാല് മാസങ്ങളില്‍ ആഗോളതലത്തില്‍ വാട്‌സാപ് ഇന്‍സ്റ്റാള്‍ ചെയ്യുന്നവരുടെ എണ്ണം 43 ശതമാനം താഴോട്ടുപോയി 172.3 ദശലക്ഷമായി.ഏപ്രിലില്‍ ആഗോളതലത്തില്‍ സിഗ്‌നലിന് ലഭിച്ചത് 2.8 ദശലക്ഷം ഡൗണ്‍ലോഡുകളാണെന്ന് സെന്‍സര്‍ ടവര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 2020 ഏപ്രിലില്‍ റിപ്പോര്‍ട്ട് ചെയ്ത 1.3 ദശലക്ഷം ഡൗണ്‍ലോഡുകളുടെ ഇരട്ടിയാണിത്. കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ജനപ്രിയ ആപ്ലിക്കേഷനായ വാട്‌സാപ്പിനു വെല്ലുവിളിയാകാന്‍ ഈ രണ്ട് ആപ്പുകള്‍ക്കും സാധിച്ചു.