ഉപഭോക്താക്കളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നു : ഗൂഗിളിന് 7000 കോടി രൂപ പിഴ

google

ഗൂഗിൾ നമ്മളെ ഓരോരുത്തരെയും പിന്തുടരുന്നുണ്ട്. വ്യക്തികൾ ഫോണിൽ നൽകുന്ന ലൊക്കേഷൻ ആക്‌സസ് വഴി നമ്മൾ ആ സമയം എവിടെയാണെന്ന് ഗൂഗിളിന് അറിയാൻ സാധിക്കും. ഗൂഗിൾ മാപ്‌സും മറ്റ് ആപ്പുകളും ഉൾപ്പെടെയുള്ള സേവനങ്ങൾ ശരിയായി പ്രവർത്തിക്കുന്നതിന് ഇത് ആവശ്യമാണെന്നാണ് പറയപ്പെടുന്നത്. എന്നാൽ ലൊക്കേഷൻ ട്രാക്കിംഗ് പ്രവർത്തനരഹിതമാക്കിയാൽ ആരെയും ട്രാക്ക് ചെയ്യില്ലെന്ന് ഗൂഗിൾ അവകാശപ്പെടുമ്പോഴും ആ വാദം അത്ര ഉറപ്പില്ലെന്നാണ് പുതിയ സംഭവം കാണിക്കുന്നത്.

ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് ആളുകളെ തെറ്റിദ്ധരിപ്പിച്ചുവെന്നാരോപിച്ച് ഗൂഗിളിനെതിരെ ഫയൽ ചെയ്ത കേസിൽ കമ്പനി 9.3 കോടി ഡോളർ (ഏകദേശം 7,000 കോടി രൂപ) പിഴ അടയ്‌ക്കേണ്ടി വരും എന്നാണ് പുതിയതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കാലിഫോർണിയ അറ്റോർണി ജനറൽ റോബ് ബോണ്ട ഫയൽ ചെയ്ത സ്യൂട്ട്, അവരുടെ ലൊക്കേഷൻ വിവരങ്ങളിൽ കൂടുതൽ നിയന്ത്രണമുണ്ടെന്ന് തെറ്റായ വിവരങ്ങൾ നൽകി ഗൂഗിൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിക്കുന്നു. നീണ്ട അന്വേഷണത്തിനൊടുവിലാണ് പിഴത്തുക അടക്കാൻ ഉത്തരവായത്. ലൊക്കേഷൻ ട്രാക്കിംഗ് ഓഫാക്കിയാൽ ഉപഭോക്താക്കളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യാനാകില്ലെന്ന് ഗൂഗിൾ പറയുന്നു. എന്നാൽ അവർ വിപരീതമായി പ്രവർത്തിക്കുകയും വാണിജ്യ നേട്ടത്തിനായി ഉപഭോക്താക്കളുടെ ഓരോ നീക്കവും പിന്തുടരുകയും ചെയ്യുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

ഈ ആരോപണങ്ങൾ അംഗീകരിക്കാൻ ഗൂഗിൾ തയ്യാറായില്ലെങ്കിലും ചില വ്യവസ്ഥകളോടെ പിഴയടച്ച് കേസ് ഒത്തുതീർപ്പാക്കാൻ കമ്പനി തയ്യാറായി. ലൊക്കേഷൻ ട്രാക്കിംഗ് സംബന്ധിച്ച് കൂടുതൽ സുതാര്യത, പരസ്യത്തിനായി ലൊക്കേഷൻ ഡാറ്റ ഉപയോഗിക്കുന്നതിന് മുമ്പ് ഉപഭോക്താക്കളെ അറിയിക്കുക, സ്വകാര്യതയുമായി ബന്ധപ്പെട്ട എന്തെങ്കിലും മാറ്റങ്ങൾ അവതരിപ്പിക്കുന്നതിന് മുമ്പ് ഗൂഗിളിന്റെന്റെ ആന്തരിക സ്വകാര്യതാ വർക്കിംഗ് ഗ്രൂപ്പിൽ നിന്ന് അനുമതി തേടൽ എന്നിവ ഉൾപ്പെടെയുള്ള നിബന്ധനകൾ ഗൂഗിൾ അംഗീകരിച്ചു.