Sports (Page 30)

കൊച്ചി: അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്‍ ചുമത്തിയ നാല് കോടി രൂപ പിഴ കാരണം വനിത ടീമിനെ താല്‍ക്കാലികമായി ഒഴിവാക്കി കേരള ബ്ലാസ്റ്റേഴ്‌സ്.

കഴിഞ്ഞ സീസണില്‍ ബംഗളൂരു എഫ്.സിയുമായുള്ള മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ചതിനാണ് ബ്ലാസ്റ്റേഴ്‌സിന് പിഴ ചുമത്തിയത്. ഇതില്‍ ഇളവ് ആവശ്യപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബാള്‍ ഫെഡറേഷനെ സമീപിച്ചിരുന്നെങ്കിലും ആവശ്യം ഫെഡറേഷന്‍ തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് വനിത ടീമിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി അവസാനിപ്പിക്കുന്നതായി ക്ലബ് അധികൃതര്‍ അറിയിച്ചത്.

‘ഞങ്ങളുടെ വനിത ടീമിന് താല്‍ക്കാലികമായി ഒഴിവാക്കുന്ന വിവരം ഏറെ വേദനയോടെയാണ് അറിയിക്കുന്നത്. ഫുട്ബാള്‍ ഫെഡറേഷന്‍ ക്ലബിന് മേല്‍ അടുത്തിടെ ഏര്‍പ്പെടുത്തിയ സാമ്ബത്തിക ഉപരോധത്തെ തുടര്‍ന്നാണ് ഈ തീരുമാനം അനിവാര്യമായത്. ഫെഡറേഷന്റെ അധികാരത്തെയും തീരുമാനങ്ങളെയും ഞങ്ങള്‍ ബഹുമാനിക്കുന്നുണ്ടെങ്കിലും ക്ലബിന്റെ വിവിധ പ്രവര്‍ത്തനങ്ങളില്‍ അത് ചെലുത്താന്‍ സാധ്യതയുള്ള ആഘാതത്തില്‍ ഞങ്ങളുടെ നിരാശ പ്രകടിപ്പിക്കുന്നു’-വിശദീകരണ കുറിപ്പില്‍ പറയുന്നു.

മാഡ്രിഡ്: 14 വര്‍ഷത്തെ സ്പാനിഷ് ക്‌ളബ് റയല്‍ മാഡ്രിഡിലെ കരിയറിന് വിരാമമിടാന്‍ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരിം ബെന്‍സേമ. ഈ സീസണോടെ ക്‌ളബുമായുള്ള കരാര്‍ അവസാനിക്കുന്ന ബെന്‍സേമ ഫ്രീ ട്രാന്‍സ്ഫര്‍ ഏജന്റായി വിടപറയുമെന്ന് ക്‌ളബ് അധികൃതര്‍ ഇന്നലെ വ്യക്തമാക്കി.

21-ാം വയസില്‍ ഫ്രഞ്ച് ക്‌ളബ് ലിയോണില്‍ നിന്നാണ് ബെന്‍സേമ റയലിലെത്തിയത്. 14 വര്‍ഷത്തെ കരിയറിലെ റയലിന്റെ 25 കിരീടനേട്ടങ്ങളില്‍ പങ്കാളിയായാണ് ബെന്‍സേമ പടിയിറങ്ങുന്നത്. ഇതില്‍ അഞ്ച് ചാമ്ബ്യന്‍സ് ലീഗ് കിരീടങ്ങളും അഞ്ച് ക്‌ളബ് ലോകകപ്പുകളും നാലുവീതം ലാ ലിഗ കിരീടങ്ങളും സൂപ്പര്‍ കപ്പുകളും മൂന്ന് കിംഗ്‌സ് കപ്പുകളും ഉള്‍പ്പെടുന്നു. എല്ലാ ടൂര്‍ണമെന്റുകളിലുമായി 647 മത്സരങ്ങളില്‍ റയലിന്റെ കുപ്പായമണിഞ്ഞ ബെന്‍സേമ 353 ഗോളുകള്‍ നേടിയിട്ടുണ്ട്.

ലാ ലിഗയിലും ചാമ്ബ്യന്‍സ് ലീഗിലും റയലിന്റെ ഗോള്‍ വേട്ടയിലെ രണ്ടാം സ്ഥാനക്കാരനാണ് ബെന്‍സേമ. നിലവിലെ ബാലന്‍ ഡി ഓര്‍ പുരസ്‌കാരജേതാവായ ബെന്‍സേയ്ക്കായിരുന്നു കഴിഞ്ഞ വര്‍ഷത്തെ യുവേഫ പ്‌ളേയര്‍ ഒഫ് ദ ഇയര്‍ പുരസ്‌കാരവും.

പാരീസ്: ലയണല്‍ മെസി ക്‌ളബ് വിടുമെന്ന വാര്‍ത്തകള്‍ സ്ഥിരീകരിച്ച് ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുടെ പരിശീലകന്‍ ക്രിസ്റ്റൊഫി ഗാള്‍ട്ടിയര്‍. ഇന്ന് ഫ്രഞ്ച് ലീഗ് വണ്ണില്‍ ക്ലെര്‍മോണ്ട് ഫൂട്ടിനെതിരായ പോരാട്ടം പി.എസ്.ജി. ജഴ്സിയില്‍ മെസിയുടെ അവസാന മത്സരമായിരിക്കുമെന്ന് ഗാള്‍ട്ടിയര്‍ അറിയിച്ചു.

ഇതോടെ താരത്തിനായി മറ്റ് ക്ലബ്ബുകള്‍ വലവിരിച്ചുകഴിഞ്ഞു. താരത്തിന്റെ മുന്‍ ക്ലബ്ബായ ബാഴ്സലോണയും സൗദി ക്ലബ്ബ് അല്‍ ഹിലാലും മെസിയെ സ്വന്തമാക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. സൗദി ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ മെസി സൗദിയിലേക്ക് പോകാനുള്ള സാധ്യതകള്‍ സജീവമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

അല്‍ ഹിലാലില്‍ കളിക്കാന്‍ മെസി സമ്മതം മൂളിയെന്ന് പല വിദേശ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്വന്തമാക്കാന്‍ സൗദി ക്‌ളബ് അല്‍ നസ്ര് മുടക്കിയതിന്റെ ഇരട്ടി തുക മെസിക്ക് നല്‍കാന്‍ അല്‍ ഹിലാല്‍ തയ്യാറാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

ബാങ്കോക്ക്: തായ്ലന്‍ഡ് ഓപ്പണില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്‍ പുരുഷ സിംഗിള്‍സ് സെമിയില്‍ തോറ്റു.

തായ്താരം കുന്‍ലാവുട്ട് വിതിദ്സരനോടാണ് ലക്ഷ്യ തോറ്റത്. ആദ്യ ഗെയിം സ്വന്തമാക്കിയ ശേഷമാണ് അടുത്ത രണ്ട് ഗെയിമും നഷ്ടമാക്കി ലക്ഷ്യ തോല്‍വി സമ്മതിച്ചത്.

ഒന്നേകാല്‍ മണിക്കൂറോളം നീണ്ട മത്സരത്തില്‍ 21-13, 17-21,13-21നായിരുന്നു ലക്ഷ്യയുടെ തോല്‍വി.

ബാങ്കോക്ക്: തായ്ലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പിലെ മലയാളി താരം കിരണ്‍ ജോര്‍ജിനെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെടുത്തി ഫ്രാന്‍സിന്റെ ടോമ ജൂനിയര്‍ പോപോവ്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ടോമ 21-16, 21-17 എന്ന സ്‌കോറിന് കിരണിനെ തോല്‍പ്പിച്ചപ്പോള്‍ മറ്റൊരു ഇന്ത്യന്‍ താരം ലക്ഷ്യ സെന്‍ സെമി ഫൈനലിലെത്തി.

ചൈനീസ് മുന്‍നിര താരങ്ങളായ ഷി യു ക്വിയെയും വെംഗ് ഹോംഗ് യാംഗിനെയും വമ്ബന്‍ അട്ടിമറികളിലൂടെ പുറത്താക്കിയെത്തിയ കിരണ്‍ ക്വാര്‍ട്ടറിലെ രണ്ട് ഗെയിമിലും നന്നായിപൊരുതിനോക്കിയെങ്കിലും ടോമയുടെ കരുത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. മലേഷ്യയുടെ ലിയോംഗ് ജുന്‍ ഹാവോയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്താണ് ലക്ഷ്യ സെന്‍ സെമി ഫൈനലിലെത്തിയത്. സ്‌കോര്‍: 21-19, 21-11. ആദ്യ

ഗെയിമില്‍ ഇരുവരും ഇഞ്ചോടിഞ്ച് പോരാടിയപ്പോള്‍ രണ്ടാം ഗെയിമില്‍ ലക്ഷ്യ ഏകപക്ഷീയമായി വിജയം കാണുകയായിരുന്നു. ചൈനയുടെ ലു ഗ്വാംഗ് ഷുവും തായ്ലന്‍ഡിന്റെ കുന്‍ലാവുട്ട് വിദിത്ത്‌സണും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലെ വിജയിയെയാണ് ലക്ഷ്യ സെമിയില്‍ നേരിടേണ്ടത്. ബെംഗളുരുവിലെ പ്രകാശ് പദുക്കോണ്‍ അക്കാഡമിയില്‍ പരിശീലിക്കുന്നവരാണ് ലക്ഷ്യസെന്നും കിരണ്‍ ജോര്‍ജും. 23കാരനായ കിരണ്‍ എറണാകുളം സ്വദേശിയാണ്. കഴിഞ്ഞ വര്‍ഷത്തെ ഒഡിഷ ഓപ്പണ്‍ വിജയിയാണ്.

ബാങ്കോക്ക്: തായ്ലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണിന്റെ പ്രീ ക്വാര്‍ട്ടറില്‍ ലോക 26-ാം റാങ്കുകാരനായ ചൈനയുടെ വെംഗ് ഹോംഗ് യാംഗിനെ അട്ടിമറിച്ച് മലയാളി താരം കിരണ്‍ ജോര്‍ജ്. 21-11, 21-19 എന്ന സ്‌കോറിന് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് കിരണിന്റെ വിജയം.

വെറും 39 മിനിട്ടുകൊണ്ടാണ് ലോകറാങ്കിംഗില്‍ 59-ാം റാങ്കിലുള്ള കിരണ്‍ വിജയം നേടിയത്. ആദ്യ ഗെയിം അനായാസം നേടിയ കിരണ്‍ രണ്ടാം ഗെയിമില്‍ വാശിയേറിയ പോരാട്ടം കാഴ്ചവെച്ച് വിജയം നേടി. ക്വാര്‍ട്ടറില്‍ ഫ്രാന്‍സിന്റെ ടോമ ജൂനിയറാണ് കിരണിന്റെ എതിരാളി. ആദ്യ റൗണ്ടില്‍ ലോക ഒന്‍പതാം നമ്ബര്‍ താരവും നിലവിലെ ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പ് വെള്ളിമെഡല്‍ ജേതാവുമായ ചൈനയുടെ ഷി യുക്വിയെ കിരണ്‍ അട്ടിമറിച്ചിരുന്നു.

കിരണിന് പിന്നാലെ യുവതാരം ലക്ഷ്യ സെന്നും തായ്ലന്‍ഡ് ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. പുരുഷ സിംഗിള്‍സില്‍ ടൂര്‍ണമെന്റിലെ നാലാം സീഡായ ലി ഷി ഫെംഗിനെ അട്ടിമറിച്ചാണ് സെന്‍ അവസാന എട്ടിലെത്തിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സെന്‍ ഫെംഗിനെ വീഴ്ത്തിയത്. സ്‌കോര്‍: 21-17, 21-15. രണ്ട് ഗെയിമിലും സെന്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തി. ഈയിടെ അവസാനിച്ച ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ കിരീടം നേടിയ ഫെംഗിന് ആ മികവ് ലക്ഷ്യയ്ക്ക് എതിരേ പുറത്തെടുക്കാനായില്ല.

മുബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി പുതിയ ജേഴ്സിയുമായി അഡിഡാസ്. മൂന്ന് ജേഴ്സികളാണ് അവതരിപ്പിച്ചത്. ടെസ്റ്റ്, ട്വന്റി -20, ഏകദിന ഫോര്‍മാറ്റുകള്‍ക്കായുള്ള ജഴ്സി എന്നിവയാണ് അഡിഡാസ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ജൂണ്‍ ഏഴിന് ആരംഭിക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്ബന്യ ഷിപ്പില്‍ പുതിയ ജേഴ്സി അണിഞ്ഞായിരിക്കും ടീം ക്രീസില്‍ ഇറങ്ങുക.

നിലവില്‍ ജെഴ്സികളുടെ ഫസ്റ്റ് ലുക്ക് മാത്രമേ പുറത്തുവിട്ടിട്ടുള്ളു. കടുംനീല നിറത്തിലും ഇളംനീല നിറത്തിലുമുള്ള രണ്ട് വ്യത്യസ്ത ജഴ്‌സികളാണ് ട്വന്റി 20യ്ക്കും ഏകദിനത്തിനുമായി അഡിഡാസ് അണിയിച്ചൊരുക്കിയിരിക്കുന്നത്. കൂടാതെ ഷോള്‍ഡറില്‍ നീല വരകളുള്ള രീതിയിലാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ ജെഴ്സി അണിയിച്ചൊരുക്കിയത്.

‘ഒരു ഐതിഹാസിക നിമിഷം. ഒരു ഐക്കണിക് സ്റ്റേഡിയം. ടീം ഇന്ത്യയുടെ പുതിയ ജേഴ്സി അവതരിപ്പിക്കുന്നു’ എന്നാണ് അഡിഡാസ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചത്. ടി-20 -യില്‍ കോളറില്ലാത്ത ജഴ്‌സിയണിഞ്ഞാണ് ടീം ഇന്ത്യ കളത്തിലിറങ്ങുക. ഇതാദ്യമായാണ് ഇന്ത്യടീമിന് അഡിഡാസ് ജെഴ്സി അണിയിച്ചൊരുക്കുന്നത്.

മാഡ്രിഡ്: റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം കരീം ബെന്‍സേമക്ക് ഓഫറുമായി സൗദി ക്ലബ്ബായ അല്‍ ഇത്തിഹാദ്.

ഈ വര്‍ഷത്തോടെ റയലുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെയാണ് സൗദി ക്ലബ്ബ് താരത്തിന് മുന്നില്‍ വമ്ബന്‍ ഓഫര്‍ വച്ചത്. ഒരു സീസണില്‍ 200മില്യണ്‍ യൂറോ, എകദേശം 882 കോടി രൂപയാണ് ഇത്തിഹാദ് താരത്തിന് വാഗ്ദാനം ചെയ്യുന്നത്.

ഇത്തിഹാദുമായി താരത്തിന്റെ ഏജന്റ് ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. അതേ സമയം ഇന്ന് ബെന്‍സേമ റയല്‍ പ്രസിഡന്റ് ഫ്ളോറന്റീനോ പെരസുമായി ചര്‍ച്ച നടത്തും. താരവുമായുള്ള കരാര്‍ പുതുക്കാന്‍ റയല്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല.

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍ പ്രതികരണവുമായി കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍. സമരം കേന്ദ്രസര്‍ക്കാര്‍ സൂക്ഷ്മമായി കൈകാര്യം ചെയ്യുകയാണ്. ആരോപണങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമര്‍പ്പിക്കാനും അനുരാഗ് താക്കൂര്‍ ആവശ്യപ്പെട്ടു.

ഗുസ്തി താരങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരം മാത്രമാണ് ഇതുവരെ എല്ലാ നടപടികളും സ്വീകരിച്ചത്. ഇത്തരമൊരു സാഹചര്യത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പ്രതിഷേധക്കാര്‍ കാത്തിരിക്കണം. ഇന്ത്യയിലെ നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ സര്‍ക്കാര്‍ ആരംഭിച്ച പൊലീസ് അന്വേഷണത്തില്‍ വിശ്വാസമര്‍പ്പിക്കാന്‍ ആഹ്വാനം ചെയ്തിട്ടും താരങ്ങള്‍ ഇപ്പോഴും പ്രതിഷേധം തുടരുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

വിഷയം സെന്‍സിറ്റീവായാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്. ഡല്‍ഹി പൊലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്യണമെന്നായിരുന്നു അവരുടെ ആവശ്യം. ഒരു കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യവും ഞങ്ങള്‍ അംഗീകരിച്ചു. ഗുസ്തി താരങ്ങള്‍ പറഞ്ഞതെല്ലാം ഞങ്ങള്‍ അംഗീകരിക്കുകയാണ് ചെയ്തത്. ഗുസ്തി താരങ്ങളോട് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് കളിക്കാര്‍ ക്ലബ്ബില്‍ നിന്ന് പോകുന്നത് ഔദ്യോഗികമായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. വിക്ടര്‍ മോംഗില്‍, അപ്പോസ്തോലോസ് ജിയാനോ, ഇവാന്‍ കല്യൂഷ്നി, ഹര്‍മന്‍ജോത് ഖബ്ര, മുഹീത് ഖാന്‍ എന്നിവരാണ് ക്ലബ്ബില്‍ നിന്ന് പടിയിറങ്ങുന്നത്. കഴിഞ്ഞ ദിവസം ക്യാപ്റ്റന്‍ ജെസ്സല്‍ കാര്‍ണെയ്റോയും ക്ലബ് വിട്ടിരുന്നു.

യുക്രൈന്‍ താരമായ ഇവാന്‍ കല്യൂഷ്‌നി മിന്നും ഗോളുകളുമായി ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനംകവര്‍ന്നിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമിന് ഇതുവരെ ഒരുകിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2022-23 സീസണില്‍ പ്ലേ ഓഫിലെത്തിയെങ്കിലും എലിമിനേറ്ററില്‍ ബംഗളൂരു എഫ് സിക്ക് മുന്നില്‍ ബ്ലാസ്റ്റേഴ്‌സ് വീഴുകയായിരുന്നു.

വിവാദ ഗോളിന്റ അകമ്ബടിയും അച്ചടക്ക നടപടിയും നേരിട്ട ബ്ലാസ്റ്റേഴ്‌സ് പുതിയ സീസണ് മികവോടെ ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായി ആസ്‌ട്രേലിയന്‍ താരമായ ജോഷ്വ സൊറ്റിരിയോയെ ടീമിലെത്തിച്ച ക്ലബ്ബ്, ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമാന്റകോസുമായുള്ള കരാര്‍ ദീര്‍ഘിപ്പിച്ചിരുന്നു. ഐ.എസ്.എല്ലിന് പിന്നാലെ നടന്ന സൂപ്പര്‍കപ്പിലും ബ്ലാസ്റ്റേഴ്‌സ് ക്ലിക്കായില്ല.