ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങളുടെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

ചെന്നൈ: ഐപിഎല്‍ പതിനാറാം സീസണില്‍ പ്ലേ ഓഫില്‍ നിലവില്‍ ഒരു ടീം മാത്രമാണ് എത്തിയത്. ഇപ്പോഴിതാ ക്വാളിഫയര്‍ മത്സരങ്ങള്‍ക്കും തുടക്കമാവുകയാണ്. ഐപിഎല്ലിന്റെ ഈ സീസണില്‍ ആരാധകര്‍ തുടക്കം മുതല്‍ നേരിട്ട ഒരു പ്രശ്‌നം മത്സരങ്ങള്‍ക്ക് ടിക്കറ്റ് കിട്ടുന്നില്ലെന്നതാണ്. കൂടാതെ കരിഞ്ചന്തയില്‍ ടിക്കറ്റുകളുടെ ഇരട്ടിവിലയും. ഇപ്പോഴിതാ ക്വാളിഫയര്‍ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചിരിക്കുകയാണ്.

ചെന്നൈയിലെ ചെപ്പോക്കില്‍ നടക്കുന്ന ക്വാളിഫയര്‍- 1 മത്സരത്തിന്റെയും എലിമിനേറ്റര്‍ മത്സരങ്ങളുടെയും ടിക്കറ്റ് വില്‍പ്പനയാണ് ആരംഭിച്ചിരിക്കുന്നത്. ഐപിഎല്‍ വെബ്സൈറ്റിലൂടെയും പേടിഎം ഇന്‍സൈഡിലുടെയും ടിക്കെറ്റ് എടുക്കാവുന്നതാണ്. 2000, 2500, 3000, 5000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ചെപ്പോക്കിലെ നീണ്ട ക്യൂവും കരിഞ്ചന്തയും ഒഴിവാക്കാന്‍ ഓണ്‍ലൈനായി മാത്രമാണ് ടിക്കറ്റ് വില്‍പന നടക്കുന്നത്.

മെയ് 23ന് ക്വാളിഫയര്‍ 1 ഉം 24ന് എലിമിറേറ്റര്‍ മത്സരവും നടക്കും. നിലവില്‍ പ്ലേ ഓഫ് സാധ്യതയില്‍ ഒന്നാമതുള്ളത് ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പിച്ചാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് പ്ലേ ഓഫില്‍ എത്താന്‍ സാധിക്കും. സിഎസ്‌കെ പ്ലേ ഓഫില്‍ എത്തിയാല്‍ ചോപ്പോക് തന്നെ ആയിരിക്കും വേദിയാവുക. അങ്ങനെ ആണെങ്കില്‍ ടിക്കറ്റ് വില്‍പന വീണ്ടും പൊടിപൊടിക്കും. ക്വാളിഫയര്‍-1ലെ ഒരു ടീം ഗുജറാത്ത് ടൈറ്റന്‍സാണ്.