മഡ്ഗാവ്: ഐ.എസ്.എല്ലില്‍ എഫ്.സി ഗോവയില്‍ നിന്ന് 3-1ന്റെ തോല്‍വി ഏറ്റുവാങ്ങി കേരള ബ്‌ളാസ്റ്റേഴ്‌സ്. ഗോവയുടെ തട്ടകമായ ഫത്തോര്‍ദ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് ആതിഥേയര്‍ ലീഡ് ചെയ്തിരുന്നു. രണ്ടാം പകുതിയില്‍ ഇരുടീമുകളും ഓരോ ഗോളടിച്ചു.
35-ാം മിനിട്ടില്‍ ബ്‌ളാസ്റ്റേഴ്‌സിന്റെ ഭാഗത്തുനിന്നുണ്ടായ മനപ്പൂര്‍വമല്ലാത്ത ഒരു ഫൗളിന് പെനാല്‍റ്റി വിധിച്ച റഫറിയാണ് കളിയില്‍ വഴിത്തിരിവുണ്ടാക്കിയത്. കിക്കെടുത്ത ഐക്കര്‍ ഗുവാരോസെന ഗോവയ്ക്ക് ലീഡ് നല്‍കി. 43-ാം മിനിട്ടില്‍ നോഹ് സദോയ് ലീഡുയര്‍ത്തി. 51-ാം മിനിട്ടില്‍ ഡിമിത്രി ഡയമെന്റിക്കോസിലൂടെ ബ്‌ളാസ്റ്റേഴ്‌സ് ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും 69-ാം മിനിട്ടിലെ റിഡീം ടലാംഗിന്റെ ഗോള്‍ ആതിഥേയര്‍ക്ക് 3-1ന്റെ വിജയം സമ്മാനിച്ചു.

