Technology (Page 10)

സാൻഫ്രാൻസിസ്‌കോ: ജി-മെയിൽ ആരംഭിച്ചിട്ട് 20 വർഷം പൂർത്തിയായി. ഗൂഗിൾ സ്ഥാപകരായ ലാറി പേജും സെർഗേയ് ബ്രിന്നും ചേർന്ന് 2004 ഏപ്രിൽ ഒന്നിനായിരുന്നു ജി-മെയിൽ സംവിധാനം ആരംഭിച്ചത്. ഒരു അക്കൗണ്ടിന് ഒരു ഗിഗാബൈറ്റ് സ്റ്റോറേജ് കപ്പാസിറ്റി, സൗജന്യ സേവനം ഇവയൊക്കെയായിരുന്നു ജി-മെയിലിന്റെ മുഖമുദ്ര.

ഇ-മെയിൽ സേവനങ്ങളായ യാഹൂവും ഗൂഗിളും 30-60 ഇ-മെയിലുകൾ മാത്രം സൂക്ഷിക്കാൻ കഴിയുന്ന സേവനം നൽകിയ കാലത്താണ് 13,500 മെയിലുകൾ വരെ സൂക്ഷിക്കാൻ കഴിയുന്ന ജി-മെയിൽ എത്തിയത്. അത് അക്കാലത്ത് വലിയ വിപ്ലവം തന്നെ സൃഷ്ടിച്ചിരുന്നു. 180 കോടി ഉപഭോക്താക്കളാണ് ഇപ്പോൾ ജി മെയിലിൽ ഉള്ളത്.

ഉപഭോക്താക്കളുടെ സന്ദേശ കൈമാറ്റങ്ങൾ സുഗമമാക്കാനും സുരക്ഷയും സ്വകാര്യതയും ഒരുക്കാനുള്ള നിരവധി ഫീച്ചറുകൾ ജി മെയിൽ ഇതുവരെ അവതരിപ്പിച്ചിട്ടുണ്ട്.

2024 ഏപ്രിൽ 1 മുതൽ ഒരുപാട് ഇമെയിലുകൾ ഒന്നിച്ച് അയക്കുന്നവർക്കുള്ള പുതിയ സുരക്ഷാ നിയമങ്ങളും കമ്പനി അവതരിപ്പിച്ചു. പുതിയ സ്ഥിരീകരണ പ്രക്രിയയ്ക്ക് വിധേയരായില്ലെങ്കിൽ കൂട്ടമായി സന്ദേശങ്ങൾ അയക്കാൻ സാധിക്കില്ല. ഒരു തവണയെങ്കിലും 5000 ഇമെയിലുകൾ അയച്ചവരെ ബൾക്ക് സെന്റർമാരായി കണക്കാക്കുകയും വീണ്ടും ബൾക്ക് ഇമെയിലുകൾ അയക്കണമെങ്കിൽ സ്ഥിരീകരണ പ്രക്രിയയ്ക്ക് വിധേയരാകുകയും വേണമെന്നാണ് പുതിയ നിബന്ധന.

യുഐഡിഎഐ പോർട്ടൽ വഴി ആധാർ രേഖകൾ സൗജന്യമായി പുതുക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. myaadhaar.uidai.gov.in എന്ന വെബ്സൈറ്റിൽ Document Update ഓപ്ഷൻ വഴി രേഖകൾ പുതുക്കാം. അക്ഷയ സെന്ററുകൾ അടക്കമുള്ള ആധാർ കേന്ദ്രങ്ങളിൽ പോയി ചെയ്യുന്നതിന് 50 രൂപ നൽകണം. 10 വർഷത്തിലൊരിക്കൽ ആധാറിലെ വിവരങ്ങൾ പുതുക്കാനാണ് യുഐഡിഎഐ പ്രേരിപ്പിക്കുന്നത്. തിരിച്ചറിയൽ, മേൽവിലാസ രേഖകളുടെ സഹായത്തോടെയാണ് ഓൺലൈനായി സൗജന്യമായി വിവരങ്ങൾ പുതുക്കേണ്ടത്.

ഓൺലൈനായി വിവരങ്ങൾ പുതുക്കുമ്പോൾ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കേണ്ടതാണ്. തുടർന്ന് ലഭിക്കുന്ന ഒടിപി അനുസരിച്ചാണ് തുടർനടപടികൾ സ്വീകരിക്കേണ്ടത്. തിരിച്ചറിയൽ, മേൽവിലാസം, ജനനത്തീയതി തുടങ്ങിയവ തെളിയിക്കുന്നതിന് ആവശ്യമായ രേഖകളുടെ സ്‌കാൻ ചെയ്ത കോപ്പികൾ വേണം. സൈറ്റിൽ കയറി Document Update ൽ ക്ലിക്ക് ചെയ്ത് വേണം മുന്നോട്ടുപോകാൻ.

അപ്ഡേറ്റ് ചെയ്യേണ്ട വിശദാംശങ്ങൾ തെരഞ്ഞെടുത്ത് മുന്നോട്ടുപോകുക. ഈ സമയത്താണ് സ്‌കാൻ ചെയ്ത കോപ്പികൾ അപ്ലോഡ് ചെയ്യേണ്ടത്. സബ്മിറ്റ് ചെയ്ത് കഴിഞ്ഞാൽ അപ്ഡേറ്റ് റിക്വസ്റ്റ് നമ്പർ ലഭിക്കും. സ്റ്റാറ്റസ് ട്രാക്ക് ചെയ്യാൻ ഈ നമ്പർ ഉപകരിക്കും.

നമ്മളെല്ലാവരും സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവരാണ്. പലരുടെയും സ്മാർട്ട്‌ഫോണുകൾ ചിലപ്പോൾ നല്ലതുപോലെ ചൂടാകാറുണ്ട്. ഫോൺ അമിതമായി ചൂടാകാതിരിക്കാൻ ചില വഴികൾ പരീക്ഷിക്കാം. ഇവ എന്തൊക്കെയാണെന്ന് നോക്കാം. ഫോൺ പതിവായി ചൂടാകുകയാണെങ്കിൽ, സ്‌ക്രീനിന്റെ ബ്രൈറ്റ്‌നസ് കുറയ്ക്കാൻ ശ്രദ്ധിക്കണം. ഉയർന്ന ബ്രൈറ്റ്‌നസിൽ ഫോൺ കൂടുതൽ നേരം ഉപയോഗിക്കുന്നത് ഒഴിവാക്കണം. സ്‌ക്രീൻ

ബ്രൈറ്റ്‌നസ് പരമാവധി വർധിപ്പിക്കുകയും ത്രീഡി വാൾപേപ്പറുകളും മറ്റും ചെയ്യുന്നത് ഫോണിന്റെ ഫങ്ഷനിങ്ങിനു തടസമാണ്. താങ്ങാനാകാത്തത് സ്റ്റോറേജുകൾ പ്രവർത്തിപ്പിക്കുന്നത് ഫോൺ ചൂടാകുന്നതിനു കാരണമാകും. ഫോണിന്റെ സിപിയു ഓവർലോഡ് ആണെങ്കിൽ ഫോണിനെ ഉള്ളിൽ നിന്ന് ചൂടാക്കുന്നു.

കുറഞ്ഞ റാം ശേഷിയിൽ കൂടുതൽ ആപ്പുകൾ ഉൾകൊള്ളിക്കുന്നത് പലപ്പോഴും ഫോണിനെ ചൂടാക്കും. നിരവധി ആപ്പുകൾ പ്രവർത്തിക്കുന്നത് ഫോൺ അമിതമായി ചൂടാകുന്നതിനു കാരണമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തകരാറിലായ ബാറ്ററിയോ, ചാർജറോ ഫോൺ അമിതമായി ചൂടാകാൻ ഇടയാക്കും. 80% കഴിഞ്ഞ് ചാർജ് ആകുമ്പോൾ തന്നെ ഫോൺ ചാർജറിൽ നിന്ന് ഒഴിവാക്കുന്നതാണ് നല്ലത്.

ചാർജിങ്ങിലെ അശ്രദ്ധ ഫോൺ ചൂടാകാനും തകരാറിലാകാനും കാരണമാകുന്നു. ചാർജിങ്ങിനിടെ ഫോൺ ചൂടാകുന്നുണ്ടെങ്കിൽ കുറച്ച് ഇടവേളയെടുത്ത് ചാർജ് ചെയ്യാം. ഏറെനേരം നീണ്ടു നിൽക്കുന്ന ഗെയിമിങ്, ഓൺലൈൻ വീഡിയോ കാണൽ എന്നിവയൊക്കെ ഫോൺ ചൂടാകുന്നതിന് കാരണമാകും. ചാർജ് ചെയ്യുമ്പോൾ ഫോൺ ഉപയോഗിക്കാതിരിക്കണം. ഫോൺ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാനും ശ്രദ്ധിക്കണം.

മനുഷ്യന്റെ ബുദ്ധിയെ അനുകരിക്കാനും പരമ്പരാഗതമായി മനുഷ്യബുദ്ധി ആവശ്യമായ ജോലികൾ ചെയ്യാനും യന്ത്രങ്ങളെ പ്രാപ്തമാക്കുന്ന ഒരു സാങ്കേതികവിദ്യയാണ് AI. മെഷീൻ ലേണിംഗ്, ഡീപ് ലേണിംഗ്, നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ് തുടങ്ങിയ വിവിധ സാങ്കേതിക വിദ്യകൾ ഇതിൽ ഉൾപ്പെടുന്നു.

മേന്മകൾ ഒരുപാടുണ്ടെങ്കിലും തട്ടിപ്പുകാരും സൈബർ കുറ്റവാളികളും AI ദുരുപയോഗം ചെയ്യാനുള്ള സാധ്യതതകൾ ഏറെയാണ്. അത്യാധുനിക ഫിഷിംഗ് ആക്രമണങ്ങൾ സൃഷ്ടിക്കുന്നതിനും ഡീപ്‌ഫേക്ക് വീഡിയോകൾ അല്ലെങ്കിൽ ഓഡിയോകൾ സൃഷ്ടിക്കുന്നതിനും ഉപയോക്താക്കളെ കബളിപ്പിക്കാൻ സോഷ്യൽ എഞ്ചിനീയറിംഗ് ടെക്‌നിക്കുകൾ ഓട്ടോമേറ്റ് ചെയ്യുന്നതിനും അവർ AI ഉപയോഗിച്ചേക്കാം.

സുരക്ഷാ സംവിധാനങ്ങളെ മറികടക്കുന്നതിനും വ്യക്തികളെ ആൾമാറാട്ടം നടത്തുന്നതിനും സാമ്പത്തിക നേട്ടം, വ്യക്തിപരമായ പ്രതികാരം, ഉപദ്രവം, അപകീർത്തിപ്പെടുത്തൽ, ലൈംഗികാതിക്രമം തുടങ്ങിയ പ്രവർത്തനങ്ങൾക്കും AI സാങ്കേതികവിദ്യ ദുരുപയോഗം ചെയ്‌തേക്കാം.

അത്തരം സന്ദർഭങ്ങളിൽ, തട്ടിപ്പുകാർ ടാർഗറ്റ് വ്യക്തിയെക്കുറിച്ച് ആവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനായി, സോഷ്യൽ മീഡിയയിൽ ലഭ്യമായ ചിത്രങ്ങളും മറ്റ് വ്യക്തിഗത വിവരങ്ങളും ഉപയോഗിക്കുന്നു.

തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ കൃത്രിമത്വം കാണിക്കുന്നതിനായി രാജ്യത്ത് മൂന്നാഴ്ചത്തേയ്ക്ക് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കുമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി എം.വി ഷറഫുദ്ദീൻ ആണ് പിടിയിലായത്.
കോവിഡിനെത്തുടർന്നുണ്ടായ ലോക്ഡൗൺ സമയത്തെ ഒരു വാർത്തയുടെ സ്‌ക്രീൻഷോട്ടാണ് ഇയാൾ ഇതിനായി സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. കൊച്ചി സൈബർ ഡോം നടത്തിയ സോഷ്യൽമീഡിയ പട്രോളിങിലാണ് ഇതു കണ്ടെത്തിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് സാമൂഹികമാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ പോസ്റ്റ് ചെയ്യുന്നവരെയും പ്രചരിപ്പിക്കുന്നവരെയും കണ്ടെത്താനായി സൈബർ ഡിവിഷൻറെ നേതൃത്വത്തിൽ സൈബർ പോലീസ് ആസ്ഥാനത്തും എല്ലാ റേഞ്ചുകളിലും എല്ലാ പോലീസ് ജില്ലകളിലും സാമൂഹികമാധ്യമ നിരീക്ഷണസെല്ലുകൾക്ക് രൂപം നൽകിയിട്ടുണ്ട്.

സൗജന്യ റീച്ചാർജ് എന്ന പേരിൽ തട്ടിപ്പ് നടക്കുന്നുവെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു രാഷ്ട്രീയ പാർട്ടികൾ സൗജന്യമായി മൊബൈൽ ഫോൺ റീചാർജ് ചെയ്തു നൽകുമെന്നു പ്രചരിപ്പിച്ച് തട്ടിപ്പ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികൾ സൗജന്യമായി മൂന്നു മാസം ദൈർഘ്യമുള്ള പ്ലാനിൽ മൊബൈൽ ഫോൺ റീചാർജ് ചെയ്തു തരുമെന്ന വാഗ്ദാനമാണ് വ്യാപകമായി പ്രചരിക്കുന്നത്.

സൗജന്യ റീചാർജ് സ്‌ക്രാച്ച് കാർഡുകൾ എന്ന പേരിലാണു ലിങ്കുകൾ പ്രചരിക്കുന്നത്. ‘ഫ്രീ റീചാർജ് യോജന’ തുടങ്ങിയ പേരിലുള്ള സന്ദേശങ്ങളിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നവരുടെ ഫോൺ നമ്പർ തട്ടിപ്പുകാർ ആവശ്യപ്പെടും. തുടർന്ന് റീചാർജ് ലഭിച്ചെന്നും ആക്ടിവേറ്റ് ചെയ്യാൻ കൂടുതൽ പേർക്ക് ഈ സന്ദേശം അയയ്ക്കണമെന്നും അറിയിക്കും. ഫലത്തിൽ നിങ്ങളുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ തട്ടിപ്പുകാർക്ക് ലഭിക്കുകയാണ്.

ഇത്തരം തട്ടിപ്പ് സന്ദേശങ്ങളിൽ അകപ്പെടുകയോ മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യുകയോ ചെയ്യരുതെന്ന് അധികൃതർ വ്യക്തമാക്കി.

ബ്രൗസറിൽ പാസ്‌വേർഡുകൾ ഓട്ടോ സേവ് നൽകി സൂക്ഷിക്കാറുണ്ടോ. ഇത്തരത്തിൽ സൂക്ഷിക്കാതിരിക്കുന്നതാണ് സുരക്ഷിതമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

നമ്മുടെ കമ്പ്യൂട്ടർ മറ്റൊരാൾ ഉപയോഗിക്കുകയാണെങ്കിൽ, ബ്രൗസറിൽ ഓട്ടോ സേവ് ചെയ്തിട്ടുള്ള പാസ്‌വേർഡുകൾ ഒരു ബുദ്ധിമുട്ടുമില്ലാതെ ആ വ്യക്തിക്ക് വളരെ എളുപ്പത്തിൽ തന്നെ ലഭ്യമാകുന്നതാണ്. മാത്രമല്ല, സൈബർ കുറ്റവാളികൾക്ക് മാൽവേറുകൾ മുഖേന സേവ് ചെയ്തിട്ടുള്ള എല്ലാ പാസ്‌വേർഡുകളും കിട്ടാൻ സഹായിക്കും.

നിങ്ങളുടെ ഓൺലൈൻ അക്കൗണ്ടുകളുടെ (ഇമെയിൽ, സോഷ്യൽ മീഡിയ, ഓൺലൈൻ ബാങ്കിംഗ് തുടങ്ങിയവ) സുരക്ഷയ്ക്ക് കാര്യമായ ഭീഷണി ഉണ്ടാക്കുന്നതിനാൽ ഓട്ടോ സേവ് ഓപ്ഷൻ കൊടുക്കാതിരിക്കുക. അങ്ങനെ ചെയ്യുക വഴി ഇത്തരത്തിലുള്ള അനധികൃത പ്രവേശനം പൂർണമായും നമുക്ക് തടയാൻ സാധിക്കും.

പലതരം വാഷിംഗ് മെഷീനുകൾ കമ്പോളത്തിൽ ലഭ്യമാണ്. മാനുവൽ, സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകളിൽ കഴുകാനും ഉണക്കാനും വ്യത്യസ്ത ഡ്രമ്മുകൾ ഉണ്ട്. അലക്കി കഴിഞ്ഞ് അടുത്ത ഡ്രമ്മിലേക്ക് തുണികൾ വാരി ഇടണം. ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകളിൽ എല്ലാ പ്രവർത്തിയും ഒന്നിച്ചു ചെയ്യാം.

ഓട്ടോമാറ്റിക് മെഷീനുകൾ രണ്ടു തരത്തിലുണ്ട്.

A. മുകളിൽ നിന്ന് നിറയ്ക്കുന്നത് (ടോപ് ലോഡിംഗ്)
B. മുന്നിൽ നിന്ന് നിറയ്ക്കുന്നത് (ഫ്രണ്ട് ലോഡിംഗ്)

  1. ടോപ് ലോഡിംഗ് മെഷീനുകളെ അപേക്ഷിച്ച് ഫ്രണ്ട് ലോഡിംഗ് മെഷീനുകൾക്ക് കുറച്ചുവെള്ളവും വൈദ്യുതിയും മാത്രമേ ആവശ്യമുള്ളു.
  2. വെളളം ചൂടാക്കി ഉപയോഗിക്കുന്ന തരം വാഷിംഗ് മെഷീനുകൾ വൈദ്യുതി കൂടുതൽ ഉപയോഗിക്കുന്നു. ഇവ കേരളത്തിലെ കാലാവസ്ഥക്ക് ആവശ്യമുളളതല്ല.
  3. നിർദ്ദേശിച്ചിരിക്കുന്ന പൂർണ്ണ ശേഷിയിൽ തന്നെ പ്രവർത്തിപ്പിക്കുക. കുറച്ചു തുണി മാത്രം എടുത്ത് ദിവസവും അലക്കുന്ന രീതിക്കു പകരം ആഴ്ചയിൽ ഒരിക്കലോ രണ്ടു പ്രാവശ്യമോ ആക്കി ക്രമീകരിക്കുന്നത് വഴി ധാരാളം വെളളവും വൈദ്യുതിയും ലാഭിക്കാൻ സാധിക്കും.
  4. അഴുക്കില്ലാത്തതും അധികം ഉപയോഗിക്കാത്തതുമായ തുണികൾക്ക് ക്വിക്ക് സൈക്കിൾ മോഡ് ഉപയോഗിക്കാം.
  5. വാഷിംഗ് മെഷീൻ ലോഡ് ചെയ്തതിനു ശേഷം മാത്രം ഓൺ ചെയ്യുക.
  6. ഉപയോഗം കഴിഞ്ഞാൽ വാഷിംഗ് മെഷിന്റെ സ്വിച്ച് ബോർഡിലെ സ്വിച്ചും ഓഫ് ചെയ്യുക.
  7. കഴിയുന്നതും വസ്ത്രങ്ങൾ വെയിലത്ത് ഉണക്കുക.

നിങ്ങൾ സെക്‌സ്‌ടോർഷൻ സൈബർ ഇരയായിട്ടുണ്ടോ. ഇത്തരം സാഹചര്യങ്ങളിൽ എന്താണ് ചെയ്യേണ്ടതെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അധികൃതർ.

ഇത്തരം സാഹചര്യങ്ങളിൽ എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം:

  • ആ വ്യക്തിയെ ഉടനടി ബ്ലോക്ക് ചെയ്യുക. അവന്റെ / അവളുടെ കോൺടാക്റ്റ് നമ്പർ നിങ്ങളുടെ ഫോണിൽ സേവ് ചെയ്യരുത്.
  • വാട്ട്‌സ്ആപ്പിൽ അജ്ഞാതരായ കോളർമാരെ നിശബ്ദരാക്കുക.
  • അജ്ഞാതനിൽ നിന്ന് നിങ്ങൾക്ക് നിരവധി ഭീഷണി കോളുകൾ പ്രതീക്ഷിക്കാം

പോലീസ് അല്ലെങ്കിൽ അഡ്വക്കേറ്റ് എന്ന രീതിയിലും മറ്റും മൊബൈൽ നമ്പറുകൾ / വെർച്വൽ മൊബൈൽ നമ്പറുകൾ, എന്നിവയിൽ നിന്നും സംഭവം സോൾവ് ചെയ്യാൻ എന്ന രീതിയിൽ ഫോൺ കാളുകളിലൂടെയും മെസ്സേജിലൂടെയും വന്നു ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടാം ഇത്തരം സാഹചര്യങ്ങളിൽ പരിഭ്രാന്തരാകരുത്. പണമടയ്ക്കുകയും ചെയ്യരുത്.

  • 1930 എന്ന ഹെല്പ് ലൈൻ നമ്പറിലോ cybercrime.gov.in എന്ന വെബ് സൈറ്റ്‌ലോ ഉടനെ തന്നെ റിപ്പോർട്ട് ചെയ്യുക.
  • ഉടനടി നിങ്ങളുടെ കോണ്ടാക്ടിൽ ഉള്ളവരെ ഇത്തരം തട്ടിപ്പിനെപ്പറ്റി സോഷ്യൽ മീഡിയ സ്റ്റാറ്റസ് / സ്റ്റോറികൾ എന്നിവയിലൂടെ അറിയിക്കുക

ഓൺലൈൻ ഏജന്റ് എന്ന വ്യാജേനെ വിവാഹിതരാകാൻ താൽപര്യമുള്ളവരെ സോഷ്യൽ മീഡിയ വഴി ബന്ധപ്പെടുകയും തട്ടിപ്പ് നടത്തുകയും ചെയ്യുന്നവരെ കുറിച്ച് ജാഗ്രത പാലിക്കുക. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന നിരവധി പെൺകുട്ടികളുടെ പേരുവിവരങ്ങൾ തങ്ങളുടെ കൈവശമുണ്ടെന്നും പെൺകുട്ടികളുടെ ചിത്രങ്ങൾ കാണിക്കുകയും കുട്ടിയെ ഇഷ്ടപ്പെട്ടാൽ ഫീസ് ഇനത്തിൽ കാശ് ആവശ്യപ്പെടുകയും ചെയ്യുകയാണ് ഇവരുടെ രീതി.

വിശ്വാസ്യത ഉറപ്പുവരുത്താൻ കോൺഫറൻസ് കോൾ വഴി പെൺകുട്ടിയുമായി സംസാരിപ്പിക്കുകയും ചെയ്യുന്നു. വിവാഹത്തിന് സമ്മതമെന്നു കുട്ടി അറിയിക്കുകയും തുടർന്ന് പെൺകുട്ടിയുടേതെന്ന് പറഞ്ഞ് ഒരു വ്യാജ നമ്പർ കൊടുക്കുകയും ചെയ്യുന്നു. വിവാഹിതരാകാൻ പോകുന്ന താൽപര്യത്തിൽ കുറച്ചുനാൾ ഈ നമ്പറിൽ നിന്നും പെൺകുട്ടി സംസാരിക്കുന്നു. ഇതിനിടയിൽ ഫീസിനത്തിൽ തുക മുഴുവൻ ഇവർ ശേഖരിച്ച ശേഷം പതിയെ ഡീലിൽ നിന്ന് ഒഴിവാകാനുള്ള ശ്രമം ആരംഭിക്കുന്നു. വീട്ടിലെ ആരെങ്കിലും മരിച്ചുപോയെന്നോ മാറാവ്യാധി ആണെന്നോ ജോലിത്തിരക്കെന്നോ ഒക്കെയുള്ള കാരണങ്ങൾ ആവും അവതരിപ്പിക്കുക.

ഇത്തരം തട്ടിപ്പുകളിൽപ്പെടുന്നവർക്ക് തട്ടിപ്പുകാർ വിവിധ പെൺകുട്ടികളുടെ ഫോട്ടോകൾ കാണിക്കാറുണ്ടെങ്കിലും വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി എന്ന രീതിയിൽ സംസാരിക്കുന്നത് ഒരു സ്ത്രീ തന്നെയായിരിക്കും. വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്ത യുവാക്കളെയും പുനർവിവാഹം ആലോചിക്കുന്ന പുരുഷന്മാരെയുമാണ് തട്ടിപ്പുകാർ ലക്ഷ്യം വയ്ക്കുന്നത്. പണം നഷ്ടപ്പെടുന്നവർ മാനഹാനി ഭയന്ന് പുറത്തു പറയാൻ മടിക്കുന്നത് മൂലം തട്ടിപ്പ് പുറം ലോകം അറിയാനും വൈകുന്നു. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണം.