കൊച്ചി: താൻ ഇവിടെ നിൽക്കുന്നത് പ്രേക്ഷകരുടെ സ്നേഹത്തിലും ധൈര്യത്തിലുമാണെന്ന് നടൻ മമ്മൂട്ടി. 42 കൊല്ലമായി പ്രേക്ഷകർ കൂടെയുണ്ടെന്നും ഇനിയും തന്നെ കൈവിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ടർബോയുടെ പ്രമോഷന്റെ ഭാഗമായുള്ള പ്രസ്മീറ്റിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇവരുടെ ധൈര്യത്തിലാ നമ്മൾ നിൽക്കുന്നത്. 42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല. സിനിമയല്ലാതെ തനിക്ക് വേറെ ഒരു വഴിയും ഇല്ല. സിനിമയില്ലെങ്കിൽ തന്റെ ശ്വാസം നിന്നു പോകും. മിഥുൻ മാനുവൽ തോമസിനേയും വൈശാഖിനേയും വിശ്വസിക്കുന്നതിനേക്കാൾ കൂടുതൽ താൻ പ്രേക്ഷകരെ വിശ്വസിച്ചാണിരിക്കുന്നതെന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടു.
ഈ സിനിമയിൽ രണ്ട് ആളുകളുടെ അനുഭവമാണ് പറയുന്നത്. യഥാർത്ഥത്തിൽ നടന്ന ഒരു തട്ടിപ്പിന്റെ കഥയുണ്ട്. അതിപ്പോഴും നടക്കുന്ന, ഇനിയും നടക്കാൻ സാധ്യതയുള്ള തട്ടിപ്പ്. നമ്മൾ പലതും അറിയുന്നില്ലെന്നേ ഒള്ളൂ. ഈ സിനിമയുടെ കഥയുടെ ആധാരം ജോസിനു പറ്റുന്ന ഒരു കയ്യബദ്ധമാണ്. ജോസ് ഒരു മാസ് ഹീറോയല്ല, ജോസ് നിഷ്‌കളങ്കനാണ്. എന്തുകണ്ടാലും ചാടിയിറങ്ങുന്ന ഒരു പാവത്താനാണെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

