ബിജെപി 400 ൽ അധികം സീറ്റുകൾ ലക്ഷ്യം വെയ്ക്കുന്നതിന് കാരണമിത്; തുറന്നു പറഞ്ഞ് അമിത് ഷാ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 400 ൽ അധികം സീറ്റുകൾ ലക്ഷ്യമിടുന്നത് ഭരണഘടന മാറ്റാൻ ആണെന്ന പ്രതിപക്ഷ ആരോപണം നിഷേധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ സ്ഥിരത കൊണ്ടുവരാനാണ് നാണൂറിൽ അധികം സീറ്റുകൾ ബിജെപി ലക്ഷ്യം വെക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

കഴിഞ്ഞ 10 വർഷം ഭരണഘടനാ ഭേദഗതി ചെയ്യാനുള്ള ഭൂരിപക്ഷം ബിജെപിക്ക് ഉണ്ടായിരുന്നു. എന്നിട്ടും ബിജെപി അത് ചെയ്തിട്ടില്ല. ഭൂരിപക്ഷം ദുരുപയോഗം ചെയ്തത് ഇന്ദിരാഗാന്ധിയുടെ കാലത്തെ കോൺഗ്രസ് ആയിരുന്നു. തങ്ങൾക്ക് 400 ൽ അധികം സീറ്റുകൾ വിജയിക്കണം. അത് രാജ്യത്തെ രാഷ്ട്രീയത്തിന് സ്ഥിരത കൊണ്ടുവരാനാണ്. തങ്ങളുടെ അതിർത്തികൾ സംരക്ഷിക്കാനും ലോകത്ത് ഇന്ത്യയെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കാനും 400 സീറ്റുകൾ വേണം.

ആനുകൂല്യങ്ങൾ ലഭിക്കാത്ത പാവപ്പെട്ടവർക്ക് അത് കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. എല്ലാ വീടുകളിലേക്കും ശുദ്ധജലം എത്തേണ്ടതുണ്ട്. കാർഷിക മേഖലയിൽ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യണം. അതിനെല്ലാം തങ്ങൾക്ക് 400 സീറ്റുകൾ വേണമെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.

കോൺഗ്രസ് ഇന്ദിരാഗാന്ധിയുടെ കാലത്ത് അനുച്ഛേദം മാറ്റി ലോക്സഭ നീറ്റുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. യാതൊരു കാരണവുമില്ലാതെ ഒന്നരലക്ഷം ആളുകൾ 19 മാസം അന്ന് ജയിലിൽ ആയെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.