ഡല്‍ഹി: ഗുസ്തിതാരങ്ങളുടെ സമരം ഒത്തുതീര്‍പ്പാക്കി കേന്ദ്രം. ലൈംഗികാതിക്രമം ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങളുന്നയിച്ച് അന്താരാഷ്ട്ര താരങ്ങള്‍ ജന്തര്‍മന്തറില്‍ പ്രതിഷേധിക്കാനെത്തിയത് ദേശീയതലത്തില്‍ ചര്‍ച്ചയായതോടെ ഏതുവിധേനയും സമരമവസാനിപ്പിക്കാനായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം.
വ്യാഴാഴ്ച രാത്രി തുടങ്ങിയ ചര്‍ച്ചകളുടെ പരിസമാപ്തിയില്‍ സമരത്തിന്റെ മൂന്നാംദിവസമായ ശനിയാഴ്ച പുലര്‍ച്ചെയോടെ പ്രതിഷേധം അവസാനിപ്പിക്കുന്നതായി താരങ്ങള്‍ പ്രഖ്യാപിച്ചു. കായികമന്ത്രി അനുരാഗ് സിങ് ഠാക്കൂറിന്റെ ഔദ്യോഗികവീട്ടില്‍ നടന്ന ചര്‍ച്ചയ്ക്കൊടുവിലായിരുന്നു തീരുമാനം.
എന്നാല്‍, ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ കടുത്ത നടപടികളൊന്നും കേന്ദ്രം സ്വീകരിച്ചിട്ടില്ല. അന്വേഷണം കഴിയുംവരെ സിങ് മാറിനില്‍ക്കുമെന്നുമാത്രമാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍, തത്കാലത്തേക്കെങ്കിലും അദ്ദേഹത്തെ ഫെഡറേഷനില്‍ നിന്ന് മാറ്റിനിര്‍ത്തുമെന്ന പ്രഖ്യാപനത്തോടെ താരങ്ങളെ വിശ്വാസത്തിലെടുക്കാനുമായി.

