നാല് കോടി പിഴ; വനിത ടീമിനെ താല്‍ക്കാലികമായി ഒഴിവാക്കി ബ്ലാസ്റ്റേഴ്‌സ്‌

കൊച്ചി: അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്‍ ചുമത്തിയ നാല് കോടി രൂപ പിഴ കാരണം വനിത ടീമിനെ താല്‍ക്കാലികമായി ഒഴിവാക്കി കേരള ബ്ലാസ്റ്റേഴ്‌സ്.

കഴിഞ്ഞ സീസണില്‍ ബംഗളൂരു എഫ്.സിയുമായുള്ള മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ചതിനാണ് ബ്ലാസ്റ്റേഴ്‌സിന് പിഴ ചുമത്തിയത്. ഇതില്‍ ഇളവ് ആവശ്യപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബാള്‍ ഫെഡറേഷനെ സമീപിച്ചിരുന്നെങ്കിലും ആവശ്യം ഫെഡറേഷന്‍ തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് വനിത ടീമിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി അവസാനിപ്പിക്കുന്നതായി ക്ലബ് അധികൃതര്‍ അറിയിച്ചത്.

‘ഞങ്ങളുടെ വനിത ടീമിന് താല്‍ക്കാലികമായി ഒഴിവാക്കുന്ന വിവരം ഏറെ വേദനയോടെയാണ് അറിയിക്കുന്നത്. ഫുട്ബാള്‍ ഫെഡറേഷന്‍ ക്ലബിന് മേല്‍ അടുത്തിടെ ഏര്‍പ്പെടുത്തിയ സാമ്ബത്തിക ഉപരോധത്തെ തുടര്‍ന്നാണ് ഈ തീരുമാനം അനിവാര്യമായത്. ഫെഡറേഷന്റെ അധികാരത്തെയും തീരുമാനങ്ങളെയും ഞങ്ങള്‍ ബഹുമാനിക്കുന്നുണ്ടെങ്കിലും ക്ലബിന്റെ വിവിധ പ്രവര്‍ത്തനങ്ങളില്‍ അത് ചെലുത്താന്‍ സാധ്യതയുള്ള ആഘാതത്തില്‍ ഞങ്ങളുടെ നിരാശ പ്രകടിപ്പിക്കുന്നു’-വിശദീകരണ കുറിപ്പില്‍ പറയുന്നു.