മുംബൈ / ബംഗളുരു: ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിനെ തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് പ്‌ളേ ഓഫിലേക്ക് കടന്നപ്പോള്‍ അടുത്ത മത്സരത്തില്‍ ഗുജറാത്ത് ടൈറ്റാന്‍സിനോട് തോറ്റ് ആര്‍.സി.ബി പ്‌ളേ ഓഫ് കാണാതെ പുറത്തായി.
ഇന്നലെ ചേസിംഗില്‍ രണ്ടോവര്‍ ബാക്കി നില്‍ക്കേ എട്ടുവിക്കറ്റിനാണ് മുംബയ് ഇന്ത്യന്‍സ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത് അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സടിച്ച സണ്‍റൈസേഴ്‌സിനെ കാമറൂണ്‍ ഗ്രീനിന്റെ(100) സെഞ്ച്വറിയുടെ മികവിലാണ് രോഹിത് ശര്‍മ്മയും സംഘവും കീഴടക്കിയത്. എങ്കിലും ആര്‍.സി.ബിയും ടൈറ്റാന്‍സും തമ്മിലുള്ള കളി കഴിഞ്ഞ ശേഷമേ മുംബയ്ക്ക് പ്‌ളേ ഓഫ് ഉറപ്പാക്കാന്‍ കഴിയുമായിരുന്നുള്ളൂ.വിരാടിന്റെ (101 നോട്ടൗട്ട് )സെഞ്ച്വറിയുമായി 197/5 റണ്‍സടിച്ച ആര്‍.സി.ബിയെ ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ച്വറിയുമായി (104 നോട്ടൗട്ട്) ടൈറ്റാന്‍സ് മറികടന്നതോടെ പ്‌ളേഓഫ് ചിത്രം വ്യക്തമായി. തുടര്‍ച്ചയായ മത്സരങ്ങളിലാണ് വിരാടും ഗില്ലും സെഞ്ച്വറി നേടിയത്.
ഗുജറാത്ത് ടൈറ്റാന്‍സ് 20 പോയിന്റുമായി പട്ടികയിലെ ഒന്നാമന്മാരായി ഫിനിഷ് ചെയ്തപ്പോള്‍ ചെന്നൈ (17),ലക്‌നൗ(17) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. 16 പോയിന്റുമായി നാലാമന്മാരായാണ് മുംബയ് എലിമിനേറ്ററില്‍ കളിക്കാന്‍ യോഗ്യത നേടിയത്. ചൊവ്വാഴ്ച നടക്കുന്ന ആദ്യ ക്വാളിഫയറില്‍ ടൈറ്റാന്‍സും ചെന്നൈയും ഏറ്റുമുട്ടും. ബുധനാഴ്ച എലിമിനേറ്ററില്‍ മുംബയ്യും ലക്‌നൗവും ഏറ്റുമുട്ടും. ആദ്യ ക്വാളിഫയറില്‍ തോറ്റവും എലിമിനേറ്ററിലെ വിജയികളും തമ്മില്‍ വെള്ളിയാഴ്ചയാണ് രണ്ടാം ക്വാളിഫയര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്‌സിന് വേണ്ടി ഓപ്പണര്‍മാരായ മായാങ്ക് അഗര്‍വാളും (83) വിവ്രാന്ത് ശര്‍മ്മയും (69) ചേര്‍ന്ന് 13.5 ഓവറില്‍ കൂട്ടിച്ചേര്‍ത്ത 140 റണ്‍സാണ് കരുത്തായത്. 47 പന്തുകളില്‍ ഒന്‍പത് ഫോറുകളും രണ്ട് സിക്‌സും പായിച്ച വിവ്രാന്ത് ഐ.പി.എല്‍ അരങ്ങേറ്റത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ റെക്കാഡും സ്വന്തമാക്കി. വിവ്രാന്ത് പുറത്തായശേഷം മായാങ്ക് ആക്രമണം തുടര്‍ന്നെങ്കിലും 17-ാം ഓവറില്‍ മധ്വാളിന് കീഴടങ്ങി. 46 പന്തുകളില്‍ എട്ടുഫോറും നാലുസിക്‌സും പായിച്ച മായാങ്ക് ഇഷാന്‍ കിഷന് ക്യാച്ച് നല്‍കിയാണ് തിരിച്ചുനടന്നത്. തുടര്‍ന്ന് ഹെന്റിച്ച് ക്‌ളാസന്‍ (18), ഗ്‌ളെന്‍ ഫിലിപ്പ്‌സ് (1),ഹാരി ബ്രൂക്ക് (0) എന്നിവരുടെ വിക്കറ്റ് കൂടി നഷ്ടമായി. എയ്ഡന്‍ മാര്‍ക്രം 13 റണ്‍സുമായി പുറത്താവാതെ നിന്നു.
മറുപടിക്കിറങ്ങിയ മുംബയ്ക്ക് ഇഷാന്‍ കിഷനെ (14) മൂന്നാം ഓവറില്‍ ടീം സ്‌കോര്‍ 20ല്‍ നില്‍ക്കേ നഷ്ടമായെങ്കിലും നായകന്‍ രോഹിത് ശര്‍മ്മയും (56) കാമറൂണ്‍ ഗ്രീനും ചേര്‍ന്ന് ഉത്തരവാദിത്വം ഏറ്റെടുത്തു. ഗ്രീനിനൊപ്പം 128 റണ്‍സ് അടിച്ചുകൂട്ടിയ ശേഷമാണ് 14-ാം ഓവറില്‍ രോഹിത് പുറത്തായത്.37 പന്തുകളില്‍ എട്ടുഫോറും ഒരു സിക്‌സും പായിച്ച രോഹിതിനെ ഡാഗര്‍ മടക്കി അയച്ചശേഷം ക്രീസിലെത്തിയ സൂര്യകുമാര്‍യാദവിനെ (25) ഒപ്പം നിറുത്തി ഗ്രീന്‍ 18 ഓവറില്‍ ടീമിനെ ലക്ഷ്യത്തിലെത്തിച്ചു.47 പന്തുകളില്‍ എട്ടുവീതം ഫോറും സിക്‌സുമടിച്ചാണ് ഗ്രീന്‍ സെഞ്ച്വറിയിലെത്തിയത്.

