തിരുവനന്തപുരം: സോളാർ സമരം സിപിഎമ്മും കോൺഗ്രസും തമ്മിൽ ഒത്തുതീർപ്പാക്കിയതാണെന്ന ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ വിവാദമായതിന് പിന്നാലെ സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവും അന്നത്തെ ആഭ്യന്തര മന്ത്രിയുമായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ. ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിൽ വിവാദമൊന്നുമില്ല. അന്ന് ചെറിയാൻ ഫിലിപ്പിന്റെ ഫോണിൽ നിന്നാണ് ബ്രിട്ടാസ് വിളിച്ചതെന്നും എല്ലാവരുമായി ചർച്ച നടത്തിയെന്നും തിരുവഞ്ചൂർ പറഞ്ഞു.
പ്രശ്‌നം പരിഹരിക്കണമെന്ന് യുഡിഎഫിന് തോന്നി, അതിന് ശ്രമം നടത്തി- പരിഹരിക്കുകയും ചെയ്തു, തങ്ങളുടെ ഹിതത്തിന് അനുസരിച്ച ഫലമാണ് ചർച്ചയ്ക്കുണ്ടായതെന്നും അദ്ദേഹം അറിയിച്ചു. സോളാർ സമരം ഒത്തുതീർപ്പാക്കാൻ മാധ്യമപ്രവർത്തകനും ഇടത് സഹയാത്രികനുമായ ജോൺ ബ്രിട്ടാസ് തന്നെ വിളിച്ച് ഉമ്മൻചാണ്ടിയോട് സംസാരിക്കാൻ ആവശ്യപ്പെട്ടുവെന്നായിരുന്നു ജോൺ മുണ്ടക്കയം വ്യക്തമാക്കിയത്.
സംഭവം വിവാദമായതോടെ പ്രതികരണവുമായി ജോൺ മുണ്ടക്കയം രംഗത്തെത്തി. താൻ ഉമ്മൻചാണ്ടിയോട് കാണിച്ച അനീതിയെ കുറിച്ചാണ് പുസ്തകത്തിൽ എഴുതാൻ ശ്രമിച്ചതെന്നും രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാകാം അത് വിവാദമാകുന്നതെന്നുമാണ് ജോൺ മുണ്ടക്കയത്തിന്റെ പ്രതികരണം.

