കരിം ബെന്‍സേമ റയല്‍ വിടുന്നു

മാഡ്രിഡ്: 14 വര്‍ഷത്തെ സ്പാനിഷ് ക്‌ളബ് റയല്‍ മാഡ്രിഡിലെ കരിയറിന് വിരാമമിടാന്‍ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരിം ബെന്‍സേമ. ഈ സീസണോടെ ക്‌ളബുമായുള്ള കരാര്‍ അവസാനിക്കുന്ന ബെന്‍സേമ ഫ്രീ ട്രാന്‍സ്ഫര്‍ ഏജന്റായി വിടപറയുമെന്ന് ക്‌ളബ് അധികൃതര്‍ ഇന്നലെ വ്യക്തമാക്കി.

21-ാം വയസില്‍ ഫ്രഞ്ച് ക്‌ളബ് ലിയോണില്‍ നിന്നാണ് ബെന്‍സേമ റയലിലെത്തിയത്. 14 വര്‍ഷത്തെ കരിയറിലെ റയലിന്റെ 25 കിരീടനേട്ടങ്ങളില്‍ പങ്കാളിയായാണ് ബെന്‍സേമ പടിയിറങ്ങുന്നത്. ഇതില്‍ അഞ്ച് ചാമ്ബ്യന്‍സ് ലീഗ് കിരീടങ്ങളും അഞ്ച് ക്‌ളബ് ലോകകപ്പുകളും നാലുവീതം ലാ ലിഗ കിരീടങ്ങളും സൂപ്പര്‍ കപ്പുകളും മൂന്ന് കിംഗ്‌സ് കപ്പുകളും ഉള്‍പ്പെടുന്നു. എല്ലാ ടൂര്‍ണമെന്റുകളിലുമായി 647 മത്സരങ്ങളില്‍ റയലിന്റെ കുപ്പായമണിഞ്ഞ ബെന്‍സേമ 353 ഗോളുകള്‍ നേടിയിട്ടുണ്ട്.

ലാ ലിഗയിലും ചാമ്ബ്യന്‍സ് ലീഗിലും റയലിന്റെ ഗോള്‍ വേട്ടയിലെ രണ്ടാം സ്ഥാനക്കാരനാണ് ബെന്‍സേമ. നിലവിലെ ബാലന്‍ ഡി ഓര്‍ പുരസ്‌കാരജേതാവായ ബെന്‍സേയ്ക്കായിരുന്നു കഴിഞ്ഞ വര്‍ഷത്തെ യുവേഫ പ്‌ളേയര്‍ ഒഫ് ദ ഇയര്‍ പുരസ്‌കാരവും.