Sports (Page 29)

ഡല്‍ഹി: ബ്രിജ്ഭൂഷണ്‍ സിംഗിനെതിരെയുള്ള ലൈംഗികാരോപണങ്ങള്‍ക്കിടെ ഗുസ്തി ഫെഡറേഷനിലേക്ക് ജൂലായ് 4ന് തിരഞ്ഞെടുപ്പ് നടത്താന്‍ ഇന്ത്യന്‍ ഒളിമ്ബിക് അസോസിയേഷന്റെ തീരുമാനം.

ബ്രിജ്ഭൂഷണ്‍ സിംഗിനെതിരെ പ്രതിഷേധിക്കുന്ന ഗുസ്തിതാരങ്ങളുമായുള്ള ചര്‍ച്ചയില്‍ ജൂണ്‍ 30നകം തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍ ഉറപ്പു നല്‍കിയത്. എന്നാല്‍ തിരഞ്ഞെടുപ്പിനുള്ള ജനറല്‍ ബോഡി യോഗം വിളിക്കാന്‍ 21 ദിവസം മുന്‍പായി നോട്ടീസ് നല്‍കേണ്ടതുണ്ട്. തിരഞ്ഞെടുപ്പിനുള്ള അന്തിമ തീയതി പ്രഖ്യാപിക്കേണ്ടത് റിട്ടേണിംഗ് ഓഫീസറാണ്. മേയ് 7ന് നടത്താനിരുന്ന തിരഞ്ഞെടുപ്പ് ഗുസ്തിതാരങ്ങളുടെ സമരത്തെ തുടര്‍ന്ന് മാറ്റിവച്ചതാണ്.

ചണ്ഡീഗഢ്, ഡല്‍ഹി തുടങ്ങിയകേന്ദ്രഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടെ 25 സംസ്ഥാന യൂണിറ്റുകളുടെ എക്സിക്യൂട്ടീവ് സമിതിയില്‍ നിന്നുള്ള രണ്ട് വീതം പ്രതിനിധികളാണ് തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുക. അതിനാല്‍ തിരഞ്ഞെടുപ്പിനുള്ള ഇലക്ടറല്‍ കോളേജില്‍ 50 വോട്ടുകളുണ്ടാകും. തിരഞ്ഞെടുപ്പിനായി ജമ്മു കശ്മീര്‍ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് മഹേഷ് മിത്തല്‍ കുമാറിനെ റിട്ടേണിംഗ് ഓഫീസറായി നിയമിച്ചിട്ടുണ്ട്.

ലോകകപ്പ് ക്രിക്കറ്റ് മത്സരവും ഏഷ്യാകപ്പ് മത്സരവും ഇന്ത്യയില്‍ സൗജന്യമായി പ്രദര്‍ശിപ്പിക്കുമെന്ന് സ്ട്രീമിംഗ് സേവനമായ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ പ്രഖ്യാപിച്ചു .ഐപിഎല്‍ മത്സരങ്ങള്‍ സൗജന്യമായി കാണിച്ച് ജിയോ സിനിമ വലിയ നേട്ടം ഉണ്ടാക്കിയതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ഈ തീരുമാനം.

ഐപിഎല്‍ കൈവിട്ടു പോയതോടെ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന് ഇന്ത്യയില്‍ നിന്ന് 50 ലക്ഷത്തോളം ഉപയോക്താക്കളെ നഷ്ടപ്പെട്ടതായാണ് കണക്ക്. അതേസമയം ഐപിഎല്‍ സ്ട്രീമിംഗ് വഴി ജിയോ സിനിമക്ക് ആദ്യ അഞ്ച് ആഴ്ചകളില്‍ തന്നെ 130 കോടി ഡിജിറ്റല്‍ വ്യൂ ലഭിച്ചുവെന്നാണ് മറ്റൊരു കണക്ക്.

കാമിഗാര: ദക്ഷിണകൊറിയയെ ഫൈനലില്‍ അട്ടിമറിച്ച് ഇന്ത്യയ്ക്ക് ജൂനിയര്‍ വനിതാ ഏഷ്യാകപ്പ് ഹോക്കി കിരീടം. ജപ്പാനില്‍ നടന്ന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ ജയം. ഇതാദ്യമായാണ് ഇന്ത്യ ജൂനിയര്‍ വനിതാ ഏഷ്യാകപ്പ് സ്വന്തമാക്കുന്നത്.

22-ാം മിനിട്ടില്‍ അന്നുനേടിയ ഗോളിലൂടെ ഇന്ത്യയാണ് മത്സരത്തില്‍ ആദ്യം മുന്നിലെത്തിയത്. എന്നാല്‍ മൂന്ന് മിനിട്ടിനകം പാര്‍ക്ക് സിയോ ഇയോനിലൂടെ കൊറിയ തിരിച്ചടിച്ചു. 41-ാം മിനിട്ടില്‍ നീലമാണ് ഇന്ത്യയുടെ വിജയഗോള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും കൊറിയയ്ക്ക് അതൊന്നും പ്രയോജനപ്പെടുത്താന്‍ കഴിയാതെ വന്നതോടെ ഇന്ത്യ വിജയം കുറിച്ചു.

2021-23 ലെ ഐസിസി ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയെ 209 റണ്‍സിന് തോല്‍പ്പിച്ച് ഓസ്ട്രേലിയ ചാമ്ബ്യന്മാരായി. ഇതോടെ കായിക ചരിത്രത്തില്‍ ഐസിസിയുടെ എല്ലാ കിരീടങ്ങളും നേടുന്ന ആദ്യ ടീമായി അവര്‍ മാറി.

ബോര്‍ഡില്‍ 164/3 എന്ന നിലയില്‍ ഇന്ത്യ പിന്തുടരല്‍ തുടര്‍ന്നു. മൂന്ന് പന്തുകള്‍ക്കുള്ളില്‍ സ്‌കോട്ട് ബൊലാന്‍ഡ് രണ്ട് റണ്‍സ് നേടി, വിരാട് കോഹ്ലി 49 റണ്‍സ് എടുത്തപ്പോള്‍ രവീന്ദ്ര ജഡേജ റണ്ണൊന്നുമെടുക്കാതെ പുറത്തായി. അജിങ്ക്യ രഹാനെ-ശ്രീകര്‍ ഭരത് സഖ്യം ആറാം വിക്കറ്റില്‍ 33 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക് 108 പന്തില്‍ 46 റണ്‍സ് നേടി മുന്‍ താരത്തെ പുറത്താക്കി. നഥാന്‍ ലിയോണ്‍ ഉടന്‍ തന്നെ ഷാര്‍ദുല്‍ ഠാക്കൂറിനെ ഡക്കിന് പുറത്താക്കിയതോടെ ആഘോഷത്തില്‍ പങ്കു ചേര്‍ന്നു. തുടര്‍ന്ന് ഓസ്ട്രേലിയ അതിവേഗം വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയെ 234 റണ്‍സിന് തകര്‍ത്തു. 15.2 ഓവറില്‍ 4/41 എന്ന സ്‌കോറിലെത്തിയ ഓസ്ട്രേലിയയ്ക്കായി നഥാന്‍ ലിയോണ്‍ ബൗളര്‍മാരില്‍ തിളങ്ങി.

ഡല്‍ഹി: ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെ അറസ്റ്റു ചെയ്തില്ലെങ്കില്‍ ഈ മാസം നടക്കേണ്ട ഏഷ്യന്‍ ഗെയിംസ് ട്രയല്‍സ് ബഹിഷ്‌കരിക്കുമെന്ന് സാക്ഷി മാലിക്. ജൂണ്‍ 15നകം ബ്രിജ്ഭൂഷണിനെതിരെ നടപടിയുണ്ടാകുമെന്ന കേന്ദ്രസര്‍ക്കാര്‍ ഉറപ്പിന്റെ പശ്ചാത്തലത്തില്‍ ഭാവി പരിപാടികള്‍ തീരുമാനിക്കാന്‍ ഹരിയാനയിലെ സോണിപത്തില്‍ ചേര്‍ന്ന ഖാപ് മഹാപഞ്ചായത്തില്‍ ഏഷ്യന്‍പങ്കെടുക്കാനെത്തിയപ്പോഴാണ് സാക്ഷി നിലപാട് വ്യക്തമാക്കിയത്.

ഗുസ്തിതാരങ്ങള്‍ ഓരോ ദിവസവും എങ്ങനെയുള്ള മാനസികാവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് ആര്‍ക്കുമറിയില്ല. ബ്രിജ്ഭൂഷണിനെതിരെ ഉന്നയിച്ച പ്രശ്നങ്ങളെല്ലാം പരിഹരിച്ചാലേ ഞങ്ങള്‍ ഏഷ്യന്‍ ഗെയിംസ് ട്രയല്‍സില്‍ പങ്കെടുക്കൂ. ഇതെല്ലാം മാനസികമായി എത്രമാത്രം തളര്‍ച്ചയുണ്ടാക്കുന്നുവെന്നും ഞങ്ങള്‍ ദിവസവും എന്താണ് അനുഭവിക്കുന്നതെന്നും ആര്‍ക്കും മനസിലാകില്ലെന്നും സാക്ഷി ചൂണ്ടിക്കാട്ടി.

പൊലീസ് അന്വേഷണം പൂര്‍ത്തിയാകാന്‍ സര്‍ക്കാര്‍ ജൂണ്‍ 15 വരെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. അതുവരെ സമരമുണ്ടാകില്ല. എന്നാല്‍ ബ്രിജ്ഭൂഷണിനെതിരായ പ്രതിഷേധം തുടരും. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ഷക സംഘടനകള്‍, മഹിളാ സംഘടനകള്‍ തുടങ്ങി തങ്ങളെ പിന്തുണയ്ക്കുന്നവരുമായി ചര്‍ച്ച ചെയ്യുമെന്നും സാക്ഷി പറഞ്ഞു.

ജപ്പാനിലെ ഗിഫു പ്രിഫെക്ചറിലെ കകമിഗഹാരയില്‍ ശനിയാഴ്ച നടന്ന 2023 വനിതാ ജൂനിയര്‍ ഏഷ്യാ കപ്പിന്റെ സെമിഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ ജൂനിയര്‍ വനിതാ ഹോക്കി ടീം 1-0ന് ആതിഥേയരായ ജപ്പാനെ തോല്‍പ്പിച്ചു. സുനേലിത ടോപ്പോ (47′) ആണ് കളിയിലെ ഏക ഗോള്‍ നേടിയത്.

2012-ല്‍ ഉച്ചകോടിയില്‍ ഏറ്റുമുട്ടിയ ഇന്ത്യന്‍ ടീം രണ്ടാം തവണയും അഭിമാനകരമായ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ മത്സരിക്കും എന്നാണ് ഈ വിജയത്തിന്റെ അര്‍ത്ഥം. ഹോക്കി ഇന്ത്യ പറയുന്നതനുസരിച്ച്, 2023 നവംബര്‍ 29 മുതല്‍ ഡിസംബര്‍ 10 വരെ ചിലിയിലെ സാന്റിയാഗോയില്‍ നടക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ എത്തിയാണ് ഇന്ത്യ എഫ്ഐഎച്ച് ജൂനിയര്‍ ഹോക്കി വനിതാ ലോകകപ്പ് 2023-ന് യോഗ്യത നേടിയത്,

ലോക കിരീടം കൂടി നേടിയതോടെ ലയണല്‍ മെസ്സിക്ക് ആരാധകര്‍ ഏറെയാണ്. എക്കാലവും അര്‍ജന്റീനയുടെ സൂപ്പര്‍താരം എന്ന നിലയില്‍ മെസ്സി ചരിത്രത്തില്‍ ഇടം നേടുകയും ചെയ്യും. ഇപ്പോഴിതാ മെസ്സിയെ കുറിച്ചുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

മെസ്സിയെ കുറിച്ചുള്ള ഡോക്യുമെന്ററി സീരീസ് എത്തുകയാണ്. സീരിയസ് പ്രഖ്യാപിച്ചിരിക്കുന്നത് ആപ്പിള്‍ ടിവി പ്ലസ് ആണ്. നാലുഭാഗങ്ങളിലാണ് സീരീസ് ഒരുങ്ങുന്നത്.സീരീസിന് പക്ഷേ ഇതുവരെയും പേരിട്ടിട്ടില്ല. അതേസമയം മെസ്സിയെ പറ്റിയുള്ള എക്‌സ്‌ക്ലൂസീവ് അണിയറ കഥകള്‍ സീരീസില്‍ ഉണ്ടാകും എന്നാണ് സൂചന. അദ്ദേഹത്തിന്റെ കരിയറിലെ സുപ്രധാന സംഭവങ്ങള്‍ സീരീസിലൂടെ അവതരിപ്പിക്കും.

മാഡ്രിഡ്: സ്പാനിഷ് ക്‌ളബ് ബാഴ്‌സലോണയിലേക്ക് മടങ്ങിപ്പോകാന്‍ തീരുമാനിച്ച് അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസി. ഫ്രഞ്ച് ക്‌ളബ് പാരീസ് എസ്.ജിയുമായി വേര്‍പിരിഞ്ഞ മെസി സൗദി ലീഗിലെ വമ്ബന്‍ പ്രതിഫലത്തിന് പിന്നാലെ പായുമെന്ന് കരുതിയിരുന്നവരെ ഞെട്ടിച്ചാണ് മെസിയുടെ തീരുമാനം വന്നത്.

കഴിഞ്ഞദിവസം മെസിയുടെ പിതാവാണ് മകന്‍ ബാഴ്‌സയിലേക്ക് തിരികെപ്പോകുമെന്ന ആദ്യ സൂചനകള്‍ നല്‍കിയത്. പിന്നാലെ മെസിയെ തിരിച്ചെത്തിക്കാനുള്ള സാങ്കേതിക തടസങ്ങള്‍ നീക്കാന്‍ ബാഴ്‌സലോണ ക്‌ളബ് മേധാവികള്‍ ലാ ലിഗ അധികൃതരുമായി തുടങ്ങുകയും ചെയ്തു. ഈ ചര്‍ച്ചകള്‍ വിജയകരമായി അവസാനിച്ചതിനുപിന്നാലെ മെസി ബാഴ്‌സലോണയുടെ ജഴ്‌സി അണിഞ്ഞുനില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകകൂടിയായപ്പോള്‍ ആരാധകര്‍ ആവേശത്തിലായി.

2021ലാണ് മെസി ബാഴ്‌സ വിട്ടത്. അന്ന് ക്‌ളബ് മാറുന്നതിന്റെ പേരില്‍ മെസിയും ബാഴ്‌സ അധികൃതരും തമ്മില്‍ വലിയ തര്‍ക്കം നടന്നിരുന്നു. തന്റെ അഭിപ്രായങ്ങള്‍ക്ക് വില കല്‍പ്പിക്കാതിരുന്നതിന്റെ പേരിലാണ് മെസി അന്ന് ക്‌ളബ് വിട്ടിറങ്ങിയത്. ആറാം വയസില്‍ അര്‍ജന്റീനയില്‍ നിന്ന് കണ്ടെത്തി മികച്ച ചികിത്സയും പരിശീലനവും നല്‍കി മെസിയെ രൂപപ്പെടുത്തിയെടുത്ത ക്‌ളബാണ് ബാഴ്‌സലോണ.

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ 469 റണ്‍സിന് ആള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടി. രണ്ടാം ദിവസം കളിനിര്‍ത്തുമ്‌ബോള്‍ ഇന്ത്യ 151/5 എന്ന നിലയിലാണ്.രോഹിത് ശര്‍മ്മ(15), ശുഭ്മാന്‍ ഗില്‍(13),ചേതേശ്വര്‍ പുജാര(14), വിരാട് കോഹ്ലി (14),രവീന്ദ്ര ജഡേജ (48) എന്നീ മുന്‍നിരക്കാരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.29 റണ്‍സുമായി അജിങ്ക്യ രഹാനെയും അഞ്ചുറണ്‍സുമായി ശ്രീകാര്‍ ഭരതുമാണ് സ്റ്റംപെടുക്കുമ്‌ബോള്‍ ക്രീസില്‍.

രണ്ടാം ദിവസമായ ഇന്നലെ 327/3 എന്ന സ്‌കോറില്‍ രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഓസീസ് ലഞ്ചിന് ശേഷം ആള്‍ഔട്ടാവുകയായിരുന്നു. ആദ്യ ദിനത്തില്‍ സെഞ്ച്വറി നേടിയിരുന്ന ട്രാവിസ് ഹെഡും 95 റണ്‍സിലെത്തിയിരുന്ന സ്റ്റീവന്‍ സ്മിത്തും പുറത്തായതോടെയാണ് ഓസീസ് ഇന്നിംഗ്‌സിന് കര്‍ട്ടനിടാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞത്. രാവിലെതന്നെ തന്റെ കരിയറിലെ 31-ാം സെഞ്ച്വറി തികച്ച സ്മിത്ത് ഒരറ്റത്ത് തുടര്‍ന്നപ്പോള്‍ 146 റണ്‍സുമായി ബാറ്റിംഗ് തുടരാനെത്തിയ ഹെഡിനെ വ്യക്തിഗത സ്‌കോര്‍ 163ല്‍ വച്ച് മുഹമ്മദ് സിറാജ് താഴെയിറക്കി. കീപ്പര്‍ ശ്രീകാര്‍ ഭരതിനായിരുന്നു ക്യാച്ച്. 174 പന്തുകളില്‍ 25 ഫോറുകളും ഒരു സിക്‌സുപറത്തിയാണ് ഹെഡ് അതിവേഗം 163ലെത്തിയത്. സ്മിത്തും ഹെഡും ചേര്‍ന്ന് നാലാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത് 285 റണ്‍സാണ്. ഈ സഖ്യം തകര്‍ന്നതോടെ ഇന്ത്യന്‍ ബൗളര്‍മാ്ുടെ നിരാശ മാറി. ഹെഡിന് പകരമെത്തിയ കാമറൂണ്‍ ഗ്രീനിനെ (6)അധികനേരം വാഴിക്കാതെ ഷമി ശുഭ്മാന്‍ ഗില്ലിന്റെ കയ്യിലെത്തിച്ചു. തുടര്‍ന്ന് ശാര്‍ദൂല്‍ താക്കൂര്‍ സ്മിത്തിനും മടക്കടിക്കറ്റ് നല്‍കി. 268 പന്തുകളില്‍ 19 ബൗണ്ടറികള്‍ പായിച്ച സ്മിത്തിനെ താക്കൂര്‍ ക്‌ളീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ഇതോടെ 376/5 എന്ന സ്‌കോറിലായി ഓസീസ്.

തുടര്‍ന്ന് ഒരറ്റത്ത് അലക്‌സ് കാരേ (48) നടത്തിയ പോരാട്ടമാണ് 450കടക്കാന്‍ കംഗാരുക്കള്‍ക്ക് കരുത്തേകിയത്. 405ല്‍ വച്ച് മിച്ചല്‍ സ്റ്റാര്‍ക്ക് (5)റണ്‍ഔട്ടായെങ്കിലും ക്യാപ്ടന്‍ കമ്മിന്‍സിനെ(9) കൂട്ടുനിറുത്തി കാരേ 453ല്‍ എത്തിച്ച ശേഷമാണ് മടങ്ങിയത്. ഒടുവില്‍ ജഡേജയാണ് കാരേയെ വിക്കറ്റിന് മുന്നില്‍ കുരുക്കിയത്. വൈകാതെ ലിയോണിനെയും (9) കമ്മിന്‍സിനെയും പുറത്താക്കി സിറാജ് ഓസീസ് ഇന്നിംഗ്‌സിന് കര്‍ട്ടനിട്ടു. നാലുവിക്കറ്റ് വീട്ത്തിയ സിറാജ് 28.3 ഓവറില്‍ 108 റണ്‍സാണ് വിട്ടുകൊടുത്തത്. ഷമിയും താക്കൂറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ജഡേജയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു. മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയെയും (15),ശുഭ്മാന്‍ ഗില്ലിനെയും (13) ഏഴോവറിനുള്ളില്‍ നഷ്ടമായി.ഇന്ത്യന്‍ നായകനെ ഓസീസ് നായകന്‍ കമ്മിന്‍സാണ് എല്‍.ബിയില്‍ കുരുക്കിയത്. അടുത്ത ഓവറില്‍ ബോളാണ്ട് ഗില്ലിനെ ബൗള്‍ഡാക്കി. തുടര്‍ന്ന് വിരാടും ചേതേശ്വര്‍ പുജാരയും ക്രീസില്‍ ഒരുമിച്ചു.എന്നാല്‍ ഇവര്‍ക്കും അധികനേരം പിടിച്ചുനില്‍ക്കാനായില്ല. പുജാരയെ കാമറൂണ്‍ ഗ്രീന്‍ ബൗള്‍ഡാക്കിയപ്പോള്‍ കൊഹ്ലിയെ സ്റ്റാര്‍ക്കിന്റെ പന്തില്‍ സ്മിത്ത് പിടികൂടുകയായിരുന്നു. ഇതോടെ ഇന്ത്യ 71/4 എന്ന നിലിയിലായി. തുടര്‍ന്ന് ക്രീസിലൊരുമിച്ച രഹാനെയും ജഡേജയും ചേര്‍ന്ന് 142ലെത്തിച്ചു.

മിലാന്‍: യൂറോപ്യന്‍ ഫുട്ബാളിലെ വമ്ബന്‍ ക്‌ളബുകള്‍ക്ക് വേണ്ടി രണ്ട് പതിറ്റാണ്ടിലേറെയായി പന്തുതട്ടിയ സ്വീഡിഷ് സ്‌ട്രൈക്കര്‍ സ്‌ളാട്ടന്‍ ഇബ്രാഹിമോവിച്ച് ബൂട്ടഴിച്ചു.

കഴിഞ്ഞ രാത്രി ഇറ്റാലിയന്‍ ക്‌ളബ് എ.സി മിലാന്റെ സെരി എയിലെ അവസാന മത്സരത്തിന് ശേഷമാണ് 41കാരനായ സ്‌ളാട്ടന്‍ വികാരപരമായ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഈ സീസണില്‍ പരിക്കുമൂലം നാലുമത്സരങ്ങളില്‍ മാത്രമാണ് സ്‌ളാട്ടന് കളിക്കാന്‍ കഴിഞ്ഞിരുന്നത്.

1999ല്‍ സ്വീഡിഷ് ക്‌ളബ് മാല്‍മോയിലൂടെ പ്രൊഫഷണല്‍ രംഗത്തേക്ക് എത്തിയ സ്‌ളാട്ടണ്‍ ഡച്ച് ക്‌ളബ് അയാക്‌സ്,ഇറ്റാലിയന്‍ ക്‌ളബുകളായ യുവന്റസ്,ഇന്റര്‍ മിലാന്‍, സ്പാനിഷ് ക്‌ളബ് ബാഴ്‌സലോണ, ഇപ്പോള്‍ കളിയവസാനിപ്പിച്ച എ.സി മിലാന്‍, ഫ്രഞ്ച് ക്‌ളബ് പി.എസ്.ജി, ഇംഗ്‌ളീഷ് ക്‌ളബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, അമേരിക്കന്‍ ക്‌ളബ് ലോസാഞ്ചലസ് ഗാലക്‌സി എന്നിവരുടെയെല്ലാം കുപ്പായമണിഞ്ഞു. 2020ലാണ് എ.സി മിലാനില്‍ വീണ്ടുമെത്തിയത്. വിവിധ ക്‌ളബുകള്‍ക്കായി കളിച്ച 637 മത്സരങ്ങളില്‍ നിന്ന് 405 ഗോളുകളും നേടി.