സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ടുവിക്കറ്റിന് തോല്‍പ്പിച്ച് ആര്‍.സി.ബി പ്‌ളേ ഓഫ് സാധ്യത നിലനിര്‍ത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സിന് വേണ്ടി ഹെന്റിച്ച് ക്‌ളാസന്‍ (104) സെഞ്ച്വറി നേടിയപ്പോള്‍ മറുപടി ബാറ്റിംഗില്‍ സെഞ്ച്വറി നേടിയ വിരാട് കൊഹ്ലിയും (100) അര്‍ദ്ധസെഞ്ച്വറി നേടിയ ക്യാപ്ടന്‍ ഫാഫ് ഡുപ്‌ളെസിയും (71) ചേര്‍ന്ന് ആര്‍.സി.ബിക്ക് വേണ്ടി എട്ടുവിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമൊരുക്കുകയും ചെയ്തു. സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 186/5 എന്ന സ്‌കോര്‍ നാലുപന്തുകളും എട്ടുവിക്കറ്റുകളും ബാക്കിനില്‍ക്കേയാണ് ആര്‍.സി.ബി മറികടന്നത്. ഇതോടെ 13 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റായ ആര്‍.സി.ബി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്ന് പ്‌ളേ ഓഫ് സാദ്ധ്യത സജീവമാക്കുകയും ചെയ്തു. ഞായറാഴ്ച ഗുജറാത്ത് ടൈറ്റാന്‍സുമായുള്ള അവസാന മത്സരം ആര്‍.സി.ബിക്ക് നിര്‍ണായകമാണ്.
51 പന്തുകളില്‍ എട്ടു ഫോറും ആറു സിക്‌സുമടക്കം 104 റണ്‍സ് നേടിയ ക്‌ളാസന്റെ പോരാട്ടമാണ് സണ്‍റൈസേഴ്‌സിനെ നിശ്ചിത 20 ഓവറില്‍ 186/5 എന്ന നിലയിലെത്തിച്ചത്.എയ്ഡന്‍ മാര്‍ക്രം (18), ഹാരി ബ്രൂക്‌സ് (27*) എന്നിവരാണ് ക്‌ളാസന് അല്‍പ്പമെങ്കിലും പിന്തുണ നല്‍കിയത്. ക്‌ളാസന് മികച്ച ഒരു പങ്കാളിയുണ്ടായിരുന്നെങ്കില്‍ സണ്‍റൈസേഴ്‌സിന് ഇതിലും മികച്ച സ്‌കോര്‍ ഉയര്‍ത്താമായിരുന്നു. അതേസമയം ചേസിംഗിന് ഇറങ്ങിയ ആര്‍.സി.ബിക്ക് വേണ്ടി വിരാടും ഡുപ്‌ളെസിയും ചേര്‍ന്ന് 17.5 ഓവറില്‍ 172 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ തന്നെ വിജയം ഉറപ്പായി. 62 പന്തുകളില്‍ 12 ഫോറും നാലുസിക്‌സുമടക്കം 100 റണ്‍സ് തികച്ചയുടന്‍ ഭുവനേശ്വറിന്റെ പന്തില്‍ ഗ്‌ളെന്‍ ഫിലിപ്പ്‌സിന് ക്യാച്ച് നല്‍കി വിരാട് മടങ്ങി. വിരാടിന്റെ ആറാം ഐ.പി.എല്‍ സെഞ്ച്വറി ആയിരുന്നു ഇത്. 47 പന്തില്‍ ഏഴുഫോറും രണ്ട് സിക്‌സും പായിച്ച അടുത്ത ഓവറില്‍ മടങ്ങിയെങ്കിലും മാക്‌സ്വെല്ലും ബ്രേസ്വെല്ലും ചേര്‍ന്ന് 19.2 ഓവറില്‍ ലക്ഷ്യത്തിലെത്തിച്ചു.
ടോസ് നേടിയ ആര്‍.സി.ബി നായകന്‍ ഫാഫ് ഡുപ്‌ളെസി സണ്‍റൈസേഴ്‌സിനെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. അഞ്ചാം ഓവറിന്റെ ആദ്യ പന്തില്‍ അഭിഷേക് ശര്‍മ്മയെ(11) ലോമോറിന്റെ കയ്യിലെത്തിച്ച് ബ്രേസ്വെല്‍ സണ്‍റൈസേഴ്‌സിന് ആദ്യ പ്രഹരം നല്‍കി. ഇതേ ഓവറിലെ മൂന്നാം പന്തില്‍ രാഹുല്‍ ത്രിപാതിക്കും (15) ബ്രേസ്വെല്‍ മടക്കടിക്കറ്റ് നല്‍കി. പട്ടേലിനായിരുന്നു ക്യാച്ച്. തുടര്‍ന്ന് ക്‌ളാസന്‍ ക്രീസിലേക്ക് എത്തി. മറുവശത്ത് തനിന്ന് പിന്തുണ നല്‍കുന്നതില്‍ സഹതാരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ക്‌ളാസിക് സെഞ്ച്വറിയുമായി ക്‌ളാസന്‍ കളം നിറയുകയായിരുന്നു. നായകന്‍ എയ്ഡന്‍ മാര്‍ക്രമുമായി ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 76 റണ്‍സാണ് ക്‌ളാസന്‍ കൂട്ടിച്ചേര്‍ത്തത്. 20 പന്തുകളില്‍ 18 റണ്‍സ് നേടിയ മാര്‍ക്രമിനെ 13-ാം ഓവറില്‍ ഷഹ്ബാസ് അഹമ്മദ് ബൗള്‍ഡാക്കുകയായിരുന്നു.തുടര്‍ന്ന് ഹാരി ബ്രൂക്കിനൊപ്പം (27 നോട്ടൗട്ട്) പോരാട്ടം തുടര്‍ന്ന ക്‌ളാസന്‍ നേരിട്ട 49-ാമത്തെ പന്തില്‍ സെഞ്ച്വറിയിലെത്തി. രണ്ട് പന്തിനകം പുറത്താവുകയും ചെയ്തു.19-ാം ഓവറില്‍ ഹര്‍ഷല്‍ പട്ടേല്‍ ക്‌ളാസനെ ബൗള്‍ഡാക്കുകയായിരുന്നു. പകരമിറങ്ങിയ ഗ്‌ളെന്‍ ഫിലിപ്പ്‌സ് (5) അവസാന പന്തില്‍ പുറത്തായി

