ധര്‍മ്മശാല: അവസാന നിമിഷം വരെ പോരാടിയ മത്സരത്തില്‍ പഞ്ചാബിനെതിരെ നാല് വിക്കറ്റ് ജയവുമായി രാജസ്ഥാന്. 188 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഗ്രൗണ്ടിലിറങ്ങിയ സഞ്ജു സാംസണും സംഘവും രണ്ട് പന്ത് ശേഷിക്കെ വിജയം തൊട്ടു. ദേവ്ദത്ത് പടിക്കലിന്റേയും യശ്വസി ജയ്സ്വാളിന്റേയും അര്‍ധ സെഞ്ച്വറിയുടേയും ഹെറ്റ്മെയ്റുടെ 46 റണ്‍സിന്റേയും പിന്‍ബലത്തിലായിരുന്നു രാജസ്ഥാന് ജയത്തിലേക്കെത്തിയത്.
കളിയുടെ തുടക്കത്തില്‍ തന്നെ ഓപണര്‍ ജോസ് ബട്ട്ലറെ നഷ്ടമായെങ്കിലും ജയ്സ്വാളും ദേവ്ദത്തും ചേര്‍ന്ന് ടീമിനെ പ്രതീക്ഷയുടെ തീരത്തേക്ക് അടുപ്പിക്കുകയായിരുന്നു. രണ്ടു പേരും തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്തതോടെ രാജസ്ഥാന് സ്കോര്‍ അതിവേഗത്തില്‍ മുന്നോട്ടുനീങ്ങി. ഇതിനിടെ 9.5 ഓവറില്‍ 51 റണ്‍സോടെ പടിക്കല്‍ വീണു. പിന്നാലെ എത്തിയ ക്യാപ്റ്റന്‍ സഞ്ജു സാംസണില്‍ ടീം പതിവുപോലെ വന്‍ പ്രതീക്ഷ വച്ചെങ്കിലും അത് മൂന്ന് പന്തില്‍ തീര്‍ന്നു. വെറും രണ്ട് റണ്‍സെടുത്ത് സഞ്ജു മടങ്ങി. എന്നാല്‍ പിന്നീടെത്തിയ ഹെറ്റ്മെയറും തകര്‍ത്തടിച്ചതോടെ ടീം വീണ്ടും പ്രതീക്ഷയിലേക്ക് തിരികെയെത്തി. ഇതിനിടെ 14.3 ഓവറില്‍ 36 പന്തില്‍ 50 റണ്‍സെടുത്ത ജയ്സ്വാള്‍ വീണു. തുടര്‍ന്നെത്തിയ റിയാന്‍ പരാഗും പതിയെ അടിച്ചുമുന്നേറിയെങ്കിലും 20 റണ്‍സില്‍ കൂടാരം കയറി. മൂന്നും സിക്സും നാല് ഫോറും പറത്തി കുതിച്ച ഹെറ്റ്മെയര്‍ 18.5 ഓവറില്‍ സാം കരന്റെ പന്തില്‍ പഞ്ചാബ് നായകന് ശിഖര്‍ ധവാന് പിടിച്ച് പുറത്തായി. എന്നാല്‍, പകരക്കാരനായിറങ്ങിയ ധ്രുവ് ജുറേല്‍ അവസാന നിമിഷം ടീമിന്റെ വിജയശില്പിയാവുകയായിരുന്നു. ജയിക്കാന്‍ ഒമ്ബത് റണ്‍സ് വേണ്ട അവസാന ഓവറില്‍ നാല് പന്തില്‍ ടീം വിജയം കാണുകയായിരുന്നു.
ചഹാറിന്റെ നാലാം പന്ത് സിക്സര്‍ പറത്തിയാണ് ധ്രുവ് ജുറേല്‍ ടീമിനെ ആശ്വാസത്തിന്റെ തീരത്തെത്തിച്ചത്. പഞ്ചാബിനായി കഗിസോ റബാദ രണ്ട് വിക്കറ്റെടുത്തപ്പോള്‍ സാം കറന്, അര്‍ഷ്ദീപ് സിങ്, നഥാന്‍ എല്ലിസ്, രാഹുല്‍ ചഹാര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

