Sports (Page 57)

മെല്‍ബണ്‍: ആസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് ഫൈനലില്‍ തോല്‍വിയേറ്റു വാങ്ങി സാനിയ മിര്‍സ – രോഹന്‍ ബൊപ്പണ്ണ സഖ്യം. ബ്രസീലിന്റെ സ്റ്റെഫാനി – മറ്റോസ് സഖ്യത്തോട് 7-6, 6-2 എന്ന സ്‌കോറിനാണ് പരാജയപ്പെട്ടത്. സാനിയയുടെ കരിയറിലെ അവസാന ഗ്രാന്‍സ്ലാം മത്സരമായിരുന്നു ഇത്. ഏഴാമത്തെ ഗ്രാന്‍സ്ലാം കിരീടം എന്ന സ്വപ്നം ബാക്കിയാണ് സാനിയ മടങ്ങുന്നത്. മത്സരശേഷം വളരെ വികാരധീനയായാണ് സാനിയ സംസാരിച്ചത്.

14 ാം വയസില്‍ രോഹന്‍ ബൊപ്പണ്ണക്കൊപ്പമാണ് സാനിയ പ്രൊഫഷണല്‍ ടെന്നീസില്‍ കളിച്ചു തുടങ്ങിയത്. അവസാനത്തെ ഗ്രാന്‍സ്ലം മത്സരത്തില്‍ ഇരുവരും ഒരുമിച്ച് കളിച്ചു എന്നതും ശ്രദ്ധേയമാണ്. അടുത്ത മാസം നടക്കുന്ന ദുബൈ ഓപ്പണോടുകൂടി സാനിയ വിരമിക്കും.

സെമിയില്‍ ബ്രിട്ടന്റെ നീല്‍ പുപ്സ്‌കി- യു.എസിന്റെ ഡിസൈര്‍ ക്രവാഷിക് സംഖ്യത്തെ തോല്‍പ്പിച്ചാണ് സാനിയയും ബൊപ്പണ്ണയും ഫൈനലില്‍ എത്തിയത്. 7-6,6-7,10-6 എന്ന സ്‌കോറിനായിരുന്നു ഫൈനലില്‍ പ്രവേശിച്ചത്. സാനിയ -ബൊപ്പണ്ണ സംഖ്യത്തിന്റെ ആദ്യ ഗ്രാന്‍സ്ലം ഫൈനല്‍ കൂടിയായിരുന്നു ഇത്.

വനിത ഐപിഎല്ലിന്റെ ഫ്രാഞ്ചൈസികളുടെ ലേലം പൂര്‍ത്തിയായി. 4669.99 കോടി രൂപയാണ് അഞ്ച് ഫ്രാഞ്ചൈസികള്‍ക്കുമായി ബിസിസിഐയ്ക്ക് ലഭിച്ചത്.

അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു, ലക്‌നൗ, ഡല്‍ഹി എന്നിവരാണ് ഫ്രാഞ്ചൈസികളുടെ ആസ്ഥാനം. 1289 കോടി രൂപയ്ക്ക് അദാനി സ്‌പോര്‍ട്‌സ് ലൈന്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് അഹമ്മദാബാദ് ഫ്രാഞ്ചൈസി സ്വന്തമാക്കിയത്.

912.99 കോടി രൂപയ്ക്ക് ഇന്‍ഡ്യവിന്‍ സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റിഡ് മുംബൈ ഫ്രാഞ്ചൈസിയെ സ്വന്തമാക്കിയപ്പോള്‍ 901 കോടി രൂപയ്ക്ക് റോയല്‍ ചലഞ്ചേഴ്‌സ് സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് ബെംഗളൂരുവിനെ സ്വന്തമാക്കി. 810 കോടി രൂപയ്ക്ക് ജെഎസ്ഡബ്ല്യു ജിഎംആര്‍ ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് ഡല്‍ഹി ഫ്രാഞ്ചൈസിയെയും കാപ്രി ഗ്ലോബല്‍ ഹോള്‍ഡിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ലക്‌നൗവ് ഫ്രാഞ്ചൈസിയെ 757 കോടി രൂപയ്ക്കും സ്വന്തമാക്കി.

ഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗ് അടക്കമുള്ളവര്‍ക്കെതിരായ ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കാനുള്ള മേല്‍നോട്ട സമിതി രൂപീകരണത്തില്‍ ഗുസ്തി താരങ്ങള്‍ക്ക് അതൃപ്തി.

ബോക്സിംഗ് താരം മേരികോമിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതി രൂപീകരിക്കും മുന്‍പ് തങ്ങളോട് ചര്‍ച്ച ചെയ്തില്ലെന്ന് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും പരാതിപ്പെട്ടു. മേല്‍നോട്ട സമിതി രൂപീകരിക്കുന്നതിന് മുമ്ബ് ഞങ്ങളോട് കൂടിയാലോചിക്കുമെന്നാണ് കരുതിയതെന്നും അതുണ്ടാകാഞ്ഞത് വളരെ സങ്കടകരമായെന്നും ഇരുവരും ട്വീറ്റു ചെയ്തു. പ്രധാനമന്ത്രി ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്ന് ലോക ചാമ്ബ്യന്‍ഷിപ്പ് വെങ്കല മെഡല്‍ ജേതാവും കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്ബ്യനുമായ ഗീത ഫോഗട്ട് അഭ്യര്‍ത്ഥിച്ചു.

ഐസിസി ടി20 ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ ക്രിക്കറ്ററായി സൂര്യകുമാര്‍ യാദവ്.

ഫോര്‍മാറ്റിന്റെ ചരിത്രത്തില്‍ ഏതൊരു കളിക്കാരനും ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച വര്‍ഷങ്ങളിലൊന്നായിരുന്നു സൂര്യകുമാറിന്റെ 2022. 1164 റണ്‍സ് അതും 187.43 സ്ട്രൈക്ക് റേറ്റില്‍ കഴിഞ്ഞ വര്‍ഷം നേടാന്‍ സൂര്യകുമാറിനായിരുന്നു. ഇതോടെ ടി20യില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍സിന് മുകളില്‍ തികയ്ക്കുന്ന രണ്ടാമത്തെ ബാറ്ററായും സ്‌കൈ മാറിയിരുന്നു.

കഴിഞ്ഞ വര്‍ഷം അദ്ദേഹം ടി20യില്‍ ആകെ 68 സിക്സറുകളും അടിച്ചു, ഫോര്‍മാറ്റിന്റെ ചരിത്രത്തില്‍ ഒരു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ അടിച്ച താരമായി സ്‌കൈ മാറി. രണ്ട് സെഞ്ചുറികളും ഒമ്ബത് അര്‍ധസെഞ്ചുറികളും അടിച്ച് ഇന്ത്യക്ക് നിര്‍ണായക വിജയങ്ങള്‍ നേടാനും സ്‌കൈക്ക് കഴിഞ്ഞ വര്‍ഷം ആയി. സ്‌കൈയുടെ മികവ് അദ്ദേഹത്തെ ടി20 ബാറ്റിങ് റാങ്കിംഗ് ഒന്നാമത് എത്തിക്കുകയും ചെയ്തിരുന്നു.

ഇന്‍ഡോര്‍: മൂന്നാം ഏകദിനത്തില്‍ ന്യൂസിലാന്റിനെതിരെ ഇന്ത്യയ്ക്ക് 90 റണ്‍സിന്റെ വിജയം. നായകന്‍ രോഹിത് ശര്‍മയുടെയും ശുഭ്മാന്‍ ഗില്ലിന്റെയും സെഞ്ച്വറി നേട്ടത്തില്‍ ഇന്ത്യ പടുത്തുയര്‍ത്തിയ 386 എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന കിവിപ്പട 41.2 ഓവറില്‍ 295 റണ്‍സ് നേടുന്നതിനിടയില്‍ ഓള്‍ ഔട്ട് ആവുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യന്‍ ടീം തുടക്കത്തിലെ മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്. ഫോം ഔട്ടായിരുന്ന ഹിറ്റ്മാനും ഡബിള്‍ സെഞ്ച്വറിയുടെ തിളക്കത്തിലുള്ള ഗില്ലും കൂറ്റനടികളോടെ കളം നിറഞ്ഞതോടെ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ തന്നെ സ്‌കോര്‍ബോര്‍ഡില്‍ 200 കടന്നു. ഗില്‍-രോഹിത് കൂട്ടുകെട്ട് ഒന്നാം വിക്കറ്റില്‍ 212 അടിച്ചുകൂട്ടി. രോഹിതിന്റെയും ഗില്ലിന്റെയും പ്രകടനത്തില്‍ ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ന്നതിനോടൊപ്പം തന്നെ ഇരുവരുടെയും വ്യക്തിഗത സ്‌കോര്‍ രണ്ടക്കം കടന്നു. 85 പന്തില്‍ 9 ഫോറും 6 സിക്സറും സഹിതം 101 റണ്‍സ് നേടിയ ഹിറ്റ്മാന്‍ കരിയറിലെ മുപ്പതാം ഏകദിന സെഞ്ച്വറിയാണ് അടിച്ചുകൂട്ടിയത്. നാലാം ഏകദിന സെഞ്ച്വറി തികച്ച ഗില്‍ 78 പന്തില്‍ 13 ഫോറും 5 സിക്സും ഉള്‍പ്പടെ 112 റണ്ണെടുത്തു.

രോഹിത്തിനെ ബ്രേസ്വെല്ലും ഗില്ലിനെ ടിക്‌നെറും പുറത്താക്കിയതോടെ ഇന്ത്യയുടെ റണ്‍വേട്ടയുടെ നിരക്ക് കുറഞ്ഞു. അവസാന ഓവറുകളില്‍ ബോളുകള്‍ ബൗണ്ടറി കടത്തിയ ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനത്തിലാണ് ഇന്ത്യ 386 എന്ന സ്‌കോറിലെത്തിച്ചത്. ഹാര്‍ദിക് പാണ്ഡ്യ 38 പന്തുകളില്‍ നിന്നും 54 റണ്‍സ് നേടി.കിവികള്‍ക്കായി ജേക്കബ് ഡെഫി മൂന്ന് വിക്കറ്റ് നേടിയെങ്കിലും 100 റണ്‍സ് വഴങ്ങിയെന്ന നാണക്കേടിന്റെ ചരിത്രവും മത്സരത്തിലുണ്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്റും മികച്ച ബാറ്റിംഗ് പ്രകടനം തന്നെ കാഴ്ച വെച്ചു. ഓപ്പണര്‍ ഡെവോണ്‍ കോണ്‍വേയുടെ സെഞ്ച്വറി നേട്ടത്തിനിടയിലും കിവികള്‍ക്ക് സ്‌കോര്‍ 300 തികയ്ക്കാനായില്ല.

ഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനും ചില പരിശീലകര്‍ക്കുമെതിരെ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ലൈംഗിക പീഡന ആരോപണങ്ങളും സാമ്ബത്തിക ക്രമക്കേടുകളും അന്വേഷിക്കാന്‍ പ്രമുഖ ബോക്സറും ഒളിമ്ബ്യനുമായ മേരി കോമിന്റെ നേതൃത്വത്തില്‍ കേന്ദ്ര കായിക മന്ത്രാലയം അഞ്ചംഗ മേല്‍നോട്ട സമിതിയെ ചുമതലപ്പെടുത്തി. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ഗുസ്തി ഫെഡറേഷന്റെ ദൈനംദിന കാര്യങ്ങള്‍ സമിതി നിര്‍വഹിക്കും.

സമിതി അംഗങ്ങളെ അറിയാം

1എംസി മേരി കോം, (ഒളിമ്ബിക് മെഡല്‍ ജേതാവായ ബോക്സിംഗ് താരം, ഇന്ത്യന്‍ ഒളിമ്ബിക് അസോസിയേഷന്‍ (ഐ.ഒ.എ) അത്ലറ്റ്‌സ് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍

  1. യോഗേശ്വര്‍ ദത്ത്, ഒളിമ്ബിക് മെഡല്‍ ജേതാവായ ഗുസ്തി താരം, ഐ.ഒ.എ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം.
  2. തൃപ്തി മുര്‍ഗുണ്ടെ, ധ്യാന്‍ചന്ദ് അവാര്‍ഡ് ജേതാവായ മുന്‍ ബാഡ്മിന്റണ്‍ താരം.
  3. രാധിക ശ്രീമാന്‍, സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(സായ്) അംഗം.
  4. സിഡിആര്‍(റിട്ട) രാജേഷ് രാജഗോപാലന്‍, മുന്‍ സി.ഇ.ഒ ടാര്‍ഗെറ്റ് ഒളിമ്ബിക് പോഡിയം സ്‌കീം (ടോപ്‌സ്)

മേല്‍നോട്ട സമിതിയുടെ ചുമതലകള്‍:

താരങ്ങള്‍ ഉന്നയിക്കുന്ന ലൈംഗികാരോപണം, ഭീഷണിപ്പെടുത്തല്‍, സാമ്ബത്തിക ക്രമക്കേടുകള്‍, ഭരണപരമായ വീഴ്ചകള്‍ എന്നിവയെക്കുറിച്ചുള്ള അന്വേഷണം. നാലാഴ്ചക്കകം അന്വേഷണം പൂര്‍ത്തിയാക്കും.

ഡല്‍ഹി: റസലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ എല്ലാ പ്രവര്‍ത്തനങ്ങളും കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിവെപ്പിച്ചു.

നിലവില്‍ റാങ്കിംഗ് മത്സരങ്ങള്‍ ഉള്‍പ്പെടെ നിര്‍ത്തിവെക്കും. കേന്ദ്രം നിയോഗിക്കുന്ന സമിതിയാകും ഇനി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക. ഫെഡറേഷന്‍ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. കേന്ദ്ര കായിക വകുപ്പിന്റേതാണ് നടപടി. തോമര്‍ ഗുസ്തി താരങ്ങള്‍ക്കെതിരെ മാദ്ധ്യമങ്ങളിലൂടെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് താരങ്ങള്‍ കഴിഞ്ഞ ദിവസം സമരം അവസാനിപ്പിച്ചിരുന്നു.

മഡ്ഗാവ്: ഐ.എസ്.എല്ലില്‍ എഫ്.സി ഗോവയില്‍ നിന്ന് 3-1ന്റെ തോല്‍വി ഏറ്റുവാങ്ങി കേരള ബ്‌ളാസ്റ്റേഴ്‌സ്. ഗോവയുടെ തട്ടകമായ ഫത്തോര്‍ദ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് ആതിഥേയര്‍ ലീഡ് ചെയ്തിരുന്നു. രണ്ടാം പകുതിയില്‍ ഇരുടീമുകളും ഓരോ ഗോളടിച്ചു.

35-ാം മിനിട്ടില്‍ ബ്‌ളാസ്റ്റേഴ്‌സിന്റെ ഭാഗത്തുനിന്നുണ്ടായ മനപ്പൂര്‍വമല്ലാത്ത ഒരു ഫൗളിന് പെനാല്‍റ്റി വിധിച്ച റഫറിയാണ് കളിയില്‍ വഴിത്തിരിവുണ്ടാക്കിയത്. കിക്കെടുത്ത ഐക്കര്‍ ഗുവാരോസെന ഗോവയ്ക്ക് ലീഡ് നല്‍കി. 43-ാം മിനിട്ടില്‍ നോഹ് സദോയ് ലീഡുയര്‍ത്തി. 51-ാം മിനിട്ടില്‍ ഡിമിത്രി ഡയമെന്റിക്കോസിലൂടെ ബ്‌ളാസ്റ്റേഴ്‌സ് ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും 69-ാം മിനിട്ടിലെ റിഡീം ടലാംഗിന്റെ ഗോള്‍ ആതിഥേയര്‍ക്ക് 3-1ന്റെ വിജയം സമ്മാനിച്ചു.

ഡല്‍ഹി: ഗുസ്തിതാരങ്ങളുടെ സമരം ഒത്തുതീര്‍പ്പാക്കി കേന്ദ്രം. ലൈംഗികാതിക്രമം ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങളുന്നയിച്ച് അന്താരാഷ്ട്ര താരങ്ങള്‍ ജന്തര്‍മന്തറില്‍ പ്രതിഷേധിക്കാനെത്തിയത് ദേശീയതലത്തില്‍ ചര്‍ച്ചയായതോടെ ഏതുവിധേനയും സമരമവസാനിപ്പിക്കാനായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം.

വ്യാഴാഴ്ച രാത്രി തുടങ്ങിയ ചര്‍ച്ചകളുടെ പരിസമാപ്തിയില്‍ സമരത്തിന്റെ മൂന്നാംദിവസമായ ശനിയാഴ്ച പുലര്‍ച്ചെയോടെ പ്രതിഷേധം അവസാനിപ്പിക്കുന്നതായി താരങ്ങള്‍ പ്രഖ്യാപിച്ചു. കായികമന്ത്രി അനുരാഗ് സിങ് ഠാക്കൂറിന്റെ ഔദ്യോഗികവീട്ടില്‍ നടന്ന ചര്‍ച്ചയ്ക്കൊടുവിലായിരുന്നു തീരുമാനം.

എന്നാല്‍, ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ കടുത്ത നടപടികളൊന്നും കേന്ദ്രം സ്വീകരിച്ചിട്ടില്ല. അന്വേഷണം കഴിയുംവരെ സിങ് മാറിനില്‍ക്കുമെന്നുമാത്രമാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍, തത്കാലത്തേക്കെങ്കിലും അദ്ദേഹത്തെ ഫെഡറേഷനില്‍ നിന്ന് മാറ്റിനിര്‍ത്തുമെന്ന പ്രഖ്യാപനത്തോടെ താരങ്ങളെ വിശ്വാസത്തിലെടുക്കാനുമായി.

ന്യൂസിലന്‍ഡിന് ഐസിസി റാങ്കിങ്ങില്‍ ആദ്യ സ്ഥാനം നഷ്ടപ്പെട്ടു. ഇന്ത്യയോട് രണ്ടാം മത്സരത്തിലേറ്റ കനത്ത പരാജയമാണ് ന്യൂസീലന്‍ഡിന് തിരിച്ചടിയായത്.

രണ്ടാം മത്സരത്തിനു മുന്‍പ് 115 റേറ്റിംഗുമായി ന്യൂസീലന്‍ഡാണ് ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. മത്സരത്തിനു ശേഷം ന്യൂസീലന്‍ഡ് 113 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്കിറങ്ങി.

നിലവില്‍ ആദ്യ മൂന്ന് സ്ഥാനത്തുള്ള ടീമുകള്‍ക്കും 113 പോയിന്റാണ് ഉള്ളത്. ആദ്യ സ്ഥാനത്ത് ഇംഗ്ലണ്ടും മൂന്നാം സ്ഥാനത്ത് ഇന്ത്യയുമാണ് ഉള്ളത്. രണ്ടാം ഏകദിനത്തിനു മുന്‍പ് 112 റേറ്റിംഗുമായി ഇന്ത്യ നാലാമതായിരുന്നു.