ഇന്‍ഡോര്‍: മൂന്നാം ഏകദിനത്തില്‍ ന്യൂസിലാന്റിനെതിരെ ഇന്ത്യയ്ക്ക് 90 റണ്‍സിന്റെ വിജയം. നായകന്‍ രോഹിത് ശര്‍മയുടെയും ശുഭ്മാന്‍ ഗില്ലിന്റെയും സെഞ്ച്വറി നേട്ടത്തില്‍ ഇന്ത്യ പടുത്തുയര്‍ത്തിയ 386 എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന കിവിപ്പട 41.2 ഓവറില്‍ 295 റണ്‍സ് നേടുന്നതിനിടയില്‍ ഓള്‍ ഔട്ട് ആവുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യന്‍ ടീം തുടക്കത്തിലെ മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്. ഫോം ഔട്ടായിരുന്ന ഹിറ്റ്മാനും ഡബിള്‍ സെഞ്ച്വറിയുടെ തിളക്കത്തിലുള്ള ഗില്ലും കൂറ്റനടികളോടെ കളം നിറഞ്ഞതോടെ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ തന്നെ സ്‌കോര്‍ബോര്‍ഡില്‍ 200 കടന്നു. ഗില്‍-രോഹിത് കൂട്ടുകെട്ട് ഒന്നാം വിക്കറ്റില്‍ 212 അടിച്ചുകൂട്ടി. രോഹിതിന്റെയും ഗില്ലിന്റെയും പ്രകടനത്തില്‍ ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ന്നതിനോടൊപ്പം തന്നെ ഇരുവരുടെയും വ്യക്തിഗത സ്‌കോര്‍ രണ്ടക്കം കടന്നു. 85 പന്തില്‍ 9 ഫോറും 6 സിക്സറും സഹിതം 101 റണ്‍സ് നേടിയ ഹിറ്റ്മാന്‍ കരിയറിലെ മുപ്പതാം ഏകദിന സെഞ്ച്വറിയാണ് അടിച്ചുകൂട്ടിയത്. നാലാം ഏകദിന സെഞ്ച്വറി തികച്ച ഗില്‍ 78 പന്തില്‍ 13 ഫോറും 5 സിക്സും ഉള്‍പ്പടെ 112 റണ്ണെടുത്തു.
രോഹിത്തിനെ ബ്രേസ്വെല്ലും ഗില്ലിനെ ടിക്‌നെറും പുറത്താക്കിയതോടെ ഇന്ത്യയുടെ റണ്‍വേട്ടയുടെ നിരക്ക് കുറഞ്ഞു. അവസാന ഓവറുകളില്‍ ബോളുകള്‍ ബൗണ്ടറി കടത്തിയ ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനത്തിലാണ് ഇന്ത്യ 386 എന്ന സ്‌കോറിലെത്തിച്ചത്. ഹാര്‍ദിക് പാണ്ഡ്യ 38 പന്തുകളില്‍ നിന്നും 54 റണ്‍സ് നേടി.കിവികള്‍ക്കായി ജേക്കബ് ഡെഫി മൂന്ന് വിക്കറ്റ് നേടിയെങ്കിലും 100 റണ്‍സ് വഴങ്ങിയെന്ന നാണക്കേടിന്റെ ചരിത്രവും മത്സരത്തിലുണ്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്റും മികച്ച ബാറ്റിംഗ് പ്രകടനം തന്നെ കാഴ്ച വെച്ചു. ഓപ്പണര്‍ ഡെവോണ്‍ കോണ്‍വേയുടെ സെഞ്ച്വറി നേട്ടത്തിനിടയിലും കിവികള്‍ക്ക് സ്‌കോര്‍ 300 തികയ്ക്കാനായില്ല.

