Sports (Page 58)

ന്യൂഡല്‍ഹി: ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെ അനുകൂലിച്ച് മാദ്ധ്യമങ്ങളോട് സംസാരിച്ച ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെ സസ്‌പെന്‍ഡ് ചെയ്ത് ദേശീയ കായിക മന്ത്രാലയം.

ബ്രിജ്ഭൂഷണിനെതിരായ ആരോപണങ്ങളില്‍ കഴമ്ബില്ലെന്ന് വിനോദ് തോമര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഗുസ്തി താരങ്ങള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവില്ല. 12 വര്‍ഷമായി ഫെഡറേഷനില്‍ പ്രവര്‍ത്തിക്കുന്നു. അപമര്യാദയായുള്ള ഒരു സംഭവവും തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം, ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനും പരിശീലകര്‍ക്കുമെതിരെ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കാന്‍ ഇന്ത്യന്‍ ഒളിമ്ബിക് അസോസിയേഷന്‍ (ഐ.ഒ.എ) നിയോഗിച്ച ഏഴംഗ സമിതി പത്ത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് തയ്യാറാക്കും. റിപ്പോര്‍ട്ട് കായിക മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ക്ക് സമര്‍പ്പിക്കുമെന്ന് സമിതി അംഗവും മുന്‍ ഇന്ത്യന്‍ ഗുസ്തി താരവുമായ യോഗേശ്വര്‍ ദത്ത് അറിയിച്ചു. കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് ഗുസ്തി താരങ്ങള്‍ ഡല്‍ഹിയിലെ പ്രതിഷേധ സമരം അവസാനിപ്പിച്ചിരുന്നു.

റായ്പൂര്‍: ന്യൂസിലന്‍ഡിനെതിരെയും ഏകദിന പരമ്ബര സ്വന്തമാക്കി ഇന്ത്യ. റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ ക്രിക്കറ്റ് സ്റ്റേഡിയം വേദിയായ ആദ്യ അന്താരാഷ്ട്ര ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിനെ മുഹമ്മദ് ഷമിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ 34.3 ഓവറില്‍ 108റണ്‍സിന് ഓള്‍ഔട്ടാക്കി. മറുപടിക്കിറങ്ങിയ ഇന്ത്യ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 20.1 ഓവറില്‍ വിജയലക്ഷ്യത്തിലെത്തി. ക്യാപ്ടന്‍ രോഹിത് ശര്‍മ്മ (50) അര്‍ദ്ധ സെഞ്ച്വറിയുമായി ചേസിംഗില്‍ മുന്നില്‍ നിന്ന് നയിച്ചു. മുഹമ്മദ് ഷമിയാണ് മാന്‍ ഓഫ് ദ മാച്ച്. ഹൈദരാബാദില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യ 12 റണ്‍സിന്റെ ജയം നേടിയിരുന്നു.

ചെറിയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് രോഹിതും (51), ഗില്ലും (പുറത്താകാതെ 40) നല്ല തുടക്കം നല്‍കി വിജയത്തിന് അടിത്തറയിട്ടു. ഇരുവരും ഒന്നാം വിക്കറ്റില്‍ 72 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 15-ാം ഓവറില്‍ രോഹിതിനെ ഷിപ്ലെ പുറത്താക്കിയെങ്കിലും അപ്പോഴേക്കും ഇന്ത്യ വിജയതീരത്തിനടുത്തെത്തിയിരുന്നു. രോഹിത് ഏഴ് ഫോറും രണ്ട് സിക്‌സും നേടി. വിരാട് കൊഹലിയെ (11) സാന്റ്‌നര്‍ പുറത്താക്കിയെങ്കിലും പകരമെത്തിയ ഇഷാന്‍ കിഷനൊപ്പം (8) ഗില്‍ ഇന്ത്യയുടെ വിജയമുറപ്പിച്ചു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാള്‍ എഫ്.സിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഹൈദരാബാദ് എഫ്.സി.

ഒമ്ബതാം മിനുട്ടില്‍ ജാവിയര്‍ സിവേരിയോയും 93ാം മിനുട്ടില്‍ ആരേണ്‍ ഡി സില്‍വയുമാണ് നൈസാമിന്റെ നാട്ടുകാര്‍ക്കായി ലക്ഷ്യം കണ്ടത്. ഗോള്‍ തിരിച്ചടിക്കാന്‍ ലഭിച്ച രണ്ട് മികച്ച അവസരങ്ങള്‍ ഈസ്റ്റ് ബംഗാളിന്റെ മുന്നേറ്റക്കാരന്‍ ക്ലൈറ്റണ്‍ സില്‍വയ്ക്ക് മുതലെടുക്കാനായില്ല. പന്തടക്കത്തിലും പാസുകളിലും ഈസ്റ്റ് ബംഗാള്‍ മികച്ചുനിന്നുവെങ്കിലും ഗോള്‍ വല കുലുക്കാന്‍ മാത്രം അവര്‍ക്ക് കഴിഞ്ഞില്ല.

നിലവില്‍ 35 പോയന്റുമായി ഹൈദരാബാദ് പോയന്റ് പട്ടികയില്‍ രണ്ടാമതുണ്ട്. 39 പോയന്റുമായി മുംബൈ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്. 25 പോയന്റുമായി കേരളാ ബ്ലാസ്റ്റേഴ്സ് മൂന്നാമതാണ്. എന്നാല്‍ കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ ഒന്നില്‍ മാത്രം വിജയിച്ച ഈസ്റ്റ് ബംഗാള്‍ ഒമ്ബതാം സ്ഥാനത്താണ്. 12 പോയന്റാണ് ടീമിനുള്ളത്.

റിയാദ്: സൗഹൃദ ഫുട്ബാള്‍ പോരാട്ടത്തില്‍ ക്രിസ്റ്റിയാനൊ റൊണാള്‍ഡോ നയിച്ച റിയാദ് ഓള്‍സ്റ്റാര്‍ ഇലവനെതിരെ മെസിയും നെയ്മറും എംബാപ്പെയും അണിനിരന്ന പി.എസ്.ജിക്ക് ജയം.

റിയാദിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് പി.എസ്.ജി ജയിച്ചത്. പി.എസ്.ജിക്കായി മെസി, എംബാപ്പെ, റാമോസ്, മാര്‍ക്വിഞ്ഞോസ്,എകിറ്റികെ എന്നിവര്‍ ഗോളുകള്‍ നേടി. റിയാദ് ടീമിനായി റൊണാള്‍ഡോ രണ്ട് ഗോളുമായി തിളങ്ങിയപ്പോള്‍ ജംഗ് ഹ്യൂന്‍ സൂ, ടാലിസ്‌ക എന്നിവര്‍ ഓരോ തവണ ലക്ഷ്യം കണ്ടു.

റൊണാള്‍ഡോയാണ് കളിയിലെ താരം. സൗദിയില്‍ റൊണാള്‍ഡോയുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്. പി.എസ്.ജിയുയെ ബെര്‍നറ്റ് ചുവപ്പ് കാര്‍ഡ് കണ്ട് 39-ാം മിനിട്ടില്‍ പുറത്തായതിനാല്‍ പത്തു പേരുമായാണ് പി.എസ്.ജി മത്സരം പൂര്‍ത്തിയാക്കിയത്. ഒന്നാംപകുതിയുടെ അധിക സമയത്ത് ലഭിച്ച പെനാല്‍റ്റി നെയ്മര്‍ നഷ്ടപ്പെടുത്തി.

ഡല്‍ഹി: ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പിലെ പുരുഷ സിംഗിള്‍സിലെ നിലവിലെ ചാമ്ബ്യനായ ലക്ഷ്യ സെന്‍ രണ്ടാം റൗണ്ടില്‍ പുറത്തായി. ഡെന്‍മാര്‍ക്കിന്റെ റസ്മു ജന്‍കെയ്‌ക്കെതിരെ 21-16, 15-21,18-21നാണ് ലക്ഷ്യയുടെ തോല്‍വി.

നിലവിലെ പുരുഷ ഡബിള്‍സ് ചാമ്ബ്യന്‍മാരായ സാത്വിക് സായിരാജ്- ചിരാഗ് ഷെട്ടി സഖ്യം ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റില്‍ നിന്ന് പിന്മാറി. സാത്വികിന് വയറ്റിലേറ്റ പരിക്കാണ് സഖ്യത്തിന്റെ പിന്മാറ്റത്തിന് കാരണം. സാത്വികിന്റെ അടിവയറ്റിലാണ് പരിക്കെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രീക്വാര്‍ട്ടറില്‍ ചൈനയുടെ ലിയു യു ചെന്‍- ഒയു ഷുവാന്‍ യി സഖ്യത്തിനെതിരെ ഇന്നലെ നടക്കേണ്ട മത്സരത്തിന് മുന്‍പാണ് ഇന്ത്യന്‍ ജോഡി പിന്മാറ്റം പ്രഖ്യാപിച്ചത്.

ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ശുഭ്മാന്‍ ഗില്ലിന് ഇരട്ട സെഞ്ചുറി. ഇതോടെ ഏറ്റവും കുറച്ചു മത്സരങ്ങളില്‍ നിന്നും ആയിരം റണ്‍സ് തികച്ച താരമെന്ന വിശേഷണവും ഗില്ലിനു സ്വന്തം. പത്തൊമ്ബതു മത്സരങ്ങളില്‍ നിന്നാണ് താരം ഈ നേട്ടം കൈവരിക്കുന്നത്.

ഗില്ലിന്റെ 208 റണ്‍സിന്റെ കരുത്തില്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സ് നേടി. പടുകൂറ്റന്‍ സ്‌കോറിലേക്കുള്ള പ്രയാണത്തില്‍ ത്രസിപ്പിക്കുന്ന ഇന്നിങ്സാണ് കാഴ്ചവച്ചത്. 149 പന്തില്‍ 19 ഫോറും 9 സിക്സറും നേടിയാണ് 208 തികച്ചത്. നാല്‍പ്പത്തൊമ്ബതാം ഓവറിലെ ആദ്യ മൂന്നു പന്തും ഗില്‍ ഗാലറിയിലെത്തിച്ചു. ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്.

ബെനോനി: അണ്ടര്‍ 19 വനിത ട്വന്റി ട്വന്റി ലോകകപ്പില്‍ ഇന്ത്യക്ക് രണ്ടാം ജയം. കഴിഞ്ഞ മത്സരത്തില്‍ യു.എ.ഇയെ 122 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ക്യാപ്ടന്‍ ഷഫാലി വെര്‍മയുടെയും ശ്വേത സെഹ്രാവത്തിന്റെയും മികവില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്ത ഇന്ത്യക്കെതിരേ യു.എ.ഇക്ക് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

34 പന്തില്‍ നാല് സിക്‌സും 12 ഫോറും ഉള്‍പ്പെടെ 78 റണ്‍സെടുത്ത ഷഫാലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ശ്വേത 49 പന്തില്‍ 10 ബൗണ്ടറികളോടെ 74 റണ്‍സുമായി പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്ന് ഓപ്പണിംഗില്‍ 51 പന്തില്‍ 111 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 29 പന്തില്‍ രണ്ട് സിക്സും അഞ്ച് ഫോറുമടക്കം 49 റണ്‍സെടുത്ത റിച്ച ഘോഷും ഇന്ത്യയ്ക്കായി തിളങ്ങി.

ഡല്‍ഹി: ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണിന്റെ ആദ്യ റൗണ്ടില്‍ മലയാളി താരം എച്ച്.എസ് പ്രണോയിയെ വീഴ്ത്തി സഹഇന്ത്യന്‍ താരം ലക്ഷ്യ സെന്‍ പ്രീ ക്വാര്‍ട്ടറില്‍.

21-14, 21-15 എന്ന സ്‌കോറിനായിരുന്നു ലക്ഷ്യയുടെ ജയം. കഴിഞ്ഞയാഴ്ച മലേഷ്യ ഓപ്പണില്‍ പ്രണോയ് ലക്ഷ്യയെ തോല്‍പ്പിച്ചിരുന്നു. അതേസമയം വനിതാവിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന പി.വി സിന്ധു ആദ്യ റൗണ്ടില്‍ അട്ടിമറിക്കപ്പെട്ടു. തായ്ലാന്‍ഡിന്റെ സുപാനിഡ കേറ്റ്‌തോംഗാണ് 21-14,22-20ന് സിന്ധുവിനെ ഞെട്ടിച്ചത്. മലേഷ്യ ഓപ്പണിലും സിന്ധു ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു.

തിരുവനന്തപുരം: മന്ത്രി വി അബ്ദുറഹ്മാന്റെ വിവാദ പരാമര്‍ശത്തില്‍ കൂടുതല്‍ പ്രതികരണം വേണ്ടെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍. സര്‍ക്കാരുമായി ഏറ്റുമുട്ടലിന് ഇല്ലെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ് കുമാര്‍ മീഡിയവണിനോട് പറഞ്ഞു. വിവാദം അവസാനിപ്പിച്ച് കൂടുതല്‍ മത്സരങ്ങള്‍ കാര്യവട്ടത്തേക്ക് എത്തിക്കാനാണ് ശ്രമമെന്നും കെസിഎ വ്യക്തമാക്കി.

മത്സരത്തിന് ശേഷം സമൂഹമാധ്യമത്തിലൂടെ രൂക്ഷ വിമര്‍ശനം മന്ത്രി വി.അബ്ദുറഹ്മാന്‍ ഉന്നയിച്ചെങ്കിലും അതിനോട് അതേരീതിയില്‍ പ്രതികരിക്കേണ്ടെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനം. ഇപ്പോള്‍ ഉള്ള വിവാദം അവസാനിപ്പിച്ച് ഒറ്റക്കെട്ടായി നില്‍ക്കണമെന്നാണ് കെ.സി.എ ആഗ്രഹിക്കുന്നത്. സ്റ്റേഡിയം കേരള ക്രിക്കറ്റ് അസോസിയേഷന് നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുകള്‍ നടത്തും. ഇനിയും കൂടുതല്‍ മത്സരങ്ങള്‍ കാര്യവട്ടത്തേക്ക് എത്തിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം. മന്ത്രിക്ക് എന്തെങ്കിലും തരത്തിലുള്ള തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ നേരിട്ട് കണ്ട് അത് പരിഹരിക്കുമെന്ന് കെസിഎ അറിയിച്ചു.

ഡല്‍ഹി: തന്റെ ശസ്ത്രക്രിയ വിജയകരമാണെന്നും പരിക്കുകള്‍ ഭേദമാകുന്നതിനും വരാനിരിക്കുന്ന വെല്ലുവിളികളെ നേരിടാന്‍ തയാറെടുക്കുകയാണെന്നും വാഹനാപകടത്തിനു ശേഷം ആദ്യ പ്രതികരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്ത്. അപകടത്തിനു ശേഷം തനിക്ക് ലഭിച്ച എല്ലാ പിന്തുണയ്ക്കും ആശംസകള്‍ക്കും താരം ട്വിറ്ററില്‍ നന്ദി അറിയിക്കുകയും ചെയ്തു.

പരിക്കിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പന്ത് കളിക്കളത്തിലേക്ക് മടങ്ങിയെത്താന്‍ ഒന്നര വര്‍ഷം വരെ സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കിന്റെ ഗൗരവം കണക്കിലെടുത്ത് അദ്ദേഹം പൂര്‍ണ്ണമായും സുഖം പ്രാപിക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.