Technology (Page 11)

ഒരു വ്യക്തിയെ വാക്കാൽ ഭീഷണിപ്പെടുത്തുകയോ ചെയ്യാനിഷ്ടപ്പെടാത്ത കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കുകയോ ചെയ്യുന്നതിനെയാണ് ‘ബുള്ളിയിങ്’ (Bullying) എന്ന് പറയുന്നത്. ആധുനിക കാലത്ത്, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ നടത്തുന്ന ഇത്തരം ഭീഷണിപ്പെടുത്തലുകൾ പൊതുവായി സൈബർ ഭീഷണി (Cyber Bullying) എന്ന പേരിലാണ് അറിയപ്പെടുന്നത്.

എസ് എം എസ്, ടെക്സ്റ്റ് മെസേജുകൾ, മെയിലുകൾ, വീഡിയോ, അപകീർത്തികരമായ പരാമർശങ്ങൾ, ഫോട്ടോകൾ, കമന്റുകൾ എന്നിവയിലൂടെയെല്ലാം ബുള്ളിയിങ് നടന്നേക്കാം. കുട്ടികൾ മുതൽ മുതിർന്ന വ്യക്തികൾ വരെ സൈബർ ഭീഷണിയുടെ ഇരകളാകുന്നുണ്ട്. സൈബർ ബുള്ളിയിങ് കുട്ടികളുടെ പഠനത്തെയും മാനസികാരോഗ്യത്തെയും ദോഷമായി ബാധിച്ചേക്കാം.

ബുളളിയിങ് നേരിടുന്ന സാഹചര്യങ്ങളിൽ ജീവിതം അവസാനിപ്പിച്ചേക്കാം എന്ന ചിന്തകളും തീരുമാനങ്ങളും തെറ്റാണ്. ധൈര്യത്തോടെ അവ പ്രതിരോധിക്കാൻ നാം ശീലിക്കണം. പ്രതിരോധ സംവിധാനങ്ങൾ ശക്തമാണ് നമ്മുടെ രാജ്യത്ത്. ഇത്തരം അവസരങ്ങളിൽ സംഭവിച്ച കാര്യങ്ങൾ രക്ഷാകർത്താക്കളോടോ, ബന്ധുക്കളോടോ, അടുത്ത സുഹൃത്തുക്കളോടോ പങ്കുവയ്ക്കണം. സംഭവിച്ചതെന്തോ ആകട്ടെ അവയുടെ തെളിവുകൾ ശേഖരിച്ച് വയ്ക്കുക. സൈബർ സെൽ ഓഫീസ് ഉള്ള പ്രാദേശിക പോലീസ് സ്റ്റേഷനിൽ തെളിവുകൾ സഹിതം പരാതി നൽകേണ്ടതുമാണ്.

സ്‌ക്രീൻഷോട്ടുകൾ ചാറ്റുകൾ വോയിസ് മെസ്സേജുകൾ ഉൾപ്പടെ തെളിവുകളായി നൽകാം. https://cybercrime.gov.in എന്ന വെബ്പോർട്ടൽ വഴിയും 1930 എന്ന ഹെല്പ് ലൈൻ നമ്പരിലും പരാതികൾ രജിസ്റ്റർ ചെയ്യാം.

പിന്നത്തേക്കാകട്ടെ എന്ന് പറഞ്ഞു മാറ്റി വെക്കുന്ന പലകാര്യങ്ങളും പിന്നീട് നമുക്ക് നല്ല പണി തരാറുണ്ട്. അല്ലേ. അത് പോലെ മടിച്ച് മാറ്റിവെക്കപ്പെടുന്ന ഒന്നാണ് മൊബൈൽ ഫോണിലെ OS അപ്‌ഡേറ്റുകൾ. OS അപ്‌ഡേറ്റുകൾ നമ്മുടെ ഫോണിന് ആവശ്യമായ ഒന്നാണ്.

രണ്ട് തരം സോഫ്റ്റ് വെയർ അപ്ഡേറ്റുകളാണ് മൊബൈലിൽ ഉള്ളത്. വേർഷൻ അപ്‌ഡേറ്റുകളും സുരക്ഷ അല്ലെങ്കിൽ ഇൻക്രെമെന്റൽ അപ്ഡേറ്റുകളും. ഈ രണ്ട് സോഫ്റ്റ് വെയർ അപ്ഡേറ്റുകളും ഒരുപോലെ പ്രധാനമാണ്. വേർഷൻ അപ്ഡേറ്റുകൾക്ക് പൊതുവെ സൈസ് കൂടുതലാണ്. കൂടുതൽ മാറ്റങ്ങളും പുതിയ സവിശേഷതകളും കൊണ്ടുവരുന്നവയാണ് ഇവ. സുരക്ഷാ അപ്ഡേറ്റുകൾ താരതമ്യേന സൈസ് കുറവായതിനാൽ കാര്യമായ മാറ്റങ്ങൾ വരുത്തണമെന്നില്ല. എന്നിരുന്നാലും, സ്മാർട്ട്‌ഫോണിന് രണ്ടും ഒരുപോലെ പ്രധാനമാണ്.

സ്ഥിരതയാർന്ന ഒരു ഇന്റർനെറ്റ് കണക്ഷനിൽ നിന്ന് കൊണ്ട് സോഫ്റ്റ് വെയർ അപ്‌ഡേറ്റുകൾ നടത്താൻ ശ്രദ്ധിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. പുതിയ അപ്‌ഡേറ്റ് വരുമ്പോൾ സിസ്റ്റം തന്നെ നോട്ടിഫിക്കേഷൻ നൽകും. ഇനി നോട്ടിഫിക്കേഷൻ കണ്ടിരുന്നില്ല എങ്കിൽ ഫോൺ സെറ്റിങ്‌സിൽ സോഫ്റ്റ് വെയർ അപ്‌ഡേറ്റ് ഓപ്ഷൻ ഉണ്ട്. അവിടെ നോക്കിയാൽ അറിയാം ഫോൺ അപ്‌ഡേറ്റഡ് ആണോ അല്ലയോ എന്ന്.

ഇന്ന് നമ്മളെല്ലാവരും വാട്ട്‌സ്ആപ്പും മറ്റ് സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളും ഉപയോഗിക്കാറുണ്ട്. ഇതെല്ലാം ദുരുപയോഗപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. വാട്‌സ് ആപ്പ് കോളുകളിൽ സംശയം തോന്നിയാൽ എന്താണ് ചെയ്യേണ്ടതെന്ന് പലർക്കും അറിയില്ല. ഇത്തരം സാഹചര്യങ്ങളിൽ എന്തൊക്കെയാണെന്ന് നോക്കാം.

വാട്‌സ് ആപ്പ് കോളുകൾ മെസ്സേജുകൾ, ഫോൺ കോളുകൾ എസ് എം എസുകൾ എന്നിവയിൽ സംശയം തോന്നുന്നുവെങ്കിൽ അവ റിപ്പോർട്ട് ചെയ്യാനൊരിടം ആണ് കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ ‘ചക്ഷു’ പ്ലാറ്റ്‌ഫോം. https://sancharsaathi.gov.in/sfc/Home/sfc-complaint.jsp എന്ന ലിങ്കിൽ പ്രവേശിച്ച് തട്ടിപ്പ് നമ്പറിന്റെ വിവരങ്ങളെല്ലാം നൽകാം.

പരാതിയിന്മേൽ കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻസ് വകുപ്പ് അന്വേഷണം നടത്തുന്നതാണ്. സാമ്പത്തിക തട്ടിപ്പുകൾക്ക് അല്ലെങ്കിൽ സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയായിട്ടുണ്ടെങ്കിൽ അവ റിപ്പോർട്ട് ചെയ്യേണ്ടത് സൈബർ-ക്രൈം ഹെൽപ്പ്ലൈൻ നമ്പറായ 1930 അല്ലെങ്കിൽ www.cybercrime.gov.in എന്ന വെബ്സൈറ്റിലോ ആണ്. സാമ്പത്തിക തട്ടിപ്പുകളുടെ കാര്യത്തിൽ അവ എത്രയും വേഗം തന്നെ റിപ്പോർട്ട് ചെയ്യേണ്ടതാണ്.

സുരക്ഷിതമായി മൊബൈൽ ആപ്ലിക്കേഷനുകൾ എങ്ങനെ ഡൗൺലോഡ് ചെയ്യാം. ഇതിനെ കുറിച്ച് നമ്മളിൽ പലർക്കും കൃത്യമായ ധാരണയില്ല. മൊബൈലിൽ ഉള്ള ഡാറ്റ, ലോഗിൻ ക്രെഡൻഷ്യലുകൾ എന്നിവ ചോർത്താൻ കഴിവുള്ളതും പ്രീമിയം സേവനങ്ങൾ സ്വയം സബ്സ്‌ക്രൈബ് ചെയ്യാൻ കഴിവുള്ളതുമായ മാൽവെയർ ഉള്ള മൊബൈൽ ആപ്ലിക്കേഷനുകൾ ഉണ്ട്. മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് മുൻപ് പ്ലേ സ്റ്റോറിലെ പ്ലേ പ്രൊട്ടക്ട് ഫീച്ചർ ഉണ്ടോ എന്ന് പരിശോധിക്കണം.

നിയമാനുസൃത വെബ്‌സൈറ്റുകൾ അല്ലെങ്കിൽ അംഗീകൃത ആപ്പ് സ്റ്റോറുകളിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക. കഴിവതും SMS, ഇ-മെയിലുകൾ, സോഷ്യൽ മീഡിയ ലിങ്കുകൾ വഴി വരുന്ന ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കുക. ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് ‘permissions’ ശ്രദ്ധയോടെ വായിച്ചു മാത്രം നൽകുക. ആപ്പ് ഉപയോഗിച്ചിട്ടുള്ള യൂസേഴ്സിന്റെ അഭിപ്രായം ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിന് മുൻപ് പരിശോധിക്കുന്നത് ഉചിതമാണ്.

ഡീപ് ഫേക്ക് തട്ടിപ്പുകൾ വർധിക്കുന്ന കാലഘട്ടമാണിത്. ഈ സാഹചര്യത്തിൽ ചില മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

പണം ആവശ്യപ്പെട്ട് വരുന്ന കോളും മെസ്സേജുകളും ശ്രദ്ധയോടെ മാത്രം സ്വീകരിക്കണം.

ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ, OTP, CVV മുതലായ വ്യക്തിഗത വിവരങ്ങൾ ഫോൺ മുഖേനയോ അല്ലാതെയോ നമുക്കറിയാത്തവരുമായി പങ്കുവയ്ക്കരുത്.

വീഡിയോ കോളുകളിലോ അയക്കുന്ന സന്ദേശങ്ങളിലോ എന്തെങ്കിലും പൊരുത്തക്കേടുകൾ ഉണ്ടോയെന്ന് ശ്രദ്ധിക്കണം.

ഫേസ്ബുക് ഇൻസ്റ്റാഗ്രാം പോലെയുള്ള പ്ലാറ്റ്ഫോമുകളിൽ നിങ്ങളുടെ പോസ്റ്റുകളും ചിത്രങ്ങളും വീഡിയോകളും പങ്കിടുന്നതിന് മുമ്പ് അവ ആർക്കൊക്കെ കാണുവാനും ആക്സസ് ചെയ്യുവാനും സാധിക്കുമെന്ന് നമ്മൾ തീരുമാനിക്കണം.

സൈബർ തട്ടിപ്പുകളെക്കുറിച്ചും ഡീപ്‌ഫേക്ക് സാങ്കേതികവിദ്യയെകുറിച്ചുമൊക്കെയുള്ള വാർത്തകൾ അറിഞ്ഞിരിക്കുക

ഓൺലൈനിൽ പ്രചരിക്കുന്ന വാർത്തകൾ/വിവരങ്ങൾ/വീഡിയോകൾ എന്നിവ വിശ്വസിക്കുകയും ഷെയർ ചെയ്യുന്നതിനും മുൻപായി അവയുടെ സ്രോതസ്സ് ക്രോസ്-വെരിഫൈ ചെയ്യുക.

ഡീപ് ഫേക്ക് തട്ടിപ്പുകൾ സംഭവിക്കുകയോ ശ്രദ്ധയിൽ പെടുകയോ ചെയ്താൽ www.cybercrime.gov.in വെബ്സൈറ്റിൽ റിപ്പോർട്ട് ചെയ്യുക അല്ലെങ്കിൽ 1930 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചറിയിക്കുക.

നമ്മളെല്ലാവരും ഇന്ന് മൊബൈൽ ഫോൺ വാങ്ങാറുണ്ട്. മൊബൈൽ വാങ്ങുന്നതിന് മുൻപ് ഒരുപാട് കാര്യങ്ങൾ നമ്മൾ നോക്കാറുണ്ടല്ലേ.അതോടൊപ്പം ഇനി ഫോൺ ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളതാണോ ഡ്യൂപ്ലിക്കേറ്റാണോ ഉപയോഗത്തിലിരിക്കുന്നതാണോ എന്ന് കൂടി പരിശോധിച്ച് നോക്കിയിട്ട് വാങ്ങാം. ഇത് എങ്ങനെയാണെന്ന് നോക്കാം.

KYM ആപ്പ്

പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ KYM ആപ്പ് ഡൗൺലോഡ് ചെയ്യുക. IMEI നമ്പർ നൽകി ഫോണിന്റെ വിവരങ്ങൾ പരിശോധിക്കാം

SMS വഴി

നിങ്ങളുടെ മൊബൈലിൽ നിന്ന് KYM <15 അക്ക IMEI നമ്പർ> എന്ന് ടൈപ്പ് ചെയ്ത് 14422 എന്ന നമ്പറിലേക്ക് SMS അയക്കുക.

സഞ്ചാർസാതി പോർട്ടൽ വഴി

https://ceir.sancharsaathi.gov.in/…/CeirImeiVerificatio…
മൊബൈലിന്റെ സ്റ്റാറ്റസ് ബ്ലാക്ക് ലിസ്റ്റഡ്, ഡ്യൂപ്ലിക്കേറ്റ് അല്ലെങ്കിൽ ഉപയോഗത്തിലാണ് എന്നിവയിലേതെങ്കിലും കാണിക്കുകയാണെങ്കിൽ ആ മൊബൈൽ വാങ്ങാതിരിക്കാം.

മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണ് നമ്മൾ എല്ലാവരും. ഇന്ന് നമുക്ക് മൊബൈൽ ഇല്ലാതെ ജീവിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. എങ്ങനെയെങ്കിലും നമ്മുടെ കയ്യിൽ നിന്നും മൊബൈൽ നഷ്ടപ്പെട്ടാലോ. പിന്നെ എന്താണ് ചെയ്യേണ്ടതെന്ന് നമ്മളിൽ പലർക്കും അറിയിച്ചില്ല. ഇത്തരത്തിൽ ഫോൺ നഷ്ടപ്പെട്ടാൽ എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം:

  • ഫോണിന്റെ IMEI നമ്പർ ഉപയോഗിച്ച് ബ്ലോക്ക് ചെയ്യുക.
  • IMEI നമ്പർ (ഇന്റർനാഷണൽ മൊബൈൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി) എന്ന 15 അക്ക നമ്പർ മൊബൈൽ ഫോണിൽ ബാറ്ററിയുടെ താഴെയായി പ്രിന്റ് ചെയ്തിട്ടുണ്ടാകും. അല്ലെങ്കിൽ *#06# കീ ഉപയോഗിച്ചോ Settings ലെ About Phone എന്ന ഓപ്ഷനിൽ നിന്നോ ഈ നമ്പർ ലഭിക്കും.
  • കേരളാ പോലീസിന്റെ Pol-App ൽ പരാതി സമർപ്പിക്കുക. പരാതിയുടെ ഒരു കോപ്പി കയ്യിൽ സൂക്ഷിക്കുക.
  • നഷ്ടപ്പെട്ട സിമ്മുകളുടെ ഡൂപ്ലിക്കേറ്റ് സേവനദാദാക്കളിൽ (ഉദാ: എയർടെൽ, ജിയോ, ബി.എസ്.എൻ.എൽ. തുടങ്ങിയവ) നിന്നും എടുക്കുക.
  • www.ceir.sancharsaathi.gov.in ൽ IMEI ബ്ലോക്ക് ചെയ്യാനുള്ള അപേക്ഷ നൽകുക.
  • Pol-App ൽ പരാതി നൽകിയതിന്റെ കോപ്പി, ഐഡന്റിറ്റി പ്രൂഫ്, മൊബൈൽ വാങ്ങിയപ്പോഴുള്ള ബില്ല് ഉണ്ടെങ്കിൽ അത് എന്നിവ ആവശ്യമാണ്.
  • https://ceir.sancharsaathi.gov.in/…/CeirUserBlockReques… എന്ന ലിങ്കിലൂടെ അപേക്ഷ നൽകാം.
  • അപേക്ഷ പൂരിപ്പിച്ച്, ആവശ്യമായ രേഖകൾ അറ്റാച്ച് ചെയ്യുക.

ഫോം സബ്മിറ്റ് ചെയ്യുമ്പോൾ ഒരു റിക്വസ്റ്റ് ഐഡി നമ്പർ ലഭിക്കും. ഈ നമ്പർ സൂക്ഷിച്ച് വയ്ക്കുക. അപേക്ഷയുടെ നിലവിലെ സ്ഥിതി പരിശോധിക്കുന്നതിനും ഫോൺ തിരികെ ലഭിച്ചാൽ IMEI യുടെ ബ്ലോക്ക് മാറ്റുന്നതിനും ഈ നമ്പർ ആവശ്യമാണ്.

ശ്രദ്ധിക്കുക: CEIR പോർട്ടലിൽ അപേക്ഷ നൽകുമ്പോൾ നമ്മുടെ സിമ്മിലേക്ക് ഒടിപി ലഭിക്കും. അതിനാൽ നഷ്ടപ്പെട്ട സിമ്മിന്റെ ഡൂപ്ലിക്കേറ്റ് എടുക്കേണ്ടത് പ്രധാനമാണ്. സിം ലഭിച്ച് 24 മണിക്കൂറിന് ശേഷം മാത്രമേ ആക്ടിവേറ്റ് ആകുകയുള്ളൂ. അതിനാൽ സിം എടുത്ത് 24 മണിക്കൂർ കഴിഞ്ഞ് മാത്രമേ പോർട്ടലിൽ പരാതി നൽകാൻ സാധിക്കുകയുള്ളൂ.

വാട്ട്‌സ് ആപ്പ് സ്റ്റാറ്റസുകളുടെ ദൈർഘ്യം വർദ്ധിപ്പിക്കാനൊരുങ്ങുന്നു. നിലവിൽ 30 സെക്കന്റാണ് വാട്ട്‌സ് ആപ്പ് സ്റ്റാറ്റസുകളുടെ ദൈർഘ്യം. ഇത് 60 സെക്കന്റായി വർദ്ധിപ്പിക്കുന്ന ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണ്.

ആൻഡ്രോയിഡ് ഉപകരണങ്ങൾക്കായുള്ള വാട്സ് ആപ്പിന്റെ ബീറ്റ പതിപ്പ് 2.24.7.6 ലഭ്യമായവർക്ക് ഇപ്പോൾ തന്നെ ഇത് സാധ്യമാവുന്നുണ്ട്. വാട്സ് ആപ്പിന്റെ ബീറ്റ ടെസ്റ്റർ പദ്ധതിയുടെ ഭാഗമായി മാറിയവർക്കാണ് ഈ ബീറ്റ അപ്ഡേറ്റ് ലഭിക്കുന്നത്.

മറ്റൊരു പ്രധാന അപ്ഡേഷനും വാട്സ് ആപ്പിന്റെ ബീറ്റയിൽ ലഭ്യമായിട്ടുണ്ട്. ക്യു.ആർ കോഡ് ഉപയോഗിച്ച് പണം നൽകാൻ സാധിക്കുന്നതാണ് പ്രധാന മാറ്റം. ഇതിനായി ക്യു.ആർ കോഡ് സ്‌കാൻ ചെയ്യാനുള്ള ഓപ്ഷൻ ലഭ്യമാക്കി. എല്ലാ ഉപഭോക്താക്കൾക്കും ടെസ്റ്റിങ് കാലയളവ് പൂർത്തിയാവുന്നതോടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങൾ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും സോഷ്യൽ മീഡിയ നിരീക്ഷണസംഘങ്ങൾക്ക് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് രൂപം നൽകി.

തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് പോലീസ് സോഷ്യൽ മീഡിയ നിരീക്ഷണസംഘങ്ങൾക്ക് വാട്‌സാപ്പിലൂടെ വിവരം നൽകാം.

വാട്‌സ് ആപ്പ് നമ്പർ: സൈബർ ഹെഡ്ക്വാർട്ടേഴ്‌സ് 9497942700, തിരുവനന്തപുരം സിറ്റി 9497942701, തിരുവനന്തപുരം റൂറൽ 9497942715, കൊല്ലം സിറ്റി 9497942702, കൊല്ലം റൂറൽ 9497942716, പത്തനംതിട്ട 9497942703, ആലപ്പുഴ 9497942704, കോട്ടയം 9497942705, ഇടുക്കി 9497942706, എറണാകുളം സിറ്റി 9497942707, എറണാകുളം റൂറൽ 9497942717, തൃശ്ശൂർ സിറ്റി 9497942708, തൃശ്ശൂർ റൂറൽ 9497942718, പാലക്കാട് 9497942709, മലപ്പുറം 9497942710, കോഴിക്കോട് സിറ്റി 9497942711, കോഴിക്കോട് റൂറൽ 9497942719, വയനാട് 9497942712, കണ്ണൂർ സിറ്റി 9497942713, കണ്ണൂർ റൂറൽ 9497942720, കാസർഗോഡ് 9497942714, തിരുവനന്തപുരം റേഞ്ച് 9497942721, എറണാകുളം റേഞ്ച് 9497942722, തൃശ്ശൂർ റേഞ്ച് 9497942723, കണ്ണൂർ റേഞ്ച് 9497942724.

തിരുവനന്തപുരം: കൊറിയർ സർവ്വീസ് എന്ന പേരിലും തട്ടിപ്പ് നടക്കാമെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. ഫെഡെക്‌സ് കൊറിയർ സർവ്വീസിൽ നിന്നാണ് എന്ന വ്യാജേന തട്ടിപ്പുകാർ വിളിക്കുമെന്നാണ് മുന്നറിയിപ്പ്.

നിങ്ങളുടെ പേരിൽ ഒരു കൊറിയർ ഉണ്ടെന്നും അതിൽ പണം, സിം എന്നിവ അടങ്ങിയിട്ടുണ്ടെന്നുമായിരിക്കും വിളിക്കുന്നയാൾ അറിയിക്കുക. നിങ്ങളുടെ പേരിൽ നിങ്ങളുടെ ആധാർ കാർഡും ബാങ്ക് വിവരങ്ങളും ഉപയോഗിച്ച് കൊറിയർ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ് നടത്താറുണ്ട്. നിങ്ങളുടെ ആധാർ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നിങ്ങളോടുതന്നെ തട്ടിപ്പുകാരൻ പറഞ്ഞുതരുന്നു. പാഴ്‌സലിലെ സാധനങ്ങൾക്ക് തീവ്രവാദ ബന്ധമുണ്ടെന്നും കൂടുതൽ വിവരങ്ങൾ അറിയിക്കാൻ ഫോൺ CBI യിലെയോ സൈബർ പോലീസിലെയോ മുതിർന്ന ഓഫീസർക്ക് കൈമാറുന്നു എന്നും പറയുന്നതോടെ മറ്റൊരാൾ സംസാരിക്കുന്നു. പാഴ്‌സലിനുള്ളിൽ എം.ഡി.എം.എയും പാസ്‌പോർട്ടും നിരവധി ആധാർ കാർഡുകളുമൊക്കെയുണ്ടെന്നും നിങ്ങൾ തീവ്രവാദികളെ സഹായിക്കുന്നുവെന്നും പറയുന്നു. വിശ്വസിപ്പിക്കുന്നതിനായി പോലീസ് ഓഫീസർ എന്നു തെളിയിക്കുന്ന വ്യാജ ഐഡി കാർഡ്, പരാതിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വ്യാജ രേഖകൾ തുടങ്ങിയവ നിങ്ങൾക്ക് അയച്ചുതരുന്നു. ഐഡി കാർഡ് വിവരങ്ങൾ വെബ് സൈറ്റ് മുഖേന പരിശോധിച്ച് ഉറപ്പുവരുത്താനും ആവശ്യപ്പെടുന്നു. മുതിർന്ന പോലീസ് ഓഫീസറുടെ യൂണിഫോം ധരിച്ച് വീഡിയോ കോളിൽ വന്നായിരിക്കും അവർ ഈ ആവശ്യങ്ങൾ ഉന്നയിക്കുകയെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

തുടർന്ന്, നിങ്ങളുടെ സമ്പാദ്യവിവരങ്ങൾ നൽകാൻ പോലീസ് ഓഫീസർ എന്ന വ്യാജേന തട്ടിപ്പുകാരൻ ആവശ്യപ്പെടുന്നു. നിങ്ങളുടെ സാമ്പത്തികസ്ഥിതി മനസ്സിലാക്കുന്ന വ്യാജ ഓഫീസർ നിങ്ങളുടെ സമ്പാദ്യം മുഴുവൻ ഫിനാൻസ് വകുപ്പിന്റെ സോഫ്റ്റ്വെയർ ഉപയോഗിച്ചുള്ള പരിശോധനയ്ക്കായി അയച്ചു നൽകണമെന്ന് നിങ്ങളോട് ആവശ്യപ്പെടുന്നു. നിങ്ങളെ വെർച്വൽ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും എങ്ങോട്ടും പോകരുതെന്നും തട്ടിപ്പുകാർ ആവശ്യപ്പെടുന്നു. ഭീഷണി വിശ്വസിച്ച് പരിഭ്രാന്തരായ നിങ്ങൾ, അവർ അയച്ചു നൽകുന്ന ബാങ്ക് അക്കൗണ്ടിലേക്ക് സമ്പാദ്യം മുഴുവൻ കൈമാറുന്നു. തുടർന്ന് ഇവരിൽനിന്ന് സന്ദേശങ്ങൾ ലഭിക്കാതിരിക്കുകയും ബന്ധപ്പെടാൻ കഴിയാതെ വരികയും ചെയ്യുന്നതോടെ മാത്രമേ തടിപ്പ് മനസ്സിലാക്കാൻ സാധിക്കൂവെന്ന് പോലീസ് അറിയിച്ചു.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.